Tuesday, November 27, 2007

കൊടിമരം.

അകപ്പൊരുളതിന്‍
ജീവധാരയായ്
ക്ഷേത്രാങ്കണത്തില്‍
സ്വര്‍ണ്ണം പൂശിയങ്ങു
നിവര്‍ന്നു നില്‍പ്പൂ കൊടിമരം !!
സ്വര്‍ണ്ണച്ചൂടിലുരുകി-
യൊലിച്ചിറങ്ങാന്‍
ഒരു തുള്ളി നീര്..
അകക്കാമ്പില്‍ തിരഞ്ഞു
വലഞ്ഞൂ വന്മരം..

" ലക്ഷണമൊത്തതീ മരം
മണ്ണില്‍ തൊടാതെ മുറിക്കുക.."
മാനവനിയമം കേട്ടാ
വന്മരമൊന്നു പിടഞ്ഞു..
മണ്ണായിത്തീരുവാന്‍ വേണ്ടി മാത്രം
കാലങ്ങളതിത്രയും കാത്തു !
മണ്‍തരികള്‍ ചേര്‍ത്തുപിടിച്ച്
വേരുകള്‍ തേങ്ങി.
തോലുപൊളിച്ചാ മരത്തിന്‍
മാംസത്തില്‍ മൂര്‍ച്ചയിറങ്ങവേ
കേട്ടൂ അടുത്ത ലക്ഷണശാസ്ത്രം..
" പൊട്ടിയടര്‍ന്ന ചീളും,
പാറിപ്പറന്ന പരുന്തും
ശകുനത്തിന്‍ നല്ല കാഴ്ചകള്‍.."
ചീളിനൊപ്പം ഇറ്റുവീണ
ബാഷ്പകണങ്ങള്‍
ശകുനശാസ്ത്രത്തില്‍ പെട്ടില്ല.
ഇടയ്ക്കൊന്നിരിയ്ക്കാനെത്തിയ
പരുന്തിന്‍ ഞെട്ടലും
ലക്ഷണശാസ്ത്രത്തില്‍ കണ്ടില്ല.

കടചേര്‍ത്തു വെട്ടി
കയറിട്ടു പൊക്കി
മണ്ണില്‍ തൊടാതെ
മരം വേര്‍പെടുത്തി.
എണ്ണപ്പാത്തിയിലെ ശുശ്രൂഷകള്‍
കോശങ്ങളോരോന്നും നിര്‍ജ്ജീ‍വമാക്കി

ഒടുവില്‍
പ്രപഞ്ചസൃഷ്ടാവിന്‍
അടയാളമുയര്‍ത്തി
ജീവധാരതന്‍ പ്രതീകമായ്
വേരുകളില്ലാതെ,
ചില്ലകളില്ലാതെ
കൊടിമരമായ്.. !!!!

Friday, November 2, 2007

നാരായണേട്ടന്റെ സ്വപ്നങ്ങള്‍ !!

പതിവു പോലെ അന്നും നാരയണേട്ടന്‍ ഒരു നിലവിളിയോടൊപ്പമാണ് ഉറക്കമുണര്‍ന്നത്. പതിവായതു കൊണ്ട് അമ്മിണിയേടത്തി ആ പരിസരത്തേയ്ക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്തില്ല. നാരയണേട്ടന്‍ ഉറക്കപ്പായയിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു. കലിതുള്ളി വാതില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മിണിയേടത്തിയെ പ്രതീക്ഷിച്ച് കുറച്ചു നേരം അവിടെത്തന്നെ ഇരുന്ന് ഏങ്ങലടിച്ചു. ഒടുവില്‍ ആരും വരുന്നില്ലെന്ന് മനസ്സിലായപ്പോള്‍ കണ്ണും തിരുമ്മി എഴുന്നേറ്റ് ഉമ്മറത്തേയ്ക്കു നടന്നു. അമ്മിണിയേടത്തി അപ്പോള്‍ രണ്ടു ദിവസം മുമ്പ് മൂന്നു മുട്ടനെ പെറ്റ ജാനുവിനു പ്ലാവില കെട്ടിത്തൂക്കുകയായിരുന്നു. നാരായണേട്ടന്‍ അതു നോക്കി നിന്നു. അപ്പോഴാണ് രാത്രി കണ്ട ഭീകരസ്വപ്നം ഒന്നുകൂടി തെളിഞ്ഞ് മനസ്സില്‍ വന്നത്. ജാനു പെറ്റ മുട്ടനുകളില്‍ ഒന്ന് നിമിഷനേരം കൊണ്ട് ഒരാനയോളമായി നാരായണേട്ടനെ കുത്തിമലര്‍ത്തുന്നതും, കൊമ്പുകളിലൂടെ ഊര്‍ന്നു വീണ ചോരത്തുള്ളികള്‍ മുട്ടന്‍ നക്കിയെടുക്കുന്നതുമായിരുന്നു അന്നത്തെ സ്വപ്നം. ഓര്‍ത്തതും നാരായണേട്ടന്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി.

" എടീ അമ്മീണീ , നമുക്ക് ഈ ആടുമാടുകളെ ആ ഗോവാലനു കൊടുത്താലോ ?പെറ്റുകിടക്കുന്നതായതു കൊണ്ട് നല്ല വിലയും കിട്ടും ! "
നാരായണേട്ടന്റെ അഭിപ്രായപ്രകടനം കണ്ടപ്പോഴേ അമ്മിണിയേടത്തിയ്ക്ക് സംഗതി പിടികിട്ടി. ഇന്ന് സ്വപ്നത്തിലെ വില്ലന്‍ ആട്ടിന്‍പറ്റം തന്നെ!
"നിങ്ങക്ക് വേറൊരു പണീം ഇല്ലേ മനുഷ്യാ . രാത്രി നേരാം വണ്ണം നാമം ജപിച്ച് കിടക്കാഞ്ഞിട്ടാ ഇമ്മാതിരി ദുസ്സ്വപ്നങ്ങളൊക്കെ കാണണെ. അതെങ്ങിനെ, മനസ്സിന്ന് ദുഷ്ച്ചിന്തയൊഴിഞ്ഞിട്ട് നേരമുണ്ടോ?? !!! "
അമ്മിണിയേടത്തിക്ക് ദേഷ്യം വന്നു. ജാനുവിനു കൊടുക്കാന്‍ മുറ്റത്തെ അടുപ്പില്‍ തിളപ്പിക്കാന്‍ വെച്ച കഞ്ഞിയിളക്കി അവര്‍ പിറുപിറുത്തു. ഈ കൂരയില്‍ അവര്‍ക്കുള്ള കൂട്ട് ഈ ആടുമാടുകളും, മുഴുത്ത മുട്ടകള്‍ ദിനം തോറും ഇടുന്ന രണ്ട് കോഴികളും, പേറടുത്തു നിന്ന കുറിഞ്ഞിപ്പുച്ചയുമായിരുന്നു. ഓരോന്നിനേയും അമ്മിണിയേടത്തി സ്വന്തം കുഞ്ഞുങ്ങളേപ്പോലെ നോക്കി. ഇതുങ്ങളുടെ ഗര്‍ഭവും, പ്രസവവുമൊക്കെ ഉത്സവം പോലെ കൊണ്ടാടി. കുറിഞ്ഞിയും, ജാനുവുമൊക്കെ പ്രസവവേദനയില്‍ പുളയുമ്പോള്‍ അമ്മിണിയേടത്തി ആ വേദനകള്‍ മനസ്സിലേക്കേറ്റു വാങ്ങി. ഒരിക്കലും വീര്‍ക്കാത്ത അമ്മിണിയേടത്തിയുടെ വയറ്റില്‍ നിന്ന് കുറിഞ്ഞിയുടേയും, ജാനുവിന്റേയുമൊക്കെ സന്തതികള്‍ പുറത്തു ചാടി. നാരായണേട്ടന്റെ രാത്രികള്‍ പേടിസ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ മുതല്‍ അമ്മിണിയേടത്തിയ്ക്ക് ഇവരെ ഓരോരുത്തരെയായി നഷ്ടമായിത്തുടങ്ങിയതാണ്.

നാരായണേട്ടന്‍ ഇത്തരം സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുറിഞ്ഞി പെറ്റ പൂച്ചക്കുഞ്ഞുങ്ങളായിരുന്നു അന്ന് വാനോളം വലുതായതും, നാരായണേട്ടനെ മാന്തിപ്പൊളിച്ച് ചോര കുടിച്ചതും !! ഉറക്കമുണര്‍ന്ന ഉടനേ അമ്മിണിയേടത്തിയോടു പോലും പറയാതെ നാരായണേട്ടന്‍ കുറിഞ്ഞിയേയും, കുഞ്ഞുങ്ങളേയും ചാക്കിലാക്കി പടിഞ്ഞാറേപ്പാടത്തിനക്കരെ കൊണ്ടുക്കളഞ്ഞു. അമ്മിണിയേടത്തി കുറേ കരഞ്ഞെങ്കിലും വെളുപ്പാന്‍ കാലത്തു കാണുന്ന സ്വപ്നം ഫലിക്കുമെന്ന് നാരായണെട്ടന്‍ തറപ്പിച്ചു പറഞ്ഞു. ആ പൂച്ചക്കുഞ്ഞുങ്ങള്‍ തന്നേത്തേടി വരുമെന്ന് കുറേക്കാലത്തേയ്ക്ക് നാരായണേട്ടന്‍ ഭയന്നിരുന്നു. വഴിയില്‍ കാണുന്ന ഓരോ പൂച്ചയേയും കുറിഞ്ഞിയുടെ മക്കളായി കരുതി നാരായണേട്ടന്‍ കയ്യില്‍ കിട്ടിയതെല്ലാ‍മെടുത്ത് എറിഞ്ഞു കൊന്നു. അടുത്ത സ്വപ്നം കാണും വരെ നാരായണെട്ടന്റെ ശത്രു പൂച്ചയായിരുന്നു.

പിന്നീടൊരിക്കല്‍ കുറിഞ്ഞിയുടെ സ്ഥാനം കോഴിപ്പട കയ്യേറി. അട വെച്ച പതിന്നാലു മുട്ടകള്‍ക്കു മുകളില്‍ നിന്നാണ് അമ്മിണിയമ്മ പൊന്നു പോലെ നോക്കിയ ആ രണ്ടു കോഴികളെയും നാരായണേട്ടന്‍ ത്രേസ്യാമ്മച്ചേടത്തിക്ക് പിടിച്ചു കൊടുത്തത്. രണ്ടു ദിവസം കഴിഞ്ഞ് ത്രേസ്യാമ്മച്ചേടത്തി കൊണ്ടുവന്ന കോഴിക്കറി നാരായണേട്ടന്‍ വലിച്ചു വാരി തിന്നുകയും ചെയ്തു. അപ്പോള്‍ മുതല്‍ അമ്മിണിയേടത്തി നോക്കിയിരിക്കുകയാണ് നാരായണേട്ടന്റെ അടുത്ത സ്വപ്നം എന്താകുമെന്ന് ! ഇപ്പോള്‍ ദാ ജാനു !! എന്തു വന്നാലും ജാനുവിനെ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മിണിയേടത്തി പ്രഖ്യാപിച്ചു, മാത്രമല്ല ദിവസത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും ജാനുവിനും,മക്കള്‍ക്കും അമ്മിണിയേടത്തി കാവലിരിക്കുകയും ചെയ്തു.

നാരായണേട്ടന്‍ തലങ്ങും, വിലങ്ങും നടന്നു. ഓരോ കാല്‍വെപ്പിലും മുട്ടന്റെ കൊമ്പില്‍ കോര്‍ത്തുതൂങ്ങുന്ന സ്വന്തം രൂപം കണ്ട് നാരായണേട്ടനു സമനില തെറ്റുമെന്നായി. എങ്ങിനെയും ഇവയെ വിറ്റു തുലച്ചേ പറ്റൂ. നാരായണേട്ടന്‍ തിരുമാനിച്ചു. റബ്ബറിന്‍ കായ അരച്ചു കലക്കി കൊടുത്താല്‍ ആടുമാടുകള്‍ക്ക് ദീനം വരുമെന്ന് എവിടെയോ കേട്ടത് നാരായണേട്ടന്‍ ഓര്‍ത്തു. തോമസു മൊതലാളീടെ പറമ്പില്‍ നിന്ന് പെറുക്കിയെടുത്ത റബ്ബറിന്റെ കായ അമ്മിണിയേടത്തി കുളിക്കാന്‍ കേറിയ തക്കം നോക്കി അരച്ചു കഞ്ഞിയില്‍ ചേര്‍ത്ത് ജാനുവിനു കൊടുത്തു. ജാനു അത് മോന്തി മോന്തി കുടിച്ചു. കൂര്‍ത്ത കൊമ്പുമായി വന്ന മുട്ടന്‍ തളര്‍ന്നു വീഴുന്നത് മനസ്സില്‍ കണ്ട് നാരായണേട്ടന്‍ ആശ്വസിച്ചു.

അമ്മിണിയേടത്തിയ്ക്ക് സഹിക്കാനായില്ല. പൊട്ടിപ്പോകും വിധം അവര്‍ നെഞ്ചത്തേയ്ക്ക് ആഞ്ഞടിച്ചു. ദിക്കുകള്‍ മുഴങ്ങും വിധം അലമുറയിട്ടു. രാവിലെ ഒരു കുഴപ്പവുമില്ലാതെ ഓടിനടന്ന ജാനുവാണ്, ഇപ്പോള്‍ ദാ വായിലൂടെ പതയൊഴുക്കി, തല ചെരിച്ചിട്ട് തളര്‍ന്നു കിടക്കുന്നു.
" എന്തോന്ന് നോക്കി നില്‍ക്കുവാ മനുഷ്യാ. നിങ്ങള്‍ പോയി ആ ഡോക്ടറെ ഒന്ന് വിളിച്ചോണ്ടു വരുന്നുണ്ടോ?? " നാരായണേട്ടന്റെ നില്‍പ്പ് കണ്ടിട്ട് അമ്മിണിയേടത്തിയ്ക്ക് ദേഷ്യം വന്നു.
" ഞാന്‍ അപ്പഴേ പറഞ്ഞതാ ഒള്ള നേരത്തേ വിറ്റു തൊലയ്ക്കാമെന്ന് . ഇപ്പൊ ദാ മതിയായില്ലേ.." പിറുപിറുത്തുകൊണ്ട് നാരായണേട്ടന്‍ ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്ക് ഇറങ്ങി.

ജാനുവിന്റെ മുതുകിലും,പള്ളയ്ക്കുമെല്ലാം കയ്യും, തലയും, ചെവിയും വെച്ച് ഡോക്ടര്‍ കമിഴ്ന്നു കിടന്നു. അവളുടെ വായിലൂടെ ഒലിച്ചിറങ്ങിയ പത കോരിയെടുത്ത് പരിശോധിച്ചു.
" ഇവള്‍ എവിടെന്നാ റബ്ബറിന്‍ കായ തിന്നത്?? ആടുമാടുകള്‍ക്ക് അത് കൊടുക്കരുതെന്ന് അറിഞ്ഞുകൂടേ ? " ഡോക്ടര്‍ അമ്മിണിയേടത്തിയോട് കയര്‍ത്തു.

അമ്മിണിയേടത്തി ഡോക്ടറെത്തന്നെ നോക്കി നിന്നു. ത്രേസ്യാമ്മച്ചേടത്തീടെ പശൂന്റെ കുളമ്പുദീനം നോക്കാന്‍ വന്ന അന്നു മുതല്‍ ചേടത്തി പറയുന്നതാണ് നാരായണേട്ടന്റെ അതേ പകര്‍പ്പാണ് പുതുതായി വന്ന ഡോക്ടര്‍ എന്ന്. ഇപ്പോള്‍ അമ്മിണിയേടത്തിക്കും അത് തോന്നാതിരുന്നില്ല. ചിറിയും, നെറ്റിയും അതേപോലെ തന്നെയുണ്ട്. നാടുവിടുമ്പോള്‍ അടിച്ചുതളിക്കാരി ശാന്തയ്ക്ക് വയറ്റിലുണ്ടായിരുന്നെന്നും, അതിന്റെ ഉത്തരവാദി നാരായണേട്ടന്‍ ആയിരുന്നെന്നും കെട്ടിക്കൊണ്ടു വന്നേതിന്റെ പിറ്റേന്നു തന്നെ ത്രേസ്യാമ്മച്ചേടത്തി സ്വകാര്യം പറഞ്ഞതു കേട്ട് നാരായണേട്ടന്‍ അവരെ വര്‍ഷങ്ങളോളം വീട്ടില്‍ കയറ്റിയില്ല എന്നു മാത്രമല്ല ഏഷണിക്കാരി എന്ന് പരസ്യമായി വിളിക്കുക കൂടി ചെയ്തിരുന്നു. കെട്ട് കഴിഞ്ഞ് കാലങ്ങള്‍ പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാഞ്ഞപ്പോള്‍ ഒരിക്കല്‍ ശാന്തയുടെ വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പറ്റി ത്രേസ്യാമ്മച്ചേടത്തിയോട് അമ്മിണിയേടത്തി അന്വേഷിച്ചിരുന്നു. കപ്പങ്ങാപ്പശ പുറത്തു തേച്ച പപ്പടം പതിവായി ശാന്ത തിന്നാറുണ്ടെന്നും, അതു വഴി ആ ഗര്‍ഭം അലസിക്കാണാനാണു സാദ്ധ്യത എന്നും അന്ന് ത്രേസ്യാമ്മച്ചേടത്തി പറഞ്ഞു. ജാനുവിന്റെ പുറം തടവിക്കൊണ്ട് ഡോക്ടറോട് വീട്ടുവിശേഷങ്ങള്‍ തിരക്കിയ അമ്മിണിയേടത്തിയെ നാരായണേട്ടന്‍ തൊണ്ടപൊട്ടുമാറലറി ശകാരിച്ചു. ആടിന്റെ ദീനത്തേക്കാള്‍ വലുതാണ് അമ്മിണിയേടത്തിയ്ക്ക് കണ്ടവന്മാരുടെ കാര്യാന്വേഷണം എന്ന് ഡോക്ടറുടെ മുന്നില്‍ വെച്ചു തന്നെ പറഞ്ഞത് അമ്മിണിയേടത്തിക്ക് അപമാനമായി. ചാടിത്തുള്ളി അകത്തേയ്ക്ക് പോയ അമ്മിണിയേടത്തി ജനാലയുടെ അഴികള്‍ക്കിടയിലൂടെ നാരായണേട്ടന്‍ ഡോക്ടറുടെ അടുത്തെത്തി കുശുകുശുക്കുന്നത് നോക്കിനിന്നു.

ഡോക്ടര്‍ കൊടുത്ത മരുന്നുകള്‍ അമ്മിണിയേടത്തി ജാനുവിനു കഞ്ഞിയില്‍ കലക്കി കോരിക്കൊടുത്തു. അവള്‍ കണ്ണുകള്‍ തൂറന്നു. കുഞ്ഞുങ്ങള്‍ മുലകുടിക്കാന്‍ തിടുക്കം കൂട്ടി.
റബ്ബറിന്‍ കായ അരച്ചു കൊടുത്ത് ജാനുവിനു ദീനം വരുത്തിയത് ആരാണെന്ന് മനസ്സിലായെന്നും, എന്തൊക്കെ വന്നാലും ജാനൂനേം മക്കളേം ആര്‍ക്കും കൊടുക്കില്ലെന്നും അന്നു രാത്രി അമ്മിണിയേടത്തി തറപ്പിച്ചു പറഞ്ഞു. പായെടുത്ത് ഉമ്മറത്തിട്ട് അമ്മിണിയേടത്തി ജാനുവിനും, മക്കള്‍ക്കും കൂട്ടുകിടന്നു. അപ്പോള്‍ അകത്തേ മുറിയില്‍ വിരിച്ചിട്ട പായയില്‍ കിടന്ന് നാരായണേട്ടന്‍ അടുത്ത സ്വപ്നത്തിലേക്ക് വഴുതിവീഴുകയായിരുന്നു. നാരായണേട്ടനെ കൊമ്പില്‍ കോര്‍ത്ത് ജാനുവിന്റെ മുട്ടന്‍ നിന്നു. കൊമ്പുകളിലൂടെ ഊര്‍ന്നു വീഴുന്ന രക്തത്തുള്ളികള്‍ക്കിടയിലൂടെ ഡോക്ടറുടെ നെറ്റി കണ്ട് നാരായണേട്ടന്‍ അലറിക്കരഞ്ഞു ............

Saturday, October 27, 2007

ഒരു ആത്മഹത്യ..!!

തേങ്ങലിന്റെ ശക്തിയില്‍ തള്ളിയ
ഗര്‍ഭപാത്രഭിത്തി മുഖത്തു തട്ടിയാണ്
നീണ്ട ഒരുറക്കത്തില്‍ നിന്നുണര്‍ന്നത്.
പകുതി വിരിഞ്ഞ കണ്‍പോളകള്‍
വലിച്ചുതുറന്ന് പുറത്തേക്കു നോക്കി.
ഗര്‍ഭാശയഭിത്തിയെ തുളച്ച്
വീര്‍ത്തു തള്ളിയ വയറിനെ മുറിച്ച്
നോട്ടം ദൂരേയ്ക്കു പാഞ്ഞു.
നോട്ടത്തിന്റെ ആ പാച്ചിലിനവസാനം
ശേഷിച്ചത് കടിച്ചുപൊട്ടിയ ചുണ്ടുകളും,
ചീര്‍ത്തുവികൃതമായ ലൈഗികാവയവങ്ങളും,
പൊട്ടിയൊലിച്ചു പുറത്തേക്കു ചിതറിയ തലച്ചോറും,
വാളും, വടിയുമേന്തി പായുന്ന
ഇരുകാലിമൃഗങ്ങളും മാത്രം.!!

