Sunday, September 5, 2010

തേവിടിശ്ശികള്‍ ഉണ്ടാകുന്നത്.. !

" ആരാ തമ്പി ചേട്ടാ ഈ കല്യാണി ? " പലപ്പോഴായി പലരോടും ചോദിച്ച ചോദ്യം. പലരും നല്‍കിയത് ഒരേ ഉത്തരം തന്നെ.തമ്പി ചേട്ടനും മറ്റൊന്നു പറയാന്‍ ഉണ്ടായിരുന്നില്ല.
" കല്യാണി.. അവളൊരു ഉഗ്രന്‍ ചരക്കായിരുന്നില്ലേ..." അവിടെ നിറഞ്ഞ പൊട്ടിച്ചിരിയില്‍ ആ കൊച്ചു ചായക്കട കുലുങ്ങി.
" അല്ല തമ്പി ചേട്ടാ , കല്യാണി മരിച്ചിട്ട് ഇതെത്ര കൊല്ലായി? "
" അത് കൊല്ലം പത്തുനാപ്പത് ആയിക്കാണും. എനിക്കന്നു ഒമ്പതോ.. പത്തോ.... ന്നാലും ആ രൂപം കണ്ണീ ന്ന്‍ മാഞ്ഞിട്ടേ ഇല്ല. എന്താരുന്നൂ ഒരു സാധനം അവള്. പൊന്നിന്റെ നിറാരുന്നു കണ്ണങ്കാല് വരെ കിടന്ന മുടി..കടഞ്ഞെടുത്ത ശരീരം.. ആ പൊക്കിള്‍ ചുഴി..."
കേട്ടിരുന്ന പലരും അസ്വസ്ഥരായി. കല്യാണിയെ ഓര്‍ത്ത് അവര്‍ക്ക് ഉദ്ധാരണം വന്നു.പലരും വീടുകള്‍ തേടി. ഒരു നെടുവീര്‍പ്പോടെ തമ്പി ചേട്ടന്‍ മുണ്ടിന്റെ കോന്തല ചേര്‍ത്ത് പിടിച്ചു.
കൂട്ടത്തില്‍ ചെറുപ്പക്കാരനായ ഒരുവന്‍ അരിശം കൊണ്ടു.
" കഷ്ടം, ഒരു പെണ്ണിന്റെ വര്‍ണ്ണനയില്‍ തന്നെ ..ഇവന്മാരൊക്കെ .. അതും ഒരു തേവിടിശ്ശീടെ. ! "
എങ്കിലും ഒരു പെണ്ണിന്റെ പേരില്‍ ..ഒരു സ്ഥലം.. ..ഒരു മരം.. ഒരു കടവ്...!!ഏതാണ്ട് ആ നാട്ടിലെ പകുതിയോളം കാര്യങ്ങള്‍ കല്യാണിയുടെ പേരില്‍ തുടങ്ങുന്നു. ഒരു വേശ്യ ഇത്രയധികം സ്വാധീനിച്ച നാടോ? എന്തു തന്നെ ആയാലും കല്യാണിയെ കുറിച്ച് അറിയുക തന്നെ വേണം .
" തമ്പി ചേട്ടാ, ഈ കല്യാണിയുടെ കുടുംബത്തില്‍ പെട്ട ആരെയെങ്കിലും ചേട്ടനു അറിയാമോ? "
" ഹ ഹ ഹ.. അതു തപ്പീട്ടു ഒരു കാര്യോം ഇല്ല കുഞ്ഞേ. അവളുടെ അത്രേം പോന്ന ആരും അവളുടെ കുടുംബത്തീന്നല്ല, ഈ പൂമിമലയാളത്തീ പോലും കാണൂല്ല. അവളുടെ ആ കണ്ണും, മൂക്കും, നെറ്റീം.." തമ്പി ചേട്ടന്‍ വീണ്ടും കല്യാണിയെ വര്‍ണ്ണിക്കാന്‍ തുടങ്ങി.
" എന്നാലും സാരമില്ല ചേട്ടാ. അവളുടെ ആരെയെങ്കിലും.."
" അവള് തൂങ്ങിച്ചത്തു കുറച്ചു കഴിഞ്ഞപ്പോ തന്നെ വീട്ടുകാരൊക്കെ ഇവിടെന്ന്‍ കെട്ടിപ്പൂട്ടി പോയി. അല്ലേലും എങ്ങിനാ ഇവിടെ നിക്കണെ ? അത്രക്ക് പേരാരുന്നല്ലോ അവക്ക്..! "

മരിച്ച് പത്തുനാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും നാട്ടുകാരുടെ കിടപ്പറ പങ്കിടുന്ന കല്യാണി ! അവളെക്കുറിച്ച് അന്വേഷിച്ചലഞ്ഞു എന്റെ പകലുകള്‍ ഒട്ടുമുക്കാലും തീര്‍ന്നു കൊണ്ടേയിരുന്നു.
" പറയൂ.. പങ്കിയമ്മേ .പറയൂ.. കല്യാണി..."
ഒരുപാട് അന്വേഷണങ്ങള്‍ക്കു ശേഷമാണ് കല്യാണിയെ അടുത്തറിയാമായിരുന്ന ഒരാളെ എനിക്ക് കിട്ടുന്നത്. പങ്കിയമ്മ . ! കല്യാണിയുടെ ഒരേ ഒരു കൂട്ടുകാരി.
" എന്താ നിനക്ക് അറിയണ്ടേ? അവള് ആര്‍ക്കാ ഒടുക്കം കിടക്ക വിരിച്ചെന്നോ? അതോ അവള്‍ടെ മോലേടെം, ചന്തീടേം വലിപ്പോ ?"
പങ്കിയമ്മ കോപം കൊണ്ടു കലി തുള്ളി. കയ്യിലിരുന്ന മൊന്ത അവര്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പാളികള്‍ പോളിയുമാര് അവര്‍ വാതില്‍ കൊട്ടിയടച്ചു.

" ഞാന്‍ വന്നത് കല്യാണി എന്ന പെണ്ണിനെ പറ്റി അറിയാനാണ്. അവരുടെ മരണകാരണം അന്വേഷിച്ചാണ് ." മൂന്നു നാല് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ അവരുടെ ശകാരവര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.
" മരിച്ചോ..? ആര് മരിച്ചു. ? ഇപ്പളും അവള്‍ ഈ കരയില്‍ ജീവിക്ക്യല്ലേ? ഒന്നാന്തരം ഒരു തേവിടിശ്യായിട്ട് ! അതും പോരാഞ്ഞു മുക്കിനും മൂലക്കും അവളുടെ പേരും. "
പങ്കിയമ്മ കരയുകയായിരുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു. ആ കൈകള്‍ ചേര്‍ത്ത് പിടിച്ചു.
" അവള്‍ പാവമായിരുന്നു. വെറും പാവം.." അവര്‍ പിറുപിറുത്തു.
എന്റെ കൈ വിടുവിച്ച്‌ അവര്‍ അകത്തേക്ക് നടന്നു. പഴയ ഒരു പ്ലാസ്റിക് കവറില്‍ സൂക്ഷിച്ച അവരുടെ ഓര്‍മ്മകള്‍ അവര്‍ എനിക്ക് മുന്നില്‍ തുറന്നു.
അതില്‍ കല്യാണി യുണ്ടായിരുന്നു, അവളുടെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു., സ്വപ്ന ഭംഗങ്ങള്‍ ഉണ്ടായിരുന്നു..

