"ശാന്തക്ക് പേറ്റുനോവ് തുടങ്ങി" പറയുമ്പോള്‍ അമ്മമ്മ കിതക്കുന്നുണ്ടായിരുന്നു."എന്റെ കൃഷ്ണാ..ഇന്നോ..ഇതു പത്തു പന്ത്രണ്ട് ദിവസം നേരത്തേ ആണല്ലോ!" കേട്ടതും അമ്മ പരിഭ്രമത്തിലായി.അച്ചന്‍ ഷര്‍ട്ടിട്ടെടുത്തിട്ടു.ഇനിയിപ്പൊ ഏതു നിമിഷം വേണമെങ്കിലും ഡോക്ടറെ വിളിക്കാന്‍ പോകേണ്ടതാണ്.അടുക്കളപ്പടി ചാടിയിറങ്ങി അവര്‍ ഓടി ,ശാന്തയുടെ അടുത്തേക്ക്.കൂടെ ഞാനും,എന്റെ ഉടുപ്പില്‍ തൂങ്ങി അനിയത്തിയും.
"നീ എങ്ങോട്ടാ..അവിടിരി.പ്രസവം കഴിഞ്ഞ് ഞങ്ങള്‍ കൊണ്ടോയി കാണിക്കാം"പോകുന്ന പോക്കില്‍ അമ്മ വിളിച്ചു പറഞ്ഞു.
"ഞാനും വരട്ടമ്മേ..എനിക്ക് ശാന്തയുടെ കുട്ടിയെ കാണണം" ഞാന്‍ ചിണുങ്ങി.
'അവിടിരിക്കാനാ പറഞ്ഞെ"അമ്മയുടെ ശബ്ദം കനത്തു.മുഖം വീര്‍പ്പിച്ച്,അനീത്തിയേം തൂക്കി ഞാന്‍ അകത്ത് ചെന്നിരുന്നു.
എങ്ങിനെ ഇരുപ്പുറക്കും!! ഇന്നലെ കൂടി സ്വപ്നം കണ്ടതാ ശാന്തയുടെ മോളെ..അതെ,മോളാ..എനിക്കുറപ്പാണ്.പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ സത്യമായിരിക്കും.
അത് ആരോടൂം പറഞ്ഞില്ലെങ്കില്‍ ഉറപ്പായും സത്യമാകും.മിനിമോളെ തങ്കമ്മ ടീച്ചര്‍ തല്ലി എന്ന് അവള്‍ പുലര്‍ച്ചെയാ സ്വപ്നം കണ്ടത്.അവളാണങ്കി അത് എന്നോട് പറയാനും മറന്നു.ഹൊ..പാവം ..പിറ്റേന്ന് വര്‍ത്താനം പറഞ്ഞതിന് എത്ര തല്ലാണ് അവള്‍ക്ക് തങ്കമ്മടീച്ചറിന്റെ കയ്യില്‍ നിന്നും കിട്ടിയത്!!അതുകൊണ്ട് ശാന്തയുടെ മോളുടെ കാര്യം ഞാന്‍ അമ്മയോടു പോലും പറയാതെ രഹസ്യമാക്കി വെച്ചിരിക്കുകയാ.വയ്യ..ഈ കാത്തിരുപ്പ്..അമ്മയുടെ വഴക്ക് കേള്‍ക്കാന്‍ തയ്യാറായി തന്നെ ഞങ്ങളും ശാന്തയുടെ അടുത്തേക്ക് നടന്നു.
ശാന്ത..കിടക്കുകയാണ്,ഇടക്ക് ചാടി എഴുന്നേല്‍ക്കുന്നു.സൃഷ്ടിയുടെ വേദന അവളുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍ തിര്‍ത്തിരിക്കുന്നു.
"അയ്യോ...കാലാണല്ലോ വരുന്നത്"..."അമ്മേ ഇനി എന്താ ചെയ്ക..??"അമ്മ തുടങ്ങി പതിവു കരച്ചില്‍.