കാഴ്ചയുടെ ഭാരത്തില്‍ തളര്‍ന്ന നേത്രരശ്മികള്‍
ഗര്‍ഭപാത്രത്തിലേക്കു വലിയവെ
പൊക്കിള്‍ക്കൊടിക്കിടയിലൂടെ
കാലുകള്‍ക്കിടയില്‍ ഞെരുങ്ങിയമര്‍ന്ന
മൃഗലിംഗം കണ്ട് ഭ്രൂണം പിടഞ്ഞു.
സായുധനായ മകനെ കണ്ട
അമ്മയുടെ ഭീതി ഗര്‍ഭപാത്രത്തില്‍ കൊടുങ്കാറ്റായി.
ഇത്തരം മക്കള്‍ പിറക്കരുതേയെന്ന
അമ്മയുടെ ആത്മഗതം
ഭ്രൂണത്തിന്റെ പാതിതുറന്ന ചെവികളില്‍ മുഴങ്ങി.

കുഞ്ഞുവിരലുകള്‍ക്കിടയില്‍ കോര്‍ത്ത്
പൊക്കിള്‍ക്കൊടി പൊക്കിയെടുത്ത്
വയറ്റിലമര്‍ത്തിച്ചവിട്ടി
മേലോട്ടാഞ്ഞു കുതിച്ചു.
കുഞ്ഞുകഴുത്തിലെ ഞരമ്പുകള്‍
പൊക്കിള്‍ക്കൊടിയുടെ
ദൃഡതയില്‍ വലിഞ്ഞു..

നിലത്തുപടര്‍ന്ന ചുവപ്പു രാശിയില്‍
പിടഞ്ഞപ്പോഴും അമ്മ പറഞ്ഞു..
“ഇതുപോലുള്ള മക്കള്‍..."..

Friday, October 26, 2007

അക്ഷരങ്ങളും,ഞാനും.

മേശയ്ക്കു താഴെ വലിച്ചു കീറിയിട്ട
കടലാസു കഷ്ണങ്ങളില്‍ നിന്ന്
അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി.
എറിഞ്ഞുകളഞ്ഞതെന്തിനെന്ന
ചോദ്യം എന്നെ ഭയപ്പെടുത്തി.
അക്ഷരങ്ങള്‍ ഓടിയും ചാടിയും
ഇരുന്നും,കിടന്നും
വാചകങ്ങള്‍ തീര്‍ത്തു.
ദിവസങ്ങളായി ഞാന്‍ തേടി നടന്ന
അര്‍ത്ഥസമ്പുഷ്ടിയില്‍
ആ വാചകങ്ങള്‍ഞെളിഞ്ഞുനിന്നു.
വാചകക്കഷ്ണങ്ങള്‍ പെറുക്കി
നെഞ്ചോടു ചേര്‍ത്ത് അതെന്‍
സ്വന്തമെന്ന് അവകാശപ്പെട്ടു.

എപ്പോഴാണ് അക്ഷരങ്ങളെ ഞാന്‍
സ്നേഹിക്കാന്‍ തുടങ്ങിയത്??
കുഞ്ഞുനാവില്‍ മോതിരമമര്‍ത്തി
വലിയച്ഛന്‍ ഹരിശ്രീ കുറിച്ചപ്പോള്‍
അക്ഷരങ്ങളുടെ ഭാരം സഹിക്കാനാവാഞ്ഞ്
ഞാന്‍ അലറിക്കരഞ്ഞിരുന്നു..
പിന്നീട്...
അംഗന്‍വാടിയിലെ ടീച്ചര്‍
കുഞ്ഞുവിരലിനിടയില്‍ തിരുകിയ
കല്ലുപെന്‍സില്‍ ചൂണ്ടുവിരലിലെ
നേര്‍ത്തതൊലിയില്‍
ചുവന്നചായം പുരട്ടി..
ഒടുവില്‍
ചാഞ്ഞും,ചെരിഞ്ഞും
അകത്തേയ്ക്കും,പുറത്തേയ്ക്കും
മഴവില്ലുവരപ്പിച്ച് അക്ഷരങ്ങളെ
അമ്മ എന്റെ കൂട്ടുകാരാക്കി.
ഇണങ്ങിയും പിണങ്ങിയും
തല്ലിയും തടവിയും
ഞങ്ങള്‍ വളര്‍ന്നു..
വളര്‍ച്ചക്കിടയിലെപ്പോഴോ
ഞാനക്ഷരങ്ങളിലലിഞ്ഞു....
വാക്കുകളായി..വാചകങ്ങളായി..
ഞാന്‍ നിറഞ്ഞു..
നിറവിന്റെ ആ സമൃദ്ധിയില്‍
ഞാനറിഞ്ഞു..
അക്ഷരങ്ങളില്ലെങ്കില്‍..
ഞാനൊരു വട്ടപ്പൂജ്യം..!!

Friday, October 19, 2007

കണക്ക്..

ഈശ്വരാ..ഇതു വരെ ഈ ആശുപത്രി വിട്ടില്ലേ? ഈ രഘു എവിടെയാ? ശാരി മോള്‍ക്ക് അടുത്ത മണ്‍ഡെ എക്സാം തുടങ്ങുവാ.
ജലജയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണിനാണെങ്കില്‍ കണക്ക് ഒരു വസ്തു അറിയില്ല. ഇംഗ്ലീഷ് പിന്നെ തട്ടീം,മുട്ടീം ഒപ്പിക്കാമെന്നു വെക്കാം..കണക്കിനു എന്നാ ചെയ്യും?? ഗുണിക്കാനും,ഹരിക്കാനും പോലും അവള്‍ പിറകോട്ടാ. അശ്രദ്ധയാണെങ്കില്‍ പറയുകേം വേണ്ട.

തലയ്ക്കുള്ളില്‍ വല്ലത്തൊരു മിന്നല്‍..അവള്‍ കണ്ണുകള്‍ ഇറുകിയടച്ചു. ഞരമ്പുകള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുമെന്നു തോന്നി. കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആയില്ല. കയ്യോ കാലോ ഒന്നും അനക്കാനേ പറ്റുന്നില്ല. പാതി തുറന്ന കണ്ണിലൂടെ കുറേ വെള്ളയുടുപ്പുകള്‍ ഒഴുകി നടക്കുന്നത് അവള്‍ കണ്ടു. പഞ്ഞിക്കെട്ടുപോലെ കിടക്കയ്ക്കു മുകളില്‍ പറ്റിപ്പിടിച്ച് അവളങ്ങിനെ കിടന്നു.
സൂചിമുനകള്‍ ഞെരമ്പുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു.
ശാരിയുടെ ശബ്ദം ജനാലവിടവിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. അവളെ ഒന്നു വിളിക്കണമെന്നു തോന്നി.ഇല്ല,ആവുന്നില്ല. മിണ്ടാനും കഴിയുന്നില്ല.ചുറ്റും ആരൊക്കെയോ വന്നുപോകുന്നു. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം! ആരോടൊക്കെയോ എന്തൊക്കെയോ പറയണമെന്നുണ്ട്,പക്ഷേ..

രണ്ടാമതൊരു കുഞ്ഞ് വേണമെന്ന മോഹം തനിക്കായിരുന്നു. സ്നേഹം പകുത്തുനല്‍കേണ്ടെന്ന രഘുവിന്റെ വാദം നിസ്സീമമായ സ്നേഹപ്പകര്‍ച്ചകള്‍ എടുത്തുകാട്ടി അസ്ഥാനത്താക്കി.അപ്പോഴാണ് ജീവന്‍ തുടിക്കേണ്ട ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവലുതാകുന്ന മാംസപിണ്ഡം ഡോക്ടര്‍മാര്‍ വെളിച്ചത്തു കൊണ്ടുവന്നത്. മുള്ളുകുത്തിക്കളയുന്ന വേദന പോലുമില്ലാതെ അത് എടുത്തുമാറ്റാന്‍ പൊക്കിള്‍ക്കൊടിക്കിടയിലൂടെ അവര്‍ താക്കോല്‍ദ്വാരങ്ങള്‍ ഉണ്ടാക്കി.. ഇടയിലെപ്പോഴോ കുടലുകളൊന്ന് ആടിയുലഞ്ഞു. കുതിച്ചുപാഞ്ഞ രക്തം അവിടെ കട്ടപിടിച്ചു. കുഞ്ഞുഞെരമ്പു കാട്ടിയ വികൃതിയില്‍ അവയവങ്ങളോരോന്നും പിടഞ്ഞു. ശരീരമാകമാനം വലിഞ്ഞു മുറുകി..വീര്‍ത്തു പൊട്ടി..

"രഘൂ..ശാരിയ്ക്ക് എക്സാമാണ്. നീ അവളേയും കൊണ്ട് വീട്ടില്‍ പോകൂ.." രഘു അടുത്തുവരുമ്പോഴെല്ലാം ഞാന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ അവന്‍ കേട്ടമട്ടില്ല. അടുത്തുവന്ന് അവന്‍ ഏങ്ങിയേങ്ങി കരയുന്നു.
'ഇവനെന്താണു പറ്റിയത്?'കയ്യുയര്‍ത്തി ആ ചുമലില്‍ വെക്കാന്‍ ആവുന്നതും ശ്രമിച്ചു.വിരലുകള്‍ പോലും അനങ്ങുന്നില്ല.
ശാരിയെ ചേര്‍ത്തുപിടിച്ച് രഘു കിടയ്ക്കക്കരികില്‍ നിന്ന് ഉറക്കെക്കരഞ്ഞു. കണ്ണുകള്‍ ആവുന്നത്ര വലിച്ചു തുറന്ന് അവരെ നോക്കി. അവള്‍ക്കു ചുറ്റും അക്കങ്ങള്‍ ഓടിക്കളിക്കുകയായിരുന്നു.. തലകുത്തിമറിയുകയായിരുന്നു. ശാരി വാശിയോടെ അക്കങ്ങള്‍ക്കു പിറകേ ഓടി.
‘അരുത്...മോളേ..നില്‍ക്കൂ’ പറഞ്ഞത് ആരും കേട്ടില്ല.
അക്കങ്ങള്‍ ചാടി കിടക്കയിലേക്ക് മറിഞ്ഞു.കൂട്ടിവെച്ചീരുന്ന കണക്കുകളെല്ലാം തെറ്റിച്ച് അവ പല ഉത്തരങ്ങള്‍ നിരത്തി. കണ്ണുകള്‍ ആവുന്നത്ര ഇറുക്കി അക്കങ്ങളെ ആട്ടിയകറ്റാന്‍ നോക്കി.

കണ്ണുതുറന്നപ്പോള്‍ ചുറ്റിലും അക്കങ്ങളില്ല,രഘുവില്ല,ശാരിയില്ല..
എങ്ങും പാറി നടക്കുന്ന വെളുത്ത ചിത്രശലഭങ്ങള്‍ മാത്രം.
ദേഹമാസകലം വലിഞ്ഞുമുറുകിയിരുന്ന ഞരമ്പുകള്‍ അയഞ്ഞു..തലയ്ക്കുള്ളില്‍ മിന്നിയ ആയിരം മിന്നലുകള്‍ ശാന്തമായി... ജനാലയുടെ നേര്‍ത്തവിടവിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ പരന്ന ചെറുതരികള്‍ പോലെ ..ഭാരമില്ലാതെ..അങ്ങിനെയങ്ങിനെ..ആ ശലഭങ്ങള്‍ക്കൊപ്പം..!!

Friday, September 28, 2007

പരസ്പരം.

കടയുടെ മൂലയില്‍ കൂട്ടിയിട്ട
പലതരം നീലപ്പന്തുകളാണ്
ബാല്യത്തിന്റെ കളിപ്പന്തിലേക്ക്
മനസ്സിനെ എത്തിച്ചത്!
നീലപ്പന്തുകള്‍ വാങ്ങി ശേഖരിക്കാന്‍
കൂട്ടുകാരനുമായി മത്സരിച്ച കാലം..
കളിയാ മത്സരം മാത്രമായിരുന്നു.
എന്റേയും,അവന്റേയും പന്തുകള്‍
മുറിക്ക് മൂലയിലിരുന്ന് വല കെട്ടി..

അവന്‍...
ഓര്‍മകളും ഇപ്പൊള്‍ മാറാലയ്ക്കുള്ളിലാണ്.
ഒപ്പം ബാല്യത്തിന്റെ നല്ല്ലൊരംശവും!
‘നെറ്റി'ന്റെ മഹാപ്രപഞ്ചത്തില്‍
അവനെ തിരയാന്‍
പെട്ടെന്നാണ് കൊള്ളിയാന്‍ മിന്നിയത്.
അവന്റെ നാമാക്ഷരങ്ങള്‍
കീബോര്‍ഡില്‍ അമരുമ്പോള്‍
ഓര്‍മയിലെ നെറ്റില്‍ അവന്റെ രൂപം
ഞാന്‍ തിരയുകയായിരുന്നു.
ബോസിന്റെ കാഴ്ചകളെ മറിച്ച്
പുതിയ വിന്‍ഡോകളില്‍
ഞാന്‍ ലോകമാകമാനം അവനെ തിരഞ്ഞു.
അവന്റെ പേരില്‍ ഒരായിരം പേര്‍
എന്റെ സ്ക്രീനില്‍ നിരന്നു.
ഒരോരുത്തരിലും ഞാന്‍ കുറ്റിത്തലമുടിയും
തുടുത്ത കവിളുകളും തിരഞ്ഞു..

അതാ..
കാലം മാറ്റിയ മുഖവും
കാലത്തിനു പിടികൊടുക്കാത്ത
ചിരിയുമായി അവന്‍!
ഡീറ്റേത്സിനായ് ഞാന്‍ പരക്കം പാഞ്ഞു.
പിന്നീടാണ് മനസ്സിലായത്..
സോഫ്റ്റ് വെയറൂകളെ കൂട്ടുപിടിച്ച്
ഞാന്‍ മത്സരിച്ചുകൊണ്ടിരുന്നത്
തൊട്ടപ്പുറത്തെ ക്യാബിനിലിരുന്ന
അവനോടാണെന്ന്!!!!!!

Friday, August 24, 2007

ഗര്‍ഭപാത്രമില്ലാത്ത അമ്മ.

“മാസമുറ ഇല്ലന്നതല്ലാതെ എനിക്കൊരു വെത്യാസവും ഇല്ലമ്മേ..”
ജയ പലവട്ടം ആവര്‍ത്തിച്ചിട്ടും സരസ്വതിയമ്മയ്ക്കത് ഉള്‍ക്കൊള്ളാനാവുന്നില്ല. അവരുടെ മുന്നില്‍ ജയ വലിയൊരു ചോദ്യചിഹ്നമായി മാറിയത് വളരേ പെട്ടെന്നായിരുന്നു. അവര്‍ക്കു മാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും ജയ ഇന്നൊരു വലിയ പ്രശ്നം തന്നെയാണ്. ജെയിംസുമായുള്ള ബന്ധം തന്നെ വീട്ടുകാരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വലിയേട്ടന്റെ പുരോഗമനചിന്തകള്‍ വീടിനകത്തു കേറ്റാന്‍ കൊള്ളാത്തവയാണെന്ന് മനസ്സിലായത് നായര്‍ പെണ്ണ് നസ്രാണിയോടൊപ്പം അന്തിയുറങ്ങിയാല്‍ ഉണ്ടാകാവുന്ന വന്‍ഭവിഷ്യത്തുകള്‍ വല്യേട്ടന്‍ തന്നെ നിരത്തിയപ്പോഴാണ്. മറ്റാരും കൂടെ നിന്നില്ലെങ്കിലും ജെയിംസിന്റെ കാര്യത്തില്‍ വലിയേട്ടന്‍ ഒപ്പമുണ്ടാകുമെന്നു കരുതിയിരുന്നു. എതിര്‍പ്പുകളേക്കാള്‍ ശക്തമാണു പ്രണയം എന്ന് ജെയിംസും,ഞാനും ഉറച്ചുവിശ്വസിച്ചു.
ജെയിംസിന്റെ അമ്മച്ചിക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. മാമോദീസാ മുങ്ങി നസ്രാണിയാവാനൊരുക്കമാണേല്‍ പെണ്ണ് നമ്പൂരിക്കുടുംബത്തില്‍ നിന്നായാപ്പോലും കുഴപ്പമില്ല. മാമോദീസായല്ല എന്തു വേണേലും ജെയിംസിനു വേണ്ടി മുങ്ങാന്‍ ഞാന്‍ തയ്യാറുമായിരുന്നു. പക്ഷേ അത് ജെയിംസിനു സമ്മതമല്ല. ഞാന്‍ ഞാനായിത്തന്നെ വേണം ജെയിംസിന്റേതാവാന്‍ എന്നവനു നിര്‍ബന്ധം.

“മോളേ..ആ..ജെയിംസ്..” അമ്മ വാക്കുകള്‍ക്കായ് പരതുകയായിരുന്നു. അമ്മയുടെ ചോദ്യമെന്താണെന്ന് മുഖം വിളിച്ചു പറഞ്ഞു. ഉള്ളില്‍ പൊട്ടിയ ചിരി അടക്കി ഞാന്‍ ചോദിച്ചു.
“ജെയിംസ്..?? എന്താണ് ജെയിംസിന്?”
“അല്ല,അവന്‍..അവനു സമ്മതമായിരിക്കുമോ ഇനി നിന്നെ വിവാഹം കഴിക്കാന്‍?”
അമ്മയുടെ മുഖത്ത് തെളിഞ്ഞുനിന്ന പ്രതീക്ഷ എന്നെ തെല്ലൊന്നമ്പരപ്പിച്ചു.
“ജെയിംസ് നസ്രാണിയാണെന്നത് അമ്മ മറന്നോ? നമ്മുടെ തറവാട്, അഭിമാനം, വലിയേട്ടന്റെ സ്റ്റാറ്റസ്..അങ്ങിനെ എല്ലാം കാറ്റില്‍ പറത്താന്‍ അമ്മ തീരുമാനിച്ചോ?”
വാക്കുകള്‍ ഉള്ളില്‍ തറയ്ക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
“ജയപാലന്‍ തന്നെയാ നിന്നോടിത് ചോദിക്കാന്‍ എന്നെ പറഞ്ഞേല്‍പ്പിച്ചത്.” അമ്മയുടെ മുഖം തെല്ലൊന്ന് താഴ്ന്നോയെന്ന് സംശയം.
“അപ്പൊ വലിയേട്ടനും സമ്മതം. ആദര്‍ശവാദിയായ എന്റെ വലിയേട്ടന്‍ കുഞ്ഞിപ്പെങ്ങളെ നസ്രാണിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു. ഒരേയൊരു ചോദ്യം രണ്ടാളോടും..ഈ മനം മാറ്റത്തിന്റെ കാരണം എന്റെ എടുത്തുമാറ്റപ്പെട്ട ഗര്‍ഭപാത്രം മാത്രമല്ലേ..?”
അമ്മയുടെ മറുപടി ഒരു കരച്ചിലില്‍ ഒതുങ്ങി.
അപ്പോള്‍ ഗര്‍ഭപാത്രം എടുത്തുമാറ്റപ്പെട്ട ഒരു പെണ്ണിനു ആരേയും വിവാഹം കഴിയ്ക്കാം, ആരേയും പ്രേമിയ്ക്കം. തമാശ തന്നെ.
ജെയിംസിനോട് പലവട്ടം പറഞ്ഞിരുന്നു ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നതിനെ പറ്റി. എന്റെ ഉദരത്തില്‍ പിറന്ന ജെയിംസിന്റെ മക്കളോടൊപ്പം ഒരു കുഞ്ഞ്. ഈ ലോകത്തിന്റെ ഏതോ ഒരു കോണില്‍ അങ്ങിനെയൊരു കുഞ്ഞ് എന്റെ മാതൃത്വം ദാഹിച്ചിരിപ്പുണ്ടെന്ന് സ്വപ്നങ്ങളായി വന്ന് പലവട്ടം എന്നെ ഓര്‍മപ്പെടുത്തിയിരുന്നു. അന്നൊന്നും ഗര്‍ഭപാത്രത്തെ കാര്‍ന്നു തിന്ന് ഈ രോഗം രക്തസ്രാവമായി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. ഒടുവില്‍ ജെയിംസിന്റെ മൊട്ടത്തലയനും, മൊട്ടത്തലച്ചിക്കും ജന്മനിഷേധം നടത്തിക്കൊണ്ട് ഗര്‍ഭപാത്രം മുറിച്ചെറിഞ്ഞു. അപ്പോഴും ആ കുഞ്ഞ് അതെന്നെ അമ്മേ എന്നു തന്നെ വിളിച്ചു. ആശുപത്രിക്കിടക്കരികില്‍ മുഖം കുനിച്ചു ജെയിംസ് നിന്നപ്പോള്‍ ഞാന്‍ പറഞ്ഞതും ആ കുഞ്ഞിനെ പറ്റി മാത്രമാണ്.
ഇന്ന് ജെയിംസുമൊത്തുള്ള ജീവിതം തറവാട്ടില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു, മുറിച്ചുമാറ്റപ്പെട്ട എന്റെ ഗര്‍ഭപാത്രത്തിന്റെ ഇളവില്‍!.

“ജെയിംസ്..നീ ചിരിക്കും ഇതു കേട്ടാല്‍.എനിക്കുറപ്പാണ്.”
ഫോണ്‍ ക്ലിയറല്ലെങ്കിലും ആവുന്നത്ര ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. ഇതു കേള്‍ക്കുമ്പോഴുള്ള അവന്റെ ചിരി എനിക്കു മനസ്സില്‍ കാണാം.
“ ഗര്‍ഭപാത്രം ഉള്ളപ്പോഴാണ് ഒരു പെണ്ണിനു അന്യജാതിയില്‍ നിന്നു വിവാഹം പാടില്ലാത്തതെന്നു നിനക്കറിയുമോ?? അതില്ലാത്തപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ജാതിമതകെട്ടുപാടുകള്‍ ഇല്ലാതെ.”
“ ഉം..എനിക്ക് നിന്നെ ഒന്ന് കാണണം.” ജെയിംസിന്റെ മറുപടി എന്റെ പ്രതീക്ഷയെ തകര്‍ത്തു. അവന്റെ ആ ചിരിയ്ക്കായാണ് ഞാന്‍ എന്നും കാതുകൂര്‍പ്പിച്ചത്. അവന്റെ ആ ചിരിയില്‍ നിറയുന്നത് അവന്റെ മനസ്സാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു.
“എപ്പോള്‍ വേണമെങ്കിലും കാണാമല്ലൊ. ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സ്വതന്ത്രയാണ്. നിനക്ക് ഇവിടെ വരാം..”
“ വേണ്ട. അവിടെ വേണ്ട. കുരിശുപള്ളിയ്ക്കു താഴേയുള്ള ആ ആല്‍മരച്ചുവട്ടില്‍ വരൂ”ജെയിംസിന്റെ വാക്കുകളെ മുറിച്ചുകൊണ്ട് ഫോണ്‍ കട്ടായി.
അമ്മ തന്നെയാണ് ജെയിംസിനെ കാണാന്‍ പോകുമ്പോള്‍ ഇടേണ്ട ചുരീദാര്‍ എടുത്തുതന്നത്.
“ഈ തവിട്ടുനിറം നിനക്ക് നന്നായി ഇണങ്ങും. ഒരു പൊട്ടുകൂടി കുത്ത് മോളേ..” ഒരിക്കിയിറക്കാന്‍ അമ്മയ്ക്ക് തിടുക്കമായിരുന്നു.

