കൊല്ലപരീക്ഷ കഴിഞ്ഞു സ്കൂള്‍ പൂട്ടിയാല്‍ പിന്നെ എനിക്കു തിരക്കാണ്..ഓടി വീട്ടിലെത്തി അത്യാവശ്യം ഉടുപ്പുകളൊക്കെ കവറിലാക്കും .പിന്നെ മാമന്റെ വരവിനുള്ള കാത്തിരിപ്പാണു.മണി അഞ്ജ് അടിക്കുമ്പോളേക്കും മാമന് പറന്നെത്തും .അപ്പോളേക്കും മാമന്ടെ സൈക്കിളിനു മുന്നില്‍ ഒരു സീറ്റും ,കാലു വെക്കാന്‍ പടിയും സംഘടിപ്പിച്ചിട്ടുണ്ടാകും. കവര്‍ ഹാന്‍ഡിലില്‍ തൂക്കി ഞാന്‍ റെഡിയാവും ..അപ്പോളതാ ദാ വരുന്നു അച്ഛന്റെ നിയമാവലി!! .1) വൃത്തിയും ,മെനയുമായി നടന്നോളണം 2)അടുത്ത വീടുകളില്‍ തെണ്ടി നടക്കാന്‍ പാടില്ല...അങ്ങിനെ നീളുന്ന നിയമസംഹിത ഒപ്പു വെച്ച് ഞാന്‍ കയറുകയായി മാമന്റെ സന്തതസഹചാരിയുടെ പുറത്ത്.ശ് ശ് ശ്ശൂ.....ന്നു ഉന്തി അതിന്റെ പുറത്തേക്കു മാമന് കയറുമ്പോള്‍...തുടങ്ങുന്നു എന്റെ ഗ്രാമത്തിലൂടെയുള്ള യാത്ര!!!വര്‍ഷങ്ങള്‍ക്കു ശേഷം ..സീറ്റ് ബെല്‍റ്റും ഇട്ട് ആദ്യമായിപറക്കുമ്പോള് ഞാന്‍ മാമന്റെ ആ ശ്ശൂ യാത്രയിലേക്കു തിരിച്ചു പോവുകയായിരുന്നു. "ആഞ്ഞു ചവിട്ടി വിട് മാമാ..."എന്റെ കല്‍പ്പനകള്‍ തുടങ്ങുകയായി. വീട്ടില്‍ നിന്നു കഷ്ട്ടി ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ തറവാട്ടിലേക്ക്.എന്നാലും ഞങ്ങള്‍ അവിടെ എത്താന്‍ മിനിമം രണ്ടുമണിക്കൂറെങ്കിലും പിടിക്കും .അക്കഡേറ്റിന്ടെ മുകളിലൂടെയാണു യാത്ര.എനിക്ക് അവിടെ പേടിയാണു..ഒന്നല്ല,രണ്ടു ജീവനാ അവിടെ ഒഴുകിപ്പോയത്! കല്ലു പറയുന്നതു രാത്രി അവര്‍ അവിടെ നീന്താന്‍ വരാറുണ്ടെന്നാ.കല്ലു സത്യമെ പറയൂ,അവളുടെ വീട്ടില്‍ കാളീസേവ ഉള്ളതാ.ഇതൊക്കെയാണങ്കിലും അക്കഡേറ്റിന് മുകളില്‍ നിന്നു താഴെക്കു നോക്കാന്‍ നല്ല രസമാ.തീപ്പട്ടിക്കൂടു പൊലെ വീടുകള്‍..നിറയെ വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍..ഏതോ ചിത്രം കാണുന്ന പ്രതീതി!!അവിടെന്നു ലെഫ്റ്റ്...പാതളപറമ്പ്..!ചെറിയ ഊടുവഴികളിലൂടെയുള്ള സൈക്കിള്‍ യാത്ര എന്തു രസമാണെന്നൊ !! വളഞ്ഞും,തിരിഞ്ഞും,ചാടിയും ഓടിയും അങ്ങിനെ നീങ്ങും ഞങ്ങള്‍-ഞാനും,മാമനും പിന്നെ മാമന്റെ പുന്നാരസൈക്കിളും.പാക്കരന് ചേട്ടന്ടെ കടക്കുമുന്നില്‍ ഞങ്ങളുടെ വാഹനം നില്ക്കുന്നു."