Monday, May 7, 2007

അനുരാധയുടെ മണം.

“ഡോക്ടര്‍,ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്.രക്ഷിക്കാന്‍ ഡോക്ടര്‍ക്കു മാത്രേ കഴിയൂ.രക്ഷപ്പെടാനായില്ലെങ്കില്‍ മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗം മാത്രം-മരണം.!”മുഷിഞ്ഞ ടവ്വല്‍ നിവര്‍ത്തി മുഖം തുടച്ചുകൊണ്ട് അനുരാധ പറഞ്ഞു.അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.സാരിക്കിടയില്‍ ടവ്വല്‍ തിരുകി അനുരാധ ഡോക്ടര്‍ തോമസിനെ നോക്കി.
ഡോക്ടര്‍ തോമസ് മാത്യു‌‌-സരളയാണ് ആ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.അല്ലെങ്കിലും അനുരാധയുടെ പ്രശനങ്ങള്‍ക്ക് എന്നും പരിഹാരം നിര്‍ദ്ദേശിക്കുക എന്ന ജോലി സരളയുടേതാണല്ലൊ.ഈയിടെയായി കറികള്‍ക്ക് സ്വാദുകുറഞ്ഞെന്ന അരവിന്ദിന്റെ പരാതി അല്‍പ്പമെങ്കിലും കുറഞ്ഞത് സരള പറഞ്ഞുതന്ന പൊടിക്കൈപ്രയോഗത്തിലൂടെയാണ്.
“നീ ഡോക്ടര്‍ തോമസ് മാത്യുവിനെ ചെന്നു കാണൂ.അദ്ദേഹം പരിഹരിക്കും നിന്റെ പ്രശനം”.അനുരാധയുടെ എണ്ണിപ്പറക്കലുകള്‍ കേട്ട് സരള പറഞ്ഞു.വിസിറ്റിങ് കാര്‍ഡ് അവള്‍ അനുരാധക്ക് നേര്‍ക്ക് നീട്ടി.
Dr.Thomas Mathew M.D
Lissy clinic
College junction
Aluva.
'നാളെത്തന്നെ പോകണം’.അനുരാധ തീരുമാനിച്ചു.ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങി.മാര്‍ക്കറ്റില്‍ പോകേണ്ട ദിവസമാണ്.വെജിറ്റബിള്‍സ് എല്ലാം തീര്‍ന്നിരിക്കുന്നു.വൈകുന്നേരത്തെ വെയിലിനും പൊള്ളുന്ന ചൂടുതന്നെ.കുടയാണെങ്കില്‍ എടുക്കാനും മറന്നു. അതെങ്ങിനെ, അച്ഛനേയും,മക്കളേയും പറഞ്ഞയച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോളേക്കും മണി ഒന്‍പത് മുപ്പത്തഞ്ച്.ഓടിയണച്ച് ബസ്സ്സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും ‘സ്വാമി അയ്യപ്പന്‍’അതിന്റെ പാട്ടിനു പോയിരിക്കും.കാലിനിടയിലൂടെ വിയര്‍പ്പുതുള്ളികള്‍ ഒഴുകുന്നുണ്ടാവും.തുടക്കിടയിലിട്ട്അതിനെ ഞെരുക്കിക്കളയും.അടുത്ത ബസ്സില്‍ വലിഞ്ഞുകയറി ഓഫീസില്‍ എത്തുന്നതും,മണി പത്തടിക്കുന്നതും ഒരുമിച്ചായിരിക്കും.
ഓഫീസില്‍ ഒരു തമാശ പോലുമുണ്ട്
’ക്ലോക്കിനു പത്തടിക്കാന്‍ തെറ്റിയാലും അനുരാധക്ക് തെറ്റില്ല’എന്ന്.
അവര്‍ക്ക് തമാശ.അവിടെയെത്താന്‍ പെടുന്ന പെടാപ്പാട് എനിക്കല്ലേ അറിയൂ.ഓരോന്നാലോചിച്ച് നടന്ന് മാര്‍ക്കറ്റ് എത്തിയതേ അറിഞ്ഞില്ല.
സാധങ്ങള്‍ക്കൊക്കെ എന്താ വില !! ദിവസം തോറും കുതിച്ചു കേറുകയല്ലേ.കിലോ പത്ത് ആയിരുന്ന ഉള്ളിക്ക് പതിനഞ്ച്!!മാസാവസാനം വരെ എങ്ങിനെ ഒപ്പിക്കുമോ എന്തോ!ഈ മാസമാണെങ്കില്‍ ദേവിക്ക് സ്റ്റഡിടൂറും!!!
‘ഈശ്വരാ..മണി ആറ്!! ദേവിയും,രോഹനും സ്കൂള്‍ വിട്ട് വന്നിരിക്കും.ഇനി ഓട്ടോ പിടിക്കുക തന്നെ’പച്ചക്കറിസഞ്ചിയുമെടുത്ത് അനുരാധ ഓട്ടൊയിലേക്ക് കയറി.
രണ്ട് പേരുടേയും ബാഗ് സിറ്റൌട്ടില്‍ തന്നെ കിടക്കുന്നു.
കതക്കും തുറന്നിട്ട് ഈ കുട്ടികള്‍ ഇതെവിടെ പോയിരിക്കുന്നു!! ഷൂവും,സോക്സും മുറിയില്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.അനുരാധ അതെടുത്ത് ഷൂറാക്കില്‍ വെച്ചു.ഉടുപ്പൂരി കട്ടിലിലേക്കെറിഞ്ഞ് രണ്ടും കമ്പ്യൂട്ടറിനു മുന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
“ദേവീ,നിനക്ക് വയസ്സ് പത്തു പതിനഞ്ചായില്ലേ..ഇതൊക്കെ നിനക്കൊന്ന് അടുക്കി വെച്ചാലെന്താ?”സ്ഥിരം ചോദ്യമാണെങ്കിലും അനുരാധ ആവര്‍ത്തിച്ചു.ദേവിക കാറിന്റെ സ്പീഡ് കൂട്ടി.അച്ഛന്‍ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തു തന്ന പുതിയ ഗെയിം ആണ്.
അനുരാധ കുട്ടികളുടെ ഡ്രെസ്സ് എടുത്ത് ഹാംഗറില്‍ തൂക്കി.
“എന്തൊരു നാറ്റം”ദേവിക മുഖം ചുളിച്ചു.
“ഈ അമ്മയ്ക്ക് ഭയങ്കര നാറ്റാ...”രോഹനും ഏറ്റുപിടിച്ചു.