ജെയിംസിന്റെ മുഖം എന്നും അവന്റെ മനസ്സ് എനിക്ക് കാട്ടിത്തന്നിരുന്നു. അവനു പറയാനുള്ളത്, കേള്‍ക്കാന്‍ സുഖമുള്ള ഒന്നാവില്ല എന്ന് വ്യക്തം. “നിനക്ക് ഞാന്‍ പറയുന്നത് എത്രത്തോളം ഉള്‍ക്കോള്ളാനാവുമെന്ന് എനിക്കറിയില്ല. എന്റെ ജീവന്റെ അംശത്തെ ഞാന്‍ എങ്ങിനെ നിഷേധിക്കും?? പിറക്കാന്‍ മോഹിക്കുന്ന ജീവനെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ നിനക്കും ആവില്ല എന്നെനിക്കറിയാം. അമ്മച്ചിയും ഇപ്പോള്‍ പറയുന്നത് അതുമാത്രമാണ്.”
“വേണ്ട..വേണ്ട ജെയിംസ്..” ഇടയില്‍ പറയുക ജെയിംസിനു ഇഷ്ടമല്ല എന്നറിഞ്ഞിട്ടും പറഞ്ഞു.
“വേണ്ട..നീ ഇനി പറയാന്‍ പോകുന്നതും നിന്റെ ഈ വാക്കുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തുകഴിഞ്ഞു. ശരിയാണ്.നിന്റെ കുഞ്ഞുങ്ങള്‍ പിറക്കണം. അതിനു സഹായിക്കാന്‍ എനിക്കാവില്ല. സന്തോഷത്തോടെ, നിന്നില്‍ നിന്ന് ഞാന്‍ ഒഴിയുന്നു. ഇനി ഈ രീതിയില്‍ ഒരു കണ്ടുമുട്ടല്‍ നാം തമ്മിലില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുന്നു.”
ജെയിംസിന്റെ മുഖത്തുനോക്കാതെ തിരിഞ്ഞുനടന്നു. പള്ളിയുടെ പടവുകള്‍ കയറുകയായിരുന്നു ഞാനെന്ന് മനസ്സിലാക്കാന്‍ അല്‍പ്പസമയമെടുത്തു. മുന്നോട്ട് തന്നെ നടന്നു. നടപ്പവസാനിച്ചത് ‘ബാലസദന്റ്റെ’മുന്നിലാണ്. കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഒരു ചിരിയോടെ നിന്നപ്പോള്‍ മനസ്സില്‍ പറഞ്ഞത് ഒന്നുമാത്രമായിരുന്നു..
“ജെയിംസ്..നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു..”

Thursday, May 17, 2007

യാത്രകള്‍ മുറിയുമ്പോള്‍..

മാര്‍ച്ചിലെ പകല്‍ ബൊക്കാറോ എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളെ ചുട്ടുപൊള്ളിച്ചു.അസഹ്യമായ ചൂടിനോടുള്ള പ്രതിഷേധം നടുവിലിരുന്ന മദ്ധ്യവയസ്ക്കന്‍ ഒരു ശീല്‍ക്കാരമായി പ്രകടിപ്പിച്ചു. ഭാഗ്യത്തിന് ജനാലക്കരികിലാണ് ഇടം കിട്ടിയിരിക്കുന്നത്. പുറം കാഴ്ചകളാലും,അകം കാഴ്ചകളാലും സമൃദ്ധമായ സീറ്റ്. യാത്രകളില്‍ എന്നും ആ സീറ്റ് തരപ്പെടുത്താന്‍ എനിക്കൊരു പ്രത്യേക കഴിവുതന്നെയാണ്. അകത്തേക്ക് അടിച്ചുകയറുന്ന കാറ്റ് മുഖം പൊള്ളിക്കുന്നു. എതിര്‍വശത്തിരിക്കുന്ന ചെറുപ്പക്കാരന്‍ നീണ്ട കാലുകള്‍ കൊണ്ട് എന്റെ കാലില്‍ അനായാസമായി തൊട്ടു.ഞാന്‍ അയാളുടെ കാലുകളിലേക്ക് സൂക്ഷിച്ചു നോക്കി.ചെളി നിറഞ്ഞ് വീര്‍ത്തുപൊട്ടായിരിക്കുന്ന നഖങ്ങള്‍! എനിക്ക് ഓക്കാനം വന്നു.
“മോളെങ്ങോട്ടാ യാത്ര?”എന്റെ ഓക്കാനത്തെ മുറിച്ചുകൊണ്ട് അടുത്തിരുന്ന കറുത്തുതടിച്ച സ്ത്രീ ചോദിച്ചു.
“ആലുവായ്ക്ക്..”
“ആണോ..ഞാനും അങ്ങോട്ടാ. ആലുവയിലാണോ വീട്?” അവര്‍ പല്ലിനിടയില്‍ പെട്ട ബിസ്ക്കറ്റ് കഷ്ണത്തിലേക്ക് നാക്ക് തിരുകി.
“അതെ”
‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ബാഗില്‍ തിരഞ്ഞ്കൊണ്ട് ഞാന്‍ പറഞ്ഞു.പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ഞാന്‍ ഗുജറാത്തിലേക്കു പോയി. അവിടെ സ്പടികച്ചീളുകള്‍ക്കുള്ളില്‍ ഇനിയും നിലക്കാത്ത ഘടികാരത്തിനായി തിരച്ചില്‍ തുടങ്ങി. എതിര്‍വശത്തിരുന്ന ചെറുപ്പക്കാരന്റെ കാപ്പിയില്‍ നിന്ന് പൊങ്ങുന്ന ആവി എന്റെ മുഖത്തിനും അയാളുടെ ചുണ്ടിനുമിടയില്‍ വെളുത്ത വഴി തീര്‍ത്തു. കാറ്റ് ആ വഴിയെ മായ്ച്ചെഴുതി.‘
ഉരുക്കിന്റെ ഉരഗാവതാരം’ കിതപ്പോടെ ഒലവക്കോടിലെ പാളങ്ങളില്‍ വിശ്രമം തേടി. ഞാന്‍ അലക്ഷ്യമായി പുറത്തെക്ക് നോക്കി.

“അമ്മാ..എതാവത് കുടുക്കമ്മാ...തമ്പിക്ക് പശിക്കിതമ്മാ..”കയ്യിലിരുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി ജനാലക്കപ്പുറം നിന്ന് അവള്‍ ഉറക്കെ വിളിച്ചു. പിറന്നപടി ഇരുന്ന് അവന്‍ കൈ നീട്ടി. റെയില്‍വേ സ്റ്റേഷനിലെ ചെളി മുഴുവന്‍ അവരുടെ ദേഹത്ത് പറ്റിയിരിക്കുകയാണെന്നെനിക്ക് തോന്നി. അവന്റെ കുഞ്ഞുനെഞ്ചിന്‍ കൂടു പൊളിച്ച് അസ്ഥികള്‍ പുറത്തേക്കു തള്ളി വരികയാണെന്ന് ഞാന്‍ ഭയന്നു. എന്റെ നോട്ടം അവനെ നാണിപ്പിച്ചു. അവന്‍ അവളുടെ മാറത്തേക്ക് ചാഞ്ഞു. അവള്‍ ജനാലക്കമ്പികളില്‍ പിടിച്ചു. ചുവപ്പും, പച്ചയും നിറത്തിലുള്ള കുപ്പിവളകള്‍ ഊര്‍ന്ന് താഴേക്കിറങ്ങി.
“അമ്മാ..വിശക്കുന്നമ്മാ..കൊളന്തക്ക് ഭയങ്കര പനിയും..”അവള്‍ തമിഴ് വിട്ട് മലയാളത്തിലേക്ക് കടന്നു. കുഞ്ഞിനെ എനിക്ക് നേരെ ഉയര്‍ത്തി.
ബാഗില്‍ കിടന്നിരുന്ന ആപ്പിളുകള്‍ ഞാന്‍ അവനു നേരെ നീട്ടി. അവള്‍ അതു വാങ്ങി സാരിത്തുമ്പില്‍ കെട്ടി.
“അമ്മാ..തുട്ട് കൊടുക്കമ്മാ..മരുന്ന് വാങ്ങാന്‍..”
“ഹാ..ഇതാ കൊഴപ്പം. ഒന്ന് എന്തേലും കൊടുക്കാം ന്ന് വെച്ചാ പിന്നേം വര്വല്ലേ ആവശ്യങ്ങള്. ഈ പറയണതൊക്കെ സത്യാണൊന്ന് ആര്‍ക്കറിയാം. അതിന് പനിയുണ്ടോന്ന് ഒന്ന് തൊട്ട്നോക്കാം ന്നു വെച്ചാ..തൊടാന്‍ തന്നെ അറയ്ക്കുന്ന പരുവല്ലേ” കയ്യിലിരുന്ന ഉപ്പേരിക്കൂട് പൊട്ടിച്ചുകൊണ്ട് ആ കറുത്ത സ്ത്രീ പറഞ്ഞു.
ഞാന്‍ ആ കുഞ്ഞിനെ നോക്കി.. അവളെയും. കണ്ണുകള്‍ കുഴിഞ്ഞ്, കവിളുകള്‍ ഒട്ടി..എല്ലും തോലും മാത്രമുള്ള രണ്ട് ആത്മാക്കള്‍! അവളുടെ സാരിയുടെ മുക്കാലും കീറിയിരിക്കുന്നു.
“കുഞ്ഞിനെ ഡോക്ടറെ കാണിച്ചോ?” ഞാന്‍ ചോദിച്ചു.
“ഇല്ലമ്മാ..പണം വേണ്ടേ. ഇന്ന് രാവിലെ മുതല്‍ ഞാന്‍ നോക്കുന്നതാ. യാരും വരലേ...” അവള്‍ കുഞ്ഞിനെ നിലത്തു നിര്‍ത്തി. അവന്‍ കാലുകള്‍ കുഴഞ്ഞ് അവിടെ കിടന്നു.ഇനിയും മരുന്ന് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ അവന്‍ മരിച്ചു പോകും എന്നെനിക്ക് തോന്നി.
‘ഇവള്‍ക്ക് കാശു കൊടുത്താല്‍ ഇവള്‍ മരുന്നു വാങ്ങുമോ അതോ വിശപ്പു മാറ്റുമോ’? എനിക്ക് സംശയം തോന്നി.
മണി മൂന്ന് നാല്‍പ്പത്തഞ്ച്. വണ്ടി വിടാറായിരിക്കുന്നു.
ഞാന്‍ ബാഗ് എടുത്ത് ചാടിയിറങ്ങി. അവനെ ഏടുത്ത് തോളത്തുകിടത്തി. അവള്‍ അമ്പരന്നു. അവിടെ നിന്നിരുന്നവര്‍ എന്നെ സൂക്ഷിച്ചു നോക്കി.
ഞാന്‍ അവളുടെ കയ്യില്‍ പിടിച്ച് വേഗത്തില്‍ നടന്നു.
“അമ്മാ.. നീങ്കെ എങ്കെ പോണു??”അവള്‍ പേടിച്ചു വിറച്ചു.
“കുഞ്ഞിനെ ഡോക്ടറെ കാണിക്കാം നമുക്ക്.നീ വാ..”ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു.
“വേണ്ടമ്മാ..വേണ്ട..”അവള്‍ കുതറി മാറി.
“മരുന്ന് വാങ്ങിയാ പോതും..ഡോക്ടറ് കിട്ടെ ഞാന്‍ പോകമാട്ടേന്‍..”അവള്‍ വാശി പിടിച്ചു.
“നോക്കൂ..ഇവന് ചുട്ടുപൊള്ളുന്ന പനിയാണ്. കാശിന്റെ കാര്യമോര്‍ത്താണങ്കില്‍ നീ പേടിക്കണ്ട. എത്രയായാലും അത് ഞാന്‍ കൊടുത്തോളാം.. നീ വാ..”
“ഇല്ല..ഇല്ലമ്മാ..വേണമ്മാ..”അവള്‍ മുന്നിലേക്ക് ഓടി.
“അമ്മാ‍ാ‍ാ....”എന്റെ തോളില്‍ കിടന്ന് അവന്‍ കരഞ്ഞു.
ഞാന്‍ അവള്‍ക്ക് പിന്നാലെ നടന്നു.
അവള്‍ എന്നെ സ്റ്റേഷന്റെ ഒരു മൂലയില്‍ അവളുടെ സാമ്രാജ്യത്തിലേക്ക് കൊണ്ടുപോയി.സാരി കെട്ടി മറച്ചിരിക്കുന്നു ഒരു ഭാഗം. അതിനുള്ളില്‍ വിരിച്ചിട്ടിരിക്കുന്ന ചാക്കുകളിലേക്ക് അവള്‍ കുഞ്ഞിനെ കിടത്തി. അവന്‍ ഒന്ന് മുരണ്ടു. ചാടിയെണീറ്റ് അവളുടെ ബ്ലൌസ് പിടിച്ചു വലിച്ചു.അവള്‍ ചുക്കിചുളിഞ്ഞ് ഒട്ടിയ മുല അവന്റെ വായില്‍ തിരുകി. ചപ്പിവലിച്ച് അവന്‍ അതു കുടഞ്ഞെറിഞ്ഞു. എന്നിട്ട് അലറിക്കരഞ്ഞു. സൈഡില്‍ വെച്ചിരുന്ന ചാക്കില്‍ നിന്ന് അവള്‍ ഒരു കുപ്പി പുറത്തെടുത്തു. അതിനുള്ളിലെ ഇരുണ്ടനിറമുള്ള വെള്ളം അവന്റെ വായിലേക്ക് ഇറ്റിച്ചു.
“ട്രെയിന് ന്ന് പറക്ക്ണ കുപ്പികളാണമ്മാ .എല്ലാത്തിലേം കൂടെ ഒന്നിലിക്കൊഴിച്ച് കൊഞ്ചം വെള്ളോം ചേര്‍ക്കും.. ഇവനിക്കിത് റൊമ്പ പിടുത്തം..”അവന്‍ ആര്‍ത്തിയോടെ അതു കുടിച്ചു.
“എന്താ നിന്റെ പേര്?”
“ശെല്‍വി”
“കുഞ്ഞിന്റെയോ?”
“മുരുകന്‍”.
അവളുടെ കണ്ണില്‍ തുറിച്ചുനില്‍ക്കുന്ന വിശപ്പ് എന്നെ അടുത്തുള്ള സ്റ്റോറിലേക്കയച്ചു.ബിസ്ക്കറ്റും, പഴവും തിന്നാന്‍ അവളും മുരുകനും മത്സരിച്ചു.
“അമ്മാ..നീ കടവുള്‍ താനമ്മാ..”അവള്‍ പഴം വായിലേക്ക് തള്ളി പറഞ്ഞു.
“മുരുകന്റെ അച്ഛന്‍ എവിടെ?”പറയാന്‍ അങ്ങിനെ ഒരാളുണ്ടാവില്ല എന്ന് തോന്നിയിട്ടും ഞാന്‍ ആ ചോദ്യം ചോദിച്ചു.
“അപ്പാ..ഇവന്റെ അപ്പാ‍ാ...ഹ..ഹ..ഹ..”ശെല്‍വി പൊട്ടിച്ചിരിച്ചു.
യാത്രകള്‍ അവസാനിച്ചവര്‍, തുടങ്ങുന്നവര്‍,..എല്ലാവരും അവളുടെ ചിരിയില്‍ അസ്വസ്ഥരായി.
“എത്ര പേരു വരുന്നതാ അമ്മാ..ഞാന്‍ യാരെ ശൊല്ലും.?! ഇവനൊടെ മൂക്ക് പാത്താ എനക്ക് സന്ദേഹം ആ കൊടവയറുകാരന്റെ ആണെന്നാ..”
“നിനക്ക് പണിയെടുത്ത് ജീവിച്ചുകൂടേ ശെല്‍വീ..”ഞാന്‍ അവളുടെ അടുത്തെക്ക് നിങ്ങിനിന്ന് ചോദിച്ചു.
“ഞാന്‍ പണിയെടുത്ത് താന്‍ വിശപ്പ് മാറ്റുന്നത്. ഇപ്പൊ ആരോഗ്യമെല്ലാം പോയാച്ച്. അത് താന്‍ വല്ല്യ പ്രച്നം.”.
“നിന്റെ നാടെവിടെയാ?”
“ഊര്..!! അങ്കെ എനക്ക് യാരുമേ ഇല്ല.അമ്മ താന്‍ എന്നെ ഊരുകടത്തിയത്. അല്ല,അമ്മാവുക്ക് വേറെ എന്നത്താന്‍ പണ്ണമുടിയും?!“അവള്‍ മുരുകനെ തലോടി.
“ഉങ്കളുക്ക് തെരിയുമാ?. ഇത് എന്നോടെ രണ്ടാമത്തെ കൊളന്ത. ആദ്യത്തേതിനെ ഞാന്‍ കൊന്താച്ച്...” ശെല്‍വി അവളുടെ സാരിത്തുമ്പ് എടുത്ത് വായില്‍ തിരുകി. എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവള്‍ക്ക് മാനസികരോഗമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. അവള്‍ നിലത്ത് മുട്ടുകുത്തിയിരുന്ന് ഏങ്ങിക്കരഞ്ഞു.സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് അവള്‍ പറയാന്‍ തുടങ്ങി.

അപ്പന്റെ മരണശേഷം ശെല്‍വിക്ക് അവളുടെ വീട് അന്യമായിരുന്നു. ചിറ്റപ്പന്റെ വരവോടെ ആ വീടിന്റെ ഇരുണ്ട കോണുകളില്‍ പോലും അവള്‍ക്ക് അഭയമില്ലാതായി. അയാളുടെ ചുവന്നുതുറിച്ച കണ്ണുകളെ അവള്‍ ഭയന്നു. അമ്മ പണിക്ക് പോയ ഒരു നാള്‍ അടുക്കളയുടെ പിന്നാമ്പുറത്തിലെ ഇരുട്ടിനു കയ്യും കാലും വെച്ചു, കണ്ണുകള്‍ ചുവന്നുതുറിച്ചു. ശെല്‍വി പേടിച്ചു കരഞ്ഞു. അവള്‍ക്ക് ശ്വാസം മുട്ടി. മേലാസകലം നീറി പുകഞ്ഞു. അന്ന് രാത്രി അവള്‍ അമ്മയോടൊപ്പം കിടക്കാന്‍ വാശി പിടിച്ചു. അമ്മയെ കെട്ടിപ്പിടിച്ച് അവള്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ അമ്മ പണിക്കു പോയില്ല. അമ്മ അവളുടെ സാധനങ്ങള്‍ എല്ലാം ഒരു സഞ്ചിയിലാക്കി. ചിറ്റപ്പന്‍ വീട്ടിലേക്ക് ആദ്യമായി വന്ന ദിവസം അവള്‍ക്ക് കിട്ടിയ പുള്ളിപ്പാവാടയും, ബ്ലൌസും ഇടീച്ച് അമ്മ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. അവള്‍ സന്തോഷിച്ചു. ആ ഇരുണ്ട വീട്ടില്‍ നിന്ന്, ചുവന്ന് തുറിച്ച കണ്ണുകളില്‍ നിന്ന് അമ്മയും, താനും രക്ഷപ്പെടുകയാണല്ലോ.തീവണ്ടിയില്‍ കയറ്റിയിരുത്തി അമ്മ വെള്ളമെടുക്കാന്‍ പോയി,അങ്ങു ദൂരേക്ക്.അമ്മയെ കാത്തുനില്‍ക്കാതെ തീവണ്ടി കുതിച്ചു.അതൊ അമ്മവണ്ടിയെ കാത്തുനില്‍ക്കാതെ ചിറ്റപ്പനടുത്തേക്ക് കുതിച്ചൊ??!

ശെല്‍വിക്ക് പേടിയായില്ല.അവള്‍ക്ക് ആശ്വാസമായിരുന്നു.ഇനി അവള്‍ക്ക് മേലാസകലം നീറില്ല,ചുണ്ടുകള്‍ പൊട്ടി ചോരയൊലിക്കില്ല.അവള്‍ ബര്‍ത്തില്‍ കയറിക്കിടന്നു.ഞെട്ടിയുണരാതെ സുഖമായുറങ്ങി. കണ്ണുതുറന്നപ്പോളാണ് എങ്ങോട്ടാണ് പോകേണ്ടത് എന്നവള്‍ ആലോചിച്ചത്. പ്രത്യേക ഒരു ലക്ഷ്യം ഇല്ലാത്തതു കോണ്ട് അടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി.അവിടെ ഒരു മൂലയില്‍ അവള്‍ സ്ഥലം കണ്ടെത്തി. അവിടെയും,പരിസരങ്ങളിലുമായി പല പണികള്‍. പണികള്‍ക്ക് തടസ്സം സൃഷ്ട്ടിച്ചുകൊണ്ട് അവളുടെ വയര്‍ വലുതാകാന്‍ തുടങ്ങി. വീര്‍ത്ത വയറിലേക്ക് നോക്കി അവള്‍ അമ്പരന്നു. ഒടുവില്‍ ആരൊക്കെയൊ പറഞ്ഞ് അവള്‍ അറിഞ്ഞു..താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന്. അവള്‍ ആ ചുവന്നു തുറിച്ച കണ്ണുകള്‍ കണ്ടു. ഭയം തീപാറുന്ന നാക്കുകൊണ്ട് അവളുടെ നട്ടെല്ലില്‍ നക്കി.അവള്‍ കുന്തംകാലില്‍ ഇരുന്ന് മുക്കി നോക്കി. ഇല്ല..ആ നശിച്ച ജന്തു ചാടുന്നില്ല.

