Thursday, May 17, 2007

യാത്രകള്‍ മുറിയുമ്പോള്‍..

മാര്‍ച്ചിലെ പകല്‍ ബൊക്കാറോ എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളെ ചുട്ടുപൊള്ളിച്ചു.അസഹ്യമായ ചൂടിനോടുള്ള പ്രതിഷേധം നടുവിലിരുന്ന മദ്ധ്യവയസ്ക്കന്‍ ഒരു ശീല്‍ക്കാരമായി പ്രകടിപ്പിച്ചു. ഭാഗ്യത്തിന് ജനാലക്കരികിലാണ് ഇടം കിട്ടിയിരിക്കുന്നത്. പുറം കാഴ്ചകളാലും,അകം കാഴ്ചകളാലും സമൃദ്ധമായ സീറ്റ്. യാത്രകളില്‍ എന്നും ആ സീറ്റ് തരപ്പെടുത്താന്‍ എനിക്കൊരു പ്രത്യേക കഴിവുതന്നെയാണ്. അകത്തേക്ക് അടിച്ചുകയറുന്ന കാറ്റ് മുഖം പൊള്ളിക്കുന്നു. എതിര്‍വശത്തിരിക്കുന്ന ചെറുപ്പക്കാരന്‍ നീണ്ട കാലുകള്‍ കൊണ്ട് എന്റെ കാലില്‍ അനായാസമായി തൊട്ടു.ഞാന്‍ അയാളുടെ കാലുകളിലേക്ക് സൂക്ഷിച്ചു നോക്കി.ചെളി നിറഞ്ഞ് വീര്‍ത്തുപൊട്ടായിരിക്കുന്ന നഖങ്ങള്‍! എനിക്ക് ഓക്കാനം വന്നു.
“മോളെങ്ങോട്ടാ യാത്ര?”എന്റെ ഓക്കാനത്തെ മുറിച്ചുകൊണ്ട് അടുത്തിരുന്ന കറുത്തുതടിച്ച സ്ത്രീ ചോദിച്ചു.
“ആലുവായ്ക്ക്..”
“ആണോ..ഞാനും അങ്ങോട്ടാ. ആലുവയിലാണോ വീട്?” അവര്‍ പല്ലിനിടയില്‍ പെട്ട ബിസ്ക്കറ്റ് കഷ്ണത്തിലേക്ക് നാക്ക് തിരുകി.
“അതെ”
‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ബാഗില്‍ തിരഞ്ഞ്കൊണ്ട് ഞാന്‍ പറഞ്ഞു.പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ഞാന്‍ ഗുജറാത്തിലേക്കു പോയി. അവിടെ സ്പടികച്ചീളുകള്‍ക്കുള്ളില്‍ ഇനിയും നിലക്കാത്ത ഘടികാരത്തിനായി തിരച്ചില്‍ തുടങ്ങി. എതിര്‍വശത്തിരുന്ന ചെറുപ്പക്കാരന്റെ കാപ്പിയില്‍ നിന്ന് പൊങ്ങുന്ന ആവി എന്റെ മുഖത്തിനും അയാളുടെ ചുണ്ടിനുമിടയില്‍ വെളുത്ത വഴി തീര്‍ത്തു. കാറ്റ് ആ വഴിയെ മായ്ച്ചെഴുതി.‘
ഉരുക്കിന്റെ ഉരഗാവതാരം’ കിതപ്പോടെ ഒലവക്കോടിലെ പാളങ്ങളില്‍ വിശ്രമം തേടി. ഞാന്‍ അലക്ഷ്യമായി പുറത്തെക്ക് നോക്കി.

