Friday, August 24, 2007

ഗര്‍ഭപാത്രമില്ലാത്ത അമ്മ.

“മാസമുറ ഇല്ലന്നതല്ലാതെ എനിക്കൊരു വെത്യാസവും ഇല്ലമ്മേ..”
ജയ പലവട്ടം ആവര്‍ത്തിച്ചിട്ടും സരസ്വതിയമ്മയ്ക്കത് ഉള്‍ക്കൊള്ളാനാവുന്നില്ല. അവരുടെ മുന്നില്‍ ജയ വലിയൊരു ചോദ്യചിഹ്നമായി മാറിയത് വളരേ പെട്ടെന്നായിരുന്നു. അവര്‍ക്കു മാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും ജയ ഇന്നൊരു വലിയ പ്രശ്നം തന്നെയാണ്. ജെയിംസുമായുള്ള ബന്ധം തന്നെ വീട്ടുകാരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വലിയേട്ടന്റെ പുരോഗമനചിന്തകള്‍ വീടിനകത്തു കേറ്റാന്‍ കൊള്ളാത്തവയാണെന്ന് മനസ്സിലായത് നായര്‍ പെണ്ണ് നസ്രാണിയോടൊപ്പം അന്തിയുറങ്ങിയാല്‍ ഉണ്ടാകാവുന്ന വന്‍ഭവിഷ്യത്തുകള്‍ വല്യേട്ടന്‍ തന്നെ നിരത്തിയപ്പോഴാണ്. മറ്റാരും കൂടെ നിന്നില്ലെങ്കിലും ജെയിംസിന്റെ കാര്യത്തില്‍ വലിയേട്ടന്‍ ഒപ്പമുണ്ടാകുമെന്നു കരുതിയിരുന്നു. എതിര്‍പ്പുകളേക്കാള്‍ ശക്തമാണു പ്രണയം എന്ന് ജെയിംസും,ഞാനും ഉറച്ചുവിശ്വസിച്ചു.
ജെയിംസിന്റെ അമ്മച്ചിക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. മാമോദീസാ മുങ്ങി നസ്രാണിയാവാനൊരുക്കമാണേല്‍ പെണ്ണ് നമ്പൂരിക്കുടുംബത്തില്‍ നിന്നായാപ്പോലും കുഴപ്പമില്ല. മാമോദീസായല്ല എന്തു വേണേലും ജെയിംസിനു വേണ്ടി മുങ്ങാന്‍ ഞാന്‍ തയ്യാറുമായിരുന്നു. പക്ഷേ അത് ജെയിംസിനു സമ്മതമല്ല. ഞാന്‍ ഞാനായിത്തന്നെ വേണം ജെയിംസിന്റേതാവാന്‍ എന്നവനു നിര്‍ബന്ധം.