അസ്ഥികള്‍ വലിഞ്ഞുമുറുകുന്ന വേദന..അവള്‍ പിടഞ്ഞെഴുന്നേറ്റു. കാലുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന രക്തം. അവള്‍ ചുവന്നുതുറിച്ച കണ്ണുകള്‍ ചുറ്റും തിരഞ്ഞു.അടുത്ത് കിടന്നിരുന്ന വയസ്സിത്തള്ള ചോരകണ്ട് ഞെട്ടി.
“പെറുന്നോ??!..നീ വല്ല ആശൂത്രീലും പോ പെണ്ണേ..”അവര്‍ വീണ്ടും ചുരുണ്ടുകൂടി.
ശെല്‍വി തൊട്ടടുത്ത ആശുപത്രിയിലേക്ക് നടന്നു.ചോരത്തുള്ളികള്‍ അവള്‍ക്ക് പിന്നേ വഴി തീര്‍ത്തു. അവള്‍ നേരെ കക്കൂസിലേക്ക് കയറി. കതകടച്ചു.

ശെല്‍വി നടന്നു.അവള്‍ തളര്‍ന്നു.കയ്യും കാലും വിറച്ചു.നേരം വെളുത്തിരിക്കുന്നു. ഇനി ഈ സ്ഥലം വിടണം- അവള്‍ ഉറപ്പിച്ചു. ആടിയാടി അവള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഭാണ്ടക്കെട്ടെടുത്തു.
“നീ പെറ്റോ??”വയസ്സി തലമാന്തി.
“കൊച്ചെവിടെടീ??”
“കക്കൂസില്‍..“

അവള്‍ പാളത്തില്‍ മയങ്ങിയ വണ്ടിയിലേക്ക് കയറി.അതില്‍ ചടഞ്ഞിരുന്നു..തീവണ്ടി ആലസ്യത്തോടെ അവളെയും കൊണ്ട് പാഞ്ഞു. അടുത്ത താവളത്തിലേക്ക്. അവള്‍ക്ക് പണിയെടുക്കാന്‍ വയ്യാതായി.വീര്‍ത്ത വയറിനുള്ളില്‍ വലിച്ചുമുറിച്ച പൊക്കിള്‍ക്കൊടി പഴുത്തു. ഒപ്പം അവളുടെ മനസ്സും. കക്കൂസിനുള്ളിലേക്ക് തല കൂടുങ്ങി പിടയുന്ന ചോരക്കുഞ്ഞ് അവളുടെ മനസ്സിനെ പൊള്ളിച്ചു. വിശപ്പ് അവളെ ഒന്നായി വിഴുങ്ങി. വിശപ്പിനു മുന്നില്‍ അവള്‍ തന്റെ ശരീരം നീറ്റി. ചുണ്ടുകള്‍ പൊട്ടിച്ചു. അവളുടെ വയറ് വീണ്ടും വീര്‍ത്തു.ഇത്തവണ അവള്‍ അമ്പരന്നില്ല. .കക്കൂസില്‍ കയറി കതകടച്ചില്ല. അവള്‍ മുരുകനെ പ്രസവിച്ചു.

“ശെല്‍വീ..നിനക്ക് മുരുകനും നഷ്ട്ട്ടമാകും,അവനെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെങ്കില്‍..”ഞാന്‍ പറഞ്ഞു.
“ഇല്ല..ഇല്ലാമ്മാ..ആസ്പത്രി വേണ്ട..അത് എന്നോടെ വേല മൊടക്കും, എന്നുടെ മുരുകന്‍ വിശന്നിരിക്കേണ്ടി വരും..” അവള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. എന്റെ നിര്‍ബന്ധം തട്ടിയെറിഞ്ഞ് അവള്‍ മുരുകനെയും എടുത്ത്നടക്കാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്ക് പിറകേയും. “ശെല്‍വീ..നില്‍ക്ക്..ഞാന്‍ പറയുന്നത് കേള്‍ക്കു..’ഞാന്‍ കാലുകള്‍ നീട്ടി വെച്ച് നടന്നു.
“അമ്മാ..തുട്ട് കൊടുക്കെങ്കില്‍ കൊടുക്ക്..അല്ലെങ്കില്‍ എന്നെ വിട്ടിടുങ്കോ” അവള്‍ അകന്നു.
മുറിഞ്ഞ യാത്രയും, അവളുടെ കഥയുടെ ഭാരവും തൂക്കി ഞാന്‍ അന്തം വിട്ടു.
“ആ പെണ്ണിന്റെ പിറകെ നടന്ന് സമയം കളഞ്ഞു ല്ലേ..” അടുക്കിവെച്ച പെട്ടികള്‍ക്കു മുകളില്‍ കാലു കയറ്റി വെച്ച് അയാള്‍ സഹതപിച്ചു.
“അവളെ അറിയില്ലേ..ഇന്നാള് ടി.വി.ലൊക്കെ വന്നിരുന്നതാണല്ലോ“ “ശെല്‍വിയോ???” ഞാന്‍ അത്ഭുതപ്പെട്ടു.
“ആ..അവക്ക് എച്ച്.ഐ.വി പോസിറ്റീവാ..ആ കൊച്ചിനും.എങ്ങനെ വരാതിരിക്കും..അതാ സാധനം.” അയാള്‍ വൃത്തികേടുകള്‍ നിറഞ്ഞ പാളത്തിലേക്ക് നീട്ടിതുപ്പി.
അപ്പോള്‍ അവള്‍ അടുത്ത വണ്ടിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ -----------------

Monday, May 7, 2007

അനുരാധയുടെ മണം.

“ഡോക്ടര്‍,ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്.രക്ഷിക്കാന്‍ ഡോക്ടര്‍ക്കു മാത്രേ കഴിയൂ.രക്ഷപ്പെടാനായില്ലെങ്കില്‍ മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗം മാത്രം-മരണം.!”മുഷിഞ്ഞ ടവ്വല്‍ നിവര്‍ത്തി മുഖം തുടച്ചുകൊണ്ട് അനുരാധ പറഞ്ഞു.അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.സാരിക്കിടയില്‍ ടവ്വല്‍ തിരുകി അനുരാധ ഡോക്ടര്‍ തോമസിനെ നോക്കി.
ഡോക്ടര്‍ തോമസ് മാത്യു‌‌-സരളയാണ് ആ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.അല്ലെങ്കിലും അനുരാധയുടെ പ്രശനങ്ങള്‍ക്ക് എന്നും പരിഹാരം നിര്‍ദ്ദേശിക്കുക എന്ന ജോലി സരളയുടേതാണല്ലൊ.ഈയിടെയായി കറികള്‍ക്ക് സ്വാദുകുറഞ്ഞെന്ന അരവിന്ദിന്റെ പരാതി അല്‍പ്പമെങ്കിലും കുറഞ്ഞത് സരള പറഞ്ഞുതന്ന പൊടിക്കൈപ്രയോഗത്തിലൂടെയാണ്.
“നീ ഡോക്ടര്‍ തോമസ് മാത്യുവിനെ ചെന്നു കാണൂ.അദ്ദേഹം പരിഹരിക്കും നിന്റെ പ്രശനം”.അനുരാധയുടെ എണ്ണിപ്പറക്കലുകള്‍ കേട്ട് സരള പറഞ്ഞു.വിസിറ്റിങ് കാര്‍ഡ് അവള്‍ അനുരാധക്ക് നേര്‍ക്ക് നീട്ടി.
Dr.Thomas Mathew M.D
Lissy clinic
College junction
Aluva.
'നാളെത്തന്നെ പോകണം’.അനുരാധ തീരുമാനിച്ചു.ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങി.മാര്‍ക്കറ്റില്‍ പോകേണ്ട ദിവസമാണ്.വെജിറ്റബിള്‍സ് എല്ലാം തീര്‍ന്നിരിക്കുന്നു.വൈകുന്നേരത്തെ വെയിലിനും പൊള്ളുന്ന ചൂടുതന്നെ.കുടയാണെങ്കില്‍ എടുക്കാനും മറന്നു. അതെങ്ങിനെ, അച്ഛനേയും,മക്കളേയും പറഞ്ഞയച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോളേക്കും മണി ഒന്‍പത് മുപ്പത്തഞ്ച്.ഓടിയണച്ച് ബസ്സ്സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും ‘സ്വാമി അയ്യപ്പന്‍’അതിന്റെ പാട്ടിനു പോയിരിക്കും.കാലിനിടയിലൂടെ വിയര്‍പ്പുതുള്ളികള്‍ ഒഴുകുന്നുണ്ടാവും.തുടക്കിടയിലിട്ട്അതിനെ ഞെരുക്കിക്കളയും.അടുത്ത ബസ്സില്‍ വലിഞ്ഞുകയറി ഓഫീസില്‍ എത്തുന്നതും,മണി പത്തടിക്കുന്നതും ഒരുമിച്ചായിരിക്കും.
ഓഫീസില്‍ ഒരു തമാശ പോലുമുണ്ട്
’ക്ലോക്കിനു പത്തടിക്കാന്‍ തെറ്റിയാലും അനുരാധക്ക് തെറ്റില്ല’എന്ന്.
അവര്‍ക്ക് തമാശ.അവിടെയെത്താന്‍ പെടുന്ന പെടാപ്പാട് എനിക്കല്ലേ അറിയൂ.ഓരോന്നാലോചിച്ച് നടന്ന് മാര്‍ക്കറ്റ് എത്തിയതേ അറിഞ്ഞില്ല.
സാധങ്ങള്‍ക്കൊക്കെ എന്താ വില !! ദിവസം തോറും കുതിച്ചു കേറുകയല്ലേ.കിലോ പത്ത് ആയിരുന്ന ഉള്ളിക്ക് പതിനഞ്ച്!!മാസാവസാനം വരെ എങ്ങിനെ ഒപ്പിക്കുമോ എന്തോ!ഈ മാസമാണെങ്കില്‍ ദേവിക്ക് സ്റ്റഡിടൂറും!!!
‘ഈശ്വരാ..മണി ആറ്!! ദേവിയും,രോഹനും സ്കൂള്‍ വിട്ട് വന്നിരിക്കും.ഇനി ഓട്ടോ പിടിക്കുക തന്നെ’പച്ചക്കറിസഞ്ചിയുമെടുത്ത് അനുരാധ ഓട്ടൊയിലേക്ക് കയറി.
രണ്ട് പേരുടേയും ബാഗ് സിറ്റൌട്ടില്‍ തന്നെ കിടക്കുന്നു.
കതക്കും തുറന്നിട്ട് ഈ കുട്ടികള്‍ ഇതെവിടെ പോയിരിക്കുന്നു!! ഷൂവും,സോക്സും മുറിയില്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.അനുരാധ അതെടുത്ത് ഷൂറാക്കില്‍ വെച്ചു.ഉടുപ്പൂരി കട്ടിലിലേക്കെറിഞ്ഞ് രണ്ടും കമ്പ്യൂട്ടറിനു മുന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
“ദേവീ,നിനക്ക് വയസ്സ് പത്തു പതിനഞ്ചായില്ലേ..ഇതൊക്കെ നിനക്കൊന്ന് അടുക്കി വെച്ചാലെന്താ?”സ്ഥിരം ചോദ്യമാണെങ്കിലും അനുരാധ ആവര്‍ത്തിച്ചു.ദേവിക കാറിന്റെ സ്പീഡ് കൂട്ടി.അച്ഛന്‍ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തു തന്ന പുതിയ ഗെയിം ആണ്.
അനുരാധ കുട്ടികളുടെ ഡ്രെസ്സ് എടുത്ത് ഹാംഗറില്‍ തൂക്കി.
“എന്തൊരു നാറ്റം”ദേവിക മുഖം ചുളിച്ചു.
“ഈ അമ്മയ്ക്ക് ഭയങ്കര നാറ്റാ...”രോഹനും ഏറ്റുപിടിച്ചു.
അനുരാധ ഒന്നും മിണ്ടിയില്ല.എത്രയോ നാളുകളായി കേള്‍ക്കുന്നതാണ്..
‘ചായ തിളച്ചുകാണും’.അവള്‍ അടുക്കളയിലേക്കോടി.സിങ്കില്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം കഴുകി അടുക്കി വെച്ചു.കുട്ടികളുടെ ബാഗ് തുറന്ന് ടിഫിന്‍ ബോക്സ് എടുത്ത് കഴുകി.
‘ഹൊ..അരവിന്ദ് എത്താറായിരിക്കുന്നു.വേഗം കുളിക്കണം,ഇല്ലെങ്കില്‍ അരവിന്ദും തുടങ്ങും..വിയര്‍പ്പുനാറ്റം..’അനുരാധ ബാത്റൂമിലേക്കോടി.
ഷവറിനു കീഴെ അവള്‍ നിന്നു.അവളുടെ വിയര്‍പ്പുതുള്ളികള്‍ വെള്ളത്തില്‍ ചേര്‍ന്നൊഴുകി.
‘നാളെ ഒരു പരിഹാരമാകുമല്ലോ’അവള്‍ ആശ്വസിച്ചു.
‘എപ്പോളാണ് ഈ നാറ്റം തുടങ്ങിയത്?’അവള്‍ ആലോചിച്ചു.മറൈന്‍ ഡ്രൈവില്‍ തൊട്ടുരുമ്മിയിരുന്ന് പ്രണയിച്ചപ്പോള്‍...ഇല്ല..അന്ന് അരവിന്ദ് പറഞ്ഞത് ‘നിന്റെ മണം എന്നെ മത്തുപിടിപ്പിക്കുന്നു‘ എന്നാണ്.
പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കക്ഷത്തില്‍ മുഖമര്‍ത്തി അരവിന്ദ് പറയുമായിരുന്നു’ഇതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട മണം’എന്ന്.
പിന്നെ...എപ്പോള്‍???
ചുണ്ടിനു മീതെ പറ്റിനില്‍ക്കുന്ന വിയര്‍പ്പുതുള്ളികള്‍ സാരിത്തലപ്പു കൊണ്ട് ഒപ്പിയെടുത്ത് അടുക്കളയില്‍ നിന്ന് ഓടിയെത്തി ദേവിയുടെ കുഞ്ഞുവായിലേക്ക് മുലപ്പാലിറ്റിക്കുമ്പോള്‍ഉപ്പുരസം കലരുന്നത് എനിക്ക കാണാമായിരുന്നു.
കുഞ്ഞിന് മതിയാവോളം മുലപ്പാല്‍ നല്‍കണമെന്ന് അനുരാധക്ക് നിര്‍ബന്ധമായിരുന്നു.അതുകൊണ്ടാണല്ലോ ഒന്നാം ക്ലാസ്സിലെ പരീക്ഷക്ക് പോകും മുന്‍പും ദേവിക മുല കുടിച്ചത്.ഓടിയെത്തി നൈറ്റിയുടെ കൊളുത്ത് വിടുവിച്ച്,പറ്റിയിരിക്കുന്ന വിയര്‍പ്പു തുടയ്ക്കാന്‍ പോലും സമ്മതിക്കാതെ ഒരു ആക്രമണമായിരുന്നു അവള്‍.
ബ്ലഡിലെ കൌണ്ട് കുറവെന്ന ഡോക്ടറുടെ കണ്ടുപിടുത്തത്തിനൊടുവിലാണ് അവളുടെ അമ്മിഞ്ഞയില്‍ ചെന്ന്യായം പുരട്ടിയത്.
രോഹനും മുല കുടിച്ചു,മൂന്നു വയസ്സോളം.പറ്റിച്ചേര്‍ന്ന് കിടന്ന കുട്ടികള്‍ ഇന്ന് അമ്മയുടെ നാറ്റത്തെ വെറുക്കുന്നു.
“അമ്മയ്ക്ക് പെര്‍ഫ്യൂം അടിച്ചുകൂടേ..സുനിയുടെ മമ്മി അടുത്തുവരുമ്പോഴേ എന്തൊരു മണാ.”ഒരു ദിവസം ദേവിക പറഞ്ഞു.
നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഓഫീസ് വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങുമ്പോളേ അരവിന്ദ് പറയും,’നീ പെഫ്യൂം ഉപയോഗിക്കൂ.വല്ലാത്ത നാറ്റം..’
അനുരാധ തന്നെത്തന്നെ മണത്തുനോക്കി.ചെറുപ്പത്തില്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന അതേ മണം.അവള്‍ ഒന്നുകൂടി മണത്തു.ആ മണത്തിനു വേണ്ടിയായിരുന്നു അമ്മയോടൊട്ടിക്കിടക്കാന്‍ എന്നും വാശി പിടിച്ചിരുന്നത്.അവള്‍ക്ക് സന്തോഷം തോന്നി.അമ്മയ്ക്കും,തനിക്കും ഒരേ മണം..!പക്ഷേ......മക്കള്‍ക്കും,അരവിന്ദിനും ഇത് നാറ്റമാകുന്നതെന്തുകൊണ്ടാണ്..!അനുരാധ ഷവര്‍ ഓഫാക്കി.’അരവിന്ദിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ?’അവള്‍ കാതോര്‍ത്തു.അരവിന്ദ് എത്തിയിരിക്കുന്നു.അവള്‍ കുളി മതിയാക്കി.തോര്‍ത്തി.മേലാസകലം പൌഡറിട്ടു.ധൃതിയില്‍ കോണിപ്പടികള്‍ ഇറങ്ങി.
അരവിന്ദ് പത്രം വായിക്കുകയാണ്.പിന്നിലൂടെ ചെന്ന് അവള്‍ അരവിന്ദിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.
“ഹ..നീങ്ങിനില്‍ക്കൂ..ഈ നാറ്റം..ഇത് കുളിച്ചാലും പോവില്ലേ..!”അരവിന്ദ് പത്രത്തില്‍ മുഖം പൂഴ്ത്തി.
“നാളെ എനിക്കല്‍പ്പം നേരത്തേ പോകണം“അനുരാധ കട്ടിലില്‍ ചെന്നിരുന്നുകൊണ്ട് പറഞ്ഞു.
“ഉം??”മുഖമുയര്‍ത്താതെ തന്നെ അരവിന്ദ് ചോദിച്ചു.
“കുറച്ചു പെന്‍ഡിങ് വര്‍ക്ക്സ് ഉണ്ട്”
“ഉം.”ഈയിടെയായി സംസാരം കഴിവതും മൂളലിലില്‍ ഒതുക്കുകയാണ് അരവിന്ദ്.

അനുരാധ വിയര്‍ക്കുകയാണ്.“പറയൂ,എന്താണ് നിങ്ങളുടെ രോഗം?”ഡോക്ടര്‍ തോമസ് മാത്യു ആവര്‍ത്തിച്ചു.
അനുരാധ ടവ്വല്‍ എടുത്ത് വീണ്ടും മുഖം തുടച്ചു.
“ഡോക്ടര്‍,എനിക്ക് നാറ്റമാണ്.വിയര്‍പ്പുനാറ്റം.”അനുരാധ ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
“നിസ്സാരമായി തള്ളരുത് ഡോക്ടര്‍.എന്റെ ജീവിതം മുഴുവന്‍ ഈ നാറ്റം പടര്‍ന്നിരിക്കുന്നു.”മേശപ്പുറത്ത് താളം പിടിക്കുന്ന ഡോക്ടര്‍ തോമസിന്റെ കൈകളിലേക്കു നോക്കി അനുരാധപറഞ്ഞു.
ഡോക്ടര്‍ തോമസ് മാത്യു കണ്ണുകളടച്ച്,ദീര്‍ഘമായി ശ്വാസമെടുത്തു.
“നാറ്റം??! എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്.. മണമാണല്ലോ..” “ഇല്ല,ഡോക്ടര്‍..എനിക്ക് നാറ്റമാണ്.നാറ്റം.”അനുരാധ ടവ്വല്‍ എടുത്ത് കണ്ണുകള്‍ തുടച്ചു.
“വരൂ,ഇവിടെ കിടക്കൂ”ടേബിള്‍ ചൂണ്ടിക്കാണിച്ച് ഡോക്ടര്‍ തോമസ് പറഞ്ഞു.അനുരാധ കിടന്നു.തലക്കുമുകളില്‍ ഡോക്ടര്‍ തോമസ് മാത്യുവിനെ കണ്ട് അവള്‍ പേടിച്ചു.ചെറുപ്പം മുതല്‍ അവള്‍ക്ക് പേടിയാണ് ഡോക്ടര്‍മാരെ.
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.അവളുടെ വിയര്‍പ്പുതുള്ളികള്‍ ഓരോന്നായി ഒപ്പിയെടുത്തുകൊണ്ട് ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു..
“അനുരാധാ..ഇത് നാറ്റമല്ല,മണമാണ്..മണം.മുത്തങ്ങയിട്ട് കാച്ചുന്ന പാലിന്റെ മണം..ആ പാല്‍ തരുന്ന അമ്മയുടെ മണം..”
അനുരാധ കണ്ണു തുറന്നു. അന്നാദ്യമായി പേടിയില്ലാതെ അവള്‍ ഒരു ഡോക്ടറെ നോക്കി..ചിരിച്ചു..