" ഇന്നു മുതല്‍ നിന്നെ പഠിപ്പിക്കാന്‍ മാസ്ടര്മാര്‍ ഇങ്ങോട്ട് വരും. നീ ഒന്നിനും ഇനി പുറത്തിറങ്ങേണ്ട."
വയസ്സറിയിച്ച അന്ന് മുതല്‍ കല്യാണി വീടിന്റെ മുറ്റത്തിനപ്പുറം പോയിട്ടില്ല.. അവളെ പഠിപ്പിക്കാന്‍ പെണ്‍ വാദ്ധ്യാത്തികളെ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും കൊണ്ടു വന്നു.
കല്യാണിയെ ഒരു നോക്ക് കാണാന്‍ പലരും പലവട്ടം ആ വീടിന്റെ പല ഭാഗങ്ങളിയില്‍ ഒളിഞ്ഞും, തെളിഞ്ഞും ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവളുടെ ചേട്ടന്മാരും, അച്ഛനും തീര്‍ത്ത മതില്‍ക്കെട്ട് ഭേദിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എങ്കിലെന്ത് ..കുഞ്ഞുകല്യാണിയെ കണ്ടിട്ടുള്ളവര്‍ അവളെ വലുതായി സങ്കല്‍പ്പിച്ച് വര്‍ണനകള്‍ നടത്തി. കേട്ടവര്‍ കേട്ടവര്‍ ഇരിപ്പുറക്കാതെ പലവട്ടം ആ വീടിനു വലം വെച്ചു. കല്യാണിയുടെ വളര്‍ച്ചയോടൊപ്പം അവളുടെ വീടും ആ നാട്ടിലെ പരമ പ്രധാനമായ ഒരു സ്ഥലമായി വളര്‍ന്നു. അവിടം ' കല്ല്യാണി മുക്ക് " എന്ന് ഖ്യാതി നേടി. ഇത് അവളുടെ അച്ഛനും, ചേട്ടന്മാര്‍ക്കും വല്ലാത്ത കുറച്ചിലായി. അവര്‍ കല്യാണിയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരായി. കല്യാണിയുടെ അടുത്തേക്ക് പെണ്‍ പ്രജകളെ പോലും കടത്തി വിടാതായി. ഇടയ്ക്കിടെ പങ്കിക്ക് മാത്രം പ്രവേശനാനുമതി കിട്ടി. അതും അകന്ന ഒരു ബന്ധു എന്ന പരിഗണനയില്‍. പങ്കിയിലൂടെ അവള്‍ ചുറ്റും അറിഞ്ഞു. പങ്കിയുടെ സ്കൂളിനെ പറ്റി, വാസുവിന്റെ പൊടിമീശയെ പറ്റി, കൈതക്കാടിന്റെ പിന്നില്‍ വാസു അവളുടെ കൈത്തണ്ടില്‍ ഉമ്മ വെച്ചതിനെ പറ്റി.. എല്ലാമെല്ലാം പങ്കി കല്ല്യാ ണിയോടു പറയും. കല്യാണി അതെല്ലാം മനസ്സില്‍ കാണും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അതെല്ലാം താനാണെന്ന് സങ്കല്‍പ്പിച്ചു സ്വപ്‌നങ്ങള്‍ കാണും.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കല്യാണിക്ക് ധരിക്കാനായി അച്ഛന്‍ ഒരു ഉടുപ്പ് തയ്പ്പിച്ചു. അന്നേവരെ ആ നാട്ടിലെ ഒരു പെണ്ണും ഇട്ടിട്ടില്ലാത്ത തരം . തലനാരിഴ പോലും പുറത്തു കാണാത്ത വിധം തയ്പ്പിച്ച ഒരുടുപ്പ്‌. ആ ഉടുപ്പും അവളുടെ പേരില്‍ കേള്‍വി കേട്ടു. അതിനുള്ളില്‍ അവള്‍ ഉരുകിയൊലിച്ചു.

പെട്ടെന്നൊരു ദിവസം കേട്ട ആ വാര്‍ത്ത കല്യാണിമുക്കിനെ മാത്രമല്ല, അയല്‍ ഗ്രാമങ്ങളെ കൂടി ഞെട്ടിച്ചു. കല്യാണിയുടെ കല്യാണമായിരിക്കുന്നു. ആ പരമ ഭാഗ്യവാന്‍ ആരെന്നറിയാന്‍ ആളുകള്‍ തലങ്ങും , വിലങ്ങും ഓടി. തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കള്‍ക്ക് മുന്നില്‍ അവള്‍ നിന്നു, നവവധുവായി.. കണ്ണിനു മുന്നില്‍ നില്‍ക്കുന്ന വിസ്മയത്തെ ആളുകള്‍ കണ്‍ നിറയെ കണ്ടു. ആ സൌന്ദര്യ ധാമത്തിന് മുന്നില്‍ അവര്‍ കൈ കൂപ്പി. കല്യാണി അന്നാദ്യമായി അഭിമാനത്തോടെ തലയുയര്‍ത്തി. നിരന്തരം ശപിച്ചിരുന്ന തന്റെ രൂപഭംഗിയില്‍ അവള്‍ അഭിമാനം കൊണ്ടു. കണ്ണങ്കാല് വരെ നീണ്ടു കിടന്ന മെടഞ്ഞ മുടി അവള്‍ ഇടയ്ക്കിടെ മുന്നിലേക്കിട്ടു. മഞ്ഞപ്പട്ടില്‍ തീര്‍ത്ത ചേലയുടെ അറ്റം അവള്‍ വിരലില്‍ കോര്‍ത്തു. ഞൊറിവുകള്‍ ഇട്ടും , അഴിച്ചും അവള്‍ പല തരത്തില്‍ ആ ചേലയുടെ പകിട്ടു കൂട്ടി. ചാരെ നിന്ന മാരനെ ഇടം കണ്ണിട്ടു നോക്കി. അയാളുടെ കണ്ണുകളില്‍ പടരുന്ന പരിഭ്രാന്തി അവള്‍ അറിഞ്ഞതേയില്ല.