പത്തുപന്ത്രണ്ടു പ്രസവം നടന്ന വീടാ ഇത്.എല്ലാ പ്രസവത്തിനും അമ്മ ഇതുപോലെ തന്നെ.ഒടുവില്‍ അച്ചന്‍ ഡോക്ടറെ കൊണ്ടുവരാന്‍ ഓടും.അമ്മ അതിനുള്ളില്‍ അടുത്തുള്ള സകല അമ്പലങ്ങളിലേക്കും നേര്‍ച്ചകള്‍ നേരും.അച്ചന്‍ ഡോക്ടറെ വിളിച്ചുവരുമ്പോളേക്കും കുട്ടി തൂള്ളിച്ചാടി നടക്കുന്നുമുണ്ടാവും.ഇതു കഴിഞ്ഞപന്ത്രണ്ട്
പ്രസവങ്ങളിലും മുറ തെറ്റാതെ നടക്കുന്നു.
"അയ്യയ്യോ ..എന്റെ കൃഷ്നാ തള്ളേം,പിള്ളേം കുഴപ്പോന്നുല്ലതെ കിട്ടിയാ ക്ടാവിനെ നിനക്ക് തന്നേക്കാമേ.."
അമ്മ പതിവു നേര്‍ച്ച നടത്തി.കഴിഞ്ഞ പന്ത്രണ്ട് തവണ ഉണ്ടായ പശുക്കുട്ടികളും കള്ളക്കൃഷ്ണന്‍ തന്നെയാണ് കൊണ്ടുപോയത്.
"അമ്മ ഒന്നു മിണ്ടാതിരിക്കാമോ..അവള്‍ക്കിത്തിരി മനസ്സമാധാനം കൊടുക്ക്".മനസ്സില്‍ വന്ന ദേഷ്യം ഞാന്‍ പുറത്തേക്കെടുത്തിട്ടു.
അച്ചന്‍ ഓട്ടോറിക്ഷയും വിളിച്ച് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
സമയം കടന്നുപോയി..
അതാ...തിളങ്ങുന്ന കറുപ്പുനിറത്തില്‍...അവള്‍ വരുന്നു..
ഞങ്ങളില്‍ ഒരാളാവാന്‍.
അതെ..എന്റെ സ്വപ്നം സത്യമായിരിക്കുന്നു..ശാന്തക്ക് മോളാണ്.
അവളുടെ കുഞ്ഞിക്കുളമ്പുകള്‍ ശാന്ത കടിച്ചു..അതു കാണുമ്പോള്‍ എനിക്ക് പേടിയാണ്.
അമ്മ പറയും കുളമ്പു കടിച്ചു പാകപ്പെടുത്തിയാലേ കുട്ടിക്ക് നടക്കാനാവൂ എന്ന്.
അതാ..അവള്‍..ആ കുഞ്ഞിപ്പെണ്ണ് ..പിച്ച വെക്കാന്‍ തുടങ്ങി.
അയ്യോ..അതാ..ഉരുണ്ടു വീഴുന്നു.ശാന്ത അവളെ നക്കിത്തോര്‍ത്തുകയാണ്.അമ്മ ശാന്തക്ക് പരുത്തിക്കുരു ഇട്ടു വേവിച്ച കഞ്ഞി തയ്യാറാക്കി.അവള്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
കുഞ്ഞിപ്പെണ്ണിനു ഞങ്ങള്‍ പേരിട്ടു...ഉണ്ണിക്കുട്ടി!!
എല്ലാവരുടേയും പൊന്നോമനയായി..ഞങ്ങളില്‍ ഒരാളായി അവള്‍ ഓടിനടന്നു.
തല കുലുക്കി മുളക്കാത്ത കൊമ്പുകള്‍ കൊണ്ട് കുത്തി ഞങ്ങളൈ ഇക്കിളിപ്പെടുത്തി. കെട്ടുപാടുകളില്ലാതെ സ്വതന്ത്രയായി അവള്‍ എങ്ങും തുള്ളിച്ചാടി.ഇടക്ക് ഞാന്‍ അവളോട് പറയും.."ഉണ്ണിക്കുട്ടീ...നിനക്കെന്തു സുഖാ..പഠിക്കണ്ട..പരീക്ഷ എഴുതണ്ട.."ഞാന്‍ പരിഭവിച്ചാല്‍ തലയിളക്കി കുത്തി അവള്‍ എന്നെ ഇക്കിളിയാക്കും.