മണി ആറ് കഴിഞ്ഞിരിക്കുന്നു.ഓഫീസിലാണെങ്കില്‍ ഒരു ലീവ് പോലും കൊടുത്തിട്ടില്ല.അരവിന്ദും,മക്കളും എത്തിയിരിക്കും.അനുരാധ ധൃതിയില്‍ നടന്നു.
കുട്ടികളുടെ ബാഗും,ഷൂവും എടുത്ത് യഥാസ്ഥാനത്ത് വെച്ചു.നേരെ അരവിന്ദിനടുത്തേക്ക് നടന്നു.
“നിന്റെ പെന്‍ഡിങ് വര്‍ക്ക്സ് കഴിഞ്ഞോ?”പത്രത്തില്‍നിന്ന് മുഖമുയര്‍ത്തി അരവിന്ദ് ചോദിച്ചു.
“ഉം..”“ഇന്നെന്താ..ഒരു മണം ! നീ പെര്‍ഫ്യൂം അടിച്ചോ?”
“ഉം..” അനുരാധ ചിരിച്ചു.
“നന്നായി.ഇനിയാ നാറ്റം സഹിക്കേണ്ടല്ലോ..”പത്രം മേശപ്പുറത്തേക്കിട്ട് അരവിന്ദ് അനുരാധയുടെ അടുത്തേക്ക് നടന്നു

******************************************

Thursday, April 26, 2007

വെളിച്ചം

ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്ക് കമിഴ്ന്നു.
“എവിടെയെത്തി ചര്‍ച്ചകള്‍?”ചായ കയ്യിലേക്ക് നീട്ടി നന്ദന്‍ ചോദിച്ചു.“
എവിടെയെത്താന്‍..!പത്തുപന്ത്രണ്ട് വര്‍ഷങ്ങളായി സ്ഥിരം കേള്‍ക്കുന്ന ഡയലോഗ്സ്.പെണ്ണെഴുത്തുകാരുടെ സ്വരശക്തി! കാലഹരണപ്പെട്ട വിഷയം..സ്ത്രീസ്വാതന്ത്ര്യം !!”
ചായ തണുത്തുറഞ്ഞിരിക്കുന്നു.
“വാര്‍ത്തകളില്‍ തലകുത്തി മറിഞ്ഞ് തളര്‍ന്നവശയായി നട്ടപ്പാതിരായ്ക്ക് കൂടണയുന്ന സഹധര്‍മ്മിണിക്ക് ഒരു നല്ല ചായ ഇട്ടു തരാന്‍ നീ ഇനിയും പഠിച്ചിട്ടില്ല നന്ദാ”
കടുപ്പം കൂടി കഷായപ്പരുവമായ ചായയാണ് നന്ദന്റേത്.
“ചായ ..അത് പെണ്ണിന്റെ കൈമിടുക്ക്”നന്ദന്‍ വാരിവലിച്ചു കിടന്ന പുസ്തകങ്ങള്‍ അടുക്കി വെച്ചുകൊണ്ട് പറഞ്ഞു.
“സ്ത്രീ ശാക്തീകരണത്തിന്റെ ഈ നാളില്‍ ചായകുത്തക പെണ്ണിനോ??! എന്താ നന്ദാ ചര്‍ച്ച ഇവിടെ തുടങ്ങണോ?”
“ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് വേശ്യകളാണ്..വേശ്യകള്‍.അവര്‍ പറയട്ടേ ആദ്യം സ്ത്രീ സ്വതന്ത്ര്യം.”നന്ദന്‍ ഒരു ചര്‍ച്ചയുടെ മൂഡില്‍ ആണ്.
“വേശ്യയോ?? പലവട്ടം നിന്നോട് പറഞ്ഞിട്ടുണ്ട് ഞാന്‍.ആ വാക്ക് നീ പിന്‍വലിക്കണം.വേശ്യയല്ല..ലൈംഗികത്തൊഴിലാളി ! അതെ ലൈംഗികത്തൊഴിലാളി!!”.
ചര്‍ച്ച കീറിമുറിച്ചുകൊണ്ട് മൊബൈല്‍ നിര്‍ത്താതെ അടിച്ചു.
“ഞാന്‍ പാലാരിവട്ടം ജംഗ്ഷനില്‍ നിന്നാ.’ജാന്‍സി സ്റ്റോര്‍സ്’എന്ന ലേഡി സെന്ററിന്റെ മുന്നില്‍ നിന്ന്.”അയാള്‍ കിതക്കുന്നുണ്ടായിരുന്നു.
ഒരു വാര്‍ത്തക്കുള്ള വകുപ്പ് എത്തിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.
“പറയൂ..എന്താണ്..എന്താണ് കാര്യം?”
“ഇവിടെ എന്റെ കടയുടെ മുന്നില്‍ ഒരു പെണ്‍കുട്ടി.മൂന്നാലു ദിവസായി ഈ ഏരിയായില്‍ കിടന്നു കറങ്ങുന്നു.ഇടക്ക് ഞാന്‍ ആഹാരം വാങ്ങിക്കൊടുത്തു.ഇപ്പൊ പെണ്ണ് ഇവിടെ സ്ഥിരതാമസമാക്കുന്ന മട്ടാ.ചോദിച്ചിട്ടാണേല്‍ മിണ്ടാട്ടമില്ല.നിങ്ങള്‍ പത്രക്കാരു വിചാരിച്ചാ രക്ഷപ്പെടുത്താന്‍ വല്ല മാര്‍ഗ്ഗോം...”
“കടയുടെ അഡ്രസ്സ് തരൂ..ഞാന്‍ ഉടനെ അവിടെ എത്താം”.അയാള്‍ പറഞ്ഞുതന്ന അഡ്രസ്സ് കുറിച്ചെടുത്തു.
“നന്ദാ..”
“നേരത്തും,കാലത്തും ഇല്ലാത്ത ഈ പോക്കുണ്ടല്ലോ,ആളുകളെക്കൊണ്ട് അതുമിതും പറയിക്കാന്‍..”നന്ദന്‍ സ്ഥിരം ഡയലോഗ് പുറത്തിട്ടു.
“നന്ദാ ഇതെന്റെ ജോലി.ആശിച്ച്,പ്രയത്നിച്ച് ഞാന്‍ നേടിയ ജോലി.ഇതില്‍ ആരെന്തു പറയാന്‍?!”
“നീ..നീ ഒരു പെണ്ണാണ്.പെണ്ണ്!!”
“ഞാന്‍ ഇപ്പോള്‍ പോകുന്നതും ഒരു പെണ്ണിനടുത്തേക്കാണ്.പെണ്ണായും,പത്രപ്രവര്‍ത്തകയായും എനിക്കുള്ള കടമ ചെയ്യാന്‍.തര്‍ക്കിക്കാം നമുക്ക്,ഞാന്‍ തിരിചു വന്നിട്ട്.ഓ.കേ ടാ..”
എഴുന്നേറ്റ് മുഖം കഴുകി.പാറിക്കിടന്ന മുടി ഒന്നൊതുക്കി.ഇതൊന്ന് ബോയ് കട്ട് വെട്ടണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കാലമേറെയായി.അതെങ്ങിനെ നാട്ടില്‍ ആണിന്റെ തലമുടിയുമായി ചെന്നിറങ്ങിയാല്‍ ഉണ്ടാകാവുന്ന ഭൂകമ്പങ്ങള്‍ നന്ദന്‍ ഇടക്കിടെ ഓര്‍മിപ്പിക്കുകയല്ലേ..
ക്യാമറ ബാഗില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.കാറിന്റെ കീയുമെടുത്ത് ധൃതിയില്‍ പുറത്തേക്കു നടന്നു.
നല്ല മഴയാണ്.ഇടിയും,മിന്നലും.കടകളെല്ലാം നേരത്തേ അടച്ചിരിക്കുന്നു.
എങ്ങും ഇരുട്ടു മാത്രം.ഈ മഴക്കും ഇരുട്ടിന്റെ നിറമോ?!
ഈ ഇരുട്ടില്‍ ആ പെണ്‍കുട്ടി..??
അവള്‍ നെഞ്ചിനുള്ളില്‍ ഒരു മിന്നലായി.
വണ്ടിയുടെ സ്പീഡ് കൂട്ടി.ഇരുട്ടിന് കയ്യും കാലും വെയ്ക്കും.അത് അവളെ ഒന്നായി വിഴുങ്ങും.അതിനു മുന്നേ അവിടെ എത്തണം.ജാന്‍സി സ്റ്റോര്‍!!അഡ്രസ്സ് കുറിച്ച പേപ്പര്‍ എടുത്തു.ഇരുട്ടില്‍ കടകളുടെ ബോര്‍ഡുകള്‍ ഒന്നും വ്യക്തമല്ല.ഇറങ്ങുന്നതിനിടയില്‍ ഒരു ടോര്‍ച്ചോ,കുടയോ ഒന്നും എടുത്തതുമില്ല.‘ഹൊ നാശം തന്നെ ഈ മറവി’
പെട്ടെന്നാണ് കണ്ടത്.ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഴയില്‍..കൈകള്‍ വിടര്‍ത്തി,കണ്ണുകള്‍ അടച്ച്,മുഖം മേലോട്ടുയര്‍ത്തി ഒരു പെണ്‍കുട്ടി.മഴയായി..മഴത്തുള്ളികളായി അവള്‍.ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ അവള്‍ ഊറ്റിക്കുടിക്കുന്നു.
ഞാന്‍ അത്ഭുതപ്പെട്ടു.കടയുടെ വരാന്തയില്‍ പേടിച്ചരണ്ട മുഖവുമായി കൂനിക്കൂടിയിരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു മനസ്സില്‍.
ഇവള്‍..ഇവളിതാ മഴയായി പെയ്തു നിറയുന്നു.
കാര്‍ നിര്‍ത്തി ഞാന്‍ പുറത്തേക്കിറങ്ങി.അവള്‍ക്ക് നേരേ നടന്നു ആ മഴയിലൂടെ.കാല്‍പ്പെരുമാറ്റം കേട്ടതും അവള്‍ കണ്ണുകള്‍ തുറന്നു.എന്റെ നേരേ നോക്കി.ഭാവവെത്യാസങ്ങളൊന്നുമില്ലതെ അവള്‍ പഴയതുപോലെ മഴയില്‍ നിറഞ്ഞു.
ഈ മുഖം ഞാനെവിടെയാണ് കണ്ടത്?എന്റെ ഓര്‍മകളിലെവിടെയോ അവളുടെ മുഖം പതിഞ്ഞിരിക്കുന്നു.
ഉവ്വ്..എനിക്കറിയാം ഇവളെ.
മല്ലി..അതെ..മല്ലി തന്നെ.
“നീ മല്ലി അല്ലേ??”അവള്‍ തലവെട്ടിച്ച് എന്നെ നോക്കി.
“മല്ലി???????!! അല്ല.”
അവള്‍ കടത്തിണ്ണയിലേക്ക് കയറി.വരാന്തയുടെ ഓരത്ത് നിന്ന് പാവാടയിലെ വെള്ളം പിഴിഞ്ഞു കളഞ്ഞു.സൈഡില്‍ ഒതുക്കിവെച്ചിരുന്ന കീറിയ ബാഗില്‍ നിന്നും ഒരു തുണി പുറത്തെടുത്തു.തല തോര്‍ത്തി.മുഖം തുടച്ചു.നീണ്ട മുടിയില്‍ വിരലോടിച്ച് അവള്‍ മഴ നോക്കി ഇരുന്നു.
ഞാന്‍ അവളെ തന്നെ നോക്കി,നിറഞ്ഞു പെയ്യുന്ന ആ മഴക്കിടയിലൂടെ.
ഇവള്‍..ഇവള്‍ മല്ലി തന്നെ.പക്ഷേ...ഇവിടെ?!
ഇവളെന്തിനു കള്ളം പറയുന്നു.ഞാന്‍ അവള്‍ക്കരികിലേക്ക് നടന്നു.
“മോളേ ഞാന്‍ സൂര്യ..നീ എന്നെ ഓര്‍ക്കുന്നില്ലേ?”
“നീയാരാ..ഒന്ന് പോകുന്നുണ്ടോ..” അവള്‍ കയര്‍ത്തു.നേരിയ സംശയത്തിനു പോലും ഇടയില്ലാത്തവണ്ണം എന്റെ മനസ്സില്‍ മല്ലി തെളിഞ്ഞുവന്നു.

അന്ന് ഞാന്‍ പാലക്കാട് റിപ്പോര്‍ട്ടറായി ജോലി നോക്കുന്ന കാലം.കൂട്ടുകാരുമൊത്ത് ഒരു വീടു വാടകക്കെടുത്ത് താമസം,ശോകനാശിനിപ്പുഴയുടെ തീരത്ത്.മല്ലിയെ ഞാന്‍ കാണുന്നത് അവിടെ വെച്ചാണ്.ആ പുഴയുടെ കരയില്‍.പുഴയോട് വാതോരാതെ സംസാരിക്കുന്ന മല്ലിയെ പലവട്ടം ഞാന്‍ കണ്ടു.മല്ലിക്കും,പുഴയ്ക്കും ഒരേ സ്വരമായിരുന്നു.എടുത്താല്‍ പൊങ്ങാത്തത്ര വലിയ തുണിക്കെട്ടുകളുമായി വൈകുന്നേരങ്ങളില്‍ അവളെത്തും പുഴക്കടവില്‍,വിഴുപ്പലക്കാന്‍.ആ വിഴുപ്പിന്റെ ഭാരവും പേറി ശോകനാശിനി ഒഴുകും.
“എന്താ പേര്?”
“മല്ലിക” നാണിച്ച് അവള്‍ ഓടി.
എന്റെ വൈകുന്നേരങ്ങള്‍ ഞാന്‍ ശോകനാശിനിക്കും,മല്ലിക്കുമായി മാറ്റി വെച്ചു.
“പഠിക്കാന്‍ പോകുന്നില്ലേ?”
“ഉം...രണ്ട് ബിയിലാ”
“ഇതാരുടേയാ ഇത്രേം തുണി?വീട്ടില്‍ ഒരുപാട് ആള്‍ക്കാരുണ്ടോ?”
“ഇത്..ടീച്ചറിന്റടുത്തേയാ.”
“ഏത് ടീച്ചര്‍??”
“അയ്യോ..അറീല്ലേ..ജാനകി ടീച്ചര്‍.ആയമ്മ ഞങ്ങടെ ഉസ്ക്കൂളിലേയാ.ഞാന്‍ അവിടെ പണിക്ക് നിക്ക്വാ.”
“എന്താ നിങ്ങടെ പേര്”? ഷര്‍ട്ടിന്റെ കോളര്‍ കല്ലില്‍ ഉരച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“സൂര്യ..”
ഈ ബാല്യം..ഇവള്‍ക്കോര്‍മിക്കാന്‍ എന്തുണ്ടാവും?! തഴമ്പിച്ച കൈകളും,കരി പുരണ്ട ബാല്യവും.ബാലവേലയെ കുറിച്ച് ഒന്ന് റിപ്പോര്‍ട്ട് ചെയ്താലോ.
“നിനക്ക് അവര്‍ രൂപ തരുമോ മോളേ?”ഞാന്‍ ചോദിച്ചു.
“ഉം..”അവളുടെ കുഞ്ഞിക്കണ്ണുകള്‍ വിടര്‍ന്നു.
“മാസം നൂറ് തരും.പിന്നെ ചോറും,ചായേം,പാപ്പോം തരും.ആയമ്മ പാവാ.”
“ഞാന്‍ സഹായിക്കട്ടേ കഴുകാന്‍”
“വേണ്ട വേണ്ട നിങ്ങള് കഴിക്യാ മെനയാവൂല്ല”.ഞാന്‍ ചോദിച്ചതേ അവള്‍ക്കിഷ്ട്ടപ്പെട്ടില്ല.
“നീ എന്തൊക്കെ ചെയ്യും ആ വീട്ടില്‍.കേള്‍ക്കട്ടേ”ഞാന്‍ ഒരു റിപ്പോര്‍ട്ടിനുള്ള വക സമ്പാദിക്കാന്‍ ശ്രമം തുടങ്ങി.അവള്‍ ഉത്സാഹത്തോടെ പറയാന്‍ തുടങ്ങി..“മിറ്റമടികും.അതെനിക്ക് ഇഷ്ട്ടല്ല.നിറയേ പുളിയില ഉണ്ടാവും.അതു അടിക്കാന്‍ ഭയങ്കര പാടാ.വൃത്തിയായില്ലെങ്കില്‍ ആയമ്മ ചീത്ത പറയും.മിറ്റം മെനയായാലല്ലേ ലക്ഷ്മി കേറി വരൂ.പിന്നെ പെരക്കകം തൂക്കണം,തൊടക്കണം.വല്ല്യ വീടാ ആയമ്മേടെ.നല്ലോണം തോറ്റച്ചില്ലേല്‍ മെനകേടാ.അതാ കൊഴപ്പം.”
അവളില്‍ ഭാവങ്ങള്‍ മിന്നിമറയുന്നതും നോക്കി ഞാനിരുന്നു.
“പിന്നെ പാത്രം കഴ്കണം.ന്നിട്ട് പഴഞ്ചോറു തരും ആയമ്മ.ഉണ്ടിട്ട് ഞാന്‍ ഉസ്കൂളീപ്പോം.വൈന്നേരം വന്നാ തുണി കഴ്കും.വിരിച്ചിട്ട് ഞാന്‍ വീട്ടീ പോവും.പോണേനു മുന്നേ ആയമ്മ ചായേം പാപ്പോം തരും.”
ഈ ഏഴുവയസ്സുകാരിയോട് ഞാന്‍ എന്താണ് പറയുക??!
“മല്ലീ..ഞാന്‍ തരാം മാസം നിനക്ക് നൂറ് രൂപ.നീ ഈ പണി നിര്‍ത്തുമോ?”ഞാന്‍ ചോദിച്ചു.അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി.തുണിയുമെടുത്ത് ധൃതിയില്‍ കരയിലേക്ക് നടന്നു.പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ എത്ര സംസാരിച്ചിട്ടും അവള്‍ മിണ്ടിയില്ല.അവളുടെ ജോലി തട്ടിത്തെറിപ്പിക്കാന്‍ നോക്കി എന്നവള്‍ ഭയന്നിരിക്കാം.
ജോലിത്തിരക്കും,ഇടക്കിടെയുള്ള സ്ഥലം മാറ്റവും..മല്ലിയെ ഞാന്‍ മറന്നു.
ഇന്ന് ഇതാ എന്റെ മുന്നില്‍ ഈ മഴയില്‍ അവള്‍ വീണ്ടും.

മല്ലി.

ബാഗില്‍ നിന്നും ഒരു തുണി എടുത്ത് വരാന്തയില്‍ വിരിച്ച് അവള്‍ കിടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി
“മല്ലീ ഇവിടെ ഈ ഇരുട്ടില്‍ നീ സുരക്ഷിതയല്ല.വരൂ ഞാന്‍ നിന്നെ..”
മുഴുമിപ്പിക്കുന്നതിനു മുന്നേ..
“പറഞ്ഞു ഞാന്‍ മല്ലി അല്ല ഞാനെന്ന്” അത് ഒരു അലര്‍ച്ചയായിരുന്നു.
“അതെ.നീ മല്ലിയാണ്. മല്ലിക.നിന്റെ ശബ്ദം പോലും എന്നില്‍ ഇന്നും മുഴങ്ങുന്നു.നിന്നെ ഞാന്‍ ആദ്യം കാണുന്നത് ശോകനാശിനിയുടെ കരയില്‍.ഇന്ന്..ഈ കറുത്ത മഴയില്‍.!!പറ ..നീ എങ്ങിനെ ഇവിടെ എത്തി???”അധികാരത്തോടെ ഞാന്‍ ചോദിച്ചു.
“ഇതേ ചോദ്യം ഞാന്‍ തിരിച്ചു ചോദിച്ചാല്‍...??”ഇടിയുടെ ശബ്ദത്തേക്കാള്‍ ഉറപ്പുള്ളതായിരുന്നു അവളുടെ സ്വരം.
“ഞാന്‍..ഞാന്റെ ജോലിയുമായി..”
“ഞാനും”.ഞാന്‍ മുഴുമിപ്പിക്കുന്നതിനു മുന്നെ അവള്‍ പറഞ്ഞു.
“ശരി.എങ്കില്‍..ഇവിടെ ഈ ഇരുട്ടില്‍..തനിച്ച്..നിനക്കെന്താണ് ജോലി??”
“ഈ ചോദ്യവും എനിക്ക് നിങ്ങളോട് തിരിച്ചു ചോദിക്കാം”.
അവളില്‍ പഴയ ചിരി ഇല്ലാതായിരിക്കുന്നു.അവളുടെ കണ്ണുകളെ ഞാന്‍ ഭയപ്പെട്ടു.ആ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ വിറച്ചു.
“ഞാന്‍..ഞാനിവിടെ വന്നതും എന്റെ ജോലിയുടെ ഭാഗം തന്നെ.നീയാണ് മല്ലീ എന്റെ ലക്ഷ്യം.ഞാന്‍ വന്നത് നിന്നെ തേടിയാണ്”.
അവള്‍ ചിരിച്ചു.
“ഞാനിവിടെ നില്‍ക്കുന്നതും എന്റെ ജോലിയുടെ ഭാഗം തന്നെ.പക്ഷേ ഒരു വെത്യാസം.എന്റെ ലക്ഷ്യം നിങ്ങളല്ല.നിങ്ങള്‍ക്ക് ഒരു അച്ഛനോ,സഹോദരനോ,ഭര്‍ത്താവോ അല്ലെങ്കില്‍ മകനോ ഉണ്ടെങ്കില്‍..”
“മല്ലീ..”ഞാന്‍ അവളുടെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു.
“നിനക്കെന്ത് പറ്റി എന്നു ഞാന്‍ ചോദിക്കുന്നില്ല.പക്ഷേ...ഇനി നീ ഇരുട്ടില്‍ മുങ്ങിത്താഴരുത്.വരൂ എന്നോടൊപ്പം..”
അവള്‍ എന്റെ കൈകള്‍ അകത്തിമാറ്റി.
“എന്തിന്?? എങ്ങോട്ട്???? ഇരുട്ടില്‍ നിന്ന് രക്ഷപ്പെടാനോ??! എനിക്ക് രക്ഷപ്പെടേണ്ടത് ഇരുട്ടില്‍ നിന്നല്ല,വെളിച്ചത്തില്‍ നിന്നാണ്.രക്ഷിക്കാന്‍ നിങ്ങള്‍ക്കാവുമോ??”
അവള്‍ സംസാരിച്ചു ഒരു ഫിലോസഫറേപ്പോലെ.
“ എനിക്ക് രക്ഷപ്പെടാന്‍ ഒന്നേയുള്ളൂ മാര്‍ഗ്ഗം.....”
“പറയൂ മല്ലീ ,എന്താണ് ഞാന്‍ നിനക്ക് ചെയ്തു തരേണ്ടത്.പറയൂ..”ഞാന്‍ അവളോട് ചേര്‍ന്ന് നിന്ന് ചോദിച്ചു.എന്റെ ശബ്ദം ഇടറിയിരുന്നുവോ..
അവള്‍ ചിരിച്ചു..ഉറക്കെ ഉറക്കെ ചിരിച്ചു..ഇടിക്കും,മിന്നലിനും മീതെ അവളുടെ ചിരി മുഴങ്ങി.കടത്തിണ്ണയില്‍ നിന്ന് താഴേക്കിറങ്ങി അവള്‍ പറഞ്ഞു..
“ഇല്ല,നിങ്ങള്‍ക്കതിനാവില്ല..കാരണം നിങ്ങള്‍ വെളിച്ചമെന്തെന്നറിഞ്ഞിട്ടില്ല.”അവള്‍ നടന്നു..ആ മഴയിലേക്ക്........