“അമ്മാ..എതാവത് കുടുക്കമ്മാ...തമ്പിക്ക് പശിക്കിതമ്മാ..”കയ്യിലിരുന്ന കുഞ്ഞിനെ ചൂണ്ടിക്കാട്ടി ജനാലക്കപ്പുറം നിന്ന് അവള്‍ ഉറക്കെ വിളിച്ചു. പിറന്നപടി ഇരുന്ന് അവന്‍ കൈ നീട്ടി. റെയില്‍വേ സ്റ്റേഷനിലെ ചെളി മുഴുവന്‍ അവരുടെ ദേഹത്ത് പറ്റിയിരിക്കുകയാണെന്നെനിക്ക് തോന്നി. അവന്റെ കുഞ്ഞുനെഞ്ചിന്‍ കൂടു പൊളിച്ച് അസ്ഥികള്‍ പുറത്തേക്കു തള്ളി വരികയാണെന്ന് ഞാന്‍ ഭയന്നു. എന്റെ നോട്ടം അവനെ നാണിപ്പിച്ചു. അവന്‍ അവളുടെ മാറത്തേക്ക് ചാഞ്ഞു. അവള്‍ ജനാലക്കമ്പികളില്‍ പിടിച്ചു. ചുവപ്പും, പച്ചയും നിറത്തിലുള്ള കുപ്പിവളകള്‍ ഊര്‍ന്ന് താഴേക്കിറങ്ങി.
“അമ്മാ..വിശക്കുന്നമ്മാ..കൊളന്തക്ക് ഭയങ്കര പനിയും..”അവള്‍ തമിഴ് വിട്ട് മലയാളത്തിലേക്ക് കടന്നു. കുഞ്ഞിനെ എനിക്ക് നേരെ ഉയര്‍ത്തി.
ബാഗില്‍ കിടന്നിരുന്ന ആപ്പിളുകള്‍ ഞാന്‍ അവനു നേരെ നീട്ടി. അവള്‍ അതു വാങ്ങി സാരിത്തുമ്പില്‍ കെട്ടി.
“അമ്മാ..തുട്ട് കൊടുക്കമ്മാ..മരുന്ന് വാങ്ങാന്‍..”
“ഹാ..ഇതാ കൊഴപ്പം. ഒന്ന് എന്തേലും കൊടുക്കാം ന്ന് വെച്ചാ പിന്നേം വര്വല്ലേ ആവശ്യങ്ങള്. ഈ പറയണതൊക്കെ സത്യാണൊന്ന് ആര്‍ക്കറിയാം. അതിന് പനിയുണ്ടോന്ന് ഒന്ന് തൊട്ട്നോക്കാം ന്നു വെച്ചാ..തൊടാന്‍ തന്നെ അറയ്ക്കുന്ന പരുവല്ലേ” കയ്യിലിരുന്ന ഉപ്പേരിക്കൂട് പൊട്ടിച്ചുകൊണ്ട് ആ കറുത്ത സ്ത്രീ പറഞ്ഞു.
ഞാന്‍ ആ കുഞ്ഞിനെ നോക്കി.. അവളെയും. കണ്ണുകള്‍ കുഴിഞ്ഞ്, കവിളുകള്‍ ഒട്ടി..എല്ലും തോലും മാത്രമുള്ള രണ്ട് ആത്മാക്കള്‍! അവളുടെ സാരിയുടെ മുക്കാലും കീറിയിരിക്കുന്നു.
“കുഞ്ഞിനെ ഡോക്ടറെ കാണിച്ചോ?” ഞാന്‍ ചോദിച്ചു.
“ഇല്ലമ്മാ..പണം വേണ്ടേ. ഇന്ന് രാവിലെ മുതല്‍ ഞാന്‍ നോക്കുന്നതാ. യാരും വരലേ...” അവള്‍ കുഞ്ഞിനെ നിലത്തു നിര്‍ത്തി. അവന്‍ കാലുകള്‍ കുഴഞ്ഞ് അവിടെ കിടന്നു.ഇനിയും മരുന്ന് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ അവന്‍ മരിച്ചു പോകും എന്നെനിക്ക് തോന്നി.
‘ഇവള്‍ക്ക് കാശു കൊടുത്താല്‍ ഇവള്‍ മരുന്നു വാങ്ങുമോ അതോ വിശപ്പു മാറ്റുമോ’? എനിക്ക് സംശയം തോന്നി.
മണി മൂന്ന് നാല്‍പ്പത്തഞ്ച്. വണ്ടി വിടാറായിരിക്കുന്നു.
ഞാന്‍ ബാഗ് എടുത്ത് ചാടിയിറങ്ങി. അവനെ ഏടുത്ത് തോളത്തുകിടത്തി. അവള്‍ അമ്പരന്നു. അവിടെ നിന്നിരുന്നവര്‍ എന്നെ സൂക്ഷിച്ചു നോക്കി.
ഞാന്‍ അവളുടെ കയ്യില്‍ പിടിച്ച് വേഗത്തില്‍ നടന്നു.
“അമ്മാ.. നീങ്കെ എങ്കെ പോണു??”അവള്‍ പേടിച്ചു വിറച്ചു.
“കുഞ്ഞിനെ ഡോക്ടറെ കാണിക്കാം നമുക്ക്.നീ വാ..”ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു.
“വേണ്ടമ്മാ..വേണ്ട..”അവള്‍ കുതറി മാറി.
“മരുന്ന് വാങ്ങിയാ പോതും..ഡോക്ടറ് കിട്ടെ ഞാന്‍ പോകമാട്ടേന്‍..”അവള്‍ വാശി പിടിച്ചു.
“നോക്കൂ..ഇവന് ചുട്ടുപൊള്ളുന്ന പനിയാണ്. കാശിന്റെ കാര്യമോര്‍ത്താണങ്കില്‍ നീ പേടിക്കണ്ട. എത്രയായാലും അത് ഞാന്‍ കൊടുത്തോളാം.. നീ വാ..”
“ഇല്ല..ഇല്ലമ്മാ..വേണമ്മാ..”അവള്‍ മുന്നിലേക്ക് ഓടി.
“അമ്മാ‍ാ‍ാ....”എന്റെ തോളില്‍ കിടന്ന് അവന്‍ കരഞ്ഞു.
ഞാന്‍ അവള്‍ക്ക് പിന്നാലെ നടന്നു.
അവള്‍ എന്നെ സ്റ്റേഷന്റെ ഒരു മൂലയില്‍ അവളുടെ സാമ്രാജ്യത്തിലേക്ക് കൊണ്ടുപോയി.സാരി കെട്ടി മറച്ചിരിക്കുന്നു ഒരു ഭാഗം. അതിനുള്ളില്‍ വിരിച്ചിട്ടിരിക്കുന്ന ചാക്കുകളിലേക്ക് അവള്‍ കുഞ്ഞിനെ കിടത്തി. അവന്‍ ഒന്ന് മുരണ്ടു. ചാടിയെണീറ്റ് അവളുടെ ബ്ലൌസ് പിടിച്ചു വലിച്ചു.അവള്‍ ചുക്കിചുളിഞ്ഞ് ഒട്ടിയ മുല അവന്റെ വായില്‍ തിരുകി. ചപ്പിവലിച്ച് അവന്‍ അതു കുടഞ്ഞെറിഞ്ഞു. എന്നിട്ട് അലറിക്കരഞ്ഞു. സൈഡില്‍ വെച്ചിരുന്ന ചാക്കില്‍ നിന്ന് അവള്‍ ഒരു കുപ്പി പുറത്തെടുത്തു. അതിനുള്ളിലെ ഇരുണ്ടനിറമുള്ള വെള്ളം അവന്റെ വായിലേക്ക് ഇറ്റിച്ചു.
“ട്രെയിന് ന്ന് പറക്ക്ണ കുപ്പികളാണമ്മാ .എല്ലാത്തിലേം കൂടെ ഒന്നിലിക്കൊഴിച്ച് കൊഞ്ചം വെള്ളോം ചേര്‍ക്കും.. ഇവനിക്കിത് റൊമ്പ പിടുത്തം..”അവന്‍ ആര്‍ത്തിയോടെ അതു കുടിച്ചു.
“എന്താ നിന്റെ പേര്?”
“ശെല്‍വി”
“കുഞ്ഞിന്റെയോ?”
“മുരുകന്‍”.
അവളുടെ കണ്ണില്‍ തുറിച്ചുനില്‍ക്കുന്ന വിശപ്പ് എന്നെ അടുത്തുള്ള സ്റ്റോറിലേക്കയച്ചു.ബിസ്ക്കറ്റും, പഴവും തിന്നാന്‍ അവളും മുരുകനും മത്സരിച്ചു.
“അമ്മാ..നീ കടവുള്‍ താനമ്മാ..”അവള്‍ പഴം വായിലേക്ക് തള്ളി പറഞ്ഞു.
“മുരുകന്റെ അച്ഛന്‍ എവിടെ?”പറയാന്‍ അങ്ങിനെ ഒരാളുണ്ടാവില്ല എന്ന് തോന്നിയിട്ടും ഞാന്‍ ആ ചോദ്യം ചോദിച്ചു.
“അപ്പാ..ഇവന്റെ അപ്പാ‍ാ...ഹ..ഹ..ഹ..”ശെല്‍വി പൊട്ടിച്ചിരിച്ചു.
യാത്രകള്‍ അവസാനിച്ചവര്‍, തുടങ്ങുന്നവര്‍,..എല്ലാവരും അവളുടെ ചിരിയില്‍ അസ്വസ്ഥരായി.
“എത്ര പേരു വരുന്നതാ അമ്മാ..ഞാന്‍ യാരെ ശൊല്ലും.?! ഇവനൊടെ മൂക്ക് പാത്താ എനക്ക് സന്ദേഹം ആ കൊടവയറുകാരന്റെ ആണെന്നാ..”
“നിനക്ക് പണിയെടുത്ത് ജീവിച്ചുകൂടേ ശെല്‍വീ..”ഞാന്‍ അവളുടെ അടുത്തെക്ക് നിങ്ങിനിന്ന് ചോദിച്ചു.
“ഞാന്‍ പണിയെടുത്ത് താന്‍ വിശപ്പ് മാറ്റുന്നത്. ഇപ്പൊ ആരോഗ്യമെല്ലാം പോയാച്ച്. അത് താന്‍ വല്ല്യ പ്രച്നം.”.
“നിന്റെ നാടെവിടെയാ?”
“ഊര്..!! അങ്കെ എനക്ക് യാരുമേ ഇല്ല.അമ്മ താന്‍ എന്നെ ഊരുകടത്തിയത്. അല്ല,അമ്മാവുക്ക് വേറെ എന്നത്താന്‍ പണ്ണമുടിയും?!“അവള്‍ മുരുകനെ തലോടി.
“ഉങ്കളുക്ക് തെരിയുമാ?. ഇത് എന്നോടെ രണ്ടാമത്തെ കൊളന്ത. ആദ്യത്തേതിനെ ഞാന്‍ കൊന്താച്ച്...” ശെല്‍വി അവളുടെ സാരിത്തുമ്പ് എടുത്ത് വായില്‍ തിരുകി. എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവള്‍ക്ക് മാനസികരോഗമുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. അവള്‍ നിലത്ത് മുട്ടുകുത്തിയിരുന്ന് ഏങ്ങിക്കരഞ്ഞു.സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് അവള്‍ പറയാന്‍ തുടങ്ങി.

