Thursday, May 17, 2007

യാത്രകള്‍ മുറിയുമ്പോള്‍..

മാര്‍ച്ചിലെ പകല്‍ ബൊക്കാറോ എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളെ ചുട്ടുപൊള്ളിച്ചു.അസഹ്യമായ ചൂടിനോടുള്ള പ്രതിഷേധം നടുവിലിരുന്ന മദ്ധ്യവയസ്ക്കന്‍ ഒരു ശീല്‍ക്കാരമായി പ്രകടിപ്പിച്ചു. ഭാഗ്യത്തിന് ജനാലക്കരികിലാണ് ഇടം കിട്ടിയിരിക്കുന്നത്. പുറം കാഴ്ചകളാലും,അകം കാഴ്ചകളാലും സമൃദ്ധമായ സീറ്റ്. യാത്രകളില്‍ എന്നും ആ സീറ്റ് തരപ്പെടുത്താന്‍ എനിക്കൊരു പ്രത്യേക കഴിവുതന്നെയാണ്. അകത്തേക്ക് അടിച്ചുകയറുന്ന കാറ്റ് മുഖം പൊള്ളിക്കുന്നു. എതിര്‍വശത്തിരിക്കുന്ന ചെറുപ്പക്കാരന്‍ നീണ്ട കാലുകള്‍ കൊണ്ട് എന്റെ കാലില്‍ അനായാസമായി തൊട്ടു.ഞാന്‍ അയാളുടെ കാലുകളിലേക്ക് സൂക്ഷിച്ചു നോക്കി.ചെളി നിറഞ്ഞ് വീര്‍ത്തുപൊട്ടായിരിക്കുന്ന നഖങ്ങള്‍! എനിക്ക് ഓക്കാനം വന്നു.
“മോളെങ്ങോട്ടാ യാത്ര?”എന്റെ ഓക്കാനത്തെ മുറിച്ചുകൊണ്ട് അടുത്തിരുന്ന കറുത്തുതടിച്ച സ്ത്രീ ചോദിച്ചു.
“ആലുവായ്ക്ക്..”
“ആണോ..ഞാനും അങ്ങോട്ടാ. ആലുവയിലാണോ വീട്?” അവര്‍ പല്ലിനിടയില്‍ പെട്ട ബിസ്ക്കറ്റ് കഷ്ണത്തിലേക്ക് നാക്ക് തിരുകി.
“അതെ”
‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ബാഗില്‍ തിരഞ്ഞ്കൊണ്ട് ഞാന്‍ പറഞ്ഞു.പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ഞാന്‍ ഗുജറാത്തിലേക്കു പോയി. അവിടെ സ്പടികച്ചീളുകള്‍ക്കുള്ളില്‍ ഇനിയും നിലക്കാത്ത ഘടികാരത്തിനായി തിരച്ചില്‍ തുടങ്ങി. എതിര്‍വശത്തിരുന്ന ചെറുപ്പക്കാരന്റെ കാപ്പിയില്‍ നിന്ന് പൊങ്ങുന്ന ആവി എന്റെ മുഖത്തിനും അയാളുടെ ചുണ്ടിനുമിടയില്‍ വെളുത്ത വഴി തീര്‍ത്തു. കാറ്റ് ആ വഴിയെ മായ്ച്ചെഴുതി.‘
ഉരുക്കിന്റെ ഉരഗാവതാരം’ കിതപ്പോടെ ഒലവക്കോടിലെ പാളങ്ങളില്‍ വിശ്രമം തേടി. ഞാന്‍ അലക്ഷ്യമായി പുറത്തെക്ക് നോക്കി.