“എത്ര നേരായി ഫോണ്‍ റിങ്ങ് ചെയ്യുന്നു.നീ എവിടാ?”നന്ദന്റെ ചോദ്യത്തിനുത്തരം പറയാതെ ഫോണ്‍ കട്ട് ചെയ്തു.
റോഡിലേക്കിറങ്ങി...കൈകള്‍ വിടര്‍ത്തി..കണ്ണൂകള്‍ അടച്ച്..മുഖം മേലോട്ടുയര്‍ത്തി..ആ മഴയില്‍ കുറച്ചുനേരം...

* * * * * * * * * * * * * *

Thursday, April 12, 2007

സന്ദര്‍ശനം.

"ഗുഡ് മോര്‍ണിങ് സാര്‍.."
ഉരുവിട്ടുപഠിച്ച മന്ത്രം പോലെ കുട്ടികള്‍ ഈണത്തില്‍ പറഞ്ഞു..പ്രത്യേകഭാവങ്ങളൊന്നുമില്ലാതെ.
"ഇരിക്കൂ മാഡം.."മുന്നിലെ കസേര ചൂണ്ടിക്കാണിച്ചു ലളിതാമാഡം.
ഏതോ സ്കൂളിലെ ക്ലാസ്സു മുറിയില്‍ എത്തിയതു പോലെ തോന്നി എനിക്ക്.കസേര പിറകോട്ട് വലിച്ചുമാറ്റി ഞാന്‍ കുട്ടികളിലേക്ക് ചേര്‍ന്നുനിന്നു.
"ഇത് വൈദേഹി മാഡം,നിങ്ങളൊടോപ്പം ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയതാണ്" ഒരു ഹെഡ്മിസ്ട്രസ്സിന്റെ ഭാവത്തില്‍ ലളിതാമാഡം പറഞ്ഞു.
"മനസ്സിലും,വായിലും കൊള്ളാത്ത മാഡം വിളി വേണ്ട,ചേച്ചി എന്ന് പരിചയപ്പെടുത്തിക്കൊള്ളൂ‍.."
പറഞ്ഞത് അവര്‍ക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല എന്ന് മുഖഭാവത്തില്‍ നിന്ന് മനസ്സിലായി.
‘ഇവര്‍ക്ക് ചേരുക ദുര്‍ഗ്ഗ എന്ന പേരാണ് ‘ഞാന്‍ മനസ്സില്‍ പറഞ്ഞു.
മുന്നില്‍ നിരനിരയായി എഴുന്നേറ്റ് നില്‍ക്കുന്ന കുഞ്ഞുങ്ങളെ നോക്കി.പല പ്രായക്കാര്‍..പല വേഷക്കാര്‍.
എല്ലാവരിലും കണ്ടു മടുത്ത ഒരു നാടകരംഗം കാണുന്ന നിസ്സംഗത.
തലമുടി രണ്ടായി പകുത്ത് ചുവന്ന റിബണ്‍ കൊണ്ട് രണ്ടു വശവും കെട്ടി..ഇളം ചുവപ്പു നിറത്തിലുള്ള ഉടുപ്പും ഇട്ട് നില്‍ക്കുന്ന അവളെ ചേര്‍ത്ത് നിര്‍ത്തി ഞാന്‍ ചോദിച്ചു.."എന്നെ അറിയുമോ??'
അവള്‍ ഒന്നും മിണ്ടിയില്ല..അവളുടെ ദേഹത്തുനിന്ന് അവള്‍ എന്റെ കൈ എടുത്തുമാറ്റി.
അവളിലുള്ള പിടി വിട്ട് ഞാന്‍ നിവര്‍ന്നുനിന്നു.
"ഞാന്‍ വൈദേഹി..നിങ്ങളുടെ കൂട്ടത്തില്‍ എന്നേയും ചേര്‍ക്കാമോ??" കുഞ്ഞുങ്ങളോട് ചോദിച്ചു.
"അപ്പൊ മാഡവും അനാഥയാണോ?"കൂട്ടത്തില്‍ നേതാവെന്നു തോന്നിച്ച ആ ചുരീദാറുകാരി തല ഉയര്‍ത്തി എനിക്കു നേരെ മറുചോദ്യമെറിഞ്ഞു.
'അനാഥ..!!'
എന്താണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കുക! എല്ലാവരും തനിച്ചാണെന്ന് ലോകതത്വം വിളമ്പി ഒരു വേദാന്തപ്രസംഗം നടത്തി ഈ കുഞ്ഞുമനസ്സുകളെ
ഇനിയും ഇരുട്ടിലാക്കണോ..വേണ്ട..അതെന്തായാലും വേണ്ട.
"മാഡം!!..അല്ല..ചേച്ചി.."
"ഞാന്‍.....നിങ്ങളേപ്പോലെയാണ്...നിങ്ങള്‍ എന്നേപ്പോലെയും"
എന്റെ മറുപടി അവരെ തൃപ്തരാക്കിയില്ലെന്നതു തീര്‍ച്ച.അവര്‍ സൈഡിലേക്കും,മുന്നോട്ടും,പിറകോട്ടും ഒക്കെ തിരിഞ്ഞ് പിറുപിറുക്കാന്‍ തുടങ്ങി.
"സൈലന്‍സ്...."ലളിതാമാഡം വലതുകൈ മേശപ്പുറത്ത് ശക്തിയായി കൊട്ടി.
കുട്ടികള്‍ പെട്ടെന്ന് നിശബ്ദരായി.
"മാഡം...ഞാന്‍ കുറച്ചു സമയം ഇവരോടൊപ്പം ഒറ്റക്കിരിക്കട്ടേ.."ഇഷ്ട്ടമാവില്ലെന്ന് ഉറപ്പായിരുന്നിട്ടും ഞാന്‍ അവരോട് ചോദിച്ചു.
ഈ സന്ദര്‍ശനം അവര്‍ അനുവദിച്ചതു തന്നെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ എന്ന ഒറ്റ കണ്‍സിഡറേഷനിലാണ്.ഇതും മനസ്സില്ലാമനസ്സോടെ അവര്‍ സമ്മതിച്ചു
"വൈദേഹീ..മാക്സിമം ഹാഫ് അന്‍ അവര്‍..അതില്‍ കൂടുതല്‍ പറ്റില്ല.ഇത് ഇവിടെ ഒരിക്കലും അനുവദിക്കത്ത കാര്യമാണ്.വസുധേച്ചീടെ മോളായതു കൊണ്ട് മാത്രാ.."അമ്മയുടെ പേരില്‍ വീണ്ടും കണ്‍സിഡറേഷന്‍.
"നിങ്ങളില്‍ ആരൊക്കെ പാടും??" ...
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.എനിക്കും അവര്‍ക്കും ഇടയില്‍ കിടന്ന ആ മേശയും കസേരയും ഞാന്‍ വലിച്ചു നീക്കി.
"ഹ..ഒന്നു സഹായിച്ചുകൂടേ....നിങ്ങക്ക്.."കുട്ടികള്‍ അടുത്തേക്കു വന്നു.കുറെ പേര്‍ കസേര വലിച്ചു പുറത്തിട്ടു.
"ചേച്ചി മാറിക്കോ..ഞങ്ങള്‍ ഇട്ടോളാം.."മേശയില്‍ പിടിക്കാന്‍ എത്തിയവര്‍ പറഞ്ഞു.
“ഇതൊക്കെ ഞങ്ങള്‍ സ്ഥിരം ചെയ്യുന്നതാ"
"ആഹാ..നല്ല ചുരീദാര്‍ ആണല്ലോ.."ഞാന്‍ നേതാവിന്റെ ഡ്രസ്സില്‍ പിടിച്ചു.
"ഹും...കഴിഞ്ഞ ഓണത്തിന് ആരോ കൊണ്ടുവന്നതാ..അവരുടെ മകളുടെ പഴയ ഉടുപ്പുകള്‍.അതില്‍ എനിക്ക് ചേരുന്നത് ഇതായിരുന്നു.ഈ എമ്പ്രോയിഡറി ഒക്കെ ഞാന്‍ പിടിപ്പിച്ചതാ.."അവള്‍ അഭിമാനത്തോടെ പറഞ്ഞു.
"ആഹാ..മിടുക്കീ..നന്നായി ചെയ്തല്ലൊ..അപ്പൊ ഇനി എനിക്ക് എമ്പ്രോയിഡറി ചെയ്യാന്‍ ഇങ്ങോട്ട് കൊണ്ടുവന്നാ മതിയല്ലോ..ആട്ടേ..എന്താ മോള്‍ടെ പേര്??"
"ചമ്പകം"
"നല്ല പേര്.. ചമ്പകപ്പൂ പോലെ നീയും സൌരഭ്യം പരത്തും.ചമ്പകം പഠിക്കുന്നുണ്ടോ എമ്പ്രോയിഡറി??"
"ഇല്ല"
ഞാന്‍ അത്ഭുതപ്പെട്ടു.."പഠിക്കാതെ ഇത്ര നന്നായി ചെയ്യുന്നോ..?പഠിക്കണം"
അവള്‍ ചിരിച്ചു.
"എന്റെ അമ്മ ചിലപ്പോള്‍ ഒരു നല്ല തയ്യല്‍ക്കാരി ആയിരുന്നിരിക്കും ചേച്ചീ.."
അവളുടെ വാക്കുകള്‍ എന്നെ ഒരു നിമിഷം നിശബ്ദയാക്കി.
"ചേച്ചീ...ഇവള്‍ റാണി..നന്നായി വരക്കും".ചമ്പകം 'കൂടപ്പിറപ്പുകളെ'ഒറൊരുത്തരെ ആയി പരിചയപ്പെടുത്താന്‍ തുടങ്ങി.
"മുന്നോട്ടു വാടീ...ഇവള്‍ സന്ധ്യ..ഭയങ്കര നാണക്കാരിയാ.."അവളുടെ നുണക്കുഴികളില്‍ തൊട്ട് ചമ്പകം പറഞ്ഞു."
"ചേച്ചീ..ഞാന്‍ ശാന്തി"മനോഹരമായി ചിരിച്ചു കൊണ്ട് ആ നീല ഉടുപ്പുകാരി മുന്നോട്ടു വന്നു.
"ഇവള്‍ ഇവിടത്തെ കലാതിലകമാ..പാട്ടും,ഡാന്‍സും എല്ലാത്തിനും ഫസ്റ്റാ"ചമ്പകത്തിന്റെ കമന്റ്.
തലമുടി ഇരുവശവും പകുത്ത് കെട്ടി ഇളം ചുവന്ന നിറത്തിലുള്ള ഉടുപ്പും ഇട്ട് നിന്ന അവളെ എടുത്ത് ചമ്പകം പറഞ്ഞു.
“ഇവളാ ചേച്ചീ ഞങ്ങളില്‍ ഏറ്റവും ഇളയത്.ചക്കരേന്നാ ഞങ്ങളൊക്കെ വിളിക്കുക.അടുത്ത മാസാ ഇവളുടെ പിറന്നാള്‍.അപ്പൊ കുഞ്ഞിപ്പെണ്ണിന് വയസ്സു മൂന്നാവും."
ചമ്പകത്തിന്റെ കയ്യില്‍ നിന്നും ചക്കരയെ ഞാന്‍ കോരിയെടുത്തു.
"ചക്കരയ്ക്ക് പാട്ട് പാടാന്‍ അറിയാമോ?"ഞാന്‍ ചോദിച്ചു.
അവള്‍ ഊര്‍ന്നിറങ്ങി.മുറിയുടെ നടുവില്‍ നിന്നു.ഉടുപ്പു നേരെയാക്കി.
"കുഞ്ഞേ..കുഞ്ഞേ ഉരരൂ നീ..
കുഞ്ഞിക്കണ്ണു തുരക്കൂ നീ.." കൊഞ്ജിക്കൊഞ്ജി അവള്‍ പാടി.
"അച്ച തന്നൊരുടുപ്പിറ്റ്..
അമ്മ തൊടീക്കും പൊറ്റിറ്റ്..
നയ്ചറി ക്കൂളില്‍ പോകേന്റേ..
കൂട്ടരുമൊത്തു കളിച്ചേന്റേ.."അവള്‍ കയ്യടിക്കായി കാതോര്‍ത്തു.
"മിടുക്കി...മിടുമിടുക്കി.."എല്ലാവരും കയ്യടിച്ചു.ഷാളു കൊണ്ട് ചമ്പകം കണ്ണുകള്‍ അമര്‍ത്തിത്തുടക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ അവരില്‍ ഒരാളാവുകയായിരുന്നു.
അവരുടെ ആട്ടവും,പാട്ടും,വരകളും...എന്നില്‍ നിറഞ്ഞു.
"ചേച്ചീ..ഈ കപ്പ ഒന്നു നിലമ്പൊത്താന്‍ പ്രാര്‍ത്ഥിക്കണേ.."മുറ്റത്തെ വലിയ കപ്പങ്ങാമരം ചൂണ്ടി ചമ്പകം.ഞാന്‍ നോക്കി..മുകളില്‍ വലിയ കപ്പങ്ങകള്‍.
"എന്നും ഇതു കൂട്ടി മടുത്തു..എന്നാ അതൊന്ന് പഴുക്കാന്‍ സമ്മതിക്ക്വോ..അതൂം ല്ല."
"കപ്പങ്ങ നല്ലതാ മോളേ.."ഞാന്‍ ആശ്വസിപ്പിക്കാന്‍ നോക്കി.
"അതെ,നല്ലതാ.അതു പോലെ നല്ലതു വേറെം പലതും ഉണ്ടെന്നേ ഞാന്‍പറഞ്ഞുള്ളൂ.."
എനിക്ക് ഉത്തരം മുട്ടി.
"ഒന്നു മിണ്ടാണ്ടിരിക്കുവോ..ഇനി ഈ കപ്പ മറിഞ്ഞിട്ടുവേണം പട്ടിണി ആവാന്‍".ശാന്തിയുടെ സ്വരത്തില്‍ നിരാശയും,സങ്കടവും,അമര്‍ഷവും എല്ലാമുണ്ടായിരുന്നു.
"ചേച്ചീ ഫോണ്‍.."അടിച്ചുകൊണ്ടിരുന്ന മൊബൈല്‍ എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.
രഘുവാണ്.
"നീയിറങ്ങിയോ??'രഘുവിന്റെ ചോദ്യം."
"ഇല്ല...എന്തേ..എന്തെങ്കിലും അത്യാവശ്യം?? മോള്‍ കരയുന്നുണ്ടോ??'
"ഇല്ല..അവള്‍ ഹാപ്പി.നീ വരുമ്പൊ മോള്‍ക്ക് സീരിയല്‍സ് വാങ്ങുന്ന കാര്യം ഒന്നോര്‍മിപ്പിക്കാന്‍ വിളിച്ചതാ"
എന്റെ കണ്ണുകള്‍ മുറ്റത്തെ കപ്പങ്ങകളില്‍ ഉടക്കി നിന്നു.
ഒന്നും പറയാതെ ഫോണ്‍ ഡിസ്കണക്റ്റ് ആക്കി.
രഘുവിനു എന്റെ മൂഡ് മനസ്സിലാവും..
"ചേച്ചിക്ക് മോളുണ്ടോ..??"ചമ്പകം അത്ഭുതപ്പെട്ടു.
"അപ്പൊ..ഞങ്ങളേപ്പോലാണെന്ന് പറഞ്ഞിട്ട്............"
"പിന്നെ നിങ്ങളേപ്പോലല്ലാതെ..എനിക്കെന്താ വെത്യാസം??"
"ചേച്ചിക്ക്..എല്ലരുമുണ്ട്..ഞങ്ങള്‍ക്കോ.??"അവള്‍ മുഖത്തുനോക്കാതെ ചോദിച്ചു.
"ചമ്പകത്തിന് ആരാ ഇല്ലത്തത്??ഇവിടെ ഉള്ളവരെല്ലാം നിന്റെ സ്വന്തമല്ലേ മോളേ.."
അവള്‍ ഒന്നും മിണ്ടിയില്ല..
"ചേച്ചീ..ഇഞ്ഞ് വന്നേ..ഞാന്‍ ഒരൂട്ടം കാനിച്ചുതരാം.."ചക്കരയാണ്.
എന്റെ കൈവിരലില്‍ പിടിച്ചു വലിച്ച് അവള്‍ മുന്നോട്ട് നടന്നു.
ആ കുട്ടയുടെ മുകളില്‍ വിരിച്ചിട്ടിരുന്ന ചാക്ക് പതുക്കെ ഉയര്‍ത്തി.ഉറങ്ങുകയായിരുന്ന തള്ളപ്പൂച്ച ഞെട്ടി ഉണര്‍ന്നു.
"ഞാനാടി കുരിഞ്ഞീ.."ചക്കര കൊഞ്ജി.
കണ്ണുകള്‍ ഇറുക്കിയടച്ച്..കുറിഞ്ഞിയുടെ കാലിനടിയിലൂടെ ഊളിയിട്ട് അവര്‍ മുല കുടിക്കാന്‍ തിടുക്കം കൂട്ടി.
വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള മൂന്നു സുന്ദരിക്കുട്ടികള്‍! കുറിഞ്ഞിയുടെ മക്കള്‍ !!!
കുറിഞ്ഞി ചെരിഞ്ഞു കിടന്ന് അവര്‍ക്ക് മുല കൊടുത്തു..
ഇടക്ക് അവരുടെ മേലാസകലം നക്കിത്തോര്‍ത്തി.
ഞാന്‍ അതു നോക്കി നിന്നു.
എന്റെ കയ്യിലെ പിടിവിടുവിച്ച് ചക്കര ചോദിച്ചു........
"എനിച്ചും ഒന്റാവും ഇതുപോലെ ഒരമ്മ ..അല്ലേ ചേച്ചീ....??????"

Wednesday, April 11, 2007

മണ്ണുപോലൊരു മനുഷ്യന്‍!!

ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍..ഈ ഫ്ലാറ്റിന്റെ അഞ്ജാം നിലയില്‍ മണ്ണീല്‍ തൊടാതെയുള്ള ജീവിതം.ഈ ജനാലക്കരികില്‍ എന്റേയും,അമ്മുവിന്റേയും പകലുകള്‍ കൊഴിഞ്ഞു വീഴുന്നു.പുറത്ത് തോരാതെ പെയ്ത മഞ്ഞു മുഴുവന്‍ ഉരുകിയിരിക്കുന്നു.പച്ചപ്പു തലനീട്ടി..മരങ്ങളില്‍ ചുവപ്പ് പടര്‍ന്ന്..കിളീകള്‍ കലപില കൂട്ടി...അങ്ങിനെയങ്ങിനെ നിസ്സംഗതയുടെ വസന്തകാലം പടിയിറങ്ങുന്നു.ഇനി പൂക്കളുടെ ..പൂമ്പാറ്റകളുടെ..കിളീകളുടെ വരവായ്.....പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ ഇങ്ങിനെ തൊട്ടറിയുന്നത് ഇതാദ്യം..പക്ഷേ ഇപ്പോള്‍ എന്റെ നാട് നിറയെ കൊന്നപ്പൂക്കളും,വെള്ളീരിക്കകളും എല്ലാമായി കണീവെക്കാന്‍ ഒരുങ്ങുന്നത് ഓര്‍ക്കുമ്പോള്‍ ഈ വസന്തം ഉപേക്ഷിച്ച് അങ്ങൊട്ട് ഓടിയെത്താന്‍ തോന്നുന്നു..അമ്മയുടെയും,അച്ഛന്റേയും വാക്കുകളിലാണ് ഇപ്പൊള്‍ എനിക്ക് എന്റെ നാട്,പിന്നെ ഒരിക്കലും നിറം മങ്ങാത്ത എന്റെ ഓര്‍മകളിലും.വീട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ മണിക്കൂറുകള്‍ നീളുമ്പോള്‍..ഞാന്‍ അനുഭവിക്കുന്നത് എന്റെ നാടിനെ തന്നെ.അമ്മക്ക് പറയാന്‍ നൂറായിരം വിശേഷങ്ങളാണ്.കുഞ്ജു വീട്ടിലെല്ലാവരോടും പിണങ്ങി നടപ്പ് മതിലിലൂടെ മാത്രമാക്കിയതും,കയ്യെത്തിപറക്കാവുന്നത്ര ഉയരതില്‍ ആഞ്ഞിലിപ്പഴങ്ങള്‍ ചുവക്കുന്നതും,എല്ലാവരുടേയും പൊന്നോമനയായ കറിവേപ്പ് കാറ്റത്ത് മറിഞ്ഞതും...അങ്ങിനെയങ്ങിനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങള്‍..!ഇന്ന് അമ്മ പറയുകയായിരുന്നു,അടുക്കളപ്പുറത്തെ ആ കൊച്ചുമാവു നിറയെ കണ്ണിമാങ്ങകളാണെന്ന്.ആദ്യമായത് പൂക്കുന്നു,കായ്ക്കുന്നു..അമ്മക്ക് സങ്കടം പൂങ്കുല തല്ലാന്‍,കണ്ണിമാങ്ങ പൊട്ടിക്കാന്‍ അമ്മു അവിടെ ഇല്ലാത്തതിലാണ്.എനിക്ക്.....ആ കണ്ണിമാങ്ങകള്‍ കാണാന്‍ ‘ഊറായി’ഇല്ലാത്തതിലും.കാരണം ആ മാവ് അവിടെ നടുമ്പോള്‍ ഊറായി പറഞ്ഞിരുന്നു..‘ഇതില്‍ കയ്യെത്തിപറക്കാവുന്ന ഉയരത്തില്‍ മാങ്ങകള്‍ നിറയും..അതു പറിക്കാന്‍ ഈ വീട് നിറയെ കുഞ്ഞുങ്ങളും’എന്ന്.