“മോളേ..ആ..ജെയിംസ്..” അമ്മ വാക്കുകള്‍ക്കായ് പരതുകയായിരുന്നു. അമ്മയുടെ ചോദ്യമെന്താണെന്ന് മുഖം വിളിച്ചു പറഞ്ഞു. ഉള്ളില്‍ പൊട്ടിയ ചിരി അടക്കി ഞാന്‍ ചോദിച്ചു.
“ജെയിംസ്..?? എന്താണ് ജെയിംസിന്?”
“അല്ല,അവന്‍..അവനു സമ്മതമായിരിക്കുമോ ഇനി നിന്നെ വിവാഹം കഴിക്കാന്‍?”
അമ്മയുടെ മുഖത്ത് തെളിഞ്ഞുനിന്ന പ്രതീക്ഷ എന്നെ തെല്ലൊന്നമ്പരപ്പിച്ചു.
“ജെയിംസ് നസ്രാണിയാണെന്നത് അമ്മ മറന്നോ? നമ്മുടെ തറവാട്, അഭിമാനം, വലിയേട്ടന്റെ സ്റ്റാറ്റസ്..അങ്ങിനെ എല്ലാം കാറ്റില്‍ പറത്താന്‍ അമ്മ തീരുമാനിച്ചോ?”
വാക്കുകള്‍ ഉള്ളില്‍ തറയ്ക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
“ജയപാലന്‍ തന്നെയാ നിന്നോടിത് ചോദിക്കാന്‍ എന്നെ പറഞ്ഞേല്‍പ്പിച്ചത്.” അമ്മയുടെ മുഖം തെല്ലൊന്ന് താഴ്ന്നോയെന്ന് സംശയം.
“അപ്പൊ വലിയേട്ടനും സമ്മതം. ആദര്‍ശവാദിയായ എന്റെ വലിയേട്ടന്‍ കുഞ്ഞിപ്പെങ്ങളെ നസ്രാണിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു. ഒരേയൊരു ചോദ്യം രണ്ടാളോടും..ഈ മനം മാറ്റത്തിന്റെ കാരണം എന്റെ എടുത്തുമാറ്റപ്പെട്ട ഗര്‍ഭപാത്രം മാത്രമല്ലേ..?”
അമ്മയുടെ മറുപടി ഒരു കരച്ചിലില്‍ ഒതുങ്ങി.
അപ്പോള്‍ ഗര്‍ഭപാത്രം എടുത്തുമാറ്റപ്പെട്ട ഒരു പെണ്ണിനു ആരേയും വിവാഹം കഴിയ്ക്കാം, ആരേയും പ്രേമിയ്ക്കം. തമാശ തന്നെ.
ജെയിംസിനോട് പലവട്ടം പറഞ്ഞിരുന്നു ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നതിനെ പറ്റി. എന്റെ ഉദരത്തില്‍ പിറന്ന ജെയിംസിന്റെ മക്കളോടൊപ്പം ഒരു കുഞ്ഞ്. ഈ ലോകത്തിന്റെ ഏതോ ഒരു കോണില്‍ അങ്ങിനെയൊരു കുഞ്ഞ് എന്റെ മാതൃത്വം ദാഹിച്ചിരിപ്പുണ്ടെന്ന് സ്വപ്നങ്ങളായി വന്ന് പലവട്ടം എന്നെ ഓര്‍മപ്പെടുത്തിയിരുന്നു. അന്നൊന്നും ഗര്‍ഭപാത്രത്തെ കാര്‍ന്നു തിന്ന് ഈ രോഗം രക്തസ്രാവമായി പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. ഒടുവില്‍ ജെയിംസിന്റെ മൊട്ടത്തലയനും, മൊട്ടത്തലച്ചിക്കും ജന്മനിഷേധം നടത്തിക്കൊണ്ട് ഗര്‍ഭപാത്രം മുറിച്ചെറിഞ്ഞു. അപ്പോഴും ആ കുഞ്ഞ് അതെന്നെ അമ്മേ എന്നു തന്നെ വിളിച്ചു. ആശുപത്രിക്കിടക്കരികില്‍ മുഖം കുനിച്ചു ജെയിംസ് നിന്നപ്പോള്‍ ഞാന്‍ പറഞ്ഞതും ആ കുഞ്ഞിനെ പറ്റി മാത്രമാണ്.
ഇന്ന് ജെയിംസുമൊത്തുള്ള ജീവിതം തറവാട്ടില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു, മുറിച്ചുമാറ്റപ്പെട്ട എന്റെ ഗര്‍ഭപാത്രത്തിന്റെ ഇളവില്‍!.

