Saturday, October 27, 2007

ഒരു ആത്മഹത്യ..!!

തേങ്ങലിന്റെ ശക്തിയില്‍ തള്ളിയ
ഗര്‍ഭപാത്രഭിത്തി മുഖത്തു തട്ടിയാണ്
നീണ്ട ഒരുറക്കത്തില്‍ നിന്നുണര്‍ന്നത്.
പകുതി വിരിഞ്ഞ കണ്‍പോളകള്‍
വലിച്ചുതുറന്ന് പുറത്തേക്കു നോക്കി.
ഗര്‍ഭാശയഭിത്തിയെ തുളച്ച്
വീര്‍ത്തു തള്ളിയ വയറിനെ മുറിച്ച്
നോട്ടം ദൂരേയ്ക്കു പാഞ്ഞു.
നോട്ടത്തിന്റെ ആ പാച്ചിലിനവസാനം
ശേഷിച്ചത് കടിച്ചുപൊട്ടിയ ചുണ്ടുകളും,
ചീര്‍ത്തുവികൃതമായ ലൈഗികാവയവങ്ങളും,
പൊട്ടിയൊലിച്ചു പുറത്തേക്കു ചിതറിയ തലച്ചോറും,
വാളും, വടിയുമേന്തി പായുന്ന
ഇരുകാലിമൃഗങ്