Saturday, October 27, 2007

ഒരു ആത്മഹത്യ..!!

തേങ്ങലിന്റെ ശക്തിയില്‍ തള്ളിയ
ഗര്‍ഭപാത്രഭിത്തി മുഖത്തു തട്ടിയാണ്
നീണ്ട ഒരുറക്കത്തില്‍ നിന്നുണര്‍ന്നത്.
പകുതി വിരിഞ്ഞ കണ്‍പോളകള്‍
വലിച്ചുതുറന്ന് പുറത്തേക്കു നോക്കി.
ഗര്‍ഭാശയഭിത്തിയെ തുളച്ച്
വീര്‍ത്തു തള്ളിയ വയറിനെ മുറിച്ച്
നോട്ടം ദൂരേയ്ക്കു പാഞ്ഞു.
നോട്ടത്തിന്റെ ആ പാച്ചിലിനവസാനം
ശേഷിച്ചത് കടിച്ചുപൊട്ടിയ ചുണ്ടുകളും,
ചീര്‍ത്തുവികൃതമായ ലൈഗികാവയവങ്ങളും,
പൊട്ടിയൊലിച്ചു പുറത്തേക്കു ചിതറിയ തലച്ചോറും,
വാളും, വടിയുമേന്തി പായുന്ന
ഇരുകാലിമൃഗങ്ങളും മാത്രം.!!

കാഴ്ചയുടെ ഭാരത്തില്‍ തളര്‍ന്ന നേത്രരശ്മികള്‍
ഗര്‍ഭപാത്രത്തിലേക്കു വലിയവെ
പൊക്കിള്‍ക്കൊടിക്കിടയിലൂടെ
കാലുകള്‍ക്കിടയില്‍ ഞെരുങ്ങിയമര്‍ന്ന
മൃഗലിംഗം കണ്ട് ഭ്രൂണം പിടഞ്ഞു.
സായുധനായ മകനെ കണ്ട
അമ്മയുടെ ഭീതി ഗര്‍ഭപാത്രത്തില്‍ കൊടുങ്കാറ്റായി.
ഇത്തരം മക്കള്‍ പിറക്കരുതേയെന്ന
അമ്മയുടെ ആത്മഗതം
ഭ്രൂണത്തിന്റെ പാതിതുറന്ന ചെവികളില്‍ മുഴങ്ങി.

കുഞ്ഞുവിരലുകള്‍ക്കിടയില്‍ കോര്‍ത്ത്
പൊക്കിള്‍ക്കൊടി പൊക്കിയെടുത്ത്
വയറ്റിലമര്‍ത്തിച്ചവിട്ടി
മേലോട്ടാഞ്ഞു കുതിച്ചു.
കുഞ്ഞുകഴുത്തിലെ ഞരമ്പുകള്‍
പൊക്കിള്‍ക്കൊടിയുടെ
ദൃഡതയില്‍ വലിഞ്ഞു..

നിലത്തുപടര്‍ന്ന ചുവപ്പു രാശിയില്‍
പിടഞ്ഞപ്പോഴും അമ്മ പറഞ്ഞു..
“ഇതുപോലുള്ള മക്കള്‍..."..

Friday, October 26, 2007

അക്ഷരങ്ങളും,ഞാനും.

മേശയ്ക്കു താഴെ വലിച്ചു കീറിയിട്ട
കടലാസു കഷ്ണങ്ങളില്‍ നിന്ന്
അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി.
എറിഞ്ഞുകളഞ്ഞതെന്തിനെന്ന
ചോദ്യം എന്നെ ഭയപ്പെടുത്തി.
അക്ഷരങ്ങള്‍ ഓടിയും ചാടിയും
ഇരുന്നും,കിടന്നും
വാചകങ്ങള്‍ തീര്‍ത്തു.
ദിവസങ്ങളായി ഞാന്‍ തേടി നടന്ന
അര്‍ത്ഥസമ്പുഷ്ടിയില്‍
ആ വാചകങ്ങള്‍ഞെളിഞ്ഞുനിന്നു.
വാചകക്കഷ്ണങ്ങള്‍ പെറുക്കി
നെഞ്ചോടു ചേര്‍ത്ത് അതെന്‍
സ്വന്തമെന്ന് അവകാശപ്പെട്ടു.

