Tuesday, November 27, 2007

കൊടിമരം.

അകപ്പൊരുളതിന്‍
ജീവധാരയായ്
ക്ഷേത്രാങ്കണത്തില്‍
സ്വര്‍ണ്ണം പൂശിയങ്ങു
നിവര്‍ന്നു നില്‍പ്പൂ കൊടിമരം !!
സ്വര്‍ണ്ണച്ചൂടിലുരുകി-
യൊലിച്ചിറങ്ങാന്‍
ഒരു തുള്ളി നീര്..
അകക്കാമ്പില്‍ തിരഞ്ഞു
വലഞ്ഞൂ വന്മരം..

" ലക്ഷണമൊത്തതീ മരം
മണ്ണില്‍ തൊടാതെ മുറിക്കുക.."
മാനവനിയമം കേട്ടാ
വന്മരമൊന്നു പിടഞ്ഞു..
മണ്ണായിത്തീരുവാന്‍ വേണ്ടി മാത്രം
കാലങ്ങളതിത്രയും കാത്തു !
മണ്‍തരികള്‍ ചേര്‍ത്തുപിടിച്ച്
വേരുകള്‍ തേങ്ങി.
തോലുപൊളിച്ചാ മരത്തിന്‍
മാംസത്തില്‍ മൂര്‍ച്ചയിറങ്ങവേ
കേട്ടൂ അടുത്ത ലക്ഷണശാസ്ത്രം..
" പൊട്ടിയടര്‍ന്ന ചീളും,
പാറിപ്പറന്ന പരുന്തും
ശകുനത്തിന്‍ നല്ല കാഴ്ചകള്‍.."
ചീളിനൊപ്പം ഇറ്റുവീണ
ബാഷ്പകണങ്ങള്‍
ശകുനശാസ്ത്രത്തില്‍ പെട്ടില്ല.
ഇടയ്ക്കൊന്നിരിയ്ക്കാനെത്തിയ
പരുന്തിന്‍ ഞെട്ടലും
ലക്ഷണശാസ്ത്രത്തില്‍ കണ്ടില്ല.

കടചേര്‍ത്തു വെട്ടി
കയറിട്ടു പൊക്കി
മണ്ണില്‍ തൊടാതെ
മരം വേര്‍പെടുത്തി.
എണ്ണപ്പാത്തിയിലെ ശുശ്രൂഷകള്‍
കോശങ്ങളോരോന്നും നിര്‍ജ്ജീ‍വമാക്കി

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!

28 comments:

വാണി said...

"കൊടിമരം "
ഒരു കൊച്ചു ദു:ഖം..

ഹരിശ്രീ said...

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!

വാണീ, കൊടിമരം- വര്‍ണനകൊള്ളാട്ടോ...
ആശംസകള്‍

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ശ്രീ said...

ചേച്ചീ...
നന്നായിരിക്കുന്നു... ഒരു കൊടിമരത്തിന്റെ ദു:ഖം പോലും വളരെ ഭംഗിയായി ചിന്തിപ്പിക്കുവാന്‍‌ കഴിയുന്ന വരികള്‍‌... വര്‍‌ണ്ണന!
“മണ്ണായിത്തീരുവാന്‍ വേണ്ടി മാത്രം
കാലങ്ങളതിത്രയും കാത്തു !
....
ചീളിനൊപ്പം ഇറ്റുവീണ
ബാഷ്പകണങ്ങള്‍
ശകുനശാസ്ത്രത്തില്‍ പെട്ടില്ല.
ഇടയ്ക്കൊന്നിരിയ്ക്കാനെത്തിയ
പരുന്തിന്‍ ഞെട്ടലും
ലക്ഷണശാസ്ത്രത്തില്‍ കണ്ടില്ല.”

ഇഷ്ടപ്പെട്ടു.
:)

Sethunath UN said...

Nalla Kavitha!

വേണു venu said...