“ജെയിംസ്..നീ ചിരിക്കും ഇതു കേട്ടാല്‍.എനിക്കുറപ്പാണ്.”
ഫോണ്‍ ക്ലിയറല്ലെങ്കിലും ആവുന്നത്ര ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. ഇതു കേള്‍ക്കുമ്പോഴുള്ള അവന്റെ ചിരി എനിക്കു മനസ്സില്‍ കാണാം.
“ ഗര്‍ഭപാത്രം ഉള്ളപ്പോഴാണ് ഒരു പെണ്ണിനു അന്യജാതിയില്‍ നിന്നു വിവാഹം പാടില്ലാത്തതെന്നു നിനക്കറിയുമോ?? അതില്ലാത്തപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ജാതിമതകെട്ടുപാടുകള്‍ ഇല്ലാതെ.”
“ ഉം..എനിക്ക് നിന്നെ ഒന്ന് കാണണം.” ജെയിംസിന്റെ മറുപടി എന്റെ പ്രതീക്ഷയെ തകര്‍ത്തു. അവന്റെ ആ ചിരിയ്ക്കായാണ് ഞാന്‍ എന്നും കാതുകൂര്‍പ്പിച്ചത്. അവന്റെ ആ ചിരിയില്‍ നിറയുന്നത് അവന്റെ മനസ്സാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു.
“എപ്പോള്‍ വേണമെങ്കിലും കാണാമല്ലൊ. ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സ്വതന്ത്രയാണ്. നിനക്ക് ഇവിടെ വരാം..”
“ വേണ്ട. അവിടെ വേണ്ട. കുരിശുപള്ളിയ്ക്കു താഴേയുള്ള ആ ആല്‍മരച്ചുവട്ടില്‍ വരൂ”ജെയിംസിന്റെ വാക്കുകളെ മുറിച്ചുകൊണ്ട് ഫോണ്‍ കട്ടായി.
അമ്മ തന്നെയാണ് ജെയിംസിനെ കാണാന്‍ പോകുമ്പോള്‍ ഇടേണ്ട ചുരീദാര്‍ എടുത്തുതന്നത്.
“ഈ തവിട്ടുനിറം നിനക്ക് നന്നായി ഇണങ്ങും. ഒരു പൊട്ടുകൂടി കുത്ത് മോളേ..” ഒരിക്കിയിറക്കാന്‍ അമ്മയ്ക്ക് തിടുക്കമായിരുന്നു.

ജെയിംസിന്റെ മുഖം എന്നും അവന്റെ മനസ്സ് എനിക്ക് കാട്ടിത്തന്നിരുന്നു. അവനു പറയാനുള്ളത്, കേള്‍ക്കാന്‍ സുഖമുള്ള ഒന്നാവില്ല എന്ന് വ്യക്തം. “നിനക്ക് ഞാന്‍ പറയുന്നത് എത്രത്തോളം ഉള്‍ക്കോള്ളാനാവുമെന്ന് എനിക്കറിയില്ല. എന്റെ ജീവന്റെ അംശത്തെ ഞാന്‍ എങ്ങിനെ നിഷേധിക്കും?? പിറക്കാന്‍ മോഹിക്കുന്ന ജീവനെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ നിനക്കും ആവില്ല എന്നെനിക്കറിയാം. അമ്മച്ചിയും ഇപ്പോള്‍ പറയുന്നത് അതുമാത്രമാണ്.”
“വേണ്ട..വേണ്ട ജെയിംസ്..” ഇടയില്‍ പറയുക ജെയിംസിനു ഇഷ്ടമല്ല എന്നറിഞ്ഞിട്ടും പറഞ്ഞു.
“വേണ്ട..നീ ഇനി പറയാന്‍ പോകുന്നതും നിന്റെ ഈ വാക്കുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തുകഴിഞ്ഞു. ശരിയാണ്.നിന്റെ കുഞ്ഞുങ്ങള്‍ പിറക്കണം. അതിനു സഹായിക്കാന്‍ എനിക്കാവില്ല. സന്തോഷത്തോടെ, നിന്നില്‍ നിന്ന് ഞാന്‍ ഒഴിയുന്നു. ഇനി ഈ രീതിയില്‍ ഒരു കണ്ടുമുട്ടല്‍ നാം തമ്മിലില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുന്നു.”
ജെയിംസിന്റെ മുഖത്തുനോക്കാതെ തിരിഞ്ഞുനടന്നു. പള്ളിയുടെ പടവുകള്‍ കയറുകയായിരുന്നു ഞാനെന്ന് മനസ്സിലാക്കാന്‍ അല്‍പ്പസമയമെടുത്തു. മുന്നോട്ട് തന്നെ നടന്നു. നടപ്പവസാനിച്ചത് ‘ബാലസദന്റ്റെ’മുന്നിലാണ്. കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഒരു ചിരിയോടെ നിന്നപ്പോള്‍ മനസ്സില്‍ പറഞ്ഞത് ഒന്നുമാത്രമായിരുന്നു..
“ജെയിംസ്..നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു..”