അനുരാധ ഒന്നും മിണ്ടിയില്ല.എത്രയോ നാളുകളായി കേള്‍ക്കുന്നതാണ്..
‘ചായ തിളച്ചുകാണും’.അവള്‍ അടുക്കളയിലേക്കോടി.സിങ്കില്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം കഴുകി അടുക്കി വെച്ചു.കുട്ടികളുടെ ബാഗ് തുറന്ന് ടിഫിന്‍ ബോക്സ് എടുത്ത് കഴുകി.
‘ഹൊ..അരവിന്ദ് എത്താറായിരിക്കുന്നു.വേഗം കുളിക്കണം,ഇല്ലെങ്കില്‍ അരവിന്ദും തുടങ്ങും..വിയര്‍പ്പുനാറ്റം..’അനുരാധ ബാത്റൂമിലേക്കോടി.
ഷവറിനു കീഴെ അവള്‍ നിന്നു.അവളുടെ വിയര്‍പ്പുതുള്ളികള്‍ വെള്ളത്തില്‍ ചേര്‍ന്നൊഴുകി.
‘നാളെ ഒരു പരിഹാരമാകുമല്ലോ’അവള്‍ ആശ്വസിച്ചു.
‘എപ്പോളാണ് ഈ നാറ്റം തുടങ്ങിയത്?’അവള്‍ ആലോചിച്ചു.മറൈന്‍ ഡ്രൈവില്‍ തൊട്ടുരുമ്മിയിരുന്ന് പ്രണയിച്ചപ്പോള്‍...ഇല്ല..അന്ന് അരവിന്ദ് പറഞ്ഞത് ‘നിന്റെ മണം എന്നെ മത്തുപിടിപ്പിക്കുന്നു‘ എന്നാണ്.
പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കക്ഷത്തില്‍ മുഖമര്‍ത്തി അരവിന്ദ് പറയുമായിരുന്നു’ഇതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട മണം’എന്ന്.
പിന്നെ...എപ്പോള്‍???
ചുണ്ടിനു മീതെ പറ്റിനില്‍ക്കുന്ന വിയര്‍പ്പുതുള്ളികള്‍ സാരിത്തലപ്പു കൊണ്ട് ഒപ്പിയെടുത്ത് അടുക്കളയില്‍ നിന്ന് ഓടിയെത്തി ദേവിയുടെ കുഞ്ഞുവായിലേക്ക് മുലപ്പാലിറ്റിക്കുമ്പോള്‍ഉപ്പുരസം കലരുന്നത് എനിക്ക കാണാമായിരുന്നു.
കുഞ്ഞിന് മതിയാവോളം മുലപ്പാല്‍ നല്‍കണമെന്ന് അനുരാധക്ക് നിര്‍ബന്ധമായിരുന്നു.അതുകൊണ്ടാണല്ലോ ഒന്നാം ക്ലാസ്സിലെ പരീക്ഷക്ക് പോകും മുന്‍പും ദേവിക മുല കുടിച്ചത്.ഓടിയെത്തി നൈറ്റിയുടെ കൊളുത്ത് വിടുവിച്ച്,പറ്റിയിരിക്കുന്ന വിയര്‍പ്പു തുടയ്ക്കാന്‍ പോലും സമ്മതിക്കാതെ ഒരു ആക്രമണമായിരുന്നു അവള്‍.
ബ്ലഡിലെ കൌണ്ട് കുറവെന്ന ഡോക്ടറുടെ കണ്ടുപിടുത്തത്തിനൊടുവിലാണ് അവളുടെ അമ്മിഞ്ഞയില്‍ ചെന്ന്യായം പുരട്ടിയത്.
രോഹനും മുല കുടിച്ചു,മൂന്നു വയസ്സോളം.പറ്റിച്ചേര്‍ന്ന് കിടന്ന കുട്ടികള്‍ ഇന്ന് അമ്മയുടെ നാറ്റത്തെ വെറുക്കുന്നു.
“അമ്മയ്ക്ക് പെര്‍ഫ്യൂം അടിച്ചുകൂടേ..സുനിയുടെ മമ്മി അടുത്തുവരുമ്പോഴേ എന്തൊരു മണാ.”ഒരു ദിവസം ദേവിക പറഞ്ഞു.
നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് ഓഫീസ് വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങുമ്പോളേ അരവിന്ദ് പറയും,’നീ പെഫ്യൂം ഉപയോഗിക്കൂ.വല്ലാത്ത നാറ്റം..’
അനുരാധ തന്നെത്തന്നെ മണത്തുനോക്കി.ചെറുപ്പത്തില്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന അതേ മണം.അവള്‍ ഒന്നുകൂടി മണത്തു.ആ മണത്തിനു വേണ്ടിയായിരുന്നു അമ്മയോടൊട്ടിക്കിടക്കാന്‍ എന്നും വാശി പിടിച്ചിരുന്നത്.അവള്‍ക്ക് സന്തോഷം തോന്നി.അമ്മയ്ക്കും,തനിക്കും ഒരേ മണം..!പക്ഷേ......മക്കള്‍ക്കും,അരവിന്ദിനും ഇത് നാറ്റമാകുന്നതെന്തുകൊണ്ടാണ്..!അനുരാധ ഷവര്‍ ഓഫാക്കി.’അരവിന്ദിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ?’അവള്‍ കാതോര്‍ത്തു.അരവിന്ദ് എത്തിയിരിക്കുന്നു.അവള്‍ കുളി മതിയാക്കി.തോര്‍ത്തി.മേലാസകലം പൌഡറിട്ടു.ധൃതിയില്‍ കോണിപ്പടികള്‍ ഇറങ്ങി.
അരവിന്ദ് പത്രം വായിക്കുകയാണ്.പിന്നിലൂടെ ചെന്ന് അവള്‍ അരവിന്ദിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.
“ഹ..നീങ്ങിനില്‍ക്കൂ..ഈ നാറ്റം..ഇത് കുളിച്ചാലും പോവില്ലേ..!”അരവിന്ദ് പത്രത്തില്‍ മുഖം പൂഴ്ത്തി.
“നാളെ എനിക്കല്‍പ്പം നേരത്തേ പോകണം“അനുരാധ കട്ടിലില്‍ ചെന്നിരുന്നുകൊണ്ട് പറഞ്ഞു.
“ഉം??”മുഖമുയര്‍ത്താതെ തന്നെ അരവിന്ദ് ചോദിച്ചു.
“കുറച്ചു പെന്‍ഡിങ് വര്‍ക്ക്സ് ഉണ്ട്”
“ഉം.”ഈയിടെയായി സംസാരം കഴിവതും മൂളലിലില്‍ ഒതുക്കുകയാണ് അരവിന്ദ്.