ഒക്കെയാണെങ്കിലും പ്രപഞ്ചസൃഷ്ടാവിന്‍റെ അടയാളമായി മാറാന്‍‍ കഴിഞ്ഞല്ലോ. ജന്മ സാഫല്യങ്ങളിലെ ദുഃഖം.
മനോഹരമായ കൊച്ചു ചിന്തകളൊളിഞ്ഞിരിക്കുന്നു ഈ നല്ല കവിതയില്‍.:)

Sherlock said...

രസകരം....കൊടിമരത്തിന്റെ വശത്തു നിന്നു ആരും ഇതുവരെ ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു... മണ്ണായിതീരാന് കൊതിച്ച മരത്തിന്റെ ആത്മാവ് ഇപ്പോള് ആ കൊടിമരത്തിനെ ചുറ്റി തിരിയുന്നുണ്ടായിരിക്കും..അല്ലേ?

Midhu said...

കവിത നന്നായി, പറഞ്ഞറിയിക്കാന്‍പറ്റാത്തൊരസ്വസ്ഥത.,
ഏതായാലും ഇപ്പോള്‍ക്ഷേത്രങ്ങളില്‍കോണ്‍ക്രീറ്റ് കൊടിമരങ്ങളാണ്.
നാട്ടിലൊരന്പലത്തില്‍പുനഃപ്രതിഷ്ഠ നടന്നു. ശേഷം നടന്ന പൊതുയോഗത്തിലൊരുവന്‍ആക്രോശിച്ചത് ഇങ്ങനെയായിരുന്നു, "രണ്ടരലക്ഷം രൂപാ ചെലവാക്കി കൊടിമരം പണിഞ്ഞു…എന്തോ വരുമാനമൊണ്ട്…".
പ്രപഞ്ചസ്രഷ്ടാവാണ് ശരി.

കണ്ണൂരാന്‍ - KANNURAN said...

വേറിട്ടൊരു ചിന്ത, നന്നായിരിക്കുന്നു ഇത്തരം വഴിമാറി നടത്തം..

Murali K Menon said...

കഴിഞ്ഞ ഞായറാഴ്ച്ച കണ്ണാടി സം‌പ്രേഷണം ചെയ്തപ്പോള്‍ കൊടിമര വിശേഷവും കാണിച്ചിരുന്നു. അതിനെ ഇത്ര പെട്ടെന്ന് ഒരു കവിതയിലേക്ക് ആവാഹിച്ച വേണിക്ക് അഭിനന്ദനങ്ങള്‍! ദൈവീകമായ അവസ്ഥ സംജാതമാകുമ്പോഴും, വേരുകളറ്റ മരത്തിന്റെ വേദനയെ കാണുന്ന കവയിത്രി, ആ വേദന പങ്കിടുന്ന ഈ വായനക്കാരനും. ഭാവുകങ്ങള്‍!

ക്രിസ്‌വിന്‍ said...

വേറിട്ടൊരു ചിന്ത

ഉപാസന || Upasana said...

This is a good poetry..
Keep it up Vaani
:)
upasana

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കൊടിമരത്തിനും ആത്മാവുണ്ട് അല്ലെ വാണി

മുക്കുവന്‍ said...

മനുഷ്യ ശാസ്ത്ര സത്യത്തിന്റെ കടയാണോ ജ്യോതിഷിമാര്‍ ശകുനം വച്ച് മുറിച്ച് കള്‍ഞ്ഞത്?

മയൂര said...

അവസാന വരികള്‍ കൂടുതല്‍ ഇഷ്ടമായി..:)
വേരുകളും ചില്ലകളുമില്ലാതെ, വെറും തൂണാകാതെ കൊടിമരമായി തന്നെയതു നിലകൊള്ളട്ടെ...

അലി said...

കൊടിമരം...
നന്നായിരിക്കുന്നു.
ചിന്തയും വരികളും.

അഭിനന്ദനങ്ങള്‍

മന്‍സുര്‍ said...

വാണി...