28 comments:

വാണി said...

“നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു“

കിറുക്കുകളില്‍ പുതിയ കഥ-
ഗര്‍ഭപാത്രമില്ലാത്ത അമ്മ.

സഹയാത്രികന്‍ said...

മകനേ ജെയിംസേ.... വിവാഹശേഷമാണു ഇതു സംഭവിച്ചതെങ്കില്‍ നീ എന്തു ചെയ്യുമായിരുന്നു...

കിറുക്കാണേലും നന്നായിട്ടുണ്ട്ട്ടോ....

മഴവില്ലും മയില്‍‌പീലിയും said...

വികാര തീവ്ര്മായ പുറത്തേക്കൊഴുകലില്‍ സത്യസന്ധ്മായ ആവിഷ്കാരം.....വായിച്ചു കഴിഞഞപോള്‍ മനസില്‍ അവശേഷിച്ചതു കുറെ ആരോടോക്കയൊ ചോദിക്കാന്‍ കുറെ ചോദ്യങ്ങളും...വളരെ നല്ല കഥ.....അഭിനന്ദനങ്ങള്‍...

Inji Pennu said...

വാണീ,
ആദ്യ പകുതി ഉഗ്രന്‍ ആയിരുന്നു!

ഉറുമ്പ്‌ /ANT said...

“എപ്പോള്‍ വേണമെങ്കിലും കാണാമല്ലൊ. ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സ്വതന്ത്രയാണ്. നിനക്ക് ഇവിടെ വരാം..”
“ വേണ്ട. അവിടെ വേണ്ട. കുരിശുപള്ളിയ്ക്കു താഴേയുള്ള ആ ആല്‍മരച്ചുവട്ടില്‍ വരൂ”ജെയിംസിന്റെ വാക്കുകളെ മുറിച്ചുകൊണ്ട് ഫോണ്‍ കട്ടായി.

ഈ ഭാഗത്തിനു ശേഷം,
അവള്‍ ജയിംസിനെ കാണാന്‍ പോകുന്നില്ല എന്നു തീരുമാനിക്കുന്നിടത്തു കഥ നിര്‍ത്തിയെങ്കില്‍ എന്നു തോന്നി.
വെറും തോന്നലാണ്‌. ക്ഷമിക്കണം.

ഗുപ്തന്‍ said...

വാണീ....

chachi said...

“എപ്പോള്‍ വേണമെങ്കിലും കാണാമല്ലൊ. ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സ്വതന്ത്രയാണ്. നിനക്ക് ഇവിടെ വരാം..”
ഏച്ചീ.....നന്നായിട്ടുണ്ട്

ബിന്ദു said...

വാണി.. കഥ നന്നായിട്ടുണ്ട്‌.

മയൂര said...

കഥ വായിച്ച് തിര്‍ന്നപ്പോള്‍ തലകെട്ട് അറം പറ്റിയത് പോലെ ആയി..അത് തന്നെയാണ് വേണ്ടതും, അല്ലേ. അദ്യം വളരെ ശക്തമായി എഴുത്തി തുടങ്ങി പിന്നെ ആ മൂര്‍ച്ച കുറഞ്ഞു(ഇച്ചിരി). കഥ ഒരുപാട് ഇഷ്‌ടമായി, എഴുത്തിയ രീതിയും...:)

Haree said...