അനുരാധ വിയര്‍ക്കുകയാണ്.“പറയൂ,എന്താണ് നിങ്ങളുടെ രോഗം?”ഡോക്ടര്‍ തോമസ് മാത്യു ആവര്‍ത്തിച്ചു.
അനുരാധ ടവ്വല്‍ എടുത്ത് വീണ്ടും മുഖം തുടച്ചു.
“ഡോക്ടര്‍,എനിക്ക് നാറ്റമാണ്.വിയര്‍പ്പുനാറ്റം.”അനുരാധ ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
“നിസ്സാരമായി തള്ളരുത് ഡോക്ടര്‍.എന്റെ ജീവിതം മുഴുവന്‍ ഈ നാറ്റം പടര്‍ന്നിരിക്കുന്നു.”മേശപ്പുറത്ത് താളം പിടിക്കുന്ന ഡോക്ടര്‍ തോമസിന്റെ കൈകളിലേക്കു നോക്കി അനുരാധപറഞ്ഞു.
ഡോക്ടര്‍ തോമസ് മാത്യു കണ്ണുകളടച്ച്,ദീര്‍ഘമായി ശ്വാസമെടുത്തു.
“നാറ്റം??! എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്.. മണമാണല്ലോ..” “ഇല്ല,ഡോക്ടര്‍..എനിക്ക് നാറ്റമാണ്.നാറ്റം.”അനുരാധ ടവ്വല്‍ എടുത്ത് കണ്ണുകള്‍ തുടച്ചു.
“വരൂ,ഇവിടെ കിടക്കൂ”ടേബിള്‍ ചൂണ്ടിക്കാണിച്ച് ഡോക്ടര്‍ തോമസ് പറഞ്ഞു.അനുരാധ കിടന്നു.തലക്കുമുകളില്‍ ഡോക്ടര്‍ തോമസ് മാത്യുവിനെ കണ്ട് അവള്‍ പേടിച്ചു.ചെറുപ്പം മുതല്‍ അവള്‍ക്ക് പേടിയാണ് ഡോക്ടര്‍മാരെ.
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.അവളുടെ വിയര്‍പ്പുതുള്ളികള്‍ ഓരോന്നായി ഒപ്പിയെടുത്തുകൊണ്ട് ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു..
“അനുരാധാ..ഇത് നാറ്റമല്ല,മണമാണ്..മണം.മുത്തങ്ങയിട്ട് കാച്ചുന്ന പാലിന്റെ മണം..ആ പാല്‍ തരുന്ന അമ്മയുടെ മണം..”
അനുരാധ കണ്ണു തുറന്നു. അന്നാദ്യമായി പേടിയില്ലാതെ അവള്‍ ഒരു ഡോക്ടറെ നോക്കി..ചിരിച്ചു..