അവള്‍ ആശ്വ സിക്കുകയായിരുന്നു. കെട്ടിയുയര്‍ത്തിയ വേലികളില്‍ നിന്നും, ഉരുകിയൊലിക്കുന്ന ഉടുപ്പുകളില്‍ നിന്നുമെല്ലാം മോചനം അവള്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ സുഖത്തില്‍ മാരന്റെ മാറോടു ചേര്‍ന്ന് അവളുറങ്ങി. ഉറക്കതിന്നവസാനം അവള്‍ കണ്‍ തുറന്നത് ഉടുപ്പുകളി ലേക്കാണ്
ഉടുപ്പുകള്‍ക്കിടയില്‍ അവള്‍ തിരഞ്ഞു. ഒരു ചേലയെങ്കിലും..... ഇല്ല. നീണ്ട ഉടുപ്പുകള്‍.. ഇനിയും ഉരുകിയൊലി ക്കാനായ്.. നീണ്ട ഉടുപ്പുകള്‍ മാത്രം. .

പിറ്റേന്ന് കല്യാണിമുക്ക് കണ്ണുതുറന്നത് കല്യാണിയിലേക്കാണ്. കല്യാണിയുടുപ്പിടാതെ, ചേല ചുറ്റാതെ പരിപൂര്‍ണ്ണ നഗ്നയായി കല്യാണിമുക്കിലെ ആ വലിയ മരക്കൊമ്പില്‍ അവള്‍ തൂങ്ങിയാടി...അവളുടെ കണ്ണുകളും, കഴുത്തും, മുലകളും, നാഭിയും, തുടകളുമെല്ലാം അങ്ങിനെ കല്യാണിമുക്കിന്റെ വാമൊഴിയിലും, വരമൊഴിയിലും നിറഞ്ഞു. കഥകളും, ഉപകഥകളും അവര്‍ മെനഞ്ഞു. ഓരോരുത്തരും കല്യാണിയോടൊപ്പം സ്വപ്നം കണ്ട വേഴ്ചകള്‍ അവളുടെ ശരീരത്തിലെ പാടുകള്‍ തെളിവുകളാക്കി വര്‍ണ്ണിച്ചു. അങ്ങിനെ മരണശേഷം കല്യാണിയെ അന്നാട്ടിലെ ഒട്ടുമുക്കാലും പുരുഷന്മാര്‍ തങ്ങളുടെ കിടപ്പറകളില്‍ അനുഭവിച്ചു.

കല്യാണിയുടെ ഓര്‍മ്മകള്‍ കണ്ണുനീര്‍ത്തുള്ളികളായി പങ്കിയമ്മയുടെ കവിളിലൂടെ ഒഴുകി.
മുഷിഞ്ഞ നിറമുള്ള ആ പ്ലാസ്റിക് കവര്‍ നെഞ്ചോടു ചേര്‍ത്ത് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു..
" അവള്‍ പാവമായിരുന്നു, വെറും പാവം..! "

Monday, August 30, 2010

അതിരുകള്‍.

പരസ്പരം കാണാനാകാതെ രണ്ടു മനുഷ്യര്‍
പരസ്പരം മിണ്ടാനാകാതെ രണ്ടു മനുഷ്യര്‍.
ഒരാള്‍ക്ക് വെള്ള നിറമുള്ള ഉടുപ്പാണ്.
മറ്റൊരാള്‍ക്ക് വെള്ള നിറമുള്ള തൊലിയും!
ഉടുപ്പും, തൊലിയും നിര്‍ത്താതെ കലഹിച്ചു.
എല്ലാം പൊട്ടിച്ചിതറിയ ആ നിമിഷത്തില്‍
അയാളുടെ ഉടുപ്പ് കത്തിക്കരിഞ്ഞിരുന്നു.
തൊലിയുടെ വെളുപ്പില്‍ ചുവപ്പും, കറുപ്പും.
അപ്പോഴാണ്‌ അവര്‍ പരസ്പരം ....
..കണ്ടത്..... മിണ്ടിയത്...!!!!

Sunday, August 29, 2010

ആവലാതി.

നിര്‍ത്താതെ ഫോണ്‍ അടിച്ചുകൊണ്ടെയിരിക്കുകയാണ്. നുറുകൂട്ടം ജോലികള്‍ക്കിടയില്‍ ഇത് വല്ലാത്ത ശല്യം തന്നെ. എടുക്കേണ്ട എന്ന ആദ്യം വിചാരിക്കും. പിന്നെ.. അമ്മയുടെ സ്ഥിരം വിളിയാണിത് .
" രേവൂ , ശാരു ഉണര്‍ന്നോ ? "
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ചോദ്യം.
" ഞാന്‍ അവളെ ഒന്ന്‍ റെഡിയാക്കട്ടെ അമ്മേ. ബസ്സിപ്പോ വരും."
" ജെന്നിയും ഉണ്ടല്ലോ അ.." അമ്മ മുഴുമിക്കാന്‍ കാത്തുനില്‍ക്കാതെ ഫോണ്‍ വെച്ച് ബാത്രൂമിലെക്കോടി.
കുട്ടി സ്കൂള്‍ ബസ്സില്‍ പോകാന്‍ തുടങ്ങിയത് മുതല്‍ ബസ്സ്‌ ഡ്രൈവര്‍ കുട്ടികളെ പീഡിപ്പിച്ച നൂറായിരം കഥകള്‍ അമ്മയെ തേടി എത്തുക പതിവാണ്. ശാരുവിന്റെ ഡ്രൈവറും അക്കൂട്ടത്തില്‍ പെട്ടതാണോ എന്ന് അമ്മയ്ക്കു പേടി. അതുകൊണ്ട് വേറെ കുട്ടികള്‍ കയറിയ ശേഷമേ ശാരുവിനെ പിക് ചെയ്യാന്‍ വരാവൂ എന്നാണു അമ്മയുടെ നിര്‍ബന്ധം.


പെണ്ണ്‍ സോപ്പ് പതപ്പിച്ച് വെള്ളത്തില്‍ കുമിളകള്‍ ഉണ്ടാക്കുന്നു.
" വേഗം വാടീ." .. കുളിച്ചെന്നു വരുത്തി .
യൂണിഫോം ചെറുതായിരിക്കുന്നു.
" എത്ര വേഗാ ഈ പെണ്ണ്‍ വളരുന്നെ. കഴിഞ്ഞ വര്‍ഷം തയ്പ്പിച്ചതാ. ഇപ്പൊ ദാ ഇറക്കോം ഇല്ല,
ഷര്‍ട്ട് ആണെങ്കില്‍ ഇറുകി പ്പിടിച്ചും. "
" നീയെന്റെ കൊച്ചിനെ വളരാനും സമ്മതിക്കില്ലേ? " ഉറക്കത്തിലും ജോസ് പിറുപിറുത്തു
ശാരുവിനെയും വലിച്ച് സ്റ്റെപ്പിറങ്ങുമ്പോള്‍ ബസ്സിന്റെ ഹോണ്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു, എന്റെയും, അവളുടെയും.


