Friday, September 28, 2007

പരസ്പരം.

കടയുടെ മൂലയില്‍ കൂട്ടിയിട്ട
പലതരം നീലപ്പന്തുകളാണ്
ബാല്യത്തിന്റെ കളിപ്പന്തിലേക്ക്
മനസ്സിനെ എത്തിച്ചത്!
നീലപ്പന്തുകള്‍ വാങ്ങി ശേഖരിക്കാന്‍
കൂട്ടുകാരനുമായി മത്സരിച്ച കാലം..
കളിയാ മത്സരം മാത്രമായിരുന്നു.
എന്റേയും,അവന്റേയും പന്തുകള്‍
മുറിക്ക് മൂലയിലിരുന്ന് വല കെട്ടി..

അവന്‍...
ഓര്‍മകളും ഇപ്പൊള്‍ മാറാലയ്ക്കുള്ളിലാണ്.
ഒപ്പം ബാല്യത്തിന്റെ നല്ല്ലൊരംശവും!
‘നെറ്റി'ന്റെ മഹാപ്രപഞ്ചത്തില്‍
അവനെ തിരയാന്‍
പെട്ടെന്നാണ് കൊള്ളിയാന്‍ മിന്നിയത്.
അവന്റെ നാമാക്ഷരങ്ങള്‍
കീബോര്‍ഡില്‍ അമരുമ്പോള്‍
ഓര്‍മയിലെ നെറ്റില്‍ അവന്റെ രൂപം
ഞാന്‍ തിരയുകയായിരുന്നു.
ബോസിന്റെ കാഴ്ചകളെ മറിച്ച്
പുതിയ വിന്‍ഡോകളില്‍
ഞാന്‍ ലോകമാകമാനം അവനെ തിരഞ്ഞു.
അവന്റെ പേരില്‍ ഒരായിരം പേര്‍
എന്റെ സ്ക്രീനില്‍ നിരന്നു.
ഒരോരുത്തരിലും ഞാന്‍ കുറ്റിത്തലമുടിയും
തുടുത്ത കവിളുകളും തിരഞ്ഞു..

അതാ..
കാലം മാറ്റിയ മുഖവും
കാലത്തിനു പിടികൊടുക്കാത്ത
ചിരിയുമായി അവന്‍!
ഡീറ്റേത്സിനായ് ഞാന്‍ പരക്കം പാഞ്ഞു.
പിന്നീടാണ് മനസ്സിലായത്..
സോഫ്റ്റ് വെയറൂകളെ കൂട്ടുപിടിച്ച്
ഞാന്‍ മത്സരിച്ചുകൊണ്ടിരുന്നത്
തൊട്ടപ്പുറത്തെ ക്യാബിനിലിരുന്ന
അവനോടാണെന്ന്!!!!!!

10 comments:

വാണി said...

കാലം മാറ്റിയ മുഖവും
കാലത്തിനു പിടികൊടുക്കാത്ത
ചിരിയുമായി അവന്‍!...

എന്റെ തൊട്ടപ്പുറത്ത്..ഞാനോ,അവനോ അറിയാതെ....

സഹയാത്രികന്‍ said...

ഹ ഹ ഹ... നന്നായിരിക്കുന്നു...

നല്ല ആശയം ... സമകാലീകമാണല്ലോ...

ഹ ഹ ഹ... നന്നായിരിക്കുന്നു...

നല്ല ആശയം ... സമകാലീകമാണല്ലോ...

ഓര്‍ക്കൂട്ട്, ബ്ളോഗ്, ചാറ്റിങ്ങ്.... അകലങ്ങള്‍ അടുക്കുകയും, അടുപ്പങ്ങള്‍ അകലുകയും ചെയ്യുന്നോ...?

ഏ.ആര്‍. നജീം said...

വളരെ നന്നായിരിക്കുന്നുട്ടോ..
ഓര്‍ക്കൂട്ടിലാണൊ തെരഞ്ഞെത്...?
:)

ശ്രീ said...

ചേച്ചീ...
നല്ല ആശയം.
ഈ ഐ.ടി. യുഗത്തിലെ സ്നേഹ ബന്ധങ്ങളും യാന്ത്രികമായിക്കൊണ്ടിരിക്കുന്നു. കാലം തന്നെ മാറിയിരിക്കുന്നു. മാറിക്കൊണ്ടേയിരിക്കുന്നു.
:)

വേണു venu said...

ഹാഹാ...സംഭവ്യം.:)

സു | Su said...

അങ്ങനെ അറിയാതെ, ഒരിക്കല്‍ തെരച്ചില്‍ തീര്‍ന്നുപോയിരുന്നെങ്കില്‍? :)

മയൂര said...

നീല പന്തുകളില്‍ നിന്നും, തൊട്ടപ്പുറത്തെ ക്യാബിന്‍ വരെ...:) നന്നായി...

ദീപു : sandeep said...

ഇത്രയ്ക്കൊക്കെ ആകുമോ ? കുറച്ചു കടന്നു പോയില്ലേ ? :)

സാരംഗി said...

കവിത നന്നായിരിയ്ക്കുന്നു. ഇനിയും എഴുതുക.

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം..കണ്ടപ്പോള്‍ വൈകിപ്പോയി.എങ്കിലും മിണ്ടാതെപോകാന്‍ ഞാന്‍ ഊമയല്ല!

നല്ല ആശയം.പലപ്പോഴും സംഭവിച്ചേക്കാമെന്നുതോന്നിയത്...