Friday, October 19, 2007

കണക്ക്..

ഈശ്വരാ..ഇതു വരെ ഈ ആശുപത്രി വിട്ടില്ലേ? ഈ രഘു എവിടെയാ? ശാരി മോള്‍ക്ക് അടുത്ത മണ്‍ഡെ എക്സാം തുടങ്ങുവാ.
ജലജയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
പെണ്ണിനാണെങ്കില്‍ കണക്ക് ഒരു വസ്തു അറിയില്ല. ഇംഗ്ലീഷ് പിന്നെ തട്ടീം,മുട്ടീം ഒപ്പിക്കാമെന്നു വെക്കാം..കണക്കിനു എന്നാ ചെയ്യും?? ഗുണിക്കാനും,ഹരിക്കാനും പോലും അവള്‍ പിറകോട്ടാ. അശ്രദ്ധയാണെങ്കില്‍ പറയുകേം വേണ്ട.

തലയ്ക്കുള്ളില്‍ വല്ലത്തൊരു മിന്നല്‍..അവള്‍ കണ്ണുകള്‍ ഇറുകിയടച്ചു. ഞരമ്പുകള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുമെന്നു തോന്നി. കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആയില്ല. കയ്യോ കാലോ ഒന്നും അനക്കാനേ പറ്റുന്നില്ല. പാതി തുറന്ന കണ്ണിലൂടെ കുറേ വെള്ളയുടുപ്പുകള്‍ ഒഴുകി നടക്കുന്നത് അവള്‍ കണ്ടു. പഞ്ഞിക്കെട്ടുപോലെ കിടക്കയ്ക്കു മുകളില്‍ പറ്റിപ്പിടിച്ച് അവളങ്ങിനെ കിടന്നു.
സൂചിമുനകള്‍ ഞെരമ്പുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു.
ശാരിയുടെ ശബ്ദം ജനാലവിടവിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. അവളെ ഒന്നു വിളിക്കണമെന്നു തോന്നി.ഇല്ല,ആവുന്നില്ല. മിണ്ടാനും കഴിയുന്നില്ല.ചുറ്റും ആരൊക്കെയോ വന്നുപോകുന്നു. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം! ആരോടൊക്കെയോ എന്തൊക്കെയോ പറയണമെന്നുണ്ട്,പക്ഷേ..

രണ്ടാമതൊരു കുഞ്ഞ് വേണമെന്ന മോഹം തനിക്കായിരുന്നു. സ്നേഹം പകുത്തുനല്‍കേണ്ടെന്ന രഘുവിന്റെ വാദം നിസ്സീമമായ സ്നേഹപ്പകര്‍ച്ചകള്‍ എടുത്തുകാട്ടി അസ്ഥാനത്താക്കി.അപ്പോഴാണ് ജീവന്‍ തുടിക്കേണ്ട ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവലുതാകുന്ന മാംസപിണ്ഡം ഡോക്ടര്‍മാര്‍ വെളിച്ചത്തു കൊണ്ടുവന്നത്. മുള്ളുകുത്തിക്കളയുന്ന വേദന പോലുമില്ലാതെ അത് എടുത്തുമാറ്റാന്‍ പൊക്കിള്‍ക്കൊടിക്കിടയിലൂടെ അവര്‍ താക്കോല്‍ദ്വാരങ്ങള്‍ ഉണ്ടാക്കി.. ഇടയിലെപ്പോഴോ കുടലുകളൊന്ന് ആടിയുലഞ്ഞു. കുതിച്ചുപാഞ്ഞ രക്തം അവിടെ കട്ടപിടിച്ചു. കുഞ്ഞുഞെരമ്പു കാട്ടിയ വികൃതിയില്‍ അവയവങ്ങളോരോന്നും പിടഞ്ഞു. ശരീരമാകമാനം വലിഞ്ഞു മുറുകി..വീര്‍ത്തു പൊട്ടി..