“അമ്മാ..എതാവത് കുടുക്കമ്മാ...തമ്പിക്ക് പശിക്കിതമ്മാ..”കയ്യിലിരുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി ജനാലക്കപ്പുറം നിന്ന് അവള്‍ ഉറക്കെ വിളിച്ചു. പിറന്നപടി ഇരുന്ന് അവന്‍ കൈ നീട്ടി. റെയില്‍വേ സ്റ്റേഷനിലെ ചെളി മുഴുവന്‍ അവരുടെ ദേഹത്ത് പറ്റിയിരിക്കുകയാണെന്നെനിക്ക് തോന്നി. അവന്റെ കുഞ്ഞുനെഞ്ചിന്‍ കൂടു പൊളിച്ച് അസ്ഥികള്‍ പുറത്തേക്കു തള്ളി വരികയാണെന്ന് ഞാന്‍ ഭയന്നു. എന്റെ നോട്ടം അവനെ നാണിപ്പിച്ചു. അവന്‍ അവളുടെ മാറത്തേക്ക് ചാഞ്ഞു. അവള്‍ ജനാലക്കമ്പികളില്‍ പിടിച്ചു. ചുവപ്പും, പച്ചയും നിറത്തിലുള്ള കുപ്പിവളകള്‍ ഊര്‍ന്ന് താഴേക്കിറങ്ങി.
“അമ്മാ..വിശക്കുന്നമ്മാ..കൊളന്തക്ക് ഭയങ്കര പനിയും..”അവള്‍ തമിഴ് വിട്ട് മലയാളത്തിലേക്ക് കടന്നു. കുഞ്ഞിനെ എനിക്ക് നേരെ ഉയര്‍ത്തി.
ബാഗില്‍ കിടന്നിരുന്ന ആപ്പിളുകള്‍ ഞാന്‍ അവനു നേരെ നീട്ടി. അവള്‍ അതു വാങ്ങി സാരിത്തുമ്പില്‍ കെട്ടി.
“അമ്മാ..തുട്ട് കൊടുക്കമ്മാ..മരുന്ന് വാങ്ങാന്‍..”
“ഹാ..ഇതാ കൊഴപ്പം. ഒന്ന് എന്തേലും കൊടുക്കാം ന്ന് വെച്ചാ പിന്നേം വര്വല്ലേ ആവശ്യങ്ങള്. ഈ പറയണതൊക്കെ സത്യാണൊന്ന് ആര്‍ക്കറിയാം. അതിന് പനിയുണ്ടോന്ന് ഒന്ന് തൊട്ട്നോക്കാം ന്നു വെച്ചാ..തൊടാന്‍ തന്നെ അറയ്ക്കുന്ന പരുവല്ലേ” കയ്യിലിരുന്ന ഉപ്പേരിക്കൂട് പൊട്ടിച്ചുകൊണ്ട് ആ കറുത്ത സ്ത്രീ പറഞ്ഞു.
ഞാന്‍ ആ കുഞ്ഞിനെ നോക്കി.. അവളെയും. കണ്ണുകള്‍ കുഴിഞ്ഞ്, കവിളുകള്‍ ഒട്ടി..എല്ലും തോലും മാത്രമുള്ള രണ്ട് ആത്മാക്കള്‍! അവളുടെ സാരിയുടെ മുക്കാലും കീറിയിരിക്കുന്നു.
“കുഞ്ഞിനെ ഡോക്ടറെ കാണിച്ചോ?” ഞാന്‍ ചോദിച്ചു.
“ഇല്ലമ്മാ..പണം വേണ്ടേ. ഇന്ന് രാവിലെ മുതല്‍ ഞാന്‍ നോക്കുന്നതാ. യാരും വരലേ...” അവള്‍ കുഞ്ഞിനെ നിലത്തു നിര്‍ത്തി. അവന്‍ കാലുകള്‍ കുഴഞ്ഞ് അവിടെ കിടന്നു.ഇനിയും മരുന്ന് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ അവന്‍ മരിച്ചു പോകും എന്നെനിക്ക് തോന്നി.
‘ഇവള്‍ക്ക് കാശു കൊടുത്താല്‍ ഇവള്‍ മരുന്നു വാങ്ങുമോ അതോ വിശപ്പു മാറ്റുമോ’? എനിക്ക് സംശയം തോന്നി.
മണി മൂന്ന് നാല്‍പ്പത്തഞ്ച്. വണ്ടി വിടാറായിരിക്കുന്നു.
ഞാന്‍ ബാഗ് എടുത്ത് ചാടിയിറങ്ങി. അവനെ ഏടുത്ത് തോളത്തുകിടത്തി. അവള്‍ അമ്പരന്നു. അവിടെ നിന്നിരുന്നവര്‍ എന്നെ സൂക്ഷിച്ചു നോക്കി.
ഞാന്‍ അവളുടെ കയ്യില്‍ പിടിച്ച് വേഗത്തില്‍ നടന്നു.
“അമ്മാ.. നീങ്കെ എങ്കെ പോണു??”അവള്‍ പേടിച്ചു വിറച്ചു.
“കുഞ്ഞിനെ ഡോക്ടറെ കാണിക്കാം നമുക്ക്.നീ വാ..”ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു.
“വേണ്ടമ്മാ..വേണ്ട..”അവള്‍ കുതറി മാറി.
“മരുന്ന് വാങ്ങിയാ പോതും..ഡോക്ടറ് കിട്ടെ ഞാന്‍ പോകമാട്ടേന്‍..”അവള്‍ വാശി പിടിച്ചു.
“നോക്കൂ..ഇവന് ചുട്ടുപൊള്ളുന്ന പനിയാണ്. കാശിന്റെ കാര്യമോര്‍ത്താണങ്കില്‍ നീ പേടിക്കണ്ട. എത്രയായാലും അത് ഞാന്‍ കൊടുത്തോളാം.. നീ വാ..”
“ഇല്ല..ഇല്ലമ്മാ..വേണമ്മാ..”അവള്‍ മുന്നിലേക്ക് ഓടി.
“അമ്മാ‍ാ‍ാ....”എന്റെ തോളില്‍ കിടന്ന് അവന്‍ കരഞ്ഞു.
ഞാന്‍ അവള്‍ക്ക് പിന്നാലെ നടന്നു.
അവള്‍ എന്നെ സ്റ്റേഷന്റെ ഒരു മൂലയില്‍ അവളുടെ സാമ്രാജ്യത്തിലേക്ക് കൊണ്ടുപോയി.സാരി കെട്ടി മറച്ചിരിക്കുന്നു ഒരു ഭാഗം. അതിനുള്ളില്‍ വിരിച്ചിട്ടിരിക്കുന്ന ചാക്കുകളിലേക്ക് അവള്‍ കുഞ്ഞിനെ കിടത്തി. അവന്‍ ഒന്ന് മുരണ്ടു. ചാടിയെണീറ്റ് അവളുടെ ബ്ലൌസ് പിടിച്ചു വലിച്ചു.അവള്‍ ചുക്കിചുളിഞ്ഞ് ഒട്ടിയ മുല അവന്റെ വായില്‍ തിരുകി. ചപ്പിവലിച്ച് അവന്‍ അതു കുടഞ്ഞെറിഞ്ഞു. എന്നിട്ട് അലറിക്കരഞ്ഞു. സൈഡില്‍ വെച്ചിരുന്ന ചാക്കില്‍ നിന്ന് അവള്‍ ഒരു കുപ്പി പുറത്തെടുത്തു. അതിനുള്ളിലെ ഇരുണ്ടനിറമുള്ള വെള്ളം അവന്റെ വായിലേക്ക് ഇറ്റിച്ചു.
“ട്രെയിന് ന്ന് പറക്ക്ണ കുപ്പികളാണമ്മാ .എല്ലാത്തിലേം കൂടെ ഒന്നിലിക്കൊഴിച്ച് കൊഞ്ചം വെള്ളോം ചേര്‍ക്കും.. ഇവനിക്കിത് റൊമ്പ പിടുത്തം..”അവന്‍ ആര്‍ത്തിയോടെ അതു കുടിച്ചു.
“എന്താ നിന്റെ പേര്?”
“ശെല്‍വി”
“കുഞ്ഞിന്റെയോ?”
“മുരുകന്‍”.
അവളുടെ കണ്ണില്‍ തുറിച്ചുനില്‍ക്കുന്ന വിശപ്പ് എന്നെ അടുത്തുള്ള സ്റ്റോറിലേക്കയച്ചു.ബിസ്ക്കറ്റും, പഴവും തിന്നാന്‍ അവളും മുരുകനും മത്സരിച്ചു.
“അമ്മാ..നീ കടവുള്‍ താനമ്മാ..”അവള്‍ പഴം വായിലേക്ക് തള്ളി പറഞ്ഞു.
“മുരുകന്റെ അച്ഛന്‍ എവിടെ?”പറയാന്‍ അങ്ങിനെ ഒരാളുണ്ടാവില്ല എന്ന് തോന്നിയിട്ടും ഞാന്‍ ആ ചോദ്യം ചോദിച്ചു.
“അപ്പാ..ഇവന്റെ അപ്പാ‍ാ...ഹ..ഹ..ഹ..”ശെല്‍വി പൊട്ടിച്ചിരിച്ചു.
യാത്രകള്‍ അവസാനിച്ചവര്‍, തുടങ്ങുന്നവര്‍,..എല്ലാവരും അവളുടെ ചിരിയില്‍ അസ്വസ്ഥരായി.
“എത്ര പേരു വരുന്നതാ അമ്മാ..ഞാന്‍ യാരെ ശൊല്ലും.?! ഇവനൊടെ മൂക്ക് പാത്താ എനക്ക് സന്ദേഹം ആ കൊടവയറുകാരന്റെ ആണെന്നാ..”
“നിനക്ക് പണിയെടുത്ത് ജീവിച്ചുകൂടേ ശെല്‍വീ..”ഞാന്‍ അവളുടെ അടുത്തെക്ക് നിങ്ങിനിന്ന് ചോദിച്ചു.
“ഞാന്‍ പണിയെടുത്ത് താന്‍ വിശപ്പ് മാറ്റുന്നത്. ഇപ്പൊ ആരോഗ്യമെല്ലാം പോയാച്ച്. അത് താന്‍ വല്ല്യ പ്രച്നം.”.
“നിന്റെ നാടെവിടെയാ?”
“ഊര്..!! അങ്കെ എനക്ക് യാരുമേ ഇല്ല.അമ്മ താന്‍ എന്നെ ഊരുകടത്തിയത്. അല്ല,അമ്മാവുക്ക് വേറെ എന്നത്താന്‍ പണ്ണമുടിയും?!“അവള്‍ മുരുകനെ തലോടി.
“ഉങ്കളുക്ക് തെരിയുമാ?. ഇത് എന്നോടെ രണ്ടാമത്തെ കൊളന്ത. ആദ്യത്തേതിനെ ഞാന്‍ കൊന്താച്ച്...” ശെല്‍വി അവളുടെ സാരിത്തുമ്പ് എടുത്ത് വായില്‍ തിരുകി. എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവള്‍ക്ക് മാനസികരോഗമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. അവള്‍ നിലത്ത് മുട്ടുകുത്തിയിരുന്ന് ഏങ്ങിക്കരഞ്ഞു.സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് അവള്‍ പറയാന്‍ തുടങ്ങി.