ചേട്ടാ,തേന്‍മിട്ടായി.".അമ്പതു പൈസക്കു പത്തെണ്ണമാണ്.കമര്ക്കെട്ടും,തേന്മിട്ടായിയും ആണ് പാക്കരന് ചേട്ടന്റെ കടയിലെ സ്പെഷ്യല്‍ ഐറ്റംസ്.അഛനാണങ്കി തേന്‍ മിട്ടായി വാങ്ങില്ല.കോഫീ ബൈറ്റ് ആണു അഛന്സ്പെഷല്."ഊറായീടെ വീട്ടീന്ന് ആരാണ്ടു നൊക്കണു..നമുക്കു ഒന്നു കേറാം മാമാ.."അഛന്റെ നിയമം വഴിയിലേ തെറ്റിക്കുന്നു.മാമന്റെ ഓര്‍മപ്പെടുത്തല്‍!!പക്ഷേ പാത്തുമ്മ കുഴച്ചുണ്ടാക്കുന്ന അവലിന്ടെ സ്വാദ് അഛന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തും.അവലിനേക്കള് സ്വാദ് അവരുടെ സ്നേഹത്തിനായിരുന്നു..എന്നും !പള്ളിയിലെ പ്രാര്‍ഥന കേള്‍ക്കുമ്പോളാണ് സമയത്തെക്കുറിച്ച് ഓര്‍മവരിക.എന്നമ്മ കാത്തിരുന്നു മടുത്തിരിക്കും ,ഉരലില്‍ അരിയും ശര്‍ക്കരയും ചേര്ത്തിടിചു തേങ്ങായും തിരുമ്മി എനിക്കേറ്റവും പ്രിയപ്പെട്ട പലഹാരം ഉണ്ടാക്കി...എന്നമ്മ-അങ്ങിനെയാണ് അമ്മയുടെ അമ്മയെ ഞാന്‍ വിളിക്കുക.ചെറുപ്പത്തില്‍ മാമന്മാരോട് ഗുസ്തി പിടിച്ച് എന്റെ അമ്മയാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ വിളി എന്റെയമ്മ എന്നാക്കി എന്നും,അതു പിന്നെ ലോപിച്ച് എന്നമ്മ എന്നായി എന്നും പഴങ്കഥ. വീടിനടുത്തുള്ള തൊടിയില്‍ എത്തുമ്പോളേക്കും കാപ്പിപൂക്കളുടെ മണം മൂക്കില്‍ തുളച്ചുകയറും.....താഴത്തെ തൊടിയിലെ കാപ്പിചെടികള്‍ നിറയെ പൂത്തിരിക്കും .അത്രയും മണമുള്ള മറ്റൊരു പൂവ് എനിക്കറിയില്ല.തുളച്ചുകയറുന്ന ആ മണം ആവുന്നത്ര ആവാഹിച്ച് ഞാന്‍ എന്നമ്മയുടെ അടുത്തേക്ക്.അവിടത്തെ രാത്രികള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഇറയത്തിരുന്ന് കാപ്പിപൂക്കളുടെ മണത്തിനിടയിലൂടെ ആകാശത്തേക്കു നോക്കാന്‍ എന്തു രസമാണെന്നോ..!! മുറ്റത്തുനിറയെ നമ്പ്യാര്‍വട്ടവും,മുല്ലപ്പൂക്കളും.മുല്ലപ്പൂവിരിയുന്നതും,നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും നോക്കി..എന്റെ രാത്രികള്‍ സമ്പന്നമാകും.ചിങ്കന്റെ വിളിയില്തുടങ്ങും അവിടെ എന്റെ ദിവസങ്ങള്‍.അടുത്തുചെന്നാ അവന് എന്നെ കൊത്തി ഓടിക്കും ..ഒരിക്കല്‍ ദാ എന്റെ മുട്ടില്‍..രണ്ടു ദിവസം ഉണ്ടായിരുന്നു അവന്റെ കൊക്കിന്റെ അടയാളം.