മീറ്റിംഗ് കഴിഞ്ഞ്‌ ജോസിനെ വിളിക്കാനായി മൊബൈല്‍ എടുത്തതാണ്. അമ്മയുടെ പതിനേഴു മിസ്ഡ് കോള്‍സ്.
" ജോസ്, മണി പതിനോന്നായെ. നിനക്ക് ഒന്നിന് ക്യാബ് വരും. മറക്കണ്ട."
അമ്മയെ വിളിക്കണോ? ആദ്യം ഒന്ന്‍ ശങ്കിച്ചു. പതിവ് ചോദ്യങ്ങളും, ഉത്തരങ്ങളും ആണ്.
"ശാരു തനിച്ചായിരുന്നോ ബസ്സില്‍ ? സ്കൂളില്‍ എത്തിയോ എന്ന്‍ നീ വിളിച്ചു നോക്കിയോ? നീ ഓഫീസില്‍ എത്തിയോ? "
ചോദ്യങ്ങള്‍ക്കൊടുവില്‍ എന്നും ഓരോ പുതിയ വാര്‍ത്തകളും.
" മോളെ , ജാനകിയുടെ മരുമോള്ടെ ഫ്രണ്ടിനു പരിചയള്ള ഒരു കുട്ടിയാ.. ഫ്രിഡ്ജ് നന്നാക്കാനെന്ന്‍ പറഞ്ഞു വന്ന ഒരാള്‍.... നീ ജോസില്ലാത്ത സമയത്ത് വാതില്‍ തുറക്കരുതേ ഒരിക്കലും."
" ഞാന്‍ വെക്കട്ടെ അമ്മേ. ഓഫീസില്‍ നല്ല പണിയാണ്. " വല്ലാത്ത ഒരു മടുപ്പാണ് ഇപ്പോള്‍ അമ്മയുടെ കോളുകള്‍ എടുക്കുമ്പോള്‍ തന്നെ.


" അമ്മയ്ക്ക് ചെറിയൊരു നെഞ്ചുവേദന. നീ വേഗം പുറപ്പെട് " മാളുവിന്റെ ഫോണ്‍ വന്നപ്പോള്‍ തന്നെ ഫ്രണ്ട്സ് ട്രവല്സില്‍ വിളിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു. ഭാഗ്യം, അഞ്ചരയുടെ ബസ്സില്‍ സീറ്റുണ്ട്.


" അമ്മേ , എന്താ പറ്റിയത്? ഇപ്പൊ എങ്ങിനെ ണ്ട്? ഞങ്ങള്‍ വെളുപ്പിനെ അങ്ങെത്തും. "
അമ്മയുടെ ശബ്ദം ക്ഷീണിച്ചിരുന്നു.
" ജോസ് ? "
" ജോസിനു ലീവ് കിട്ടിയില്ലമ്മേ. ഞാനും, ശാരുവും.."
" വേണ്ട. അത് വേണ്ട.. രാത്രി.. തനിച്ച് നിങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍.."
" അമ്മ റസ്റ്റ്‌ എടുക്ക്. നാളെ കാണാം. " ഫോണ്‍ വെച്ച് മാനേജരുടെ മുറിയിലേക്ക് നടക്കുമ്പോള്‍ കേള്‍ക്കേണ്ടിവരുന്ന വഷളത്തരങ്ങള്‍ക്ക് മുന്നില്‍ കണ്ണും, കാതും അടയ്ക്കാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.

" ലുക്ക് രേവതീ , ഈ ക്രിട്ടിക്കല്‍ സിടുവേഷനില്‍ ലീവ്..അതും വണ്‍ വീക്ക്. "
" സര്‍ , പ്ളീസ്. അമ്മയ്ക്ക്..."
"മ്..യു നോ..വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ നോ പറഞ്ഞേനെ. ഇത് ..
നെഞ്ചിലേക്ക് തന്നെ തുറിച്ചു നോക്കി അയാള്‍ ചിരിച്ചു.

" അമ്മ അതൊന്നു സ്വിച്ച് ഓഫ് ചെയ്യുന്നുണ്ടോ? " കളിച്ചുകൊണ്ടിരുന്ന ഗെയിം തടസ്സപ്പെട്ട ദേഷ്യത്തിലാണ് ശാരു.
" അമ്മൂമ്മയാണ്.."
വീഡിയോ ഗെയ്മില്‍ തന്നെ തല പൂഴ്ത്തി അവള്‍.
" നീ പുറപ്പെട്ടോ? ജോസ് ..? "
" ഇപ്പൊ എങ്ങിനെ ണ്ട് അമ്മേ..?" ഉത്തരം നല്‍കാതെ തന്നെ ചോദിച്ചു.
" ജോസ് ഉണ്ടോ കൂടെ? നീ ബസ്സില്‍ ആണോ? " ഇങ്ങോട്ടും ചോദ്യങ്ങള്‍ തന്നെ !
" ഇല്ല. ജോസ്...ലീവില്ല അമ്മേ. ഞങ്ങള്‍ ബസ്സിലാണ്, ഞാനും, ശാരുവും. പിക് ചെയ്യാന്‍ ആരും വരണ്ട. ഓട്ടോ എടുത്ത് ഞങ്ങള്‍ എത്തിക്കോളാം . ജി- വാര്‍ഡ്‌ അല്ലെ ?"
" അടുത്താരാ ഇരിക്കുന്നെ? ആണുങ്ങള്‍.. ?"
" അമ്മ ഒന്ന്‍ സമാധാനിക്ക്. ഇവിടെ രണ്ടു സീറ്റേ ഉള്ളൂ."
" നേരം വെളുത്തിട്ടല്ലേ സ്റ്റാന്‍ഡില്‍ എത്തൂ? "

" നീ ഈ ഫോണ്‍ ഒന്ന്‍ സ്വിച്ച് ഓഫ് ചെയ്യ് മോളെ "
അമ്മയുടെ കയ്യില്‍ നിന്ന്‍ ഫോണ്‍ പിടിച്ചു വാങ്ങിയാവണം അച്ഛന്‍ പറഞ്ഞത്.