"രഘൂ..ശാരിയ്ക്ക് എക്സാമാണ്. നീ അവളേയും കൊണ്ട് വീട്ടില്‍ പോകൂ.." രഘു അടുത്തുവരുമ്പോഴെല്ലാം ഞാന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ അവന്‍ കേട്ടമട്ടില്ല. അടുത്തുവന്ന് അവന്‍ ഏങ്ങിയേങ്ങി കരയുന്നു.
'ഇവനെന്താണു പറ്റിയത്?'കയ്യുയര്‍ത്തി ആ ചുമലില്‍ വെക്കാന്‍ ആവുന്നതും ശ്രമിച്ചു.വിരലുകള്‍ പോലും അനങ്ങുന്നില്ല.
ശാരിയെ ചേര്‍ത്തുപിടിച്ച് രഘു കിടയ്ക്കക്കരികില്‍ നിന്ന് ഉറക്കെക്കരഞ്ഞു. കണ്ണുകള്‍ ആവുന്നത്ര വലിച്ചു തുറന്ന് അവരെ നോക്കി. അവള്‍ക്കു ചുറ്റും അക്കങ്ങള്‍ ഓടിക്കളിക്കുകയായിരുന്നു.. തലകുത്തിമറിയുകയായിരുന്നു. ശാരി വാശിയോടെ അക്കങ്ങള്‍ക്കു പിറകേ ഓടി.
‘അരുത്...മോളേ..നില്‍ക്കൂ’ പറഞ്ഞത് ആരും കേട്ടില്ല.
അക്കങ്ങള്‍ ചാടി കിടക്കയിലേക്ക് മറിഞ്ഞു.കൂട്ടിവെച്ചീരുന്ന കണക്കുകളെല്ലാം തെറ്റിച്ച് അവ പല ഉത്തരങ്ങള്‍ നിരത്തി. കണ്ണുകള്‍ ആവുന്നത്ര ഇറുക്കി അക്കങ്ങളെ ആട്ടിയകറ്റാന്‍ നോക്കി.

കണ്ണുതുറന്നപ്പോള്‍ ചുറ്റിലും അക്കങ്ങളില്ല,രഘുവില്ല,ശാരിയില്ല..
എങ്ങും പാറി നടക്കുന്ന വെളുത്ത ചിത്രശലഭങ്ങള്‍ മാത്രം.
ദേഹമാസകലം വലിഞ്ഞുമുറുകിയിരുന്ന ഞരമ്പുകള്‍ അയഞ്ഞു..തലയ്ക്കുള്ളില്‍ മിന്നിയ ആയിരം മിന്നലുകള്‍ ശാന്തമായി... ജനാലയുടെ നേര്‍ത്തവിടവിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ പരന്ന ചെറുതരികള്‍ പോലെ ..ഭാരമില്ലാതെ..അങ്ങിനെയങ്ങിനെ..ആ ശലഭങ്ങള്‍ക്കൊപ്പം..!!

19 comments:

വാണി said...

കണക്കുകള്‍ തെറ്റിച്ചെത്തിയ മരണം..ഒരു ചെറുകഥ.

[ കഥയേക്കാള്‍ ഇതില്‍ സത്യമുണ്ട്.അനുവാദം ചോദിക്കാതെ കടന്നുവന്ന് ജീവിതം തട്ടിപ്പറിച്ച് എല്ലാവരേയും നിസ്സഹായരാക്കി കടന്നുപോകുന്ന മരണം..അതിനു മുന്നില്‍ പകച്കുനില്‍ക്കുന്ന കുടുംബങ്ങള്‍..എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്..]

ശ്രീ said...

ദൈവത്തിന്റെ കണക്കു പുസ്തകത്തില് തെറ്റു പറ്റില്ലല്ലോ. അതിനിടയില്‍‌ നമ്മുടെ കണക്കു കൂട്ടലിനെന്തു സ്ഥാനം?

Haree said...

:)
പോര!
--

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ വാണി, ആദ്യമായി ആണ് ഇവിടെ വരുന്നതു. നന്നായിട്ടുണ്ട്.

വല്യമ്മായി said...

കഥ ശരിക്കും ഉള്ളില്‍ തെറ്റി,ഇത്തരം അനുഭവം സ്വജീവിതത്തില്‍ നെരിട്ടിട്ടുമുണ്ട്.സ്വന്തം കുഞ്ഞുങ്ങളേയും അവരെ കുറിച്ചുള്ള സ്വപ്നങ്ങളേയും പാതിവഴിയിലുപേക്ഷിച്ചു പോകേണ്ടി വന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കുന്നു.

വേണു venu said...

ജീവിതം തന്നെ പലപ്പോഴും ഉത്തരമില്ലാത്ത കണക്കു പോലെ..

ശെഫി said...

വായിച്ചു

അനില്‍ശ്രീ... said...