രാവിലെ കുളിക്കാന്‍ എനിക്കിഷ്ട്ടമല്ല,പക്ഷെ ഇവിടെ കുളത്തിലെ കുളി എനിക്കു ഏറെ പ്രിയപ്പെട്ടതാണ്.അലക്കുകല്ലില് പിടിച്ചു കിടന്ന് കാലിട്ടടിക്കാന്‍ എനിക്കെന്തിഷ്ട്ടമാണെന്നോ.നീന്തല്‍ പഠിപ്പിക്കാന്‍ മാറിമാറി കിണഞ്ഞു പരിശ്രമിച്ച് ഒടുവില്‍ മാമന്മാര് തോല്‍വി സമ്മതിച്ചു.എന്റെ നീന്തല്‍ എന്നും കല്ലില്‍ പിടിച്ചു തന്നെ!അടുത്തു തന്നെ ശിവക്ഷേത്രം.പെണ്ണിനു മനസ്സുമാത്രമല്ല,ശരീരം കൂടി പകുത്തു നല്കിയ പരമശിവന്!.കൊയ്യാന്‍ പോയ പണിക്കാരി അരിവാളിനു മൂര്‍ച്ചകൂട്ടാന്‍ ഉരച്ച കല്ലില്‍ നിന്നു ചോര വന്നെന്നും അതു ഈ ശിവന്റെ വിഗ്രഹം ആയിരുന്നൂന്നും കഥ.തൊട്ടടുത്ത് രക്ഷസ്സുകളും ഉണ്ട് ശിവനു കാവലായി.ദിവസേന ഉള്ള ഈ അമ്പലസന്ദര്ശനത്തിന്റെ ഉദ്ദേശങ്ങള്‍ പലതാണ്.തറവാടിനു മുന്നിലുള്ള പാടം വഴിയാണ് അമ്പലത്തിലേക്കുള്ള യാത്ര.പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളമുണ്ട്.ശബ്ദമുണ്ടാക്കാതെ അരികില്‍ നിന്ന് നോക്കിയാല്‍ ജലനിരപ്പില്‍ ഉയര്‍ന്നുവരുന്ന തിളക്കമുള്ള കുഞ്ഞിക്കണ്ണൂകള്‍! ഒരിക്കല്‍ കുട്ടായി പറഞ്ഞു അങ്ങിനെ നോക്കിനിന്നാല്‍ അവ പറന്നുവന്ന് കണ്ണില്‍ ഊതുമത്രേ,ആ വിഷം കണ്ണില്‍ ഏറ്റാല്‍ ഉറപ്പാണ് കണ്ണുപൊട്ടും!! പേടിയോടെ ആണെങ്കിലും എന്നും ഞാന്‍ ആ കുഞ്ഞിക്കണ്ണുകള്‍ തിരയും.നെല്ലില്‍ പറ്റിനില്ക്കുന്ന വെള്ളത്തുള്ളികള്‍ മുഴുവന്‍ കയ്യിലേക്കും,പാവാടയിലേക്കും ഏറ്റുവാങ്ങി ഞാന്‍ നടക്കും.രണ്ടു പാടങ്ങളെ വേര്‍തിരിക്കുന്ന ആ വലിയ തോട്..അതില്‍ നിറയെ മീനുണ്ട്..തിളങ്ങുന്ന വാലുള്ളത്,വാലില്‍ കണ്ണുള്ളത്,വലിയ തലയുള്ളത്..അങ്ങിനെയങ്ങിനെ ഒരുപാട്.കണ്ണില്‍ കാണുന്നതിനോടെല്ലാം കിന്നരിച്ച് ഞാന്‍ അമ്പലത്തില്‍ എത്തുമ്പോളേക്കും ഒരു സമയമാവും.ഓടി പ്രദക്ഷിണം വെച്ച്,യക്ഷിയമ്പലത്തിലും,ആശ്രമത്തിലും കയറി ഞാന്‍ മടങ്ങും.അമ്പലസന്ദര്ശനത്തേക്കാള് എനിക്ക് പ്രധാനം ഈ യാത്രയാണ്.മടക്കം പല വഴികളിലൂടെയാണ്.തോടിനു മുകളിലെ തെങ്ങുപാലം കയറി ഞാന്‍ കുഞ്ഞാറുവിന്റെ വഴിയിലേക്ക്കടക്കും .കുത്തനെയുള്ള കയറ്റമാണു ആ വഴി.വഴിയുടെ രണ്ട് വശത്തും തൂങ്ങിനില്‍ക്കുന്ന കശുമാമ്പഴങ്ങള്‍.ആ വഴിയുടെ അങ്ങേഅറ്റത്താണു കുഞ്ഞാറുവിന്റെ വീട്.