അപ്പന്റെ മരണശേഷം ശെല്‍വിക്ക് അവളുടെ വീട് അന്യമായിരുന്നു. ചിറ്റപ്പന്റെ വരവോടെ ആ വീടിന്റെ ഇരുണ്ട കോണുകളില്‍ പോലും അവള്‍ക്ക് അഭയമില്ലാതായി. അയാളുടെ ചുവന്നുതുറിച്ച കണ്ണുകളെ അവള്‍ ഭയന്നു. അമ്മ പണിക്ക് പോയ ഒരു നാള്‍ അടുക്കളയുടെ പിന്നാമ്പുറത്തിലെ ഇരുട്ടിനു കയ്യും കാലും വെച്ചു, കണ്ണുകള്‍ ചുവന്നുതുറിച്ചു. ശെല്‍വി പേടിച്ചു കരഞ്ഞു. അവള്‍ക്ക് ശ്വാസം മുട്ടി. മേലാസകലം നീറി പുകഞ്ഞു. അന്ന് രാത്രി അവള്‍ അമ്മയോടൊപ്പം കിടക്കാന്‍ വാശി പിടിച്ചു. അമ്മയെ കെട്ടിപ്പിടിച്ച് അവള്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ അമ്മ പണിക്കു പോയില്ല. അമ്മ അവളുടെ സാധനങ്ങള്‍ എല്ലാം ഒരു സഞ്ചിയിലാക്കി. ചിറ്റപ്പന്‍ വീട്ടിലേക്ക് ആദ്യമായി വന്ന ദിവസം അവള്‍ക്ക് കിട്ടിയ പുള്ളിപ്പാവാടയും, ബ്ലൌസും ഇടീച്ച് അമ്മ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. അവള്‍ സന്തോഷിച്ചു. ആ ഇരുണ്ട വീട്ടില്‍ നിന്ന്, ചുവന്ന് തുറിച്ച കണ്ണുകളില്‍ നിന്ന് അമ്മയും, താനും രക്ഷപ്പെടുകയാണല്ലോ.തീവണ്ടിയില്‍ കയറ്റിയിരുത്തി അമ്മ വെള്ളമെടുക്കാന്‍ പോയി,അങ്ങു ദൂരേക്ക്.അമ്മയെ കാത്തുനില്‍ക്കാതെ തീവണ്ടി കുതിച്ചു.അതൊ അമ്മവണ്ടിയെ കാത്തുനില്‍ക്കാതെ ചിറ്റപ്പനടുത്തേക്ക് കുതിച്ചൊ??!