അവള്‍ക്ക് രണ്ട് വയസ്സുതികഞ്ഞു.അവള്‍ കൃഷ്നനുള്ളതാണെന്ന് ഇടക്കിടെ അമ്മ ഓര്‍മപ്പെടുത്തി.
ഒടുവില്‍..ആ ദിനം വന്നെത്തി..
അവളെ അമ്പലത്തിലേക്ക് കൊണ്ടുപോകണം,അവിടെ വെച്ച് അവളെ ലേലം ചെയ്യും.ഏറ്റവും കൂടുതല്‍ ലേലസംഖ്യ പറയുന്നയാള്‍ക്ക് അവള്‍ സ്വന്തം.ലേലസംഖ്യ കൃഷ്ണനും.അതാണ് പതിവ്.
അവളുടെ എണ്ണക്കറുപ്പിലും,പ്രകൃതത്തിലും നോട്ടമിട്ട് ചിലര്‍ അവളെ സ്വന്തമാക്കാന്‍ തയ്യാറായി എത്തിയിട്ടുമുണ്ട്.
എന്റെ നെഞ്ജിടിപ്പു കൂടി.ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.ഉണ്ണിക്കുട്ടി കാര്യമൊന്നുമറിയാതെ കുളിച്ച് സുന്ദരിയായി...വീട്ടില്‍ നിന്നിറങ്ങി.ഞങ്ങളോട് പറ്റിച്ചേര്‍ന്ന് അവള്‍ റോഡിലൂടെ നടന്നു.
അമ്പലത്തിലെ ബഹളത്തിനിടയിലും അവള്‍ എന്റെ കാലില്‍ മുഖമുരുമ്മി അങ്ങിനെ നിന്നു.
സന്ധ്യാപൂജ കഴിഞ്ഞു.ഇനി ലേലം വിളിയാണ്.
ഉണ്ണിക്കുട്ടിയുടെ കഴുത്തില്‍ പൂജാരി ചെത്തിയും,തുളസിയും ചേര്‍ത്തുകെട്ടിയ മാല ഇട്ടു.നെറ്റിയില്‍ ചന്ദനം തൊടുവിച്ചു.
അവളെ കയര്‍ അഴിച്ച് കൃഷ്ണന്റെ നടക്കു നേരേ നിര്‍ത്തി.
ഞാന്‍ ഇതെല്ലാം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നു.അവള്‍ തൂണിനിടയിലൂടെ മുഖമൂയര്‍ത്തി നോക്കി.എന്നെ കണ്ടതും തലകുലുക്കി തുള്ളിച്ചാടി എന്റെ അടുത്തേക്ക് ഓടിവന്നു.ഒടുവില്‍ കഴുത്തില്‍ കയറിട്ട് പൂജാരി അവളെ ആ തൂണില്‍ ചേര്‍ത്തുകെട്ടി.
ലേലം വിളി തുടങ്ങി..
അഞ്ഞൂറ്..
ആയിരം..
ആയിരത്തി ഒരുന്നൂര്..
സംഖ്യകള്‍ മേലോട്ട് കേറുകയാണ്.
മേലാസകലം തണുപ്പു പടരുന്നതുപോലെ..വയ്യ..ഇത് കാണാന്‍ എനിക്കു വയ്യ..
അറിയാതെ കൈകള്‍ കൂപ്പി കണ്ണുകളടച്ച് ഞാന്‍ അന്നാദ്യമായി മനസ്സുരുകി കൃഷ്ണനെ വിളിച്ചു.
"കൃഷ്ണാ...എന്റെ ഉണ്ണിക്കൂട്ടിയെ നീ തിരിച്ചു തന്നേക്കണേ..."
കണ്ണുകള്‍ നിറഞ്ഞൊഴുകി..
ആയിരത്തി അഞ്ഞൂറ്...
ലേലം വിളികള്‍ ഒരു നിമിഷം നിന്നു.
ഞാന്‍ കണ്ണുതുറന്നു.എനിക്ക് മുന്നില്‍ ലേലം വിളികള്‍ നിര്‍ത്തി അവര്‍!!!
