Tuesday, November 27, 2007

കൊടിമരം.

അകപ്പൊരുളതിന്‍
ജീവധാരയായ്
ക്ഷേത്രാങ്കണത്തില്‍
സ്വര്‍ണ്ണം പൂശിയങ്ങു
നിവര്‍ന്നു നില്‍പ്പൂ കൊടിമരം !!
സ്വര്‍ണ്ണച്ചൂടിലുരുകി-
യൊലിച്ചിറങ്ങാന്‍
ഒരു തുള്ളി നീര്..
അകക്കാമ്പില്‍ തിരഞ്ഞു
വലഞ്ഞൂ വന്മരം..

" ലക്ഷണമൊത്തതീ മരം
മണ്ണില്‍ തൊടാതെ മുറിക്കുക.."
മാനവനിയമം കേട്ടാ
വന്മരമൊന്നു പിടഞ്ഞു..
മണ്ണായിത്തീരുവാന്‍ വേണ്ടി മാത്രം
കാലങ്ങളതിത്രയും കാത്തു !
മണ്‍തരികള്‍ ചേര്‍ത്തുപിടിച്ച്
വേരുകള്‍ തേങ്ങി.
തോലുപൊളിച്ചാ മരത്തിന്‍
മാംസത്തില്‍ മൂര്‍ച്ചയിറങ്ങവേ
കേട്ടൂ അടുത്ത ലക്ഷണശാസ്ത്രം..
" പൊട്ടിയടര്‍ന്ന ചീളും,
പാറിപ്പറന്ന പരുന്തും
ശകുനത്തിന്‍ നല്ല കാഴ്ചകള്‍.."
ചീളിനൊപ്പം ഇറ്റുവീണ
ബാഷ്പകണങ്ങള്‍
ശകുനശാസ്ത്രത്തില്‍ പെട്ടില്ല.
ഇടയ്ക്കൊന്നിരിയ്ക്കാനെത്തിയ
പരുന്തിന്‍ ഞെട്ടലും
ലക്ഷണശാസ്ത്രത്തില്‍ കണ്ടില്ല.

കടചേര്‍ത്തു വെട്ടി
കയറിട്ടു പൊക്കി
മണ്ണില്‍ തൊടാതെ
മരം വേര്‍പെടുത്തി.
എണ്ണപ്പാത്തിയിലെ ശുശ്രൂഷകള്‍
കോശങ്ങളോരോന്നും നിര്‍ജ്ജീ‍വമാക്കി

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!

Friday, November 2, 2007

നാരായണേട്ടന്റെ സ്വപ്നങ്ങള്‍ !!

പതിവു പോലെ അന്നും നാരയണേട്ടന്‍ ഒരു നിലവിളിയോടൊപ്പമാണ് ഉറക്കമുണര്‍ന്നത്. പതിവായതു കൊണ്ട് അമ്മിണിയേടത്തി ആ പരിസരത്തേയ്ക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്തില്ല. നാരയണേട്ടന്‍ ഉറക്കപ്പായയിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു. കലിതുള്ളി വാതില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മിണിയേടത്തിയെ പ്രതീക്ഷിച്ച് കുറച്ചു നേരം അവിടെത്തന്നെ ഇരുന്ന് ഏങ്ങലടിച്ചു. ഒടുവില്‍ ആരും വരുന്നില്ലെന്ന് മനസ്സിലായപ്പോള്‍ കണ്ണും തിരുമ്മി എഴുന്നേറ്റ് ഉമ്മറത്തേയ്ക്കു നടന്നു. അമ്മിണിയേടത്തി അപ്പോള്‍ രണ്ടു ദിവസം മുമ്പ് മൂന്നു മുട്ടനെ പെറ്റ ജാനുവിനു പ്ലാവില കെട്ടിത്തൂക്കുകയായിരുന്നു. നാരായണേട്ടന്‍ അതു നോക്കി നിന്നു. അപ്പോഴാണ് രാത്രി കണ്ട ഭീകരസ്വപ്നം ഒന്നുകൂടി തെളിഞ്ഞ് മനസ്സില്‍ വന്നത്. ജാനു പെറ്റ മുട്ടനുകളില്‍ ഒന്ന് നിമിഷനേരം കൊണ്ട് ഒരാനയോളമായി നാരായണേട്ടനെ കുത്തിമലര്‍ത്തുന്നതും, കൊമ്പുകളിലൂടെ ഊര്‍ന്നു വീണ ചോരത്തുള്ളികള്‍ മുട്ടന്‍ നക്കിയെടുക്കുന്നതുമായിരുന്നു അന്നത്തെ സ്വപ്നം. ഓര്‍ത്തതും നാരായണേട്ടന്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി.