ശെല്‍വിക്ക് പേടിയായില്ല.അവള്‍ക്ക് ആശ്വാസമായിരുന്നു.ഇനി അവള്‍ക്ക് മേലാസകലം നീറില്ല,ചുണ്ടുകള്‍ പൊട്ടി ചോരയൊലിക്കില്ല.അവള്‍ ബര്‍ത്തില്‍ കയറിക്കിടന്നു.ഞെട്ടിയുണരാതെ സുഖമായുറങ്ങി. കണ്ണുതുറന്നപ്പോളാണ് എങ്ങോട്ടാണ് പോകേണ്ടത് എന്നവള്‍ ആലോചിച്ചത്. പ്രത്യേക ഒരു ലക്ഷ്യം ഇല്ലാത്തതു കോണ്ട് അടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി.അവിടെ ഒരു മൂലയില്‍ അവള്‍ സ്ഥലം കണ്ടെത്തി. അവിടെയും,പരിസരങ്ങളിലുമായി പല പണികള്‍. പണികള്‍ക്ക് തടസ്സം സൃഷ്ട്ടിച്ചുകൊണ്ട് അവളുടെ വയര്‍ വലുതാകാന്‍ തുടങ്ങി. വീര്‍ത്ത വയറിലേക്ക് നോക്കി അവള്‍ അമ്പരന്നു. ഒടുവില്‍ ആരൊക്കെയൊ പറഞ്ഞ് അവള്‍ അറിഞ്ഞു..താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന്. അവള്‍ ആ ചുവന്നു തുറിച്ച കണ്ണുകള്‍ കണ്ടു. ഭയം തീപാറുന്ന നാക്കുകൊണ്ട് അവളുടെ നട്ടെല്ലില്‍ നക്കി.അവള്‍ കുന്തംകാലില്‍ ഇരുന്ന് മുക്കി നോക്കി. ഇല്ല..ആ നശിച്ച ജന്തു ചാടുന്നില്ല.

അസ്ഥികള്‍ വലിഞ്ഞുമുറുകുന്ന വേദന..അവള്‍ പിടഞ്ഞെഴുന്നേറ്റു. കാലുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന രക്തം. അവള്‍ ചുവന്നുതുറിച്ച കണ്ണുകള്‍ ചുറ്റും തിരഞ്ഞു.അടുത്ത് കിടന്നിരുന്ന വയസ്സിത്തള്ള ചോരകണ്ട് ഞെട്ടി.
“പെറുന്നോ??!..നീ വല്ല ആശൂത്രീലും പോ പെണ്ണേ..”അവര്‍ വീണ്ടും ചുരുണ്ടുകൂടി.
ശെല്‍വി തൊട്ടടുത്ത ആശുപത്രിയിലേക്ക് നടന്നു.ചോരത്തുള്ളികള്‍ അവള്‍ക്ക് പിന്നേ വഴി തീര്‍ത്തു. അവള്‍ നേരെ കക്കൂസിലേക്ക് കയറി. കതകടച്ചു.