എന്റെ വീടിന്റെ ചരിത്രം തന്നെ ഊറായിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.എന്റെ ഓര്‍മകളില്‍ ഊറായി ഇല്ലാത്ത ഒരു കാലം ഇല്ല..കാപ്പിപ്പൂക്കളുടെ മണമുള്ള,എന്നമ്മയുടെ വീടീന്റെ താഴത്തെ തൊടിയിലും..തുടുത്ത മഞ്ഞ നിറമുള്ള കശുമാമ്പഴങ്ങള്‍ നിറഞ്ഞ മുകളിലെ തൊടിയിലും..വിളഞ്ഞുകിടക്കുന്ന ചെറുപയറുകള്‍ക്കുള്ളിലും..അങ്ങിനെ എവിടെ നോക്കിയാലും ഊറായിയെ കാണാം..ഒരു കൈലിമുണ്ട് ഉടുത്ത്..കയ്യില്‍ ഒരു മണ്‍വെട്ടിയുമായി !കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ കാറ്റില്‍ പറത്തി..കിണറ്റിന്‍ കരയിലേക്ക് ഊറായി നടക്കുമ്പോള്‍..ഞാനും പിറകേ കൂടും.കിണറ്റിന്‍ കരയില്‍ ,പാള ചെരിച്ചുവെച്ച് വെള്ളം കൈക്കുമ്പിളില്‍ ആക്കി ഊറ്റിക്കുടിക്കാന്‍ എനിക്കിഷ്ട്ടമാണ്,അന്നും,ഇന്നും.പിന്നെ ഇറയത്തിരുന്ന് കഞ്ഞി..ഊറായിക്ക് ഏറെ ഇഷ്ട്ടം പുഴുക്കും,അച്ചാറും ആണ്..ഊറായിക്ക് കൊടുക്കുന്ന കഞ്ഞിയില്‍ ഒരു പങ്ക് എനിക്കുള്ളതാണ്.പുഴുക്കും,അച്ചാറും കൂട്ടിക്കുഴച്ച് ഊറായി വാരി തരുന്ന ആ കഞ്ഞിയില്‍..മുന്നില്‍ നില്‍ക്കുക മണ്ണിന്റെ രുചിയാണ്.അന്നാണ് ഞാന്‍ ആദ്യമായി മണ്ണിന്റെ സ്വാദ് അറിയുന്നത്..അമ്മയും,എന്നമ്മയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോളെല്ലാം ഞാന്‍ കൂടുതല്‍പറ്റിച്ചേരും ഊറായിയോട്.താഴത്തെ പാടം വിളഞ്ഞാല്‍ ഏറെ സന്തോഷം എനിക്കാണ്.കൊയ്യാന്‍ ഊറായി എന്നേയും കൂടെ കൂട്ടും.‘പുള്ളയും ബരട്ടേന്നേ ‘ഊറായി അച്ഛനോട് അനുവാദം വാങ്ങും.ഊറായി പറഞ്ഞാല്‍ പിന്നെ അച്ഛന്എതിര്‍വാക്കില്ല.അച്ഛന്‍ പറയും”ഈ മണ്ണിന് ഞാനുംഊറായിയും ഒരുപോലെ അവകാശികള്‍”ആ മണ്ണിലെ ഓരോ പുല്‍ക്കൊടിയും അച്ഛനേയും,ഊറായിയേയും തിരിച്ചറിയും..അത്രക്ക് ബന്ധമാണ് മണ്ണുമായി അവര്‍ക്ക്!കൊയ്ത്തുപാട്ടിന്റെ..ഈണം ഞാന്‍ ആദ്യം കേള്‍ക്കുന്നത് മണ്ണിന്റെ മണമുള്ള എന്റെ ഊറായിയില്‍ നിന്ന്..ഞാറു നടുന്ന താളം ഞാന്‍ അറിയുന്നത് ...മണ്ണുപോലുള്ള ഈ മനുഷ്യനില്‍ നിന്ന്..അങ്ങിനെയങ്ങിനെ ഞാന്‍ എന്റെ മണ്ണിനെ തന്നെ തിരിച്ചറിയുകയായിരുന്നു..ഊറായി ഇടക്കിടെ എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോകും..അവിടെ പാത്തുമ്മയുണ്ട്,ഊറായിയുടെ മക്കള്‍ഉണ്ട്..പാത്തുമ്മ ഞാന്‍ ചെല്ലുന്നത് കണ്ടാല്‍..ഉടനേ അവല്‍ കുഴക്കാന്‍ തുടങ്ങും..തേങ്ങയും,ശര്‍ക്കരയും അവലില്‍ ചേര്‍ത്ത് പീച്ചിക്കുഴച്ച് ..വെളുത്ത നിറമുള്ള അവരുടെ ഏറ്റവും പ്രിയപ്പെട്ട ‘പിഞ്ഞാണത്തില്‍’എനിക്ക് തരും.ആ അവലിന്റെ സ്വാദ് അമ്മയോട് വിശദീകരിക്കുമ്പോള്‍ അമ്മ പറയും“അതില്‍ അവരുടെ സ്നേഹം കൂടി ചേര്‍ക്കുന്നതു കൊണ്ടാണ് ഇത്രയും സ്വാദ് അതിന്”എന്ന്.അതു കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്..അതെങ്ങിനെ..സ്നേഹം ചേര്‍ത്തു കുഴക്കുക??!ഇന്നു ഞാന്‍ മനസ്സിലാക്കുന്നു..തിരിച്ചറിയുന്നു..സ്നേഹം ചേര്‍ത്തു കുഴക്കുന്നതെങ്ങിനെ എന്ന്.കല്യാണം കഴിഞ്ഞ് ഏട്ടനോടൊപ്പം ഞാന്‍ അവിടെ ചെന്നപ്പോള്‍ ഏട്ടനും അറിഞ്ഞു ആ സ്നേഹത്തിന്റെ രുചി.

പിന്നീട് പ്രവാസജീവിതത്തിനിടയിലെ അവധിക്കാലങ്ങളില്‍ നാട്ടില്‍ ചെല്ലുമ്പോളൊക്കെ ഊറായി ഞങ്ങളെ തേടി വന്നുകൊണ്ടിരുന്നു..പ്രായത്തിന്റെ അസ്വസ്ഥതകളോടൊപ്പം,പാരമ്പര്യമായി കിട്ടിയ മറവി രോഗവും.എങ്കിലും എന്നും ഊറായി എന്നെ തിരിച്ചറിഞ്ഞു.ഒരിക്കല്‍ വഴിയില്‍ വെച്ചു കണ്ട് വാതോരാതെ സംസാരിച്ചപ്പോള്‍ എനിക്കൊരു സംശയം..”ഞാന്‍ ആരെന്ന് ഊറായിക്ക് മനസ്സിലായൊ?”ഞാന്‍ ചോദിച്ചു.കുറച്ചുനേരം മിണ്ടാതിരുന്നു ഊറായി..നിലത്തേക്ക് നോക്കി.മുഖമുയര്‍ത്തി എന്നെ നോക്കിയപ്പോള്‍..ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.”പുള്ളേ എനിക്ക് മനസ്സിലാവില്ലാ‍ാന്ന് തൊന്നിയല്ലോ..”ഊറായിയുടെ സ്നേഹത്തിനു മുന്നില്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നു.അന്ന് എന്നമ്മ പറഞ്ഞു ഊറായി എന്നമ്മയേയോ..അടുത്തുള്ളവരേയോ..ആരേയും തിരിച്ചറിയുന്നില്ല എന്ന്.

പിന്നീടെപ്പോഴോ നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞു..റോഡു മുറിച്ചുകടന്നപ്പോള്‍ ഒരു ലോറി ഊറായിയെ തട്ടിയിട്ട് കാലിനു ഒടിവു പറ്റി എന്ന്.ഞങ്ങള്‍ ഊറായിയെ കാണാന്‍ ആ വീട്ടിലെത്തി.
അവിടെ..ആ കട്ടിലിനോട് ചേര്‍ന്നിരുന്ന് ഞാന്‍ പതുക്കെ വിളിച്ചു..”ഊറായീ..”
കണ്ണൂതുറന്നു ഊറായി.
“എന്നെ പോലും മനസ്സിലാവണില്ല മോളേ..”പാത്തുമ്മ പറഞ്ഞു.
എന്നെ സൂക്ഷിച്ചു നോക്കി..എന്നിട്ട് പുറം തിരിഞ്ഞ് കിടക്കാന്‍ ശ്രമിച്ചു .
“ആരാ ഇതെന്ന് മനസ്സിലായോ..”പാത്തുമ്മ ചോദിച്ചു..
മറുപടി ഒരു വലിയ നിലവിളി ആയിരുന്നു..കുഞ്ഞുങ്ങളേപ്പോലെ ഉച്ചത്തില്‍ അലറി കരഞ്ഞു ഊറായി.
ഓര്‍മയുടെ ഒരു തരിമ്പു പോലും അവശേഷിക്കാതെ ഉറക്കെ നിലവിളിക്കുന്ന ഊറായിക്കുമുന്നില്‍,ചോറുരുളക്കു വാശി പിടിക്കുന്ന ആ പഴയ കുട്ടിയായി നില്‍ക്കാന്‍ ആയെങ്കില്‍ എന്ന് ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി.
മനസ്സില്‍ അണപൊട്ടിയതൊക്കെയും കണ്ണില്‍ ഊറിക്കൂടുന്ന ഒരു ചെറുനനവായ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഞാന്‍ അന്നവിടെ പാടുപെട്ടു.അവിടെ നിന്നിറങ്ങുമ്പോളും ഉച്ചത്തില്‍ ഊറായിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.

ഇന്‍ഡോറില്‍ തണുപ്പ് തുടങ്ങിയ സമയം..നവംബറിന്റെ ആദ്യദിനങ്ങള്‍.അമ്മയുടെ ഫോണ്‍ ഊറായിയുടെ വേര്‍പാട് വിളിച്ചറിയിച്ചു..ഇന്നും ഊറായി ജീവിക്കുന്നു..ഞങ്ങളുടെ മനസ്സില്‍...ഞങ്ങളുടെ മണ്ണില്‍!!!!!!

ഞങ്ങളുടെ സ്വന്തം ഉണ്ണിക്കുട്ടി..

"ശാന്തക്ക് പേറ്റുനോവ് തുടങ്ങി" പറയുമ്പോള്‍ അമ്മമ്മ കിതക്കുന്നുണ്ടായിരുന്നു."എന്റെ കൃഷ്ണാ..ഇന്നോ..ഇതു പത്തു പന്ത്രണ്ട് ദിവസം നേരത്തേ ആണല്ലോ!" കേട്ടതും അമ്മ പരിഭ്രമത്തിലായി.അച്ചന്‍ ഷര്‍ട്ടിട്ടെടുത്തിട്ടു.ഇനിയിപ്പൊ ഏതു നിമിഷം വേണമെങ്കിലും ഡോക്ടറെ വിളിക്കാന്‍ പോകേണ്ടതാണ്.അടുക്കളപ്പടി ചാടിയിറങ്ങി അവര്‍ ഓടി ,ശാന്തയുടെ അടുത്തേക്ക്.കൂടെ ഞാനും,എന്റെ ഉടുപ്പില്‍ തൂങ്ങി അനിയത്തിയും.
"നീ എങ്ങോട്ടാ..അവിടിരി.പ്രസവം കഴിഞ്ഞ് ഞങ്ങള്‍ കൊണ്ടോയി കാണിക്കാം"പോകുന്ന പോക്കില്‍ അമ്മ വിളിച്ചു പറഞ്ഞു.
"ഞാനും വരട്ടമ്മേ..എനിക്ക് ശാന്തയുടെ കുട്ടിയെ കാണണം" ഞാന്‍ ചിണുങ്ങി.
'അവിടിരിക്കാനാ പറഞ്ഞെ"അമ്മയുടെ ശബ്ദം കനത്തു.മുഖം വീര്‍പ്പിച്ച്,അനീത്തിയേം തൂക്കി ഞാന്‍ അകത്ത് ചെന്നിരുന്നു.
എങ്ങിനെ ഇരുപ്പുറക്കും!! ഇന്നലെ കൂടി സ്വപ്നം കണ്ടതാ ശാന്തയുടെ മോളെ..അതെ,മോളാ..എനിക്കുറപ്പാണ്.പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ സത്യമായിരിക്കും.
അത് ആരോടൂം പറഞ്ഞില്ലെങ്കില്‍ ഉറപ്പായും സത്യമാകും.മിനിമോളെ തങ്കമ്മ ടീച്ചര്‍ തല്ലി എന്ന് അവള്‍ പുലര്‍ച്ചെയാ സ്വപ്നം കണ്ടത്.അവളാണങ്കി അത് എന്നോട് പറയാനും മറന്നു.ഹൊ..പാവം ..പിറ്റേന്ന് വര്‍ത്താനം പറഞ്ഞതിന് എത്ര തല്ലാണ് അവള്‍ക്ക് തങ്കമ്മടീച്ചറിന്റെ കയ്യില്‍ നിന്നും കിട്ടിയത്!!അതുകൊണ്ട് ശാന്തയുടെ മോളുടെ കാര്യം ഞാന്‍ അമ്മയോടു പോലും പറയാതെ രഹസ്യമാക്കി വെച്ചിരിക്കുകയാ.വയ്യ..ഈ കാത്തിരുപ്പ്..അമ്മയുടെ വഴക്ക് കേള്‍ക്കാന്‍ തയ്യാറായി തന്നെ ഞങ്ങളും ശാന്തയുടെ അടുത്തേക്ക് നടന്നു.
ശാന്ത..കിടക്കുകയാണ്,ഇടക്ക് ചാടി എഴുന്നേല്‍ക്കുന്നു.സൃഷ്ടിയുടെ വേദന അവളുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍ തിര്‍ത്തിരിക്കുന്നു.
"അയ്യോ...കാലാണല്ലോ വരുന്നത്"..."അമ്മേ ഇനി എന്താ ചെയ്ക..??"അമ്മ തുടങ്ങി പതിവു കരച്ചില്‍.
പത്തുപന്ത്രണ്ടു പ്രസവം നടന്ന വീടാ ഇത്.എല്ലാ പ്രസവത്തിനും അമ്മ ഇതുപോലെ തന്നെ.ഒടുവില്‍ അച്ചന്‍ ഡോക്ടറെ കൊണ്ടുവരാന്‍ ഓടും.അമ്മ അതിനുള്ളില്‍ അടുത്തുള്ള സകല അമ്പലങ്ങളിലേക്കും നേര്‍ച്ചകള്‍ നേരും.അച്ചന്‍ ഡോക്ടറെ വിളിച്ചുവരുമ്പോളേക്കും കുട്ടി തൂള്ളിച്ചാടി നടക്കുന്നുമുണ്ടാവും.ഇതു കഴിഞ്ഞപന്ത്രണ്ട്
പ്രസവങ്ങളിലും മുറ തെറ്റാതെ നടക്കുന്നു.
"അയ്യയ്യോ ..എന്റെ കൃഷ്നാ തള്ളേം,പിള്ളേം കുഴപ്പോന്നുല്ലതെ കിട്ടിയാ ക്ടാവിനെ നിനക്ക് തന്നേക്കാമേ.."
അമ്മ പതിവു നേര്‍ച്ച നടത്തി.കഴിഞ്ഞ പന്ത്രണ്ട് തവണ ഉണ്ടായ പശുക്കുട്ടികളും കള്ളക്കൃഷ്ണന്‍ തന്നെയാണ് കൊണ്ടുപോയത്.
"അമ്മ ഒന്നു മിണ്ടാതിരിക്കാമോ..അവള്‍ക്കിത്തിരി മനസ്സമാധാനം കൊടുക്ക്".മനസ്സില്‍ വന്ന ദേഷ്യം ഞാന്‍ പുറത്തേക്കെടുത്തിട്ടു.
അച്ചന്‍ ഓട്ടോറിക്ഷയും വിളിച്ച് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
സമയം കടന്നുപോയി..
അതാ...തിളങ്ങുന്ന കറുപ്പുനിറത്തില്‍...അവള്‍ വരുന്നു..
ഞങ്ങളില്‍ ഒരാളാവാന്‍.
അതെ..എന്റെ സ്വപ്നം സത്യമായിരിക്കുന്നു..ശാന്തക്ക് മോളാണ്.
അവളുടെ കുഞ്ഞിക്കുളമ്പുകള്‍ ശാന്ത കടിച്ചു..അതു കാണുമ്പോള്‍ എനിക്ക് പേടിയാണ്.
അമ്മ പറയും കുളമ്പു കടിച്ചു പാകപ്പെടുത്തിയാലേ കുട്ടിക്ക് നടക്കാനാവൂ എന്ന്.
അതാ..അവള്‍..ആ കുഞ്ഞിപ്പെണ്ണ് ..പിച്ച വെക്കാന്‍ തുടങ്ങി.
അയ്യോ..അതാ..ഉരുണ്ടു വീഴുന്നു.ശാന്ത അവളെ നക്കിത്തോര്‍ത്തുകയാണ്.അമ്മ ശാന്തക്ക് പരുത്തിക്കുരു ഇട്ടു വേവിച്ച കഞ്ഞി തയ്യാറാക്കി.അവള്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
കുഞ്ഞിപ്പെണ്ണിനു ഞങ്ങള്‍ പേരിട്ടു...ഉണ്ണിക്കുട്ടി!!
എല്ലാവരുടേയും പൊന്നോമനയായി..ഞങ്ങളില്‍ ഒരാളായി അവള്‍ ഓടിനടന്നു.
തല കുലുക്കി മുളക്കാത്ത കൊമ്പുകള്‍ കൊണ്ട് കുത്തി ഞങ്ങളൈ ഇക്കിളിപ്പെടുത്തി. കെട്ടുപാടുകളില്ലാതെ സ്വതന്ത്രയായി അവള്‍ എങ്ങും തുള്ളിച്ചാടി.ഇടക്ക് ഞാന്‍ അവളോട് പറയും.."ഉണ്ണിക്കുട്ടീ...നിനക്കെന്തു സുഖാ..പഠിക്കണ്ട..പരീക്ഷ എഴുതണ്ട.."ഞാന്‍ പരിഭവിച്ചാല്‍ തലയിളക്കി കുത്തി അവള്‍ എന്നെ ഇക്കിളിയാക്കും.
അവള്‍ക്ക് രണ്ട് വയസ്സുതികഞ്ഞു.അവള്‍ കൃഷ്നനുള്ളതാണെന്ന് ഇടക്കിടെ അമ്മ ഓര്‍മപ്പെടുത്തി.
ഒടുവില്‍..ആ ദിനം വന്നെത്തി..
അവളെ അമ്പലത്തിലേക്ക് കൊണ്ടുപോകണം,അവിടെ വെച്ച് അവളെ ലേലം ചെയ്യും.ഏറ്റവും കൂടുതല്‍ ലേലസംഖ്യ പറയുന്നയാള്‍ക്ക് അവള്‍ സ്വന്തം.ലേലസംഖ്യ കൃഷ്ണനും.അതാണ് പതിവ്.
അവളുടെ എണ്ണക്കറുപ്പിലും,പ്രകൃതത്തിലും നോട്ടമിട്ട് ചിലര്‍ അവളെ സ്വന്തമാക്കാന്‍ തയ്യാറായി എത്തിയിട്ടുമുണ്ട്.
എന്റെ നെഞ്ജിടിപ്പു കൂടി.ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.ഉണ്ണിക്കുട്ടി കാര്യമൊന്നുമറിയാതെ കുളിച്ച് സുന്ദരിയായി...വീട്ടില്‍ നിന്നിറങ്ങി.ഞങ്ങളോട് പറ്റിച്ചേര്‍ന്ന് അവള്‍ റോഡിലൂടെ നടന്നു.
അമ്പലത്തിലെ ബഹളത്തിനിടയിലും അവള്‍ എന്റെ കാലില്‍ മുഖമുരുമ്മി അങ്ങിനെ നിന്നു.
സന്ധ്യാപൂജ കഴിഞ്ഞു.ഇനി ലേലം വിളിയാണ്.
ഉണ്ണിക്കുട്ടിയുടെ കഴുത്തില്‍ പൂജാരി ചെത്തിയും,തുളസിയും ചേര്‍ത്തുകെട്ടിയ മാല ഇട്ടു.നെറ്റിയില്‍ ചന്ദനം തൊടുവിച്ചു.
അവളെ കയര്‍ അഴിച്ച് കൃഷ്ണന്റെ നടക്കു നേരേ നിര്‍ത്തി.
ഞാന്‍ ഇതെല്ലാം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നു.അവള്‍ തൂണിനിടയിലൂടെ മുഖമൂയര്‍ത്തി നോക്കി.എന്നെ കണ്ടതും തലകുലുക്കി തുള്ളിച്ചാടി എന്റെ അടുത്തേക്ക് ഓടിവന്നു.ഒടുവില്‍ കഴുത്തില്‍ കയറിട്ട് പൂജാരി അവളെ ആ തൂണില്‍ ചേര്‍ത്തുകെട്ടി.
ലേലം വിളി തുടങ്ങി..
അഞ്ഞൂറ്..
ആയിരം..
ആയിരത്തി ഒരുന്നൂര്..
സംഖ്യകള്‍ മേലോട്ട് കേറുകയാണ്.
മേലാസകലം തണുപ്പു പടരുന്നതുപോലെ..വയ്യ..ഇത് കാണാന്‍ എനിക്കു വയ്യ..
അറിയാതെ കൈകള്‍ കൂപ്പി കണ്ണുകളടച്ച് ഞാന്‍ അന്നാദ്യമായി മനസ്സുരുകി കൃഷ്ണനെ വിളിച്ചു.
"കൃഷ്ണാ...എന്റെ ഉണ്ണിക്കൂട്ടിയെ നീ തിരിച്ചു തന്നേക്കണേ..."
കണ്ണുകള്‍ നിറഞ്ഞൊഴുകി..