" എടീ അമ്മീണീ , നമുക്ക് ഈ ആടുമാടുകളെ ആ ഗോവാലനു കൊടുത്താലോ ?പെറ്റുകിടക്കുന്നതായതു കൊണ്ട് നല്ല വിലയും കിട്ടും ! "
നാരായണേട്ടന്റെ അഭിപ്രായപ്രകടനം കണ്ടപ്പോഴേ അമ്മിണിയേടത്തിയ്ക്ക് സംഗതി പിടികിട്ടി. ഇന്ന് സ്വപ്നത്തിലെ വില്ലന്‍ ആട്ടിന്‍പറ്റം തന്നെ!
"നിങ്ങക്ക് വേറൊരു പണീം ഇല്ലേ മനുഷ്യാ . രാത്രി നേരാം വണ്ണം നാമം ജപിച്ച് കിടക്കാഞ്ഞിട്ടാ ഇമ്മാതിരി ദുസ്സ്വപ്നങ്ങളൊക്കെ കാണണെ. അതെങ്ങിനെ, മനസ്സിന്ന് ദുഷ്ച്ചിന്തയൊഴിഞ്ഞിട്ട് നേരമുണ്ടോ?? !!! "
അമ്മിണിയേടത്തിക്ക് ദേഷ്യം വന്നു. ജാനുവിനു കൊടുക്കാന്‍ മുറ്റത്തെ അടുപ്പില്‍ തിളപ്പിക്കാന്‍ വെച്ച കഞ്ഞിയിളക്കി അവര്‍ പിറുപിറുത്തു. ഈ കൂരയില്‍ അവര്‍ക്കുള്ള കൂട്ട് ഈ ആടുമാടുകളും, മുഴുത്ത മുട്ടകള്‍ ദിനം തോറും ഇടുന്ന രണ്ട് കോഴികളും, പേറടുത്തു നിന്ന കുറിഞ്ഞിപ്പുച്ചയുമായിരുന്നു. ഓരോന്നിനേയും അമ്മിണിയേടത്തി സ്വന്തം കുഞ്ഞുങ്ങളേപ്പോലെ നോക്കി. ഇതുങ്ങളുടെ ഗര്‍ഭവും, പ്രസവവുമൊക്കെ ഉത്സവം പോലെ കൊണ്ടാടി. കുറിഞ്ഞിയും, ജാനുവുമൊക്കെ പ്രസവവേദനയില്‍ പുളയുമ്പോള്‍ അമ്മിണിയേടത്തി ആ വേദനകള്‍ മനസ്സിലേക്കേറ്റു വാങ്ങി. ഒരിക്കലും വീര്‍ക്കാത്ത അമ്മിണിയേടത്തിയുടെ വയറ്റില്‍ നിന്ന് കുറിഞ്ഞിയുടേയും, ജാനുവിന്റേയുമൊക്കെ സന്തതികള്‍ പുറത്തു ചാടി. നാരായണേട്ടന്റെ രാത്രികള്‍ പേടിസ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ മുതല്‍ അമ്മിണിയേടത്തിയ്ക്ക് ഇവരെ ഓരോരുത്തരെയായി നഷ്ടമായിത്തുടങ്ങിയതാണ്.