ശെല്‍വി നടന്നു.അവള്‍ തളര്‍ന്നു.കയ്യും കാലും വിറച്ചു.നേരം വെളുത്തിരിക്കുന്നു. ഇനി ഈ സ്ഥലം വിടണം- അവള്‍ ഉറപ്പിച്ചു. ആടിയാടി അവള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഭാണ്ടക്കെട്ടെടുത്തു.
“നീ പെറ്റോ??”വയസ്സി തലമാന്തി.
“കൊച്ചെവിടെടീ??”
“കക്കൂസില്‍..“

അവള്‍ പാളത്തില്‍ മയങ്ങിയ വണ്ടിയിലേക്ക് കയറി.അതില്‍ ചടഞ്ഞിരുന്നു..തീവണ്ടി ആലസ്യത്തോടെ അവളെയും കൊണ്ട് പാഞ്ഞു. അടുത്ത താവളത്തിലേക്ക്. അവള്‍ക്ക് പണിയെടുക്കാന്‍ വയ്യാതായി.വീര്‍ത്ത വയറിനുള്ളില്‍ വലിച്ചുമുറിച്ച പൊക്കിള്‍ക്കൊടി പഴുത്തു. ഒപ്പം അവളുടെ മനസ്സും. കക്കൂസിനുള്ളിലേക്ക് തല കൂടുങ്ങി പിടയുന്ന ചോരക്കുഞ്ഞ് അവളുടെ മനസ്സിനെ പൊള്ളിച്ചു. വിശപ്പ് അവളെ ഒന്നായി വിഴുങ്ങി. വിശപ്പിനു മുന്നില്‍ അവള്‍ തന്റെ ശരീരം നീറ്റി. ചുണ്ടുകള്‍ പൊട്ടിച്ചു. അവളുടെ വയറ് വീണ്ടും വീര്‍ത്തു.ഇത്തവണ അവള്‍ അമ്പരന്നില്ല. .കക്കൂസില്‍ കയറി കതകടച്ചില്ല. അവള്‍ മുരുകനെ പ്രസവിച്ചു.

“ശെല്‍വീ..നിനക്ക് മുരുകനും നഷ്ട്ട്ടമാകും,അവനെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെങ്കില്‍..”ഞാന്‍ പറഞ്ഞു.
“ഇല്ല..ഇല്ലാമ്മാ..ആസ്പത്രി വേണ്ട..അത് എന്നോടെ വേല മൊടക്കും, എന്നുടെ മുരുകന്‍ വിശന്നിരിക്കേണ്ടി വരും..” അവള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. എന്റെ നിര്‍ബന്ധം തട്ടിയെറിഞ്ഞ് അവള്‍ മുരുകനെയും എടുത്ത്നടക്കാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്ക് പിറകേയും. “ശെല്‍വീ..നില്‍ക്ക്..ഞാന്‍ പറയുന്നത് കേള്‍ക്കു..’ഞാന്‍ കാലുകള്‍ നീട്ടി വെച്ച് നടന്നു.
“അമ്മാ..തുട്ട് കൊടുക്കെങ്കില്‍ കൊടുക്ക്..അല്ലെങ്കില്‍ എന്നെ വിട്ടിടുങ്കോ” അവള്‍ അകന്നു.
മുറിഞ്ഞ യാത്രയും, അവളുടെ കഥയുടെ ഭാരവും തൂക്കി ഞാന്‍ അന്തം വിട്ടു.
“ആ പെണ്ണിന്റെ പിറകെ നടന്ന് സമയം കളഞ്ഞു ല്ലേ..” അടുക്കിവെച്ച പെട്ടികള്‍ക്കു മുകളില്‍ കാലു കയറ്റി വെച്ച് അയാള്‍ സഹതപിച്ചു.
“അവളെ അറിയില്ലേ..ഇന്നാള് ടി.വി.ലൊക്കെ വന്നിരുന്നതാണല്ലോ“ “ശെല്‍വിയോ???” ഞാന്‍ അത്ഭുതപ്പെട്ടു.
“ആ..അവക്ക് എച്ച്.ഐ.വി പോസിറ്റീവാ..ആ കൊച്ചിനും.എങ്ങനെ വരാതിരിക്കും..അതാ സാധനം.” അയാള്‍ വൃത്തികേടുകള്‍ നിറഞ്ഞ പാളത്തിലേക്ക് നീട്ടിതുപ്പി.
അപ്പോള്‍ അവള്‍ അടുത്ത വണ്ടിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ -----------------

Monday, May 7, 2007

അനുരാധയുടെ മണം.