മണി ആറ് കഴിഞ്ഞിരിക്കുന്നു.ഓഫീസിലാണെങ്കില്‍ ഒരു ലീവ് പോലും കൊടുത്തിട്ടില്ല.അരവിന്ദും,മക്കളും എത്തിയിരിക്കും.അനുരാധ ധൃതിയില്‍ നടന്നു.
കുട്ടികളുടെ ബാഗും,ഷൂവും എടുത്ത് യഥാസ്ഥാനത്ത് വെച്ചു.നേരെ അരവിന്ദിനടുത്തേക്ക് നടന്നു.
“നിന്റെ പെന്‍ഡിങ് വര്‍ക്ക്സ് കഴിഞ്ഞോ?”പത്രത്തില്‍നിന്ന് മുഖമുയര്‍ത്തി അരവിന്ദ് ചോദിച്ചു.
“ഉം..”“ഇന്നെന്താ..ഒരു മണം ! നീ പെര്‍ഫ്യൂം അടിച്ചോ?”
“ഉം..” അനുരാധ ചിരിച്ചു.
“നന്നായി.ഇനിയാ നാറ്റം സഹിക്കേണ്ടല്ലോ..”പത്രം മേശപ്പുറത്തേക്കിട്ട് അരവിന്ദ് അനുരാധയുടെ അടുത്തേക്ക് നടന്നു

******************************************

28 comments:

വാണി said...