ജീ‍വിതത്തിന്റെ കണക്കുകള്‍ നമുക്കൊരിക്കലും ഗണിച്ചെടുക്കാന്‍ ആവില്ല വാ‍ണീ.... സങ്കീര്‍ണ്ണമാണത്....

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു... മനസ്സില്‍ത്തട്ടി...

ആരോ പറഞ്ഞുകേട്ടിരിക്കണൂ...‘മരണം രംഗബോധമില്ലാത്ത കോമാളി’യാണെന്ന്

താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു.

സാരംഗി said...

കഥ ഇഷ്ടമായി. രംഗബോധമില്ലാത്ത കോമാളി കണക്കുകള്‍ എപ്പോഴും തെറ്റിച്ചുകളയുന്നു.

ഗുപ്തന്‍ said...

നോവിന്റെ ഒരു ചില്ല്... എഴുത്ത് നന്നായി

ഓ.ടോ.. ബൂലോഗം മൊത്തം ഇപ്പം ശലഭങ്ങള് തന്നെ... മയൂരയുടെ കഥ..സിമിയുടെ കഥ.. ഇവിടെ പിന്നേം കഥ...സനാതനന്റെ കവിത..അനിലന്റെ കവിത.. സീസണുകള് തന്നേ?

മയൂര said...

വാണീ, വ്യത്യസ്ഥമായൊരു കഥ...നന്നായിട്ടുണ്ട്:)

Sathees Makkoth | Asha Revamma said...

കൊള്ളാം.നന്നായിട്ടുണ്ട്

ഉപാസന || Upasana said...

:)
ഉപാസന

Sethunath UN said...

വിഷ‌മ‌മായി.
ക‌ഥ ന‌ന്നായി

വാണി said...

ശ്രീ...ശരിയാണ്. ദൈവത്തിന്റെ കണക്കുപുസ്തകം തിരുത്താന്‍ നമ്മളാര്??!

ഹരീ..:)
നാട്ടിലെ അറിയാവുന്ന ഒരാളുടെ മരണം..മനസ്സൊന്ന് പിടഞ്ഞപ്പോള്‍ കുറിച്ചതാണ്. രണ്ടാമതൊരു വായന നടത്താന്‍ തോന്നിയില്ല.

വാല്‍മീകി...നന്ദി.

വല്ല്യമ്മായി...പ്രാര്‍ത്ഥിക്കാം നമുക്കൊന്നിച്ച്!

വേണുമാഷേ..:)

ശെഫീ,അനില്‍,സഹയാത്രികന്‍...ഏറെ സന്തോഷം.

സാരംഗി,മനൂ,മയൂരാ..നന്ദി,വായനയ്ക്കും,അഭിപ്രായങ്ങള്‍ക്കും.

സതീഷ്,നിഷ്ക്കളങ്കന്‍..നന്ദി.

ഉപാസനാ..:)

Sapna Anu B.George said...

ജീവിതം എപ്പോഴും നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും, നല്ല വിവരണം

ഹരിയണ്ണന്‍@Hariyannan said...

ഈ കിറുക്കുകഥ വായിക്കാന്‍ അല്പം വൈകിപ്പോയതിനുമാപ്പ്(സംശയിക്കണ്ട..കുന്നംകുളമുള്ള മാപ്പ്!)!

ഇന്നത്തെ അമ്മമാരില്പലരും ജീവനെക്കാളേറെ മുറുകെപ്പിടിക്കുന്നത് കുട്ടികളെക്കുറിച്ചുള്ള കണക്കുകളാണല്ലോ...ഒടുവില്‍ “രംഗബോധമില്ലാത്ത ആ കോമാളി” എല്ലാം തച്ചൂടക്കുമ്പോഴും അവള്‍ ആ കണക്കുകള്‍ക്ക് പിറകേയായിരിക്കും...
കഥ ടച്ചിങ്സായി.....പാചകം കൊള്ളാം!!

നിരക്ഷരൻ said...

ഭൂമിയുടെ സ്പന്ദനം തന്നെ കണക്കിലാണെന്ന് പറയുന്ന ഒരു സിനിമാ കഥാപാത്രത്തെ ഓര്‍മ്മവന്നു ആദ്യം. ജീവിതത്തില്‍ നമ്മുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കൊണ്ടിരിക്കും എന്ന യാധാര്‍ത്യവും വിസ്മരിക്കാനായില്ല.