കഥ നന്നായിരിക്കുന്നു.
എങ്കിലും ആദ്യഭാഗത്തെ ആ ഒരു ഫീല്‍ അവസാനം വരെ നിലനിര്‍ത്തുവാന്‍ കഴിഞ്ഞോ എന്നൊരു ഡൌട്ട് ഇല്ലാതില്ല. എങ്കിലും മൊത്തത്തില്‍ നല്ല കഥ, നല്ല കഥാതന്തു. :)

ഞാനുമിങ്ങനെ ഓര്‍ത്തിട്ടുള്ളതാണ്, പൂര്‍ണ്ണമായും ഇങ്ങിനെയല്ല. രണ്ടു പേര്‍ തമ്മില്‍ മുടിഞ്ഞ പ്രണയം > ഇരുകൂട്ടരുടേയും വീട്ടുകാര്‍ക്ക് മുടിഞ്ഞ എതിര്‍പ്പ് > ഇടയ്ക്ക് ഒരാള്‍ വികലാംഗ/വികലാംഗന്‍ ആവുന്നു > എന്തു സംഭവിക്കും? ഇതൊക്കെ തന്നെ സംഭവിക്കും, അല്ലേ?

പിന്നെ, പേരിനിക്കത്ര പിടിച്ചില്ലാട്ടൊ, മറ്റൊന്നും കൊണ്ടല്ല... വളരെ പ്ലയിനായതുപോലെ, ഒന്നും ചിന്തിക്കുവാനില്ലല്ലോ...(ഇത് എന്റെ കിറുക്കായിരിക്കാം ;)

ഓണാശംസകളോടെ...
ഹരീ
--

Pramod.KM said...

ഈ കഥ നന്നായിട്ടുണ്ട്.:)ആശംസകള്.
അമ്മയുടെ,ഓപ്പറേഷന്‍ ചെയ്ത് നീക്കിയ ഗറ്ഭപാ‍ത്രവും കയ്യിലേന്തി നില്‍ക്കുന്ന സുഭാഷ്ചന്ദ്രന്റെ(?) ഒരു കഥാപാത്രത്തെ ആണ്‍ എനിക്ക് പെട്ടെന്ന് ഓറ്മ്മ വന്നത്.

G.MANU said...

good story pengale

സാരംഗി said...

വാണീ, കഥ നന്നായിരിക്കുന്നു..സ്ട്രോംഗ് ആയ എഴുത്ത്..

mohanamurali said...

dear kerukke,sach a good story.

hope... said...

“ജെയിംസ്..നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു..”
manassil ee sentence enagne kidannu muzhangunna pole...

വാണി said...

സഹയാത്രികന്‍...അഭിപ്രായത്തിനു നന്ദി.

പ്രദീപ്...മനസ്സില്‍ മുഴങ്ങുന്ന ആ ചോദ്യങ്ങളായിരുന്നു എന്റെ ലക്ഷ്യവും. നന്ദി.

ഇഞ്ചിയേച്ചീ..പറ്റിയ പാളിച്ചകള്‍ ഇപ്പോള്‍ മനസ്സിലാകുന്നു. :) ഈ വഴിയ്ക്ക് വന്നതിനു നന്ദി..

ഉറുമ്പ്...ജീവിതത്തില്‍ അവള്‍ ജെയിംസിനെ കാണും എന്നത് തീര്‍ച്ചയല്ലേ..അതുകൊണ്ടാണ് കഥയിലും അതെഴുതിയത്.

മനൂ...:)

ചാച്ചീ, ബിന്ദൂ, മയൂരേ..സന്തോഷം അറിയിക്കട്ടേ.

ഹരീ...നന്ദി.. പേര് നേരിട്ട് പറയുന്നതു തന്നെ.

പ്രമോദ്..നന്ദി.
ശരിയാണ്. സുഭാഷ് ചന്ദ്രന്റെ ആ ‘ നട്ടെല്ലില്‍ നക്കുന്ന ഭയം’ ഞാനും ഓര്‍ക്കുന്നു.

മനൂ..സാരംഗി..മോഹനമുരളീ..നന്ദി.

ഹോപ്പ്..അഭിപ്രായത്തിനു ഏറെ സന്തോഷം

ദീപു : sandeep said...

ഇഷ്ടപ്പെട്ടു... പക്ഷെ മുമ്പത്തേതിന്റെ അത്ര ഇല്ല :)

Unknown said...

ചേച്ചി..നല്ല ത്രെഡ്...അവസാനത്തെ ആത്മഗതം നന്നായി...

സ്മിത said...