അവിടെ മുറ്റത്തു മുഴുവന്‍ കുട്ടകളും ,മുറവുമൊക്കെ നിരത്തി കുഞ്ഞാറു....കുഞ്ഞാറു കുട്ട നെയ്യുന്നത്കണ്ടോണ്ടിരുന്നാല് സമയം പോകുന്നതേ അറിയില്ല.എന്റെ നോട്ടം ആമതിലിലെ ചെത്തിപഴങ്ങളിലേക്കു കൂടിയാണ്.ചുക്കിട്ട് തിളപ്പിച്ച കാപ്പിയുംകുടിച്ച് അവിടന്നിറങ്ങുമ്പോള്‍ എനിക്കു വിഷമമാണ്.കുട്ട നെയ്യാന്‍ എനിക്കറിയില്ലല്ലോ!! തിരിച്ചു പാലം കയറാതെ വേറൊരു വഴി..!!!നടന്നുകടക്കാവുന്ന ഒരു തോടുണ്ട് ..അതിന്റെ വശത്ത് കല്‍പ്പടവുകളും .എന്റെയാത്ര അതിലൂടെയാണു പിന്നെ.ഒളിച്ചോടുന്നതിനു മുന്‍പ് ചിറ്റമ്മ അവിടെ ആഈടില് വന്നിരുന്ന് കരഞ്ഞതു എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്.കറക്കം എല്ലാം കഴിഞ്ഞ് എന്നമ്മയുടെ അടുത്തെത്തുമ്പോളേക്കും ഒരു സമയമാവും .വൈകിട്ട്മാമന്റെ വക സെക്കന്‍ഡ് ഷോ ഉണ്ട്..ബിന്ദു ടാക്കീസില്‍!! അന്നുപുണ്യപുരാണ കഥകളൊക്കെ കണാന്‍ കുളിച്ച് കുറിയും വരച്ചു ആളുകള്പോകുമായിരുന്നു.ഒരിടക്കു ആ ടാക്കീസില്‍ 'തുമ്പി'കളുടെ വിളയാട്ടം ആയിരുന്നെന്ന് കേട്ടു.ഇപ്പൊ എന്തായോ എന്തോ അവസ്ഥ!!??ചില ദിവസങ്ങളില്‍ ഞാനും ,മാമനും കൂടി ഫുട്ബോള്‍ കാണാന്‍ പോകും .കൊടുംബിരിക്കൊണ്ട മത്സരമാണ്..സ്കൂള്‍ മൈതാനിയില്‍!!! അതു ഞാന്‍ പഠിക്കുന്ന സ്കൂള്തന്നെയാ.സ്കൂളിനു മുന്നില്‍ ഒരു വലിയ പ്ലാവ് ഉണ്ട്.മുറ്റത്ത് ഒരുമാവുമുത്തശ്ശനും .സാമാന്യം വലിയ സ്കൂള്‍തന്നെ.ഐ.ടി.സി. യുംതൊട്ടടുത്താണ്.ഇതെല്ലാം സ്ഥലം കരയോഗം വക!!ഈ ഫുട്ബോള്‍ കാണലില്കൂടി എനിക്കു!!!അതുണ്ട് അനങ്ങുന്നു...!!!തുറന്നു നൊക്കിയപ്പൊ..കുഞ്ഞിക്കണ്ണു ഇറുക്കിയടച്ച് അവള് കരയുന്നു--മ്യാവൂ മ്യാവൂ.പിന്നെ അവളുടെ വംശപരമ്പരകളുടെ തറവാടായി എന്റെ വീട്.ഇപ്പൊ ഒടുവിലത്തെ കണ്ണിയായ കുഞ്ജു വരെ ആ പാരമ്പര്യം നിലനിര്‍ത്തിപോരുന്നു.ഈ കളികാണലില്‍ രണ്ടുണ്ടു കാര്യം -പുണ്യവാളന്റെ അടുത്താണു മാമന്റെ ചങ്ങാതിക്കൂട്ടം ..സൊറ പറയാന്‍ മാമന് അങ്ങോട്ടും ,ഞാന്‍ പുണ്യവാളന്റെ അടുത്തേക്കും !!ആ വലിയ ഹാളില്‍ മുട്ടുകുത്തി..അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്കു തോന്നും 'ഈ ലോകത്ത് ഞാന്‍ തനിച്ചാണെന്ന്''പുണ്യവാളനെ കുറിച്ച് എനിക്കു പറഞ്ഞു തന്നത് ചാത്തനാണ്.