നാരായണേട്ടന്‍ ഇത്തരം സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുറിഞ്ഞി പെറ്റ പൂച്ചക്കുഞ്ഞുങ്ങളായിരുന്നു അന്ന് വാനോളം വലുതായതും, നാരായണേട്ടനെ മാന്തിപ്പൊളിച്ച് ചോര കുടിച്ചതും !! ഉറക്കമുണര്‍ന്ന ഉടനേ അമ്മിണിയേടത്തിയോടു പോലും പറയാതെ നാരായണേട്ടന്‍ കുറിഞ്ഞിയേയും, കുഞ്ഞുങ്ങളേയും ചാക്കിലാക്കി പടിഞ്ഞാറേപ്പാടത്തിനക്കരെ കൊണ്ടുക്കളഞ്ഞു. അമ്മിണിയേടത്തി കുറേ കരഞ്ഞെങ്കിലും വെളുപ്പാന്‍ കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് നാരായണെട്ടന്‍ തറപ്പിച്ചു പറഞ്ഞു. ആ പൂച്ചക്കുഞ്ഞുങ്ങള്‍ തന്നേത്തേടി വരുമെന്ന് കുറേക്കാലത്തേയ്ക്ക് നാരായണേട്ടന്‍ ഭയന്നിരുന്നു. വഴിയില്‍ കാണുന്ന ഓരോ പൂച്ചയേയും കുറിഞ്ഞിയുടെ മക്കളായി കരുതി നാരായണേട്ടന്‍ കയ്യില്‍ കിട്ടിയതെല്ലാ‍മെടുത്ത് എറിഞ്ഞു കൊന്നു. അടുത്ത സ്വപ്നം കാണും വരെ നാരായണെട്ടന്റെ ശത്രു പൂച്ചയായിരുന്നു.

പിന്നീടൊരിക്കല്‍ കുറിഞ്ഞിയുടെ സ്ഥാനം കോഴിപ്പട കയ്യേറി. അട വെച്ച പതിന്നാലു മുട്ടകള്‍ക്കു മുകളില്‍ നിന്നാണ് അമ്മിണിയമ്മ പൊന്നു പോലെ നോക്കിയ ആ രണ്ടു കോഴികളെയും നാരായണേട്ടന്‍ ത്രേസ്യാമ്മച്ചേടത്തിക്ക് പിടിച്ചു കൊടുത്തത്. രണ്ടു ദിവസം കഴിഞ്ഞ് ത്രേസ്യാമ്മച്ചേടത്തി കൊണ്ടുവന്ന കോഴിക്കറി നാരായണേട്ടന്‍ വലിച്ചു വാരി തിന്നുകയും ചെയ്തു. അപ്പോള്‍ മുതല്‍ അമ്മിണിയേടത്തി നോക്കിയിരിക്കുകയാണ് നാരായണേട്ടന്റെ അടുത്ത സ്വപ്നം എന്താകുമെന്ന് ! ഇപ്പോള്‍ ദാ ജാനു !! എന്തു വന്നാലും ജാനുവിനെ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മിണിയേടത്തി പ്രഖ്യാപിച്ചു, മാത്രമല്ല ദിവസത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും ജാനുവിനും,മക്കള്‍ക്കും അമ്മിണിയേടത്തി കാവലിരിക്കുകയും ചെയ്തു.

നാരായണേട്ടന്‍ തലങ്ങും, വിലങ്ങും നടന്നു. ഓരോ കാല്‍വെപ്പിലും മുട്ടന്റെ കൊമ്പില്‍ കോര്‍ത്തുതൂങ്ങുന്ന സ്വന്തം രൂപം കണ്ട് നാരായണേട്ടനു സമനില തെറ്റുമെന്നായി. എങ്ങിനെയും ഇവയെ വിറ്റു തുലച്ചേ പറ്റൂ. നാരായണേട്ടന്‍ തിരുമാനിച്ചു. റബ്ബറിന്‍ കായ അരച്ചു കലക്കി കൊടുത്താല്‍ ആടുമാടുകള്‍ക്ക് ദീനം വരുമെന്ന് എവിടെയോ കേട്ടത് നാരായണേട്ടന്‍ ഓര്‍ത്തു. തോമസു മൊതലാളീടെ പറമ്പില്‍ നിന്ന് പെറുക്കിയെടുത്ത റബ്ബറിന്റെ കായ അമ്മിണിയേടത്തി കുളിക്കാന്‍ കേറിയ തക്കം നോക്കി അരച്ചു കഞ്ഞിയില്‍ ചേര്‍ത്ത് ജാനുവിനു കൊടുത്തു. ജാനു അത് മോന്തി മോന്തി കുടിച്ചു. കൂര്‍ത്ത കൊമ്പുമായി വന്ന മുട്ടന്‍ തളര്‍ന്നു വീഴുന്നത് മനസ്സില്‍ കണ്ട് നാരായണേട്ടന്‍ ആശ്വസിച്ചു.