എന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായിപ്പോയി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.നിയന്ത്രിക്കാനാവതെ അവിടെ ഞാന്‍ പൊട്ടിക്കരഞ്ഞു.
രണ്ടായിരം................
പിന്നെ ഞാന്‍ കേട്ടത് അച്ഛന്റെ ശബ്ദമാണ്..
രണ്ടായിരം...
ഒരു തരം...
രണ്ടു തരം..
മൂന്നു തരം!!!
ലേലം ഉറപ്പിച്ചു.
കഴുത്തിലെ കെട്ടഴിച്ചതും ഉണ്ണിക്കുട്ടി ഓടിയെത്തി..എന്റെ കാലില്‍ മുട്ടിയുരുമ്മി നിന്നു.
നെറ്റിയില്‍ തലോടി ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു.....
അപ്പോള്‍ അവളുടെ നെഞ്ജിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
8 comments:
കൊള്ളാം നല്ല കഥ..
ഉണ്ണിക്കുട്ടിയെങ്കില്‍, ഇവിടെ എന്റെ വീട്ടില്‍ മണിക്കുട്ടന്‍ എന്ന കാളക്കുട്ടിയായിരുന്നെന്നു മാത്രം. പാവം, ജനിച്ച് 7-8 മാസം കഴിഞ്ഞപ്പോള്‍ കുളമ്പുരോഗം വന്ന്, എഴുനേല്‍ക്കാണ്ടായി, അങ്ങു മരിച്ചു... :(
--
ഈ ബ്ലോഗ് മലയാളത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ടോ? ഞാന്‍ അറിഞ്ഞിരുന്നില്ല...
സത്യത്തില്‍ ഉണ്ണിക്കുട്ടിയുടെ കഥവായിച്ചിട്ട് ബ്ലോഗുതുടങ്ങുവാന്‍ സ്ക്രാപ്പ് ചെയ്യുവാന്‍ നോക്കിയപ്പോഴാണ്, പ്രൊഫൈലില്‍ ബ്ലോഗ് ലിങ്ക്. :)
പിന്മൊഴികളില്‍ ചേര്‍ത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ചേര്‍ക്കൂട്ടോ...
--
നല്ല എഴുത്ത് .. :)
തോക്കായിച്ചാ..ഇട്ടിമാളൂ..ഹരീ.
നന്ദി.
ഹരീ..ഇത് മലയാളത്തില്‍ പരിചയപ്പെടുത്തിയില്ല.ചെയ്യാം ഉടനേ.
പിന്നെ..പിന്മൊഴികളില്‍ ചേര്‍ത്തിട്ടുണ്ട്.
സര്‍ഗ്ഗക്രിയ(കിറുക്കുകള്‍)കള്‍ ഇഷ്ട്മാകുന്നുണ്ട്...സന്തോഷം.
ഒരു കഥ....
ആ കഥയുടെ മറവില്‍ കഥാകാരി കണ്ട കഥന കഥ....
ഒരു ജീവന്‍റെ നാമവശേഷം
മാത്രത്വത്തിന്‍റെ മഹാത്മ്യം ....സമൂഹത്തിന്‍റെ വ്യതിയാനങ്ങള്‍ എല്ലം ഒരു കുടകീഴില്‍ മനോഹരമായ് വര്‍ണ്ണിച്ചിരിക്കുന്നു
നന്‍മകള്‍ നേരുന്നു....
ഓണാശംകള്‍
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
ചേച്ചീ...
ഈ കഥയും വളരെ ഇഷ്ടപ്പെട്ടു. വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളായതിനാല്‍ ഈ കഥ അതേ അളവില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഉണ്ണീക്കുട്ടി എത്രനാളുണ്ടായിരുന്നു പിന്നീട് വീട്ടില്‍?
:)
ജിതേഷ് നന്ദി..
മന്‍സൂര്‍..ഏറെ സന്തോഷം.
ശ്രീ...ഉണ്ണിക്കുട്ടി പിന്നെ അവളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങളോടൊപ്പം തന്നെയായിരുന്നു,ഞങ്ങളില്‍ ഒരാളായി!
Post a Comment