" ശിവേട്ടാ, എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു. വല്ലാത്ത ഒരു തലക്കറക്കം.."
നിര്‍മ്മലയുടെ കൈകള്‍ തണുത്തു മരവിച്ചിരുന്നു.
" എത്രയും വേഗം പേഷ്യന്റിനെ ഐ. സി. യു. വിലേക്ക് മാറ്റു." ഡോക്ടര്‍ നിര്‍മ്മലയുടെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു.
" നീ പേടിക്കാതിരിക്കൂ. ഒന്നും ഉണ്ടാവില്ല.." പറയുമ്പോള്‍ ശിവന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചിരുന്നു.
" അതെ, ഒട്ടും പേടി വേണ്ട. ഞങ്ങളില്ലേ ഇവിടെ. റിലാക്സ്ഡ് ആയി കിടന്നോളൂ.. "
ഡോക്ടര്‍ ബി.പി. കഫ് കയ്യില്‍ ചുറ്റി..
" ശിവേട്ടാ , രേവുനെ ഒന്ന്‍ വിളിക്കൂ . അവള്‍.."
നിര്‍മ്മലയ്ക്ക്‌ ശരീരമാകെ തളരുന്ന പോലെ തോന്നി.
" പേടിക്കാതെ, ഒന്നും ഉണ്ടാവില്ല.. എല്ലാം ശരിയാകും." ഡോക്ടറുടെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
" അതല്ല ഡോക്ടര്‍, എനിക്ക് ഒരു മകളാണ്...
അവള്‍ക്കും ഒരു മകള്‍.....
അവര്‍ തനിച്ച്...
ഈശ്വരാ..ആ ബസ്സില്‍ നിറയെ....... ..
വെളുക്കും മുന്നേ സ്റ്റാന്‍ഡില്‍ എത്തിയാല്‍......"

250..260...... ബി. പി. ഉയരുകയാണ്.....

Wednesday, November 19, 2008

കണ്ണാടി.

കണ്ണാടികള്‍ കൊണ്ട് അവളുടെ മുറി നിറഞ്ഞിരുന്നു. പല രൂപത്തിലും, വലിപ്പത്തിലുമുള്ള കണ്ണാടികള്‍.
ഓരോന്നിനും മുന്നില്‍ മണിക്കൂറുകളോളം അവള്‍ നിന്നു, പല ഭാവങ്ങളില്‍, പല വേഷങ്ങളില്‍.
എല്ലാറ്റിനുമൊടുവില്‍ അവളുടെ മുഖത്ത് നിരാശ മാത്രം ബാക്കിയായി. വീണ്ടും, വീണ്ടും കണ്ണാടികള്‍ വാങ്ങിക്കൂട്ടാന്‍ അവള്‍ക്ക് തിടുക്കമായി. കണ്ണാടികള്‍ നിറഞ്ഞ ആ മുറിയുടെ താക്കോല്‍ അവള്‍ പരമരഹസ്യമായി സൂക്ഷിച്ചു. പലരുടേയും കണ്ണുകള്‍ പലവട്ടം താക്കോല്‍ പഴുതിലൂടെ മുറിക്കുള്ളിലെത്തിയെങ്കിലും പ്രതീക്ഷിച്ചതൊന്നും കാണാതെ അവരും പിന്‍വലിഞ്ഞു.

*********************************************

കണ്ണാടികള്‍ക്കു നടുവില്‍ അവള്‍ നിന്നു. ചുറ്റിലുമിരിക്കുന്ന കണ്ണാടികളില്‍ ഓരോന്നിലേയ്ക്കും അവള്‍ മാറി മാറി നോക്കി, ഒന്നിലെങ്കിലും തന്റെ രൂപം കാണാന്‍ !!!

Tuesday, November 27, 2007

കൊടിമരം.

അകപ്പൊരുളതിന്‍
ജീവധാരയായ്
ക്ഷേത്രാങ്കണത്തില്‍
സ്വര്‍ണ്ണം പൂശിയങ്ങു
നിവര്‍ന്നു നില്‍പ്പൂ കൊടിമരം !!
സ്വര്‍ണ്ണച്ചൂടിലുരുകി-
യൊലിച്ചിറങ്ങാന്‍
ഒരു തുള്ളി നീര്..
അകക്കാമ്പില്‍ തിരഞ്ഞു
വലഞ്ഞൂ വന്മരം..

" ലക്ഷണമൊത്തതീ മരം
മണ്ണില്‍ തൊടാതെ മുറിക്കുക.."
മാനവനിയമം കേട്ടാ
വന്മരമൊന്നു പിടഞ്ഞു..
മണ്ണായിത്തീരുവാന്‍ വേണ്ടി മാത്രം
കാലങ്ങളതിത്രയും കാത്തു !
മണ്‍തരികള്‍ ചേര്‍ത്തുപിടിച്ച്
വേരുകള്‍ തേങ്ങി.
തോലുപൊളിച്ചാ മരത്തിന്‍
മാംസത്തില്‍ മൂര്‍ച്ചയിറങ്ങവേ
കേട്ടൂ അടുത്ത ലക്ഷണശാസ്ത്രം..
" പൊട്ടിയടര്‍ന്ന ചീളും,
പാറിപ്പറന്ന പരുന്തും
ശകുനത്തിന്‍ നല്ല കാഴ്ചകള്‍.."
ചീളിനൊപ്പം ഇറ്റുവീണ
ബാഷ്പകണങ്ങള്‍
ശകുനശാസ്ത്രത്തില്‍ പെട്ടില്ല.
ഇടയ്ക്കൊന്നിരിയ്ക്കാനെത്തിയ
പരുന്തിന്‍ ഞെട്ടലും
ലക്ഷണശാസ്ത്രത്തില്‍ കണ്ടില്ല.

കടചേര്‍ത്തു വെട്ടി
കയറിട്ടു പൊക്കി
മണ്ണില്‍ തൊടാതെ
മരം വേര്‍പെടുത്തി.
എണ്ണപ്പാത്തിയിലെ ശുശ്രൂഷകള്‍
കോശങ്ങളോരോന്നും നിര്‍ജ്ജീ‍വമാക്കി

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!

Friday, November 2, 2007

നാരായണേട്ടന്റെ സ്വപ്നങ്ങള്‍ !!