ഓല കൊണ്ടു വാച്ചുണ്ടാക്കി കയ്യില്‍ കെട്ടി,മുറിക്കി ചുവപ്പിച്ച ചുണ്ടു കൊണ്ട് എല്ലാ നന്മകളും ആവാഹിച്ചെടുത്ത് നെറ്റിയില്‍ ഒരു ഉമ്മയും തന്ന് ചാത്തന് നടന്നകലുമ്പോള്‍ കഥകള്‍ക്കായി ഞാന്‍ എന്നും വാശിപിടിച്ചു.ആ കഥകളിലൂടെ ഞാന്‍ അനുഭവിച്ചത് എന്റെ മണ്ണിനെ തന്നെ ആയിരുന്നു.ഇന്ന് ചാത്തന്റെ ഓര്‍മപോലും നല്‍കുന്നത് ,മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ ശേഖരിച്ച് ചാത്തന് എനിക്ക് സമ്മാനിച്ചിരുന്ന കപ്പലണ്ടി മിഠായിയുടെ മധുരമാണ്.പിന്നീട് വായനശാലയില്‍ നിന്ന് വായിച്ച പല പുസ്തകത്താളുകളിലും ഞാന്‍ ചാത്തനേയും,ചാത്തന് പറഞ്ഞ പല കഥാപാത്രങ്ങളെയും കണ്ടു.ഓരോ ഒഴിവുകാലത്തിലും ഞാന്‍ മുടങ്ങാതെ പോകാറുള്ള ഒരിടമുണ്ട്..ചിറ!!!!നീല ആമ്പല്‍പൂക്കള്‍ നിറഞ്ഞ ..വളഞ്ഞ ചിറ .രാത്രി ആമ്പല്‍ പൂക്കള്‍ നക്ഷത്രങ്ങളോട് പിറുപിറുക്കുന്നതു കാണാന്‍..അതു കേള്‍ക്കാന്‍ ..കൊതിയാണ് എനിക്ക്,അന്നും..ഇന്നും.ആ ചിറയുടെ മടയില്‍ ഒരാളെ ജീവനോടെ മൂടിയിട്ടുണ്ടത്രേ!!മുണ്ടി ആണു എന്നോട് പറഞ്ഞതു.മുണ്ടി കണ്ടിട്ടുണ്ട്.അപ്പോ പിന്നെ നുണ ആവില്ല.രണ്ട് പാടങ്ങള്ക്കിടയിലാ
മട.ഒരുമഴക്കാലത്ത് ..ഇപ്പോളൊന്നുമല്ലകേട്ടോ...പണ്ട്....വെള്ളപ്പാച്ചില്‍ തടുക്കാന്‍ മടയിലേക്കു സ്വയം എടുത്തു ചാടിയത്രേ അയാള്‍!!ജീവനോടെ ഒരാളെ കുഴിച്ചു മൂടിയാല്‍ കൃഷി രക്ഷപ്പെടും എന്നാ വിശ്വാസം .മുണ്ടി അതു പറയുമ്പോള്‍ എന്നും എണീറ്റു നിന്നു പ്രാര്‍ഥിക്കും .ഈ ചിറയുടെ കരയില്കരയേയും ,ചിറയേയും കാത്ത് കള്ളകൃഷ്ണനും ഉണ്ട്.ഞങ്ങളുടെ നാടിന്റെ പേരും ഈ ചിറയുമായി ബന്ധപ്പെട്ടതാണ്.
ഇങ്ങനെയുള്ള കറക്കങ്ങളില്‍ എന്ടെ ദിനങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവും.
ഇത്... എന്റെ ഗ്രാമം ..
ഞാന്‍ അറിഞ്ഞ ..അനുഭവിച്ച ...എന്റെ ഗ്രാമം ...
വളയന്‍ചിറങ്ങര.!!!
15 comments:
ചേച്ചി, ആ ഗ്രാമത്തില്‍ ജനിക്കാത്ത നമുക്ക് ആ ഗ്രാമത്തെ ചേച്ചി നമുക്ക് ശരിക്കും വരച്ചു തന്നു
ചേച്ചിക്ക് ഈ അനുജന്റെ എല്ലാവിധ ഭാവുകങ്ങളും
ഇത്രയും എഴുതാതെ കുറേശേയായി പാരഗ്രാഫ് തിരിച്ചു എഴുതൂ
നന്നായിട്ടുണ്ട്..