“ഡോക്ടര്‍,ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്.രക്ഷിക്കാന്‍ ഡോക്ടര്‍ക്കു മാത്രേ കഴിയൂ.രക്ഷപ്പെടാനായില്ലെങ്കില്‍ മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗം മാത്രം-മരണം.!”മുഷിഞ്ഞ ടവ്വല്‍ നിവര്‍ത്തി മുഖം തുടച്ചുകൊണ്ട് അനുരാധ പറഞ്ഞു.

അനുരാധയുടെ മണം..........

ഗുപ്തന്‍ said...

അനുഭൂതികളെയും ആസക്തികളെയും പുനര്‍നിര്‍വചിക്കാനാകാതെ പോകുന്ന സാധാരണതയുടെ ദുര്‍ഗന്ധമുണ്ടെങ്ങും.. ബ്ലോഗുകളുടെ ലോകത്തും..

വേണിയുടെ കഥയില്‍ -മുമ്പുള്ള രചനകളിലെന്നപോലെ- വിയര്‍പ്പിന്റെ ഗന്ധത്തില്‍ സുഗന്ധം തിരയുന്ന പാപസ്പര്‍ശമുണ്ട്... പ്രതിഭയുടെ നിര്‍വചനത്തിലൊതുങ്ങാത്ത സുഗന്ധവും.. തുടര്‍ന്നെഴുതൂ.. അഭിനന്ദനങ്ങള്‍

Kiranz..!! said...

കിറുക്കത്തീ..ഒരൊന്നന്നര ടൈറ്റിലായിപ്പോയി..:)


നല്ല എഴുത്തായിരിക്കുന്നു..ഇഷ്ടമായി..!

ഏറനാടന്‍ said...

ശോ! പഴയ മാദകനടി അനുധാര-യുടെ വല്ലോം ആയിരിക്കും എന്നാ കരുതിയേ ഈ ശീര്‍ഷകം കണ്ടപ്പോ..

ഇതും കൊള്ളാം. ഓരോരോ പരിഹാരങ്ങളേയ്‌, ശിവ ശിവാ

Dinkan-ഡിങ്കന്‍ said...

കഥ നന്നായി.

മയൂര said...

“അനുരാധ തന്നെത്തന്നെ മണത്തുനോക്കി. ചെറുപ്പത്തില്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന അതേ മണം.അവള്‍ ഒന്നുകൂടി മണത്തു.ആ മണത്തിനു വേണ്ടിയായിരുന്നു അമ്മയോടൊട്ടിക്കിടക്കാന്‍ എന്നും വാശി പിടിച്ചിരുന്നത്. അവള്‍ക്ക് സന്തോഷം തോന്നി. അമ്മയ്ക്കും, തനിക്കും ഒരേ മണം..!

നന്നായി എഴുത്തിയിരിക്കുന്നു...ആശംസകള്‍....

കുറുമാന്‍ said...

വാണി പതിവുപോലെ തന്നെ ഇതും നന്നായിരിക്കുന്നു.........ഗന്ധങ്ങള്‍ പലത്തരം.....പക്ഷെ ഇത്തരം ജീവിത ഗന്ധിയായ ഗന്ദങ്ങള്‍ അപൂര്‍വ്വം.

G.MANU said...

kollam :)

പുള്ളി said...

പലപ്പോഴും ശബ്ദങ്ങളേക്കാളും ദൃശ്യങ്ങളേക്കാളും ഓര്‍മകളേയും വിചാരങ്ങളേയും ഉണര്‍ത്താന്‍ ഗന്ധങള്‍ക്കാവും. ഈ കഥയ്ക്കും അതിനു കഴിഞ്ഞിരിക്കുന്നു. ഇഷ്ടപ്പെട്ടു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഈ മണം കുറച്ചീസായിട്ട് ബൂലോഗത്താകെ അടിക്കുന്നുണ്ട്..

Kaithamullu said...

അവളുടെ വിയര്‍പ്പുതുള്ളികള്‍ ഓരോന്നായി ഒപ്പിയെടുത്തുകൊണ്ട് ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു..
“അനുരാധാ..ഇത് നാറ്റമല്ല,മണമാണ്..മണം.മുത്തങ്ങയിട്ട് കാച്ചുന്ന പാലിന്റെ മണം..ആ പാല്‍ തരുന്ന അമ്മയുടെ മണം..”

-ഡോക്റ്ററുടെ അഡ്രസ് കൊടുത്തത് നന്നായി, വേണി!

Areekkodan | അരീക്കോടന്‍ said...

ആ ഡോക്ടറുടെ address ശരിയാണോ?