എപ്പോഴാണ് അക്ഷരങ്ങളെ ഞാന്‍
സ്നേഹിക്കാന്‍ തുടങ്ങിയത്??
കുഞ്ഞുനാവില്‍ മോതിരമമര്‍ത്തി
വലിയച്ഛന്‍ ഹരിശ്രീ കുറിച്ചപ്പോള്‍
അക്ഷരങ്ങളുടെ ഭാരം സഹിക്കാനാവാഞ്ഞ്
ഞാന്‍ അലറിക്കരഞ്ഞിരുന്നു..
പിന്നീട്...
അംഗന്‍വാടിയിലെ ടീച്ചര്‍
കുഞ്ഞുവിരലിനിടയില്‍ തിരുകിയ
കല്ലുപെന്‍സില്‍ ചൂണ്ടുവിരലിലെ
നേര്‍ത്തതൊലിയില്‍
ചുവന്നചായം പുരട്ടി..
ഒടുവില്‍
ചാഞ്ഞും,ചെരിഞ്ഞും
അകത്തേയ്ക്കും,പുറത്തേയ്ക്കും
മഴവില്ലുവരപ്പിച്ച് അക്ഷരങ്ങളെ
അമ്മ എന്റെ കൂട്ടുകാരാക്കി.
ഇണങ്ങിയും പിണങ്ങിയും
തല്ലിയും തടവിയും
ഞങ്ങള്‍ വളര്‍ന്നു..
വളര്‍ച്ചക്കിടയിലെപ്പോഴോ
ഞാനക്ഷരങ്ങളിലലിഞ്ഞു....
വാക്കുകളായി..വാചകങ്ങളായി..
ഞാന്‍ നിറഞ്ഞു..
നിറവിന്റെ ആ സമൃദ്ധിയില്‍
ഞാനറിഞ്ഞു..
അക്ഷരങ്ങളില്ലെങ്കില്‍..
ഞാനൊരു വട്ടപ്പൂജ്യം..!!

Friday, October 19, 2007

കണക്ക്..

ഈശ്വരാ..ഇതു വരെ ഈ ആശുപത്രി വിട്ടില്ലേ? ഈ രഘു എവിടെയാ? ശാരി മോള്‍ക്ക് അടുത്ത മണ്‍ഡെ എക്സാം തുടങ്ങുവാ.
ജലജയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണിനാണെങ്കില്‍ കണക്ക് ഒരു വസ്തു അറിയില്ല. ഇംഗ്ലീഷ് പിന്നെ തട്ടീം,മുട്ടീം ഒപ്പിക്കാമെന്നു വെക്കാം..കണക്കിനു എന്നാ ചെയ്യും?? ഗുണിക്കാനും,ഹരിക്കാനും പോലും അവള്‍ പിറകോട്ടാ. അശ്രദ്ധയാണെങ്കില്‍ പറയുകേം വേണ്ട.

തലയ്ക്കുള്ളില്‍ വല്ലത്തൊരു മിന്നല്‍..അവള്‍ കണ്ണുകള്‍ ഇറുകിയടച്ചു. ഞരമ്പുകള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുമെന്നു തോന്നി. കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആയില്ല. കയ്യോ കാലോ ഒന്നും അനക്കാനേ പറ്റുന്നില്ല. പാതി തുറന്ന കണ്ണിലൂടെ കുറേ വെള്ളയുടുപ്പുകള്‍ ഒഴുകി നടക്കുന്നത് അവള്‍ കണ്ടു. പഞ്ഞിക്കെട്ടുപോലെ കിടക്കയ്ക്കു മുകളില്‍ പറ്റിപ്പിടിച്ച് അവളങ്ങിനെ കിടന്നു.
സൂചിമുനകള്‍ ഞെരമ്പുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു.
ശാരിയുടെ ശബ്ദം ജനാലവിടവിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. അവളെ ഒന്നു വിളിക്കണമെന്നു തോന്നി.ഇല്ല,ആവുന്നില്ല. മിണ്ടാനും കഴിയുന്നില്ല.ചുറ്റും ആരൊക്കെയോ വന്നുപോകുന്നു. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം! ആരോടൊക്കെയോ എന്തൊക്കെയോ പറയണമെന്നുണ്ട്,പക്ഷേ..