അമ്മിണിയേടത്തിയ്ക്ക് സഹിക്കാനായില്ല. പൊട്ടിപ്പോകും വിധം അവര്‍ നെഞ്ചത്തേയ്ക്ക് ആഞ്ഞടിച്ചു. ദിക്കുകള്‍ മുഴങ്ങും വിധം അലമുറയിട്ടു. രാവിലെ ഒരു കുഴപ്പവുമില്ലാതെ ഓടിനടന്ന ജാനുവാണ്, ഇപ്പോള്‍ ദാ വായിലൂടെ പതയൊഴുക്കി, തല ചെരിച്ചിട്ട് തളര്‍ന്നു കിടക്കുന്നു.
" എന്തോന്ന് നോക്കി നില്‍ക്കുവാ മനുഷ്യാ. നിങ്ങള്‍ പോയി ആ ഡോക്ടറെ ഒന്ന് വിളിച്ചോണ്ടു വരുന്നുണ്ടോ?? " നാരായണേട്ടന്റെ നില്‍പ്പ് കണ്ടിട്ട് അമ്മിണിയേടത്തിയ്ക്ക് ദേഷ്യം വന്നു.
" ഞാന്‍ അപ്പഴേ പറഞ്ഞതാ ഒള്ള നേരത്തേ വിറ്റു തൊലയ്ക്കാമെന്ന് . ഇപ്പൊ ദാ മതിയായില്ലേ.." പിറുപിറുത്തുകൊണ്ട് നാരായണേട്ടന്‍ ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്ക് ഇറങ്ങി.

ജാനുവിന്റെ മുതുകിലും,പള്ളയ്ക്കുമെല്ലാം കയ്യും, തലയും, ചെവിയും വെച്ച് ഡോക്ടര്‍ കമിഴ്ന്നു കിടന്നു. അവളുടെ വായിലൂടെ ഒലിച്ചിറങ്ങിയ പത കോരിയെടുത്ത് പരിശോധിച്ചു.
" ഇവള്‍ എവിടെന്നാ റബ്ബറിന്‍ കായ തിന്നത്?? ആടുമാടുകള്‍ക്ക് അത് കൊടുക്കരുതെന്ന് അറിഞ്ഞുകൂടേ ? " ഡോക്ടര്‍ അമ്മിണിയേടത്തിയോട് കയര്‍ത്തു.