SUNISH THOMAS said...

കലക്കി.

വല്യമ്മായി said...

കഥ നന്നായി.ഇരട്ട വേഷങ്ങളാടേണ്ടി വരുന്ന ഒരു സ്ത്രീയെ ,അവരുടെ വിഹ്വലതകളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Siju | സിജു said...

ഇഷ്ടപെട്ടു

ഓടോ: ആലുവയിലെവിടെയാ കോളേജ് ജംഗ്ഷന്‍ ??

chachiraz said...

ചേച്ചികഥ കലക്കി കെട്ടൊ....

Unknown said...

കിറുക്കായാലും കാര്യമായാലും ഇതു ചിലതൊക്കെ പറയാതെ പറയുന്നുണ്ട്.

നല്ല കഥ

വിപിന്‍ said...

ഒറ്റ നോട്ടത്തില്‍ സംഗതി ഇത്തിരി കടന്ന കയ്യായിപ്പോയില്ലേ എന്ന് തോന്നുമെങ്കിലും, പറഞ്ഞത് പോയിന്റാണേ.....

വാണി said...

നന്ദി എല്ലാവര്‍ക്കും...:)

Haree said...

അവരവരുടെ മണം (നാറ്റം) അവരവരറിയുന്നില്ല... അങ്ങിനെയല്ലേ കഥ പറയുന്നത്?
--

ദീപു : sandeep said...

വളരെ നന്നായിട്ടുണ്ട്....

Pramod.KM said...

വിയറ്പ്പു നാറ്റം എന്നതിന്‍ കടൂരില്‍(എന്റെ നാട്) പബ്ലിസിറ്റി വന്നത് നരസിംഹറാവു ഗാട്ട് കരാറില്‍ ഒപ്പിട്ടതിനു ശേഷമാണെന്ന് ഞാന്‍ പറയും.
നല്ല കഥ ആണിത്;)

വാണി said...

അനുരാധയുടെ മണം അറിഞ്ഞ എല്ലാ
കൂട്ടുകാര്‍ക്കും നന്ദി

പൂച്ച സന്ന്യാസി said...

മണം പലരീതിയില്‍ പലരിലും വ്യത്സ്തമായി പരിണമിക്കാറുണ്ട്, ഒരു കാമുകീ കാമുകന്‍ മാരുടെ മണം, ഭാര്യാ ഭര്‍ത്താക്കന്മാരുടെ മണം, ഇങ്ങനെ, ഇതില്‍ സ്വന്തം മണം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നു. മണം നാറ്റമായും നാറ്റം മണമായും മാറ്റാന്‍ ഒരു വ്യക്തിക്ക് കഴിയും,കാമുകന്റെ വിയര്‍പ്പ് കാമുകിക്ക് മണമാണ്. എന്നാല്‍ ദാമ്പത്യ , രസങ്ങള്‍ക്കു ശേഷം അത് നാറ്റമായി മാറും,സ്വയം മണക്കാനും മണപ്പിക്കാനൂം കഴിയുമ്പോള്‍ നാറ്റം മണമായി മാറാം, എന്നാലും ചിലര്‍ക്ക് തോമസ് മാത്യവിനേപ്പൊലെ യുള്ളവരുടെ സഹായവും ആവശ്യമാണ്.
ചിന്തിപ്പിച്ച് കഥ...നന്നായിരിക്കുന്നു.

Anonymous said...

കഥ നന്നായി.

Vinod Bhasi said...

അനുരാധാ..ഇത് നാറ്റമല്ല,മണമാണ്..മണം.മുത്തങ്ങയിട്ട് കാച്ചുന്ന പാലിന്റെ മണം..ആ പാല്‍ തരുന്ന അമ്മയുടെ മണം..”

best lines in the story...

and keep up the gud work..

sree said...

വാണിയുടെ കഥകളില്‍ വേറിട്ടു നില്‍ക്കുന്ന കഥ. ആഖ്യാനത്തിനു നല്ല തീക്ഷ്ണത. എനിക്ക് ഏറ്റം ഇഷ്ടായത് ആ ഡോക്ടറെയാ...എന്തു പെര്‍ഫ്യൂമാണാവൊ അത്? തിരിച്ചറിവ് എപ്പോഴും വ്യക്തിയുടെ ഉള്ളില്‍ നിന്നു തന്നെ വരണം അല്ലെ?

Ranjith said...

എന്റെ കിറുക്കുകള്‍ .. superb