പതിവു പോലെ അന്നും നാരയണേട്ടന്‍ ഒരു നിലവിളിയോടൊപ്പമാണ് ഉറക്കമുണര്‍ന്നത്. പതിവായതു കൊണ്ട് അമ്മിണിയേടത്തി ആ പരിസരത്തേയ്ക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്തില്ല. നാരയണേട്ടന്‍ ഉറക്കപ്പായയിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു. കലിതുള്ളി വാതില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മിണിയേടത്തിയെ പ്രതീക്ഷിച്ച് കുറച്ചു നേരം അവിടെത്തന്നെ ഇരുന്ന് ഏങ്ങലടിച്ചു. ഒടുവില്‍ ആരും വരുന്നില്ലെന്ന് മനസ്സിലായപ്പോള്‍ കണ്ണും തിരുമ്മി എഴുന്നേറ്റ് ഉമ്മറത്തേയ്ക്കു നടന്നു. അമ്മിണിയേടത്തി അപ്പോള്‍ രണ്ടു ദിവസം മുമ്പ് മൂന്നു മുട്ടനെ പെറ്റ ജാനുവിനു പ്ലാവില കെട്ടിത്തൂക്കുകയായിരുന്നു. നാരായണേട്ടന്‍ അതു നോക്കി നിന്നു. അപ്പോഴാണ് രാത്രി കണ്ട ഭീകരസ്വപ്നം ഒന്നുകൂടി തെളിഞ്ഞ് മനസ്സില്‍ വന്നത്. ജാനു പെറ്റ മുട്ടനുകളില്‍ ഒന്ന് നിമിഷനേരം കൊണ്ട് ഒരാനയോളമായി നാരായണേട്ടനെ കുത്തിമലര്‍ത്തുന്നതും, കൊമ്പുകളിലൂടെ ഊര്‍ന്നു വീണ ചോരത്തുള്ളികള്‍ മുട്ടന്‍ നക്കിയെടുക്കുന്നതുമായിരുന്നു അന്നത്തെ സ്വപ്നം. ഓര്‍ത്തതും നാരായണേട്ടന്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി.

" എടീ അമ്മീണീ , നമുക്ക് ഈ ആടുമാടുകളെ ആ ഗോവാലനു കൊടുത്താലോ ?പെറ്റുകിടക്കുന്നതായതു കൊണ്ട് നല്ല വിലയും കിട്ടും ! "
നാരായണേട്ടന്റെ അഭിപ്രായപ്രകടനം കണ്ടപ്പോഴേ അമ്മിണിയേടത്തിയ്ക്ക് സംഗതി പിടികിട്ടി. ഇന്ന് സ്വപ്നത്തിലെ വില്ലന്‍ ആട്ടിന്‍പറ്റം തന്നെ!
"നിങ്ങക്ക് വേറൊരു പണീം ഇല്ലേ മനുഷ്യാ . രാത്രി നേരാം വണ്ണം നാമം ജപിച്ച് കിടക്കാഞ്ഞിട്ടാ ഇമ്മാതിരി ദുസ്സ്വപ്നങ്ങളൊക്കെ കാണണെ. അതെങ്ങിനെ, മനസ്സിന്ന് ദുഷ്ച്ചിന്തയൊഴിഞ്ഞിട്ട് നേരമുണ്ടോ?? !!! "
അമ്മിണിയേടത്തിക്ക് ദേഷ്യം വന്നു. ജാനുവിനു കൊടുക്കാന്‍ മുറ്റത്തെ അടുപ്പില്‍ തിളപ്പിക്കാന്‍ വെച്ച കഞ്ഞിയിളക്കി അവര്‍ പിറുപിറുത്തു. ഈ കൂരയില്‍ അവര്‍ക്കുള്ള കൂട്ട് ഈ ആടുമാടുകളും, മുഴുത്ത മുട്ടകള്‍ ദിനം തോറും ഇടുന്ന രണ്ട് കോഴികളും, പേറടുത്തു നിന്ന കുറിഞ്ഞിപ്പുച്ചയുമായിരുന്നു. ഓരോന്നിനേയും അമ്മിണിയേടത്തി സ്വന്തം കുഞ്ഞുങ്ങളേപ്പോലെ നോക്കി. ഇതുങ്ങളുടെ ഗര്‍ഭവും, പ്രസവവുമൊക്കെ ഉത്സവം പോലെ കൊണ്ടാടി. കുറിഞ്ഞിയും, ജാനുവുമൊക്കെ പ്രസവവേദനയില്‍ പുളയുമ്പോള്‍ അമ്മിണിയേടത്തി ആ വേദനകള്‍ മനസ്സിലേക്കേറ്റു വാങ്ങി. ഒരിക്കലും വീര്‍ക്കാത്ത അമ്മിണിയേടത്തിയുടെ വയറ്റില്‍ നിന്ന് കുറിഞ്ഞിയുടേയും, ജാനുവിന്റേയുമൊക്കെ സന്തതികള്‍ പുറത്തു ചാടി. നാരായണേട്ടന്റെ രാത്രികള്‍ പേടിസ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ മുതല്‍ അമ്മിണിയേടത്തിയ്ക്ക് ഇവരെ ഓരോരുത്തരെയായി നഷ്ടമായിത്തുടങ്ങിയതാണ്.

നാരായണേട്ടന്‍ ഇത്തരം സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുറിഞ്ഞി പെറ്റ പൂച്ചക്കുഞ്ഞുങ്ങളായിരുന്നു അന്ന് വാനോളം വലുതായതും, നാരായണേട്ടനെ മാന്തിപ്പൊളിച്ച് ചോര കുടിച്ചതും !! ഉറക്കമുണര്‍ന്ന ഉടനേ അമ്മിണിയേടത്തിയോടു പോലും പറയാതെ നാരായണേട്ടന്‍ കുറിഞ്ഞിയേയും, കുഞ്ഞുങ്ങളേയും ചാക്കിലാക്കി പടിഞ്ഞാറേപ്പാടത്തിനക്കരെ കൊണ്ടുക്കളഞ്ഞു. അമ്മിണിയേടത്തി കുറേ കരഞ്ഞെങ്കിലും വെളുപ്പാന്‍ കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് നാരായണെട്ടന്‍ തറപ്പിച്ചു പറഞ്ഞു. ആ പൂച്ചക്കുഞ്ഞുങ്ങള്‍ തന്നേത്തേടി വരുമെന്ന് കുറേക്കാലത്തേയ്ക്ക് നാരായണേട്ടന്‍ ഭയന്നിരുന്നു. വഴിയില്‍ കാണുന്ന ഓരോ പൂച്ചയേയും കുറിഞ്ഞിയുടെ മക്കളായി കരുതി നാരായണേട്ടന്‍ കയ്യില്‍ കിട്ടിയതെല്ലാ‍മെടുത്ത് എറിഞ്ഞു കൊന്നു. അടുത്ത സ്വപ്നം കാണും വരെ നാരായണെട്ടന്റെ ശത്രു പൂച്ചയായിരുന്നു.