അപ്പന്റെ മരണശേഷം ശെല്‍വിക്ക് അവളുടെ വീട് അന്യമായിരുന്നു. ചിറ്റപ്പന്റെ വരവോടെ ആ വീടിന്റെ ഇരുണ്ട കോണുകളില്‍ പോലും അവള്‍ക്ക് അഭയമില്ലാതായി. അയാളുടെ ചുവന്നുതുറിച്ച കണ്ണുകളെ അവള്‍ ഭയന്നു. അമ്മ പണിക്ക് പോയ ഒരു നാള്‍ അടുക്കളയുടെ പിന്നാമ്പുറത്തിലെ ഇരുട്ടിനു കയ്യും കാലും വെച്ചു, കണ്ണുകള്‍ ചുവന്നുതുറിച്ചു. ശെല്‍വി പേടിച്ചു കരഞ്ഞു. അവള്‍ക്ക് ശ്വാസം മുട്ടി. മേലാസകലം നീറി പുകഞ്ഞു. അന്ന് രാത്രി അവള്‍ അമ്മയോടൊപ്പം കിടക്കാന്‍ വാശി പിടിച്ചു. അമ്മയെ കെട്ടിപ്പിടിച്ച് അവള്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ അമ്മ പണിക്കു പോയില്ല. അമ്മ അവളുടെ സാധനങ്ങള്‍ എല്ലാം ഒരു സഞ്ചിയിലാക്കി. ചിറ്റപ്പന്‍ വീട്ടിലേക്ക് ആദ്യമായി വന്ന ദിവസം അവള്‍ക്ക് കിട്ടിയ പുള്ളിപ്പാവാടയും, ബ്ലൌസും ഇടീച്ച് അമ്മ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. അവള്‍ സന്തോഷിച്ചു. ആ ഇരുണ്ട വീട്ടില്‍ നിന്ന്, ചുവന്ന് തുറിച്ച കണ്ണുകളില്‍ നിന്ന് അമ്മയും, താനും രക്ഷപ്പെടുകയാണല്ലോ.തീവണ്ടിയില്‍ കയറ്റിയിരുത്തി അമ്മ വെള്ളമെടുക്കാന്‍ പോയി,അങ്ങു ദൂരേക്ക്.അമ്മയെ കാത്തുനില്‍ക്കാതെ തീവണ്ടി കുതിച്ചു.അതൊ അമ്മവണ്ടിയെ കാത്തുനില്‍ക്കാതെ ചിറ്റപ്പനടുത്തേക്ക് കുതിച്ചൊ??!