വാണിചേച്ചി.. ഇനി ഞാനെന്തു പറയാന്‍...
എല്ലാവരും പറഞ്ഞില്ലെ അതുതന്നെ എനിക്കും പറയാനുള്ളൂ..വളരെ നല്ല ആശയം അതും ഭംഗിയായി അവതരിപ്പിച്ചൂ...

ശ്രീ said...

ചേച്ചി,

“നിന്റെ കുഞ്ഞുങ്ങള്‍ക്ക് പിറക്കാന്‍ ഇനിയൊരു ഗര്‍ഭപാത്രം നീ കണ്ടെത്തണം. പക്ഷേ എന്റെ കുഞ്ഞുങ്ങള്‍ക്കോ..അവര്‍ എന്നേ പിറന്നുകഴിഞ്ഞു”

പ്രസവിച്ചാലും ഇല്ലെങ്കിലും എല്ലാ സ്ത്രീകള്‍‌ക്കും ജന്മനാ ഒരു മാതൃഭാവവും മാതൃ വാത്സല്യവും ഉണ്ടാകും എന്നത് ഒരു സത്യം തന്നെ ആണ്‍.

വളരെ ശക്തമായ ഒരു കഥ. വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാം വായിച്ചു തീര്‍‌ന്നപ്പോള്‍‌ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും വായനക്കാരില്‍‌ നില നിര്‍‌ത്തുന്നു... ഇതിലാരുടെ ഭാഗമാണ്‍ ശരി? ആരുടേതാണ്‍ തെറ്റ്?

‘കിറുക്കുകള്‍‌‘ എന്ന പേര്‍ മാത്രമാണ്‍ ഇവിടെ യോജിക്കാത്തത്.
:‌)

കെ.പി റഷീദ് said...

theevram.
pollikkunnu.

ezhuthu
ninte vazhi.

ജോസ്‌മോന്‍ വാഴയില്‍ said...

വാണീ..., ഇന്ന് ഞാന്‍ എഴുതിയും വായിച്ചും ഒരു പാട് കരഞ്ഞു...!! അതില്‍ ഒരു പങ്ക് തന്റെ കഥയും വഹിച്ചു. ഇങ്ങനെ ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...!! അടുത്തറിയാം..!!!

എനിക്ക് അഭിനന്ദിക്കാനാവുന്നതല്ലാ തന്റെ എഴുത്തുകള്‍... - ഞാനതിനാളല്ലാ എന്നൊരു തോന്നലാ വാണിയുടെ കിറുക്കകള്‍ വായിക്കുമ്പോള്‍ തോന്നാറ്..!!!

ഉപാസന || Upasana said...

നല്ല ആശയം ആണ് വാണി വരച്ചു കാട്ടിയത്...
കഥ പെട്ടെന്ന് തീര്‍ന്നു.
:)
സുനില്‍

hi said...

കൊള്ളാം നല്ല ആശയം. പക്ഷേ കുറച്ചുകൂടി നന്നാക്കാമായിരുന്നു. ധൃതി പിടിച്ച് എഴുതിയത് പോലെ തോന്നി. അഭിനന്ദനങ്ങള്‍!!!

d said...

ഹൃദയസ്പര്‍ശിയായ കഥ.. നന്നായിരിക്കുന്നു..
ആശംസകള്‍!

Anonymous said...
This comment has been removed by a blog administrator.
നിരക്ഷരൻ said...

കഥ വളരെ ഇഷ്ടപ്പെട്ടു. പക്ഷെ “കണക്ക്” എന്ന പോസ്റ്റ് ആദ്യം വായിച്ചതുകൊണ്ട്ണോ എന്നറിയില്ല, ഗര്‍ഭപാത്രം രണ്ടുകഥയിലും ഒരു പ്രധാന സംഭവമായി നില്‍ക്കുന്നതുപോലെ തോന്നി.

sree said...

വരാന്‍ ഇച്ചിരി വൈകി. എന്നാലും വാണി എനിക്കുള്ളതൊക്കെ കരുതിവച്ചിരിക്കുന്നു. നല്ല ആശയം. തുടക്കവും ഒടുക്കത്തെ വരികളും വളരെ നന്നായി.