നല്ല കവിതക്ക്‌ അഭിനന്ദനങ്ങള്‍

അക്ഷരങ്ങളിലെ ജാലങ്ങള്‍
കൊടിമരത്തിന്‍ മര്‍മ്മരങ്ങള്‍
ഇടക്കെപ്പോഴോ...രോദനങ്ങളായ്‌
കാതോര്‍ക്കുക നീ ഇപ്പോഴും കേള്‍ക്കാമാശബ്ദം...ഇങ്ങിനെ

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!


നന്‍മകള്‍ നേരുന്നു

മയില്‍പ്പീലി said...

vaani,

good theam

ശ്രീ said...

ചേച്ചീ...
പുതിയ റിലീസ് വല്ലോമുണ്ടോന്ന് തിരഞ്ഞെത്തിയതാ... എന്തുപറ്റി? അജ്ഞാതവാസത്തിലാണോ? അതോ നാട്ടില്‍‌ പോയോ?

എന്തായാലും വന്ന സ്ഥിതിയ്ക്ക് “ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍‌”!

:)

d said...

നന്നായിരിക്കുന്നു...

ഹരിയണ്ണന്‍@Hariyannan said...

‘കൊടിമര’വും
കൊടിയേറിയ കവിതയും നന്ന്!!

നിര്‍മ്മല said...

വാണീ, അതിമനോഹരം ഈ കവിത.
ഒറ്റ വായനയില് തന്നെ ഹൃദയത്തില് പ്രവേശിക്കുന്ന വരികള്.....
എന്റെ ആശംസകള്.....

Roshan said...

ഇതിനെ കിറുക്കെന്നു പറയാനാവില്ല എന്നാദ്യം തന്നെ പറയട്ടെ..

വൃക്ഷത്തിന്റെ വേദന ശരിക്കും ഉള്‍കൊണ്ട പോലെ..

ഭാവുകങ്ങള്‍..

ബഷീർ said...

കിറുക്കത്തിയാണെന്ന് കണ്ട്‌ വന്നതാണിവിടെ..

കണ്ടതൊന്നും കിറുക്കുകളല്ലെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി..

പ്രക്യതിയുടെ വിലാപം.. മനുഷ്യന്റെ സ്വാര്‍ത്ഥത എല്ലാം ഈ കവിതയില്‍ അടങ്ങിയിരിക്കുന്നു. പിന്നെ ചീളിനൊപ്പം ഇറ്റു വിണ ബാഷ്പ കണങ്ങള്‍ .. അത്‌ ബാഷ്പകണങ്ങളല്ല.. രക്തമാണു.. ജീവ രക്തം...

അടുത്തൊന്നും എഴുതിയിട്ടില്ലേ ?

എല്ലാ ആശംസകളും..

Ranjith chemmad / ചെമ്മാടൻ said...

"സ്വര്‍ണ്ണച്ചൂടിലുരുകി-
യൊലിച്ചിറങ്ങാന്‍
ഒരു തുള്ളി നീര്..
അകക്കാമ്പില്‍ തിരഞ്ഞു
വലഞ്ഞൂ വന്മരം.."

വരികളോരോന്നും ഒരു പെരുന്തച്ചന്റെ
കറ്മ്മകുശലതയോടെ
കൊത്തിവെച്ചിട്ടുണ്ടിവിടെ..
ആശംസകള്‍..

ശ്രീ said...

എന്തു പറ്റി ചേച്ചീ... എഴുത്തൊക്കെ നിര്‍ത്തിയോ?

Sapna Anu B.George said...

കടചേര്‍ത്തു വെട്ടി
കയറിട്ടു പൊക്കി
മണ്ണില്‍ തൊടാതെ
മരം വേര്‍പെടുത്തി.

സുന്ദരമീ കവിതയും കവയത്രിയും

അനീഷ് രവീന്ദ്രൻ said...

ഇലക്ട്രിക് പോസ്റ്റാകുന്നതിലും ഭാഗ്യമല്ലേ? വളരെയിഷ്ടപ്പെട്ടു. നല്ല കവിത!