ശെല്‍വിക്ക് പേടിയായില്ല.അവള്‍ക്ക് ആശ്വാസമായിരുന്നു.ഇനി അവള്‍ക്ക് മേലാസകലം നീറില്ല,ചുണ്ടുകള്‍ പൊട്ടി ചോരയൊലിക്കില്ല.അവള്‍ ബര്‍ത്തില്‍ കയറിക്കിടന്നു.ഞെട്ടിയുണരാതെ സുഖമായുറങ്ങി. കണ്ണുതുറന്നപ്പോളാണ് എങ്ങോട്ടാണ് പോകേണ്ടത് എന്നവള്‍ ആലോചിച്ചത്. പ്രത്യേക ഒരു ലക്ഷ്യം ഇല്ലാത്തതു കോണ്ട് അടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി.അവിടെ ഒരു മൂലയില്‍ അവള്‍ സ്ഥലം കണ്ടെത്തി. അവിടെയും,പരിസരങ്ങളിലുമായി പല പണികള്‍. പണികള്‍ക്ക് തടസ്സം സൃഷ്ട്ടിച്ചുകൊണ്ട് അവളുടെ വയര്‍ വലുതാകാന്‍ തുടങ്ങി. വീര്‍ത്ത വയറിലേക്ക് നോക്കി അവള്‍ അമ്പരന്നു. ഒടുവില്‍ ആരൊക്കെയൊ പറഞ്ഞ് അവള്‍ അറിഞ്ഞു..താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന്. അവള്‍ ആ ചുവന്നു തുറിച്ച കണ്ണുകള്‍ കണ്ടു. ഭയം തീപാറുന്ന നാക്കുകൊണ്ട് അവളുടെ നട്ടെല്ലില്‍ നക്കി.അവള്‍ കുന്തംകാലില്‍ ഇരുന്ന് മുക്കി നോക്കി. ഇല്ല..ആ നശിച്ച ജന്തു ചാടുന്നില്ല.

അസ്ഥികള്‍ വലിഞ്ഞുമുറുകുന്ന വേദന..അവള്‍ പിടഞ്ഞെഴുന്നേറ്റു. കാലുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന രക്തം. അവള്‍ ചുവന്നുതുറിച്ച കണ്ണുകള്‍ ചുറ്റും തിരഞ്ഞു.അടുത്ത് കിടന്നിരുന്ന വയസ്സിത്തള്ള ചോരകണ്ട് ഞെട്ടി.
“പെറുന്നോ??!..നീ വല്ല ആശൂത്രീലും പോ പെണ്ണേ..”അവര്‍ വീണ്ടും ചുരുണ്ടുകൂടി.
ശെല്‍വി തൊട്ടടുത്ത ആശുപത്രിയിലേക്ക് നടന്നു.ചോരത്തുള്ളികള്‍ അവള്‍ക്ക് പിന്നേ വഴി തീര്‍ത്തു. അവള്‍ നേരെ കക്കൂസിലേക്ക് കയറി. കതകടച്ചു.