“ഡോക്ടര്‍,ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്.രക്ഷിക്കാന്‍ ഡോക്ടര്‍ക്കു മാത്രേ കഴിയൂ.രക്ഷപ്പെടാനായില്ലെങ്കില്‍ മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗം മാത്രം-മരണം.!”മുഷിഞ്ഞ ടവ്വല്‍ നിവര്‍ത്തി മുഖം തുടച്ചുകൊണ്ട് അനുരാധ പറഞ്ഞു.അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.സാരിക്കിടയില്‍ ടവ്വല്‍ തിരുകി അനുരാധ ഡോക്ടര്‍ തോമസിനെ നോക്കി.
ഡോക്ടര്‍ തോമസ് മാത്യു‌‌-സരളയാണ് ആ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.അല്ലെങ്കിലും അനുരാധയുടെ പ്രശനങ്ങള്‍ക്ക് എന്നും പരിഹാരം നിര്‍ദ്ദേശിക്കുക എന്ന ജോലി സരളയുടേതാണല്ലൊ.ഈയിടെയായി കറികള്‍ക്ക് സ്വാദുകുറഞ്ഞെന്ന അരവിന്ദിന്റെ പരാതി അല്‍പ്പമെങ്കിലും കുറഞ്ഞത് സരള പറഞ്ഞുതന്ന പൊടിക്കൈപ്രയോഗത്തിലൂടെയാണ്.
“നീ ഡോക്ടര്‍ തോമസ് മാത്യുവിനെ ചെന്നു കാണൂ.അദ്ദേഹം പരിഹരിക്കും നിന്റെ പ്രശനം”.അനുരാധയുടെ എണ്ണിപ്പറക്കലുകള്‍ കേട്ട് സരള പറഞ്ഞു.വിസിറ്റിങ് കാര്‍ഡ് അവള്‍ അനുരാധക്ക് നേര്‍ക്ക് നീട്ടി.
Dr.Thomas Mathew M.D
Lissy clinic
College junction
Aluva.
'നാളെത്തന്നെ പോകണം’.അനുരാധ തീരുമാനിച്ചു.ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങി.മാര്‍ക്കറ്റില്‍ പോകേണ്ട ദിവസമാണ്.വെജിറ്റബിള്‍സ് എല്ലാം തീര്‍ന്നിരിക്കുന്നു.വൈകുന്നേരത്തെ വെയിലിനും പൊള്ളുന്ന ചൂടുതന്നെ.കുടയാണെങ്കില്‍ എടുക്കാനും മറന്നു. അതെങ്ങിനെ, അച്ഛനേയും,മക്കളേയും പറഞ്ഞയച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോളേക്കും മണി ഒന്‍പത് മുപ്പത്തഞ്ച്.ഓടിയണച്ച് ബസ്സ്സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും ‘സ്വാമി അയ്യപ്പന്‍’അതിന്റെ പാട്ടിനു പോയിരിക്കും.കാലിനിടയിലൂടെ വിയര്‍പ്പുതുള്ളികള്‍ ഒഴുകുന്നുണ്ടാവും.തുടക്കിടയിലിട്ട്അതിനെ ഞെരുക്കിക്കളയും.അടുത്ത ബസ്സില്‍ വലിഞ്ഞുകയറി ഓഫീസില്‍ എത്തുന്നതും,മണി പത്തടിക്കുന്നതും ഒരുമിച്ചായിരിക്കും.
ഓഫീസില്‍ ഒരു തമാശ പോലുമുണ്ട്
’ക്ലോക്കിനു പത്തടിക്കാന്‍ തെറ്റിയാലും അനുരാധക്ക് തെറ്റില്ല’എന്ന്.
അവര്‍ക്ക് തമാശ.അവിടെയെത്താന്‍ പെടുന്ന പെടാപ്പാട് എനിക്കല്ലേ അറിയൂ.ഓരോന്നാലോചിച്ച് നടന്ന് മാര്‍ക്കറ്റ് എത്തിയതേ അറിഞ്ഞില്ല.
സാധങ്ങള്‍ക്കൊക്കെ എന്താ വില !! ദിവസം തോറും കുതിച്ചു കേറുകയല്ലേ.കിലോ പത്ത് ആയിരുന്ന ഉള്ളിക്ക് പതിനഞ്ച്!!മാസാവസാനം വരെ എങ്ങിനെ ഒപ്പിക്കുമോ എന്തോ!ഈ മാസമാണെങ്കില്‍ ദേവിക്ക് സ്റ്റഡിടൂറും!!!
‘ഈശ്വരാ..മണി ആറ്!! ദേവിയും,രോഹനും സ്കൂള്‍ വിട്ട് വന്നിരിക്കും.ഇനി ഓട്ടോ പിടിക്കുക തന്നെ’പച്ചക്കറിസഞ്ചിയുമെടുത്ത് അനുരാധ ഓട്ടൊയിലേക്ക് കയറി.
രണ്ട് പേരുടേയും ബാഗ് സിറ്റൌട്ടില്‍ തന്നെ കിടക്കുന്നു.
കതക്കും തുറന്നിട്ട് ഈ കുട്ടികള്‍ ഇതെവിടെ പോയിരിക്കുന്നു!! ഷൂവും,സോക്സും മുറിയില്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.അനുരാധ അതെടുത്ത് ഷൂറാക്കില്‍ വെച്ചു.ഉടുപ്പൂരി കട്ടിലിലേക്കെറിഞ്ഞ് രണ്ടും കമ്പ്യൂട്ടറിനു മുന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
“ദേവീ,നിനക്ക് വയസ്സ് പത്തു പതിനഞ്ചായില്ലേ..ഇതൊക്കെ നിനക്കൊന്ന് അടുക്കി വെച്ചാലെന്താ?”സ്ഥിരം ചോദ്യമാണെങ്കിലും അനുരാധ ആവര്‍ത്തിച്ചു.ദേവിക കാറിന്റെ സ്പീഡ് കൂട്ടി.അച്ഛന്‍ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തു തന്ന പുതിയ ഗെയിം ആണ്.
അനുരാധ കുട്ടികളുടെ ഡ്രെസ്സ് എടുത്ത് ഹാംഗറില്‍ തൂക്കി.
“എന്തൊരു നാറ്റം”ദേവിക മുഖം ചുളിച്ചു.
“ഈ അമ്മയ്ക്ക് ഭയങ്കര നാറ്റാ...”രോഹനും ഏറ്റുപിടിച്ചു.
അനുരാധ ഒന്നും മിണ്ടിയില്ല.എത്രയോ നാളുകളായി കേള്‍ക്കുന്നതാണ്..
‘ചായ തിളച്ചുകാണും’.അവള്‍ അടുക്കളയിലേക്കോടി.സിങ്കില്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം കഴുകി അടുക്കി വെച്ചു.കുട്ടികളുടെ ബാഗ് തുറന്ന് ടിഫിന്‍ ബോക്സ് എടുത്ത് കഴുകി.
‘ഹൊ..അരവിന്ദ് എത്താറായിരിക്കുന്നു.വേഗം കുളിക്കണം,ഇല്ലെങ്കില്‍ അരവിന്ദും തുടങ്ങും..വിയര്‍പ്പുനാറ്റം..’അനുരാധ ബാത്റൂമിലേക്കോടി.
ഷവറിനു കീഴെ അവള്‍ നിന്നു.അവളുടെ വിയര്‍പ്പുതുള്ളികള്‍ വെള്ളത്തില്‍ ചേര്‍ന്നൊഴുകി.
‘നാളെ ഒരു പരിഹാരമാകുമല്ലോ’അവള്‍ ആശ്വസിച്ചു.
‘എപ്പോളാണ് ഈ നാറ്റം തുടങ്ങിയത്?’അവള്‍ ആലോചിച്ചു.മറൈന്‍ ഡ്രൈവില്‍ തൊട്ടുരുമ്മിയിരുന്ന് പ്രണയിച്ചപ്പോള്‍...ഇല്ല..അന്ന് അരവിന്ദ് പറഞ്ഞത് ‘നിന്റെ മണം എന്നെ മത്തുപിടിപ്പിക്കുന്നു‘ എന്നാണ്.
പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കക്ഷത്തില്‍ മുഖമര്‍ത്തി അരവിന്ദ് പറയുമായിരുന്നു’ഇതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട മണം’എന്ന്.
പിന്നെ...എപ്പോള്‍???
ചുണ്ടിനു മീതെ പറ്റിനില്‍ക്കുന്ന വിയര്‍പ്പുതുള്ളികള്‍ സാരിത്തലപ്പു കൊണ്ട് ഒപ്പിയെടുത്ത് അടുക്കളയില്‍ നിന്ന് ഓടിയെത്തി ദേവിയുടെ കുഞ്ഞുവായിലേക്ക് മുലപ്പാലിറ്റിക്കുമ്പോള്‍ഉപ്പുരസം കലരുന്നത് എനിക്ക കാണാമായിരുന്നു.
കുഞ്ഞിന് മതിയാവോളം മുലപ്പാല്‍ നല്‍കണമെന്ന് അനുരാധക്ക് നിര്‍ബന്ധമായിരുന്നു.അതുകൊണ്ടാണല്ലോ ഒന്നാം ക്ലാസ്സിലെ പരീക്ഷക്ക് പോകും മുന്‍പും ദേവിക മുല കുടിച്ചത്.ഓടിയെത്തി നൈറ്റിയുടെ കൊളുത്ത് വിടുവിച്ച്,പറ്റിയിരിക്കുന്ന വിയര്‍പ്പു തുടയ്ക്കാന്‍ പോലും സമ്മതിക്കാതെ ഒരു ആക്രമണമായിരുന്നു അവള്‍.
ബ്ലഡിലെ കൌണ്ട് കുറവെന്ന ഡോക്ടറുടെ കണ്ടുപിടുത്തത്തിനൊടുവിലാണ് അവളുടെ അമ്മിഞ്ഞയില്‍ ചെന്ന്യായം പുരട്ടിയത്.
രോഹനും മുല കുടിച്ചു,മൂന്നു വയസ്സോളം.പറ്റിച്ചേര്‍ന്ന് കിടന്ന കുട്ടികള്‍ ഇന്ന് അമ്മയുടെ നാറ്റത്തെ വെറുക്കുന്നു.
“അമ്മയ്ക്ക് പെര്‍ഫ്യൂം അടിച്ചുകൂടേ..സുനിയുടെ മമ്മി അടുത്തുവരുമ്പോഴേ എന്തൊരു മണാ.”ഒരു ദിവസം ദേവിക പറഞ്ഞു.
നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഓഫീസ് വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങുമ്പോളേ അരവിന്ദ് പറയും,’നീ പെഫ്യൂം ഉപയോഗിക്കൂ.വല്ലാത്ത നാറ്റം..’
അനുരാധ തന്നെത്തന്നെ മണത്തുനോക്കി.ചെറുപ്പത്തില്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന അതേ മണം.അവള്‍ ഒന്നുകൂടി മണത്തു.ആ മണത്തിനു വേണ്ടിയായിരുന്നു അമ്മയോടൊട്ടിക്കിടക്കാന്‍ എന്നും വാശി പിടിച്ചിരുന്നത്.അവള്‍ക്ക് സന്തോഷം തോന്നി.അമ്മയ്ക്കും,തനിക്കും ഒരേ മണം..!പക്ഷേ......മക്കള്‍ക്കും,അരവിന്ദിനും ഇത് നാറ്റമാകുന്നതെന്തുകൊണ്ടാണ്..!അനുരാധ ഷവര്‍ ഓഫാക്കി.’അരവിന്ദിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ?’അവള്‍ കാതോര്‍ത്തു.അരവിന്ദ് എത്തിയിരിക്കുന്നു.അവള്‍ കുളി മതിയാക്കി.തോര്‍ത്തി.മേലാസകലം പൌഡറിട്ടു.ധൃതിയില്‍ കോണിപ്പടികള്‍ ഇറങ്ങി.
അരവിന്ദ് പത്രം വായിക്കുകയാണ്.പിന്നിലൂടെ ചെന്ന് അവള്‍ അരവിന്ദിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.
“ഹ..നീങ്ങിനില്‍ക്കൂ..ഈ നാറ്റം..ഇത് കുളിച്ചാലും പോവില്ലേ..!”അരവിന്ദ് പത്രത്തില്‍ മുഖം പൂഴ്ത്തി.
“നാളെ എനിക്കല്‍പ്പം നേരത്തേ പോകണം“അനുരാധ കട്ടിലില്‍ ചെന്നിരുന്നുകൊണ്ട് പറഞ്ഞു.
“ഉം??”മുഖമുയര്‍ത്താതെ തന്നെ അരവിന്ദ് ചോദിച്ചു.
“കുറച്ചു പെന്‍ഡിങ് വര്‍ക്ക്സ് ഉണ്ട്”
“ഉം.”ഈയിടെയായി സംസാരം കഴിവതും മൂളലിലില്‍ ഒതുക്കുകയാണ് അരവിന്ദ്.