പിന്നീടൊരിക്കല്‍ കുറിഞ്ഞിയുടെ സ്ഥാനം കോഴിപ്പട കയ്യേറി. അട വെച്ച പതിന്നാലു മുട്ടകള്‍ക്കു മുകളില്‍ നിന്നാണ് അമ്മിണിയമ്മ പൊന്നു പോലെ നോക്കിയ ആ രണ്ടു കോഴികളെയും നാരായണേട്ടന്‍ ത്രേസ്യാമ്മച്ചേടത്തിക്ക് പിടിച്ചു കൊടുത്തത്. രണ്ടു ദിവസം കഴിഞ്ഞ് ത്രേസ്യാമ്മച്ചേടത്തി കൊണ്ടുവന്ന കോഴിക്കറി നാരായണേട്ടന്‍ വലിച്ചു വാരി തിന്നുകയും ചെയ്തു. അപ്പോള്‍ മുതല്‍ അമ്മിണിയേടത്തി നോക്കിയിരിക്കുകയാണ് നാരായണേട്ടന്റെ അടുത്ത സ്വപ്നം എന്താകുമെന്ന് ! ഇപ്പോള്‍ ദാ ജാനു !! എന്തു വന്നാലും ജാനുവിനെ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മിണിയേടത്തി പ്രഖ്യാപിച്ചു, മാത്രമല്ല ദിവസത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും ജാനുവിനും,മക്കള്‍ക്കും അമ്മിണിയേടത്തി കാവലിരിക്കുകയും ചെയ്തു.

നാരായണേട്ടന്‍ തലങ്ങും, വിലങ്ങും നടന്നു. ഓരോ കാല്‍വെപ്പിലും മുട്ടന്റെ കൊമ്പില്‍ കോര്‍ത്തുതൂങ്ങുന്ന സ്വന്തം രൂപം കണ്ട് നാരായണേട്ടനു സമനില തെറ്റുമെന്നായി. എങ്ങിനെയും ഇവയെ വിറ്റു തുലച്ചേ പറ്റൂ. നാരായണേട്ടന്‍ തിരുമാനിച്ചു. റബ്ബറിന്‍ കായ അരച്ചു കലക്കി കൊടുത്താല്‍ ആടുമാടുകള്‍ക്ക് ദീനം വരുമെന്ന് എവിടെയോ കേട്ടത് നാരായണേട്ടന്‍ ഓര്‍ത്തു. തോമസു മൊതലാളീടെ പറമ്പില്‍ നിന്ന് പെറുക്കിയെടുത്ത റബ്ബറിന്റെ കായ അമ്മിണിയേടത്തി കുളിക്കാന്‍ കേറിയ തക്കം നോക്കി അരച്ചു കഞ്ഞിയില്‍ ചേര്‍ത്ത് ജാനുവിനു കൊടുത്തു. ജാനു അത് മോന്തി മോന്തി കുടിച്ചു. കൂര്‍ത്ത കൊമ്പുമായി വന്ന മുട്ടന്‍ തളര്‍ന്നു വീഴുന്നത് മനസ്സില്‍ കണ്ട് നാരായണേട്ടന്‍ ആശ്വസിച്ചു.

അമ്മിണിയേടത്തിയ്ക്ക് സഹിക്കാനായില്ല. പൊട്ടിപ്പോകും വിധം അവര്‍ നെഞ്ചത്തേയ്ക്ക് ആഞ്ഞടിച്ചു. ദിക്കുകള്‍ മുഴങ്ങും വിധം അലമുറയിട്ടു. രാവിലെ ഒരു കുഴപ്പവുമില്ലാതെ ഓടിനടന്ന ജാനുവാണ്, ഇപ്പോള്‍ ദാ വായിലൂടെ പതയൊഴുക്കി, തല ചെരിച്ചിട്ട് തളര്‍ന്നു കിടക്കുന്നു.
" എന്തോന്ന് നോക്കി നില്‍ക്കുവാ മനുഷ്യാ. നിങ്ങള്‍ പോയി ആ ഡോക്ടറെ ഒന്ന് വിളിച്ചോണ്ടു വരുന്നുണ്ടോ?? " നാരായണേട്ടന്റെ നില്‍പ്പ് കണ്ടിട്ട് അമ്മിണിയേടത്തിയ്ക്ക് ദേഷ്യം വന്നു.
" ഞാന്‍ അപ്പഴേ പറഞ്ഞതാ ഒള്ള നേരത്തേ വിറ്റു തൊലയ്ക്കാമെന്ന് . ഇപ്പൊ ദാ മതിയായില്ലേ.." പിറുപിറുത്തുകൊണ്ട് നാരായണേട്ടന്‍ ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്ക് ഇറങ്ങി.

ജാനുവിന്റെ മുതുകിലും,പള്ളയ്ക്കുമെല്ലാം കയ്യും, തലയും, ചെവിയും വെച്ച് ഡോക്ടര്‍ കമിഴ്ന്നു കിടന്നു. അവളുടെ വായിലൂടെ ഒലിച്ചിറങ്ങിയ പത കോരിയെടുത്ത് പരിശോധിച്ചു.
" ഇവള്‍ എവിടെന്നാ റബ്ബറിന്‍ കായ തിന്നത്?? ആടുമാടുകള്‍ക്ക് അത് കൊടുക്കരുതെന്ന് അറിഞ്ഞുകൂടേ ? " ഡോക്ടര്‍ അമ്മിണിയേടത്തിയോട് കയര്‍ത്തു.

അമ്മിണിയേടത്തി ഡോക്ടറെത്തന്നെ നോക്കി നിന്നു. ത്രേസ്യാമ്മച്ചേടത്തീടെ പശൂന്റെ കുളമ്പുദീനം നോക്കാന്‍ വന്ന അന്നു മുതല്‍ ചേടത്തി പറയുന്നതാണ് നാരായണേട്ടന്റെ അതേ പകര്‍പ്പാണ് പുതുതായി വന്ന ഡോക്ടര്‍ എന്ന്. ഇപ്പോള്‍ അമ്മിണിയേടത്തിക്കും അത് തോന്നാതിരുന്നില്ല. ചിറിയും, നെറ്റിയും അതേപോലെ തന്നെയുണ്ട്. നാടുവിടുമ്പോള്‍ അടിച്ചുതളിക്കാരി ശാന്തയ്ക്ക് വയറ്റിലുണ്ടായിരുന്നെന്നും, അതിന്റെ ഉത്തരവാദി നാരായണേട്ടന്‍ ആയിരുന്നെന്നും കെട്ടിക്കൊണ്ടു വന്നേതിന്റെ പിറ്റേന്നു തന്നെ ത്രേസ്യാമ്മച്ചേടത്തി സ്വകാര്യം പറഞ്ഞതു കേട്ട് നാരായണേട്ടന്‍ അവരെ വര്‍ഷങ്ങളോളം വീട്ടില്‍ കയറ്റിയില്ല എന്നു മാത്രമല്ല ഏഷണിക്കാരി എന്ന് പരസ്യമായി വിളിക്കുക കൂടി ചെയ്തിരുന്നു. കെട്ട് കഴിഞ്ഞ് കാലങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാഞ്ഞപ്പോള്‍ ഒരിക്കല്‍ ശാന്തയുടെ വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പറ്റി ത്രേസ്യാമ്മച്ചേടത്തിയോട് അമ്മിണിയേടത്തി അന്വേഷിച്ചിരുന്നു. കപ്പങ്ങാപ്പശ പുറത്തു തേച്ച പപ്പടം പതിവായി ശാന്ത തിന്നാറുണ്ടെന്നും, അതു വഴി ആ ഗര്‍ഭം അലസിക്കാണാനാണു സാദ്ധ്യത എന്നും അന്ന് ത്രേസ്യാമ്മച്ചേടത്തി പറഞ്ഞു. ജാനുവിന്റെ പുറം തടവിക്കൊണ്ട് ഡോക്ടറോട് വീട്ടുവിശേഷങ്ങള്‍ തിരക്കിയ അമ്മിണിയേടത്തിയെ നാരായണേട്ടന്‍ തൊണ്ടപൊട്ടുമാറലറി ശകാരിച്ചു. ആടിന്റെ ദീനത്തേക്കാള്‍ വലുതാണ് അമ്മിണിയേടത്തിയ്ക്ക് കണ്ടവന്മാരുടെ കാര്യാന്വേഷണം എന്ന് ഡോക്ടറുടെ മുന്നില്‍ വെച്ചു തന്നെ പറഞ്ഞത് അമ്മിണിയേടത്തിക്ക് അപമാനമായി. ചാടിത്തുള്ളി അകത്തേയ്ക്ക് പോയ അമ്മിണിയേടത്തി ജനാലയുടെ അഴികള്‍ക്കിടയിലൂടെ നാരായണേട്ടന്‍ ഡോക്ടറുടെ അടുത്തെത്തി കുശുകുശുക്കുന്നത് നോക്കിനിന്നു.