ശെല്‍വി നടന്നു.അവള്‍ തളര്‍ന്നു.കയ്യും കാലും വിറച്ചു.നേരം വെളുത്തിരിക്കുന്നു. ഇനി ഈ സ്ഥലം വിടണം- അവള്‍ ഉറപ്പിച്ചു. ആടിയാടി അവള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഭാണ്ടക്കെട്ടെടുത്തു.
“നീ പെറ്റോ??”വയസ്സി തലമാന്തി.
“കൊച്ചെവിടെടീ??”
“കക്കൂസില്‍..“

അവള്‍ പാളത്തില്‍ മയങ്ങിയ വണ്ടിയിലേക്ക് കയറി.അതില്‍ ചടഞ്ഞിരുന്നു..തീവണ്ടി ആലസ്യത്തോടെ അവളെയും കൊണ്ട് പാഞ്ഞു. അടുത്ത താവളത്തിലേക്ക്. അവള്‍ക്ക് പണിയെടുക്കാന്‍ വയ്യാതായി.വീര്‍ത്ത വയറിനുള്ളില്‍ വലിച്ചുമുറിച്ച പൊക്കിള്‍ക്കൊടി പഴുത്തു. ഒപ്പം അവളുടെ മനസ്സും. കക്കൂസിനുള്ളിലേക്ക് തല കൂടുങ്ങി പിടയുന്ന ചോരക്കുഞ്ഞ് അവളുടെ മനസ്സിനെ പൊള്ളിച്ചു. വിശപ്പ് അവളെ ഒന്നായി വിഴുങ്ങി. വിശപ്പിനു മുന്നില്‍ അവള്‍ തന്റെ ശരീരം നീറ്റി. ചുണ്ടുകള്‍ പൊട്ടിച്ചു. അവളുടെ വയറ് വീണ്ടും വീര്‍ത്തു.ഇത്തവണ അവള്‍ അമ്പരന്നില്ല. .കക്കൂസില്‍ കയറി കതകടച്ചില്ല. അവള്‍ മുരുകനെ പ്രസവിച്ചു.

“ശെല്‍വീ..നിനക്ക് മുരുകനും നഷ്ട്ട്ടമാകും,അവനെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെങ്കില്‍..”ഞാന്‍ പറഞ്ഞു.
“ഇല്ല..ഇല്ലാമ്മാ..ആസ്പത്രി വേണ്ട..അത് എന്നോടെ വേല മൊടക്കും, എന്നുടെ മുരുകന്‍ വിശന്നിരിക്കേണ്ടി വരും..” അവള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. എന്റെ നിര്‍ബന്ധം തട്ടിയെറിഞ്ഞ് അവള്‍ മുരുകനെയും എടുത്ത്നടക്കാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്ക് പിറകേയും. “ശെല്‍വീ..നില്‍ക്ക്..ഞാന്‍ പറയുന്നത് കേള്‍ക്കു..’ഞാന്‍ കാലുകള്‍ നീട്ടി വെച്ച് നടന്നു.
“അമ്മാ..തുട്ട് കൊടുക്കെങ്കില്‍ കൊടുക്ക്..അല്ലെങ്കില്‍ എന്നെ വിട്ടിടുങ്കോ” അവള്‍ അകന്നു.
മുറിഞ്ഞ യാത്രയും, അവളുടെ കഥയുടെ ഭാരവും തൂക്കി ഞാന്‍ അന്തം വിട്ടു.
“ആ പെണ്ണിന്റെ പിറകെ നടന്ന് സമയം കളഞ്ഞു ല്ലേ..” അടുക്കിവെച്ച പെട്ടികള്‍ക്കു മുകളില്‍ കാലു കയറ്റി വെച്ച് അയാള്‍ സഹതപിച്ചു.
“അവളെ അറിയില്ലേ..ഇന്നാള് ടി.വി.ലൊക്കെ വന്നിരുന്നതാണല്ലോ“ “ശെല്‍വിയോ???” ഞാന്‍ അത്ഭുതപ്പെട്ടു.
“ആ..അവക്ക് എച്ച്.ഐ.വി പോസിറ്റീവാ..ആ കൊച്ചിനും.എങ്ങനെ വരാതിരിക്കും..അതാ സാധനം.” അയാള്‍ വൃത്തികേടുകള്‍ നിറഞ്ഞ പാളത്തിലേക്ക് നീട്ടിതുപ്പി.
അപ്പോള്‍ അവള്‍ അടുത്ത വണ്ടിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ -----------------

21 comments:

വാണി said...

സമര്‍പ്പണം
-----------
ആശുപത്രികക്കൂസില്‍ ശ്വാസം മുട്ടിയ കുഞ്ഞുവാവയ്ക്ക്..
മണ്ണിനടിയില്‍ പ്രാണവായുവിനു കേണ തങ്കക്കുടത്തിന്..
ബസ്റ്റാന്‍ഡിലെ ഒരു കോണില്‍ 50 രൂപായ്ക്ക് ഉടുതുണിയുരിയുന്ന എയ്ഡ്സ് ബാധിതയായ അമ്മയ്ക്ക്..
അവരുടെ ചാരത്തുറങ്ങുന്ന എയ്ഡ്സ് ബാധിതനായ പൊന്നോമനയ്ക്ക്..

ശെല്‍വിയുടെ,മുരുകന്റെ,കക്കൂസില്‍ പിടഞ്ഞചോരക്കുഞ്ഞിന്റെ,ബൊക്കാറൊയില്‍ നിന്ന് ചാടിയിറങ്ങി അവളുടെ....
യാത്രകള്‍ മുറിയുകയാണ് ഇവിടെ.

മനോജ് കുമാർ വട്ടക്കാട്ട് said...

അതെ, യാത്രകള്‍ മുറിയുന്നു. വീണ്ടും തുടരുന്നു, എങ്ങോട്ടെന്നില്ലാതെ.

(വഴിക്കാഴ്ചകളുടെ അസ്വസ്തതകള്‍. നന്നായിരിക്കുന്നു)

അപ്പൂസ് said...