അമ്മിണിയേടത്തി ഡോക്ടറെത്തന്നെ നോക്കി നിന്നു. ത്രേസ്യാമ്മച്ചേടത്തീടെ പശൂന്റെ കുളമ്പുദീനം നോക്കാന്‍ വന്ന അന്നു മുതല്‍ ചേടത്തി പറയുന്നതാണ് നാരായണേട്ടന്റെ അതേ പകര്‍പ്പാണ് പുതുതായി വന്ന ഡോക്ടര്‍ എന്ന്. ഇപ്പോള്‍ അമ്മിണിയേടത്തിക്കും അത് തോന്നാതിരുന്നില്ല. ചിറിയും, നെറ്റിയും അതേപോലെ തന്നെയുണ്ട്. നാടുവിടുമ്പോള്‍ അടിച്ചുതളിക്കാരി ശാന്തയ്ക്ക് വയറ്റിലുണ്ടായിരുന്നെന്നും, അതിന്റെ ഉത്തരവാദി നാരായണേട്ടന്‍ ആയിരുന്നെന്നും കെട്ടിക്കൊണ്ടു വന്നേതിന്റെ പിറ്റേന്നു തന്നെ ത്രേസ്യാമ്മച്ചേടത്തി സ്വകാര്യം പറഞ്ഞതു കേട്ട് നാരായണേട്ടന്‍ അവരെ വര്‍ഷങ്ങളോളം വീട്ടില്‍ കയറ്റിയില്ല എന്നു മാത്രമല്ല ഏഷണിക്കാരി എന്ന് പരസ്യമായി വിളിക്കുക കൂടി ചെയ്തിരുന്നു. കെട്ട് കഴിഞ്ഞ് കാലങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാഞ്ഞപ്പോള്‍ ഒരിക്കല്‍ ശാന്തയുടെ വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പറ്റി ത്രേസ്യാമ്മച്ചേടത്തിയോട് അമ്മിണിയേടത്തി അന്വേഷിച്ചിരുന്നു. കപ്പങ്ങാപ്പശ പുറത്തു തേച്ച പപ്പടം പതിവായി ശാന്ത തിന്നാറുണ്ടെന്നും, അതു വഴി ആ ഗര്‍ഭം അലസിക്കാണാനാണു സാദ്ധ്യത എന്നും അന്ന് ത്രേസ്യാമ്മച്ചേടത്തി പറഞ്ഞു. ജാനുവിന്റെ പുറം തടവിക്കൊണ്ട് ഡോക്ടറോട് വീട്ടുവിശേഷങ്ങള്‍ തിരക്കിയ അമ്മിണിയേടത്തിയെ നാരായണേട്ടന്‍ തൊണ്ടപൊട്ടുമാറലറി ശകാരിച്ചു. ആടിന്റെ ദീനത്തേക്കാള്‍ വലുതാണ് അമ്മിണിയേടത്തിയ്ക്ക് കണ്ടവന്മാരുടെ കാര്യാന്വേഷണം എന്ന് ഡോക്ടറുടെ മുന്നില്‍ വെച്ചു തന്നെ പറഞ്ഞത് അമ്മിണിയേടത്തിക്ക് അപമാനമായി. ചാടിത്തുള്ളി അകത്തേയ്ക്ക് പോയ അമ്മിണിയേടത്തി ജനാലയുടെ അഴികള്‍ക്കിടയിലൂടെ നാരായണേട്ടന്‍ ഡോക്ടറുടെ അടുത്തെത്തി കുശുകുശുക്കുന്നത് നോക്കിനിന്നു.

ഡോക്ടര്‍ കൊടുത്ത മരുന്നുകള്‍ അമ്മിണിയേടത്തി ജാനുവിനു കഞ്ഞിയില്‍ കലക്കി കോരിക്കൊടുത്തു. അവള്‍ കണ്ണുകള്‍ തൂറന്നു. കുഞ്ഞുങ്ങള്‍ മുലകുടിക്കാന്‍ തിടുക്കം കൂട്ടി.
റബ്ബറിന്‍ കായ അരച്ചു കൊടുത്ത് ജാനുവിനു ദീനം വരുത്തിയത് ആരാണെന്ന് മനസ്സിലായെന്നും, എന്തൊക്കെ വന്നാലും ജാനൂനേം മക്കളേം ആര്‍ക്കും കൊടുക്കില്ലെന്നും അന്നു രാത്രി അമ്മിണിയേടത്തി തറപ്പിച്ചു പറഞ്ഞു. പായെടുത്ത് ഉമ്മറത്തിട്ട് അമ്മിണിയേടത്തി ജാനുവിനും, മക്കള്‍ക്കും കൂട്ടുകിടന്നു. അപ്പോള്‍ അകത്തേ മുറിയില്‍ വിരിച്ചിട്ട പായയില്‍ കിടന്ന് നാരായണേട്ടന്‍ അടുത്ത സ്വപ്നത്തിലേക്ക് വഴുതിവീഴുകയായിരുന്നു. നാരായണേട്ടനെ കൊമ്പില്‍ കോര്‍ത്ത് ജാനുവിന്റെ മുട്ടന്‍ നിന്നു. കൊമ്പുകളിലൂടെ ഊര്‍ന്നു വീഴുന്ന രക്തത്തുള്ളികള്‍ക്കിടയിലൂടെ ഡോക്ടറുടെ നെറ്റി കണ്ട് നാരായണേട്ടന്‍ അലറിക്കരഞ്ഞു ............