ഡോക്ടര്‍ കൊടുത്ത മരുന്നുകള്‍ അമ്മിണിയേടത്തി ജാനുവിനു കഞ്ഞിയില്‍ കലക്കി കോരിക്കൊടുത്തു. അവള്‍ കണ്ണുകള്‍ തൂറന്നു. കുഞ്ഞുങ്ങള്‍ മുലകുടിക്കാന്‍ തിടുക്കം കൂട്ടി.
റബ്ബറിന്‍ കായ അരച്ചു കൊടുത്ത് ജാനുവിനു ദീനം വരുത്തിയത് ആരാണെന്ന് മനസ്സിലായെന്നും, എന്തൊക്കെ വന്നാലും ജാനൂനേം മക്കളേം ആര്‍ക്കും കൊടുക്കില്ലെന്നും അന്നു രാത്രി അമ്മിണിയേടത്തി തറപ്പിച്ചു പറഞ്ഞു. പായെടുത്ത് ഉമ്മറത്തിട്ട് അമ്മിണിയേടത്തി ജാനുവിനും, മക്കള്‍ക്കും കൂട്ടുകിടന്നു. അപ്പോള്‍ അകത്തേ മുറിയില്‍ വിരിച്ചിട്ട പായയില്‍ കിടന്ന് നാരായണേട്ടന്‍ അടുത്ത സ്വപ്നത്തിലേക്ക് വഴുതിവീഴുകയായിരുന്നു. നാരായണേട്ടനെ കൊമ്പില്‍ കോര്‍ത്ത് ജാനുവിന്റെ മുട്ടന്‍ നിന്നു. കൊമ്പുകളിലൂടെ ഊര്‍ന്നു വീഴുന്ന രക്തത്തുള്ളികള്‍ക്കിടയിലൂടെ ഡോക്ടറുടെ നെറ്റി കണ്ട് നാരായണേട്ടന്‍ അലറിക്കരഞ്ഞു ............

Saturday, October 27, 2007

ഒരു ആത്മഹത്യ..!!

തേങ്ങലിന്റെ ശക്തിയില്‍ തള്ളിയ
ഗര്‍ഭപാത്രഭിത്തി മുഖത്തു തട്ടിയാണ്
നീണ്ട ഒരുറക്കത്തില്‍ നിന്നുണര്‍ന്നത്.
പകുതി വിരിഞ്ഞ കണ്‍പോളകള്‍
വലിച്ചുതുറന്ന് പുറത്തേക്കു നോക്കി.
ഗര്‍ഭാശയഭിത്തിയെ തുളച്ച്
വീര്‍ത്തു തള്ളിയ വയറിനെ മുറിച്ച്
നോട്ടം ദൂരേയ്ക്കു പാഞ്ഞു.
നോട്ടത്തിന്റെ ആ പാച്ചിലിനവസാനം
ശേഷിച്ചത് കടിച്ചുപൊട്ടിയ ചുണ്ടുകളും,
ചീര്‍ത്തുവികൃതമായ ലൈഗികാവയവങ്ങളും,
പൊട്ടിയൊലിച്ചു പുറത്തേക്കു ചിതറിയ തലച്ചോറും,
വാളും, വടിയുമേന്തി പായുന്ന
ഇരുകാലിമൃഗങ്ങളും മാത്രം.!!

കാഴ്ചയുടെ ഭാരത്തില്‍ തളര്‍ന്ന നേത്രരശ്മികള്‍
ഗര്‍ഭപാത്രത്തിലേക്കു വലിയവെ
പൊക്കിള്‍ക്കൊടിക്കിടയിലൂടെ
കാലുകള്‍ക്കിടയില്‍ ഞെരുങ്ങിയമര്‍ന്ന
മൃഗലിംഗം കണ്ട് ഭ്രൂണം പിടഞ്ഞു.
സായുധനായ മകനെ കണ്ട
അമ്മയുടെ ഭീതി ഗര്‍ഭപാത്രത്തില്‍ കൊടുങ്കാറ്റായി.
ഇത്തരം മക്കള്‍ പിറക്കരുതേയെന്ന
അമ്മയുടെ ആത്മഗതം
ഭ്രൂണത്തിന്റെ പാതിതുറന്ന ചെവികളില്‍ മുഴങ്ങി.

കുഞ്ഞുവിരലുകള്‍ക്കിടയില്‍ കോര്‍ത്ത്
പൊക്കിള്‍ക്കൊടി പൊക്കിയെടുത്ത്
വയറ്റിലമര്‍ത്തിച്ചവിട്ടി
മേലോട്ടാഞ്ഞു കുതിച്ചു.
കുഞ്ഞുകഴുത്തിലെ ഞരമ്പുകള്‍
പൊക്കിള്‍ക്കൊടിയുടെ
ദൃഡതയില്‍ വലിഞ്ഞു..

നിലത്തുപടര്‍ന്ന ചുവപ്പു രാശിയില്‍
പിടഞ്ഞപ്പോഴും അമ്മ പറഞ്ഞു..
“ഇതുപോലുള്ള മക്കള്‍..."..