വാണിയേച്ചി,
എത്രയോ മുഖങ്ങളായി, രൂപങ്ങളായി ഇവരെയൊക്കെ കണ്ടിട്ടുണ്ട്. സ്വന്തം മനസ്വാസ്ഥ്യം നഷ്ടപ്പെടുത്താന്‍ മനസ്സില്ലാതെ കണ്ണടച്ചു നടന്നിട്ടുണ്ട്. ഒന്നും ചെയ്യാനില്ലെന്നു സ്വയം വിശ്വസിപ്പിച്ച് ചിത്രത്തിലാക്കി വീണ്ടും കണ്ട് സഹതപിച്ച് സ്വയം ആശ്വസിച്ചിട്ടുണ്ട്.

കൂടുതല്‍ പറയാനില്ല. ഇങ്ങനെ ഇനിയും എഴുതരുതേ എന്നല്ലാതെ...

മുല്ലപ്പൂ said...

മന്‍സ്സിന്റെ വിങ്ങലുകള്‍, ഇങ്ങനെ എഴുത്തുകളായി പോരട്ടെ.

ശെല്‍വിയെ കണ്ടാല്‍ മുഖം തിരിക്കുന്ന നമ്മള്‍, നാളെ ഒരു പക്ഷേ ഒന്നുകൂടി ചിന്തിച്ചെങ്കിലോ ?

എഴുത്തു ശൈലി നന്നായി.

Unknown said...

ചേച്ചി...

വായിച്ചു കഴിഞ്ഞപ്പോ വല്ലാത്ത ഒരു വിങ്ങല്‍..നന്നായി...വളരെ നന്നായി...

പൂച്ച സന്ന്യാസി said...

വാണി ചേച്ചീ, മുംബൈയിലെ ഡോംബിവലി-ഗ്രാന്റ് റോഡ്- ബോറിവലി റൂട്ടുകളില്‍ യാത്ര ചെയ്ത്, ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് , വര്‍ഷങ്ങള്ളായി ധാരാളം‘ ശെല്‍വി ’മാരേയും ‘ കുടവയറന്മാരേയും‘ കണ്ടു ഈ മനസ്സ് , ദൈവത്തോട് പറയാറുണ്ട് ,ഇതും നിന്റെ ഒരു കളിയാണല്ലേ എന്ന്. ഇന്ന് ചേച്ചി പറയുന്നതുപോലെ , ഒരു നിമിഷം അവരോട് ഒന്നു സംസാരിക്കുവാന്‍, അവരുടെ കഥ ഒന്നു കേള്‍ക്കുവാന്‍ ആരാണ് മിനക്കെടുന്നത്? കൂടിപ്പോയാല്‍ ഒരു നാണയം കൈവെള്ളയില്‍ വെച്ചു കൊടുക്കും ..ഒരു വലിയ പുണ്യം ചെയ്ത മാതിരി..അല്ലേ...ശെല്‍വിയുടെ ആ പ്രസവ വേദന മനസ്സില്‍ നിന്ന് മുറിയാത് കിടക്കുന്നു..യാത്രകള്‍ മുറിഞ്ഞാലും ഓര്‍മ്മകള്‍ മുറിയാറില്ല ...

വല്യമ്മായി said...

:(

ഈയുള്ളവന്‍ said...

വാണിച്ചേച്ചീ,
ഒരു വിങ്ങല്‍ അവസാ‍നിപ്പിച്ച് കടന്നുപോയി എന്നു മാത്രം പറഞ്ഞൊഴിയാനാവുന്നില്ല... ചേച്ചിയുടെ മറ്റുകഥകളിലുമെന്നതുപോലെ ഒട്ടേറെ ചിന്തിക്കാനുള്ള വക കൂടി നല്‍കുന്നു ഇതിലും... നമ്മളില്‍ പലരും കണ്ടിട്ടും കണ്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന രംഗങ്ങളില്‍ പലതുമാണ് ചേച്ചി കഥകളിലൂടെ വിളിച്ചുപറയുന്നത്... ഇനിയും എഴുതുക... എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു...

ഗുപ്തന്‍ said...

സ്വപ്നങ്ങളില്‍ പോലും ഇരുള്‍പൂക്കുന്ന, മോഹങ്ങളില്‍ പോലും വിഷംകിനിയുന്ന ജന്മങ്ങള്‍... വാണി വരച്ചിടുന്ന ഓരോചിത്രങ്ങളും ഞാന്‍ മറക്കാനാഗ്രഹിക്കുന്ന കഥകളിലേതാണ്....

ചെങ്കല്‍ചൂള എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രാജാജിനഗര്‍... തലസ്ഥാനനഗരിയിലെ നരകങ്ങളില്‍ ഒന്ന്.. അവിടെ വാരാന്ത്യങ്ങളില്‍ വാക്കുകളുടെ വെളിച്ചവും ചില കുഞ്ഞുനാണയങ്ങളുമായി കയറിയിറങ്ങുമായിരുന്നു ഞങ്ങള്‍ എട്ട് സുഹൃത്തുക്കള്‍.