:)
qw_er_ty
വളയന്‍ ചിറങ്ങര ആണോ വീട് ?
ചേച്ചി.... ലാസ്റ്റീന്നു ഫസ്റ്റിലെയ്ക്ക് ആണു ഞാന്‍ വയിച്ചതു... എല്ലാം വളരെ നന്നായിട്ടുണ്ട്... തിരിഞ്ഞു നോക്കാന്‍ നല്ലൊരു ബാല്യമുള്ളത് ഒരു അനുഗ്രഹം ആണെന്നു നിര്‍മ്മലേച്ചി കുറച്ചു നാളു മുമ്പു പറഞ്ഞു..... അതു വളരെ സത്യമാണെന്ന് എനിയ്ക്കും തോന്നി..... ഒരു 10-15 കൊല്ലം പിറകോട്ട് കൊണ്ടോയി എന്നെ ഈ കഥ....
qw_er_ty
അതെ..തിരിഞ്ഞൂനോക്കാന് സമ്പന്നമായ ഒരു ബാല്യം സമ്മനിച്ച എന്റെ ഗ്രാമം...
മുല്ലപ്പൂവേ..അതെ..വളയന്‍ ചിറങ്ങര തന്നെയാണ് എന്റെ വീട്.
സാജന്..ഇനി അതു ശ്രദ്ധിക്കാം.
ചാച്ചീ,ദീപൂ നന്ദി..
വളയന്‍ ചിറങ്ങര സ്ഥലം എവിടെയാ?ഏതു ജില്ല?
വളയഞ്ചിറങ്ങര.. എനിക്കുമറിയാല്ലൊ ആ ഗ്രാമം. :)
പെരുമ്പാവൂരിനും മുവാറ്റുപുഴയ്ക്കുമിടയില് ആണു അനാഗതശ്മശ്രു.. ഈ മനോഹരഗ്രാമം.
qw_er_ty
വളരെ നന്നായി തന്നെ സ്വന്തം ഗ്രാമത്തെ പരിചയപെടുത്തിയിരിക്കുന്നു.
hi, very nicely written!
"swargathekal sundharamane swapnamvireym gramam" enna vayalrente pattupole ormkal panguvechathenu valare santhosham, ethu enekku ethrayum preyapetta valayancherangara kuttanumaye acuadeteil erunnu kerukkukal parayukayum cherayele ambal pookkale nokkeyum pakshikalum padavum mazananayalum okke enne ormapeduthunnu.....
അനാഗതശ്മശ്രു..ബിന്ദു പറഞ്ഞതു ശരി തന്നെ.മൂവാറ്റുപുഴക്കും,പെരുമ്പാവൂരിനും ഇടയിലാണ് ഞങ്ങളുടെ ഗ്രാമം.
ബിന്ദൂ..വളയഞ്ചിരങ്ങര എങ്ങിനെ അറിയാം?നമ്മളിനി ഒരേ നാട്ടുകാരെങ്ങാന് ആണോ?
കുറുമാന് മാഷ്,സുമേഷ് ചന്ദ്രന്..നന്ദി.
ഉമേഷ്[മോഹനമുരളീ]..കുട്ടനോടൊപ്പം അക്കഡേറ്റില് നിന്ന് മഴ നനയാറുണ്ടെന്ന് ഒരിക്കല്‍ ഉമേഷ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.അന്ന് എനിക്ക് ഉമേഷിനോട് അസൂയ തോന്നി.മഴയുള്ള രാത്രിയില്‍ ആ അക്കഡേറ്റിനു മുകളില്‍ നിന്ന് താഴോട്ടുള്ള കാഴച..ഇന്നും എനിക്ക് സ്വപ്നത്തില്‍ മാത്രം.:(
അവിടെയുള്ള കോളേജിനെ എന്താ ഒഴിവാക്കിയതു? (ഇപ്പോള്‍ മനസ്സിലായോ എങ്ങനെ ഞാന്‍ അറിയും എന്ന്? :) )
qw_er_ty
nice.........
mansur
good one
iamshabna@gmail.com
Shabna
Post a Comment