അനുരാധ വിയര്‍ക്കുകയാണ്.“പറയൂ,എന്താണ് നിങ്ങളുടെ രോഗം?”ഡോക്ടര്‍ തോമസ് മാത്യു ആവര്‍ത്തിച്ചു.
അനുരാധ ടവ്വല്‍ എടുത്ത് വീണ്ടും മുഖം തുടച്ചു.
“ഡോക്ടര്‍,എനിക്ക് നാറ്റമാണ്.വിയര്‍പ്പുനാറ്റം.”അനുരാധ ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
“നിസ്സാരമായി തള്ളരുത് ഡോക്ടര്‍.എന്റെ ജീവിതം മുഴുവന്‍ ഈ നാറ്റം പടര്‍ന്നിരിക്കുന്നു.”മേശപ്പുറത്ത് താളം പിടിക്കുന്ന ഡോക്ടര്‍ തോമസിന്റെ കൈകളിലേക്കു നോക്കി അനുരാധപറഞ്ഞു.
ഡോക്ടര്‍ തോമസ് മാത്യു കണ്ണുകളടച്ച്,ദീര്‍ഘമായി ശ്വാസമെടുത്തു.
“നാറ്റം??! എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്.. മണമാണല്ലോ..” “ഇല്ല,ഡോക്ടര്‍..എനിക്ക് നാറ്റമാണ്.നാറ്റം.”അനുരാധ ടവ്വല്‍ എടുത്ത് കണ്ണുകള്‍ തുടച്ചു.
“വരൂ,ഇവിടെ കിടക്കൂ”ടേബിള്‍ ചൂണ്ടിക്കാണിച്ച് ഡോക്ടര്‍ തോമസ് പറഞ്ഞു.അനുരാധ കിടന്നു.തലക്കുമുകളില്‍ ഡോക്ടര്‍ തോമസ് മാത്യുവിനെ കണ്ട് അവള്‍ പേടിച്ചു.ചെറുപ്പം മുതല്‍ അവള്‍ക്ക് പേടിയാണ് ഡോക്ടര്‍മാരെ.
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.അവളുടെ വിയര്‍പ്പുതുള്ളികള്‍ ഓരോന്നായി ഒപ്പിയെടുത്തുകൊണ്ട് ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു..
“അനുരാധാ..ഇത് നാറ്റമല്ല,മണമാണ്..മണം.മുത്തങ്ങയിട്ട് കാച്ചുന്ന പാലിന്റെ മണം..ആ പാല്‍ തരുന്ന അമ്മയുടെ മണം..”
അനുരാധ കണ്ണു തുറന്നു. അന്നാദ്യമായി പേടിയില്ലാതെ അവള്‍ ഒരു ഡോക്ടറെ നോക്കി..ചിരിച്ചു..