ഒരു സന്ധ്യയില്‍ കോളനിയിലെ നാറുന്ന ഇരുട്ടില്‍ നിന്ന് നഗരത്തിലെ മനം പുരട്ടുണ്ടാക്കുന്ന അലറുന്ന വെളിച്ചത്തിലേക്ക് തിരിച്ചിറങ്ങവേ പിന്നില്‍ നിന്ന് ഒരു കുഞ്ഞ് കൈ വരല്‍ പിടിച്ചു.. പത്തോ പതിനൊന്നോ വയസ്സുവരുന്ന ഒരു പെണ്‍കുട്ടി... അവള്‍ക്ക് എന്റെ ജ്യേഷ്ടന്റെ കുഞ്ഞിന്റെ മുഖം...

"പത്തു രൂപ സാര്‍.." അവള്‍ പറഞ്ഞു.. "എന്തുവേണമെങ്കിലും ചെയ്യാം സാര്‍.."
എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി വിഹ്വലതയോടെ എന്റെ കൈ പിടിച്ചു വലിച്ചു. സ്ത്രീകള്‍ക്ക് ചിലകാര്യങ്ങള്‍ വേഗം മനസ്സിലാവുമല്ലോ... (ചായക്കോപ്പയില്‍ നിന്ന് ചുണ്ടുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ചൂടുള്ള വെളുത്ത വായുവിന്റെ അശ്ലീലത പോലെ പലതും)

പുരുഷസഹജമായ മൂഢതയോടെ ഞാന്‍ തിരിഞ്ഞുനിന്നു. "പത്ത് രൂപക്ക് നീ എന്തുചെയ്യുമെന്ന്?" ... പത്തുവര്‍ഷങ്ങള്‍ ഒരുമിച്ച് കടക്കുന്നവളുടെ അര്‍ത്ഥശങ്കയോടെ അവള്‍ ഒരുകാല്‍ മുന്നോട്ട് വച്ചു.. മുഖത്ത് നവോഢയുടെ നാണം. ചുണ്ടുകള്‍ക്കിടയിലൂടെ ചൂണ്‍ടുവിരല്‍ തിരുകി അവള്‍ ആരോ പഠിപ്പിച്ച പാഠം ആവര്‍ത്തിച്ചു..."എന്തു വേണമെങ്കിലും ചെയ്യാം സര്‍.." എന്റെ നടുക്കം കണ്ടിട്ടാകും, അവളുടെ കണ്ണിലെ എന്നെ ഭയപ്പെടുത്തിയ വെളിച്ചം കെട്ടു.

എന്റെ സഹയാത്രികയെ അവള്‍ അപ്പോഴേ ശ്രദ്ധിച്ചുള്ളൂ എന്ന് തോന്നി. ഒരു ഇടപാടുകാരനെ തട്ടിയെടുക്കുന്ന എതിരാളിയോടുള്ള പകയോടെ അവള്‍ എന്റെ കൂട്ടുകാരിയെ നോക്കി. (ആ കുഞ്ഞുജന്മത്തില്‍ പതിഞ്ഞ പാപത്തിന്റെ കറമുഴുവന്‍ സ്വന്തം ആത്മാവില്‍ കുടിയേറി എന്ന് തോന്നി ആ നോട്ടത്തില്‍ എന്ന് അവള്‍ എവിടെയോ എഴുതിയിട്ടുണ്‍ട് പിന്നെ... )

കയ്യില്‍ തടഞ്ഞ ഒരു നോട്ട് അവളുടെ കുഞ്ഞ് കയ്യില്‍ തിരുകിയിട്ട് ഓടുകയായിരുന്നു ഞങ്ങള്‍ രണ്ടുപേരും... തമ്പാനൂരില്‍ നിന്ന് ബസ് നീങ്ങി ഒരുപാട് കഴിഞ്ഞിട്ടേ പരസ്പരം മിണ്ടാനായുള്ളൂ.. ഞങ്ങള്‍ക്കൊരിക്കലും ഉത്തരവാദിത്വമുള്ള സാമൂഹ്യപ്രവര്‍ത്തകരാകാന്‍ ആവില്ലെന്ന് മനസ്സിലായത് അപ്പോഴാണ്. പിറ്റേന്ന് ആ മുഖം തിരഞ്ഞ് കോളനി മുഴുന് അലഞ്ഞെങ്കിലും അവളെ കണ്ടുപിടിക്കാനായില്ല. പിന്നീട് ആറ് മാസം കഴിഞ്ഞ് ആ മുഖം ഒരു ഡേറ്റാബേസിലാണ് കണ്ടത്... h i v വാഹകരുടെ ലിസ്റ്റില്‍.

ഇത്രയും നീണ്ട ഓഫിനു മാപ്പ് വാണി... പക്ഷേ ഒരിക്കലും എഴുതുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന കുറെ ഓര്‍മ്മകളുടെ പിന്നാലെ വാശിയോടെ സഞ്ചരിക്കുകയാണ് താങ്കള്‍...

എനിക്കെഴുതാനാകാത്തത് താങ്കള്‍ എഴുതുമ്പോള്‍ ആ ഉറക്കംകെടുത്തുന്ന ഓര്‍മ്മകള്‍ തിരികെ വരികയാണ്... രക്ത്തിന്റെ കണക്ക് ചോദിക്കുന്ന ദൈവശാപത്തിന്റെ വെളിപാടുകള്‍ പോലെ..

ദീപു : sandeep said...