ആയിരത്തി അഞ്ഞൂറ്...

ലേലം വിളികള്‍ ഒരു നിമിഷം നിന്നു.
ഞാന്‍ കണ്ണുതുറന്നു.എനിക്ക് മുന്നില്‍ ലേലം വിളികള്‍ നിര്‍ത്തി അവര്‍!!!
എന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായിപ്പോയി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.നിയന്ത്രിക്കാനാവതെ അവിടെ ഞാന്‍ പൊട്ടിക്കരഞ്ഞു.

രണ്ടായിരം................

പിന്നെ ഞാന്‍ കേട്ടത് അച്ഛന്റെ ശബ്ദമാണ്..

രണ്ടായിരം...

ഒരു തരം...
രണ്ടു തരം..
മൂ‍ന്നു തരം!!!
ലേലം ഉറപ്പിച്ചു.

കഴുത്തിലെ കെട്ടഴിച്ചതും ഉണ്ണിക്കുട്ടി ഓടിയെത്തി..എന്റെ കാലില്‍ മുട്ടിയുരുമ്മി നിന്നു.
നെറ്റിയില്‍ തലോടി ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു.....
അപ്പോള്‍ അവളുടെ നെഞ്ജിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.

എന്റെ ഗ്രാമം..!!

കൊല്ലപരീക്ഷ കഴിഞ്ഞു സ്കൂള്‍ പൂട്ടിയാല്‍ പിന്നെ എനിക്കു തിരക്കാണ്..ഓടി വീട്ടിലെത്തി അത്യാവശ്യം ഉടുപ്പുകളൊക്കെ കവറിലാക്കും .പിന്നെ മാമന്റെ വരവിനുള്ള കാത്തിരിപ്പാണു.മണി അഞ്ജ് അടിക്കുമ്പോളേക്കും മാമന്‍ പറന്നെത്തും .അപ്പോളേക്കും മാമന്‍ടെ സൈക്കിളിനു മുന്നില്‍ ഒരു സീറ്റും ,കാലു വെക്കാന്‍ പടിയും സംഘടിപ്പിച്ചിട്ടുണ്ടാകും. കവര്‍ ഹാന്‍ഡിലില്‍ തൂക്കി ഞാന്‍ റെഡിയാവും ..അപ്പോളതാ ദാ വരുന്നു അച്ഛന്റെ നിയമാവലി!! .1) വൃത്തിയും ,മെനയുമായി നടന്നോളണം 2)അടുത്ത വീടുകളില്‍ തെണ്ടി നടക്കാന്‍ പാടില്ല...അങ്ങിനെ നീളുന്ന നിയമസംഹിത ഒപ്പു വെച്ച് ഞാന്‍ കയറുകയായി മാമന്റെ സന്തതസഹചാരിയുടെ പുറത്ത്.ശ് ശ് ശ്ശൂ.....ന്നു ഉന്തി അതിന്റെ പുറത്തേക്കു മാമന്‍ കയറുമ്പോള്‍...തുടങ്ങുന്നു എന്റെ ഗ്രാമത്തിലൂടെയുള്ള യാത്ര!!!വര്‍ഷങ്ങള്‍ക്കു ശേഷം ..സീറ്റ് ബെല്‍റ്റും ഇട്ട് ആദ്യമായിപറക്കുമ്പോള്‍ ഞാന്‍ മാമന്റെ ആ ശ്ശൂ യാത്രയിലേക്കു തിരിച്ചു പോവുകയായിരുന്നു. "ആഞ്ഞു ചവിട്ടി വിട് മാമാ..."എന്റെ കല്‍പ്പനകള്‍ തുടങ്ങുകയായി. വീട്ടില്‍ നിന്നു കഷ്ട്ടി ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ തറവാട്ടിലേക്ക്.എന്നാലും ഞങ്ങള്‍ അവിടെ എത്താന്‍ മിനിമം രണ്ടുമണിക്കൂറെങ്കിലും പിടിക്കും .അക്കഡേറ്റിന്‍ടെ മുകളിലൂടെയാണു യാത്ര.എനിക്ക് അവിടെ പേടിയാണു..ഒന്നല്ല,രണ്‍ടു ജീവനാ അവിടെ ഒഴുകിപ്പോയത്! കല്ലു പറയുന്നതു രാത്രി അവര്‍ അവിടെ നീന്താന്‍ വരാറുണ്‍ടെന്നാ.കല്ലു സത്യമെ പറയൂ,അവളുടെ വീട്ടില്‍ കാളീസേവ ഉള്ളതാ.ഇതൊക്കെയാണങ്കിലും അക്കഡേറ്റിന്‍ മുകളില്‍ നിന്നു താഴെക്കു നോക്കാന്‍ നല്ല രസമാ.തീപ്പട്ടിക്കൂടു പൊലെ വീടുകള്‍..നിറയെ വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍..ഏതോ ചിത്രം കാണുന്ന പ്രതീതി!!അവിടെന്നു ലെഫ്റ്റ്...പാതളപറമ്പ്..!ചെറിയ ഊടുവഴികളിലൂടെയുള്ള സൈക്കിള്‍ യാത്ര എന്തു രസമാണെന്നൊ !! വളഞ്ഞും,തിരിഞ്ഞും,ചാടിയും ഓടിയും അങ്ങിനെ നീങ്ങും ഞങ്ങള്‍-ഞാനും,മാമനും പിന്നെ മാമന്റെ പുന്നാരസൈക്കിളും.പാക്കരന്‍ ചേട്ടന്‍ടെ കടക്കുമുന്നില്‍ ഞങ്ങളുടെ വാഹനം നില്‍ക്കുന്നു."ചേട്ടാ,തേന്‍മിട്ടായി.".അമ്പതു പൈസക്കു പത്തെണ്ണമാണ്.കമര്‍ക്കെട്ടും,തേന്മിട്ടായിയും ആണ് പാക്കരന്‍ ചേട്ടന്റെ കടയിലെ സ്പെഷ്യല്‍ ഐറ്റംസ്.അഛനാണങ്കി തേന്‍ മിട്ടായി വാങ്ങില്ല.കോഫീ ബൈറ്റ് ആണു അഛന്‍സ്പെഷല്‍."ഊറായീടെ വീട്ടീന്ന് ആരാണ്ടു നൊക്കണു..നമുക്കു ഒന്നു കേറാം മാമാ.."അഛന്റെ നിയമം വഴിയിലേ തെറ്റിക്കുന്നു.മാമന്റെ ഓര്‍മപ്പെടുത്തല്‍!!പക്ഷേ പാത്തുമ്മ കുഴച്ചുണ്‍ടാക്കുന്ന അവലിന്‍ടെ സ്വാദ് അഛന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തും.അവലിനേക്കള്‍ സ്വാദ് അവരുടെ സ്നേഹത്തിനായിരുന്നു..എന്നും !പള്ളിയിലെ പ്രാര്‍ഥന കേള്‍ക്കുമ്പോളാണ് സമയത്തെക്കുറിച്ച് ഓര്‍മവരിക.എന്നമ്മ കാത്തിരുന്നു മടുത്തിരിക്കും ,ഉരലില്‍ അരിയും ശര്‍ക്കരയും ചേര്‍ത്തിടിചു തേങ്ങായും തിരുമ്മി എനിക്കേറ്റവും പ്രിയപ്പെട്ട പലഹാരം ഉണ്‍ടാക്കി...എന്നമ്മ-അങ്ങിനെയാണ് അമ്മയുടെ അമ്മയെ ഞാന്‍ വിളിക്കുക.ചെറുപ്പത്തില്‍ മാമന്‍മാരോട് ഗുസ്തി പിടിച്ച് എന്റെ അമ്മയാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ വിളി എന്റെയമ്മ എന്നാക്കി എന്നും,അതു പിന്നെ ലോപിച്ച് എന്നമ്മ എന്നായി എന്നും പഴങ്കഥ. വീടിനടുത്തുള്ള തൊടിയില്‍ എത്തുമ്പോളേക്കും കാപ്പിപൂക്കളുടെ മണം മൂക്കില്‍ തുളച്ചുകയറും.....താഴത്തെ തൊടിയിലെ കാപ്പിചെടികള്‍ നിറയെ പൂത്തിരിക്കും .അത്രയും മണമുള്ള മറ്റൊരു പൂവ് എനിക്കറിയില്ല.തുളച്ചുകയറുന്ന ആ മണം ആവുന്നത്ര ആവാഹിച്ച് ഞാന്‍ എന്നമ്മയുടെ അടുത്തേക്ക്.അവിടത്തെ രാത്രികള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഇറയത്തിരുന്ന് കാപ്പിപൂക്കളുടെ മണത്തിനിടയിലൂടെ ആകാശത്തേക്കു നോക്കാന്‍ എന്തു രസമാണെന്നോ..!! മുറ്റത്തുനിറയെ നമ്പ്യാര്‍വട്ടവും,മുല്ലപ്പൂക്കളും.മുല്ലപ്പൂവിരിയുന്നതും,നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും നോക്കി..എന്റെ രാത്രികള്‍ സമ്പന്നമാകും.ചിങ്കന്റെ വിളിയില്‍തുടങ്ങും അവിടെ എന്റെ ദിവസങ്ങള്‍.അടുത്തുചെന്നാ അവന്‍ എന്നെ കൊത്തി ഓടിക്കും ..ഒരിക്കല്‍ ദാ എന്റെ മുട്ടില്‍..രണ്‍ടു ദിവസം ഉണ്‍ടായിരുന്നു അവന്റെ കൊക്കിന്റെ അടയാളം.രാവിലെ കുളിക്കാന്‍ എനിക്കിഷ്ട്ടമല്ല,പക്ഷെ ഇവിടെ കുളത്തിലെ കുളി എനിക്കു ഏറെ പ്രിയപ്പെട്ടതാണ്.അലക്കുകല്ലില്‍ പിടിച്ചു കിടന്ന് കാലിട്ടടിക്കാന്‍ എനിക്കെന്തിഷ്ട്ടമാണെന്നോ.നീന്തല്‍ പഠിപ്പിക്കാന്‍ മാറിമാറി കിണഞ്ഞു പരിശ്രമിച്ച് ഒടുവില്‍ മാമന്‍മാര്‍ തോല്‍വി സമ്മതിച്ചു.എന്റെ നീന്തല്‍ എന്നും കല്ലില്‍ പിടിച്ചു തന്നെ!അടുത്തു തന്നെ ശിവക്ഷേത്രം.പെണ്ണിനു മനസ്സുമാത്രമല്ല,ശരീരം കൂടി പകുത്തു നല്‍കിയ പരമശിവന്‍!.കൊയ്യാന്‍ പോയ പണിക്കാരി അരിവാളിനു മൂര്‍ച്ചകൂട്ടാന്‍ ഉരച്ച കല്ലില്‍ നിന്നു ചോര വന്നെന്നും അതു ഈ ശിവന്റെ വിഗ്രഹം ആയിരുന്നൂന്നും കഥ.തൊട്ടടുത്ത് രക്ഷസ്സുകളും ഉണ്‍ട് ശിവനു കാവലായി.ദിവസേന ഉള്ള ഈ അമ്പലസന്ദര്‍ശനത്തിന്റെ ഉദ്ദേശങ്ങള്‍ പലതാണ്.തറവാടിനു മുന്നിലുള്ള പാടം വഴിയാണ് അമ്പലത്തിലേക്കുള്ള യാത്ര.പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളമുണ്ട്.ശബ്ദമുണ്ടാക്കാതെ അരികില്‍ നിന്ന് നോക്കിയാല്‍ ജലനിരപ്പില്‍ ഉയര്‍ന്നുവരുന്ന തിളക്കമുള്ള കുഞ്ഞിക്കണ്ണൂകള്‍! ഒരിക്കല്‍ കുട്ടായി പറഞ്ഞു അങ്ങിനെ നോക്കിനിന്നാല്‍ അവ പറന്നുവന്ന് കണ്ണില്‍ ഊതുമത്രേ,ആ വിഷം കണ്ണില്‍ ഏറ്റാല്‍ ഉറപ്പാണ് കണ്ണുപൊട്ടും!! പേടിയോടെ ആണെങ്കിലും എന്നും ഞാന്‍ ആ കുഞ്ഞിക്കണ്ണുകള്‍ തിരയും.നെല്ലില്‍ പറ്റിനില്‍ക്കുന്ന വെള്ളത്തുള്ളികള്‍ മുഴുവന്‍ കയ്യിലേക്കും,പാവാടയിലേക്കും ഏറ്റുവാങ്ങി ഞാന്‍ നടക്കും.രണ്ടു പാടങ്ങളെ വേര്‍തിരിക്കുന്ന ആ വലിയ തോട്..അതില്‍ നിറയെ മീനുണ്ട്..തിളങ്ങുന്ന വാലുള്ളത്,വാലില്‍ കണ്ണുള്ളത്,വലിയ തലയുള്ളത്..അങ്ങിനെയങ്ങിനെ ഒരുപാട്.കണ്ണില്‍ കാണുന്നതിനോടെല്ലാം കിന്നരിച്ച് ഞാന്‍ അമ്പലത്തില്‍ എത്തുമ്പോളേക്കും ഒരു സമയമാവും.ഓടി പ്രദക്ഷിണം വെച്ച്,യക്ഷിയമ്പലത്തിലും,ആശ്രമത്തിലും കയറി ഞാന്‍ മടങ്ങും.അമ്പലസന്ദര്‍ശനത്തേക്കാള്‍ എനിക്ക് പ്രധാനം ഈ യാത്രയാണ്.മടക്കം പല വഴികളിലൂടെയാണ്.തോടിനു മുകളിലെ തെങ്ങുപാലം കയറി ഞാന്‍ കുഞ്ഞാറുവിന്റെ വഴിയിലേക്ക്കടക്കും .കുത്തനെയുള്ള കയറ്റമാണു ആ വഴി.വഴിയുടെ രണ്ട് വശത്തും തൂങ്ങിനില്‍ക്കുന്ന കശുമാമ്പഴങ്ങള്‍.ആ വഴിയുടെ അങ്ങേഅറ്റത്താണു കുഞ്ഞാറുവിന്റെ വീട്.അവിടെ മുറ്റത്തു മുഴുവന്‍ കുട്ടകളും ,മുറവുമൊക്കെ നിരത്തി കുഞ്ഞാറു....കുഞ്ഞാറു കുട്ട നെയ്യുന്നത്കണ്ടോണ്ടിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല.എന്റെ നോട്ടം ആമതിലിലെ ചെത്തിപഴങ്ങളിലേക്കു കൂടിയാണ്.ചുക്കിട്ട് തിളപ്പിച്ച കാപ്പിയുംകുടിച്ച് അവിടന്നിറങ്ങുമ്പോള്‍ എനിക്കു വിഷമമാണ്.കുട്ട നെയ്യാന്‍ എനിക്കറിയില്ലല്ലോ!! തിരിച്ചു പാലം കയറാതെ വേറൊരു വഴി..!!!നടന്നുകടക്കാവുന്ന ഒരു തോടുണ്ട് ..അതിന്റെ വശത്ത് കല്‍പ്പടവുകളും .എന്റെയാത്ര അതിലൂടെയാണു പിന്നെ.ഒളിച്ചോടുന്നതിനു മുന്‍പ് ചിറ്റമ്മ അവിടെ ആഈടില്‍ വന്നിരുന്ന് കരഞ്ഞതു എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്.കറക്കം എല്ലാം കഴിഞ്ഞ് എന്നമ്മയുടെ അടുത്തെത്തുമ്പോളേക്കും ഒരു സമയമാവും .വൈകിട്ട്മാമന്റെ വക സെക്കന്‍ഡ് ഷോ ഉണ്‍ട്..ബിന്ദു ടാക്കീസില്‍!! അന്നുപുണ്യപുരാണ കഥകളൊക്കെ കണാന്‍ കുളിച്ച് കുറിയും വരച്ചു ആളുകള്‍പോകുമായിരുന്നു.ഒരിടക്കു ആ ടാക്കീസില്‍ 'തുമ്പി'കളുടെ വിളയാട്ടം ആയിരുന്നെന്ന് കേട്ടു.ഇപ്പൊ എന്തായോ എന്തോ അവസ്ഥ!!??ചില ദിവസങ്ങളില്‍ ഞാനും ,മാമനും കൂടി ഫുട്ബോള്‍ കാണാന്‍ പോകും .കൊടുംബിരിക്കൊണ്‍ട മത്സരമാണ്..സ്കൂള്‍ മൈതാനിയില്‍!!! അതു ഞാന്‍ പഠിക്കുന്ന സ്കൂള്‍തന്നെയാ.സ്കൂളിനു മുന്നില്‍ ഒരു വലിയ പ്ലാവ് ഉണ്‍ട്.മുറ്റത്ത് ഒരുമാവുമുത്തശ്ശനും .സാമാന്യം വലിയ സ്കൂള്‍തന്നെ.ഐ.ടി.സി. യുംതൊട്ടടുത്താണ്.ഇതെല്ലാം സ്ഥലം കരയോഗം വക!!ഈ ഫുട്ബോള്‍ കാണലില്‍കൂടി എനിക്കു!!!അതുണ്ട് അനങ്ങുന്നു...!!!തുറന്നു നൊക്കിയപ്പൊ..കുഞ്ഞിക്കണ്ണു ഇറുക്കിയടച്ച് അവള്‍ കരയുന്നു--മ്യാവൂ മ്യാവൂ.പിന്നെ അവളുടെ വംശപരമ്പരകളുടെ തറവാടായി എന്റെ വീട്.ഇപ്പൊ ഒടുവിലത്തെ കണ്ണിയായ കുഞ്ജു വരെ ആ പാരമ്പര്യം നിലനിര്‍ത്തിപോരുന്നു.ഈ കളികാണലില്‍ രണ്ടുണ്ടു കാര്യം -പുണ്യവാളന്റെ അടുത്താണു മാമന്റെ ചങ്ങാതിക്കൂട്ടം ..സൊറ പറയാന്‍ മാമന്‍ അങ്ങോട്ടും ,ഞാന്‍ പുണ്യവാളന്റെ അടുത്തേക്കും !!ആ വലിയ ഹാളില്‍ മുട്ടുകുത്തി..അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്കു തോന്നും 'ഈ ലോകത്ത് ഞാന്‍ തനിച്ചാണെന്ന്''പുണ്യവാളനെ കുറിച്ച് എനിക്കു പറഞ്ഞു തന്നത് ചാത്തനാണ്.ഓല കൊണ്‍ടു വാച്ചുണ്ടാക്കി കയ്യില്‍ കെട്ടി,മുറിക്കി ചുവപ്പിച്ച ചുണ്ടു കൊണ്ട് എല്ലാ നന്മകളും ആവാഹിച്ചെടുത്ത് നെറ്റിയില്‍ ഒരു ഉമ്മയും തന്ന് ചാത്തന്‍ നടന്നകലുമ്പോള്‍ കഥകള്‍ക്കായി ഞാന്‍ എന്നും വാശിപിടിച്ചു.ആ കഥകളിലൂടെ ഞാന്‍ അനുഭവിച്ചത് എന്റെ മണ്ണിനെ തന്നെ ആയിരുന്നു.ഇന്ന് ചാത്തന്റെ ഓര്‍മപോലും നല്‍കുന്നത് ,മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ ശേഖരിച്ച് ചാത്തന്‍ എനിക്ക് സമ്മാനിച്ചിരുന്ന കപ്പലണ്ടി മിഠായിയുടെ മധുരമാണ്.പിന്നീട് വായനശാലയില്‍ നിന്ന് വായിച്ച പല പുസ്തകത്താളുകളിലും ഞാന്‍ ചാത്തനേയും,ചാത്തന്‍ പറഞ്ഞ പല കഥാപാത്രങ്ങളെയും കണ്ടു.ഓരോ ഒഴിവുകാലത്തിലും ഞാന്‍ മുടങ്ങാതെ പോകാറുള്ള ഒരിടമുണ്ട്..ചിറ!!!!നീല ആമ്പല്‍പൂക്കള്‍ നിറഞ്ഞ ..വളഞ്ഞ ചിറ .രാത്രി ആമ്പല്‍ പൂക്കള്‍ നക്ഷത്രങ്ങളോട് പിറുപിറുക്കുന്നതു കാണാന്‍..അതു കേള്‍ക്കാന്‍ ..കൊതിയാണ് എനിക്ക്,അന്നും..ഇന്നും.ആ ചിറയുടെ മടയില്‍ ഒരാളെ ജീവനോടെ മൂടിയിട്ടുണ്ടത്രേ!!മുണ്ടി ആണു എന്നോട് പറഞ്ഞതു.മുണ്ടി കണ്ടിട്ടുണ്ട്.അപ്പോ പിന്നെ നുണ ആവില്ല.രണ്ട് പാടങ്ങള്‍ക്കിടയിലാ
മട.ഒരുമഴക്കാലത്ത് ..ഇപ്പോളൊന്നുമല്ലകേട്ടോ...പണ്ട്....വെള്ളപ്പാച്ചില്‍ തടുക്കാന്‍ മടയിലേക്കു സ്വയം എടുത്തു ചാടിയത്രേ അയാള്‍!!ജീവനോടെ ഒരാളെ കുഴിച്ചു മൂടിയാല്‍ കൃഷി രക്ഷപ്പെടും എന്നാ വിശ്വാസം .മുണ്ടി അതു പറയുമ്പോള്‍ എന്നും എണീറ്റു നിന്നു പ്രാര്‍ഥിക്കും .ഈ ചിറയുടെ കരയില്‍കരയേയും ,ചിറയേയും കാത്ത് കള്ളകൃഷ്ണനും ഉണ്ട്.ഞങ്ങളുടെ നാടിന്റെ പേരും ഈ ചിറയുമായി ബന്ധപ്പെട്ടതാണ്.
ഇങ്ങനെയുള്ള കറക്കങ്ങളില്‍ എന്‍ടെ ദിനങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവും.
ഇത്... എന്റെ ഗ്രാമം ..
ഞാന്‍ അറിഞ്ഞ ..അനുഭവിച്ച ...എന്റെ ഗ്രാമം ...
വളയന്‍ചിറങ്ങര.!!!