മണി ആറ് കഴിഞ്ഞിരിക്കുന്നു.ഓഫീസിലാണെങ്കില്‍ ഒരു ലീവ് പോലും കൊടുത്തിട്ടില്ല.അരവിന്ദും,മക്കളും എത്തിയിരിക്കും.അനുരാധ ധൃതിയില്‍ നടന്നു.
കുട്ടികളുടെ ബാഗും,ഷൂവും എടുത്ത് യഥാസ്ഥാനത്ത് വെച്ചു.നേരെ അരവിന്ദിനടുത്തേക്ക് നടന്നു.
“നിന്റെ പെന്‍ഡിങ് വര്‍ക്ക്സ് കഴിഞ്ഞോ?”പത്രത്തില്‍നിന്ന് മുഖമുയര്‍ത്തി അരവിന്ദ് ചോദിച്ചു.
“ഉം..”“ഇന്നെന്താ..ഒരു മണം ! നീ പെര്‍ഫ്യൂം അടിച്ചോ?”
“ഉം..” അനുരാധ ചിരിച്ചു.
“നന്നായി.ഇനിയാ നാറ്റം സഹിക്കേണ്ടല്ലോ..”പത്രം മേശപ്പുറത്തേക്കിട്ട് അരവിന്ദ് അനുരാധയുടെ അടുത്തേക്ക് നടന്നു

******************************************