രണ്ടാമതൊരു കുഞ്ഞ് വേണമെന്ന മോഹം തനിക്കായിരുന്നു. സ്നേഹം പകുത്തുനല്‍കേണ്ടെന്ന രഘുവിന്റെ വാദം നിസ്സീമമായ സ്നേഹപ്പകര്‍ച്ചകള്‍ എടുത്തുകാട്ടി അസ്ഥാനത്താക്കി.അപ്പോഴാണ് ജീവന്‍ തുടിക്കേണ്ട ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവലുതാകുന്ന മാംസപിണ്ഡം ഡോക്ടര്‍മാര്‍ വെളിച്ചത്തു കൊണ്ടുവന്നത്. മുള്ളുകുത്തിക്കളയുന്ന വേദന പോലുമില്ലാതെ അത് എടുത്തുമാറ്റാന്‍ പൊക്കിള്‍ക്കൊടിക്കിടയിലൂടെ അവര്‍ താക്കോല്‍ദ്വാരങ്ങള്‍ ഉണ്ടാക്കി.. ഇടയിലെപ്പോഴോ കുടലുകളൊന്ന് ആടിയുലഞ്ഞു. കുതിച്ചുപാഞ്ഞ രക്തം അവിടെ കട്ടപിടിച്ചു. കുഞ്ഞുഞെരമ്പു കാട്ടിയ വികൃതിയില്‍ അവയവങ്ങളോരോന്നും പിടഞ്ഞു. ശരീരമാകമാനം വലിഞ്ഞു മുറുകി..വീര്‍ത്തു പൊട്ടി..

"രഘൂ..ശാരിയ്ക്ക് എക്സാമാണ്. നീ അവളേയും കൊണ്ട് വീട്ടില്‍ പോകൂ.." രഘു അടുത്തുവരുമ്പോഴെല്ലാം ഞാന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ അവന്‍ കേട്ടമട്ടില്ല. അടുത്തുവന്ന് അവന്‍ ഏങ്ങിയേങ്ങി കരയുന്നു.
'ഇവനെന്താണു പറ്റിയത്?'കയ്യുയര്‍ത്തി ആ ചുമലില്‍ വെക്കാന്‍ ആവുന്നതും ശ്രമിച്ചു.വിരലുകള്‍ പോലും അനങ്ങുന്നില്ല.
ശാരിയെ ചേര്‍ത്തുപിടിച്ച് രഘു കിടയ്ക്കക്കരികില്‍ നിന്ന് ഉറക്കെക്കരഞ്ഞു. കണ്ണുകള്‍ ആവുന്നത്ര വലിച്ചു തുറന്ന് അവരെ നോക്കി. അവള്‍ക്കു ചുറ്റും അക്കങ്ങള്‍ ഓടിക്കളിക്കുകയായിരുന്നു.. തലകുത്തിമറിയുകയായിരുന്നു. ശാരി വാശിയോടെ അക്കങ്ങള്‍ക്കു പിറകേ ഓടി.
‘അരുത്...മോളേ..നില്‍ക്കൂ’ പറഞ്ഞത് ആരും കേട്ടില്ല.
അക്കങ്ങള്‍ ചാടി കിടക്കയിലേക്ക് മറിഞ്ഞു.കൂട്ടിവെച്ചീരുന്ന കണക്കുകളെല്ലാം തെറ്റിച്ച് അവ പല ഉത്തരങ്ങള്‍ നിരത്തി. കണ്ണുകള്‍ ആവുന്നത്ര ഇറുക്കി അക്കങ്ങളെ ആട്ടിയകറ്റാന്‍ നോക്കി.

കണ്ണുതുറന്നപ്പോള്‍ ചുറ്റിലും അക്കങ്ങളില്ല,രഘുവില്ല,ശാരിയില്ല..
എങ്ങും പാറി നടക്കുന്ന വെളുത്ത ചിത്രശലഭങ്ങള്‍ മാത്രം.
ദേഹമാസകലം വലിഞ്ഞുമുറുകിയിരുന്ന ഞരമ്പുകള്‍ അയഞ്ഞു..തലയ്ക്കുള്ളില്‍ മിന്നിയ ആയിരം മിന്നലുകള്‍ ശാന്തമായി... ജനാലയുടെ നേര്‍ത്തവിടവിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ പരന്ന ചെറുതരികള്‍ പോലെ ..ഭാരമില്ലാതെ..അങ്ങിനെയങ്ങിനെ..ആ ശലഭങ്ങള്‍ക്കൊപ്പം..!!