ചേച്ചി, എല്ലാവരും ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ളതും മറക്കാന്‍ ആഗ്രഹിയ്ക്കുന്നതുമാണ് ഈ കാഴ്ചകള്‍.....
മിക്കസമയത്തും പോക്കറ്റിലെ ഒന്നോ രണ്ടോ നാണയത്തുട്ടു കൊടുത്ത്‌ ഞാനും ഈ ‘സ്വൈര്യക്കേട്’ കളെ ഒഴിവാക്കിയിട്ടുണ്ട്... പുണ്യം കിട്ടും എന്നു കരുതീട്ടൊന്നുമല്ല. അതു കണ്ടുനില്‍ക്കാന്‍ വയ്യാഞ്ഞിട്ടാണ്.

qw_er_ty

Sha : said...

വളരെ നന്നായി...

yetanother.softwarejunk said...

oru nimisham swasam nilacha pole thonni !! nicely written :-)

yogi said...

Dear friend,
Though u selected a subject which has the ptential to become a good story, your language still struggles between a colege magazine article and Malayala Manorama news. kindly read a lot and I am sure u had. But this Echikaanam, Indumenon like guys will not lead u to anywhere.

Malayali Peringode said...

ഹേയ്...
ഇത് കിറുക്കൊന്നുമല്ലാ..
അല്ലാന്നെയ്...
സത്യായിട്ടും....

പിന്നെ?

ഇതസ്സല്‍ വട്ടുതന്ന്യാ...!!!

നന്നായിരിക്ക്‌ണു...

:)

Sapna Anu B.George said...

മനസ്സിന്റെ വിങ്ങല്‍ അക്ഷരങ്ങളില്‍......... നന്നായി വാണി.

KUTTAN GOPURATHINKAL said...

hey,
your weitting disturb readers.
good writting always does this.
thank you for making me uneasy

Unknown said...

അവളുടെ കണ്ണില്‍ തുറിച്ചുനില്‍ക്കുന്ന വിശപ്പ് എന്നെ അടുത്തുള്ള സ്റ്റോറിലേക്കയച്ചു.ബിസ്ക്കറ്റും, പഴവും തിന്നാന്‍ അവളും മുരുകനും മത്സരിച്ചു.
“അമ്മാ..നീ കടവുള്‍ താനമ്മാ..”അവള്‍ പഴം വായിലേക്ക് തള്ളി പറഞ്ഞു.
“മുരുകന്റെ അച്ഛന്‍ എവിടെ?”പറയാന്‍ അങ്ങിനെ ഒരാളുണ്ടാവില്ല എന്ന് തോന്നിയിട്ടും ഞാന്‍ ആ ചോദ്യം ചോദിച്ചു.
“അപ്പാ..ഇവന്റെ അപ്പാ‍ാ...ഹ..ഹ..ഹ..”ശെല്‍വി പൊട്ടിച്ചിരിച്ചു.
യാത്രകള്‍ അവസാനിച്ചവര്‍, തുടങ്ങുന്നവര്‍,..എല്ലാവരും അവളുടെ ചിരിയില്‍ അസ്വസ്ഥരായി.
“എത്ര പേരു വരുന്നതാ അമ്മാ..ഞാന്‍ യാരെ ശൊല്ലും.?! ഇവനൊടെ മൂക്ക് പാത്താ എനക്ക് സന്ദേഹം ആ കൊടവയറുകാരന്റെ ആണെന്നാ..”

.... said...

ഇതു വായിച്ച് തീര്‍ത്തപ്പോള്‍ മുതല്‍ സ്വസ്ഥതയില്ല.ഇങ്ങനെ എഴുതി ഇനി ഒരിക്കല്‍കൂടി വിഷമിപ്പിക്കരുതെ....

സ്വന്തം വികാരവിചാരങ്ങള് വായനക്കാരുടേത് കൂടിയാക്കുന്ന രചനാശൈലി അഭിനന്ദനം അര്‍ഹിക്കുന്നു.

ശ്രീ said...

വാണി ചേച്ചീ...

ഈ കഥയും ഇപ്പോഴാണ്‍ വായിക്കുന്നത്. സത്യം പറഞ്ഞാല്‍‌ വായിച്ചു തിര്‍‌ത്തപ്പോള്‍‌ വല്ലാത്ത ആസ്വസ്ഥത. എല്ലാവരും അഭിപ്രായപ്പെട്ട പോലെ എനിക്കും കാണാന്‍‌ കഴിഞ്ഞിട്ടുണ്ട് ഇതു പോലെ ഉള്ള ചില മനുഷ്യ ജന്മങ്ങളെ... പലപ്പോഴും അവരെ ശ്രദ്ധിക്കാതിരിക്കാനാണ്‍ ഞാനും ശ്രമിക്കാറ്. കാരണം, ശ്രദ്ധിച്ചാല്‍‌, കുറേ നേരത്തേയ്ക്കെങ്കിലും മനസ്സ് ആസ്വസ്ഥമാകും എന്നതു കൊണ്ടും അവരെ പറ്റിയുള്ള ചിന്തകള്‍‌ എങ്ങുമെത്താറില്ല എന്നതു കൊണ്ടും തന്നെ.

നന്നായി എഴുതിയിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
:)

d said...

നന്നായിരിക്കുന്നു

qw_er_ty

Mazhamegham said...

എന്റെ ബ്ലോഗിലേക്ക് കയറൂ...എന്റെ കിറുക്കുകള്‍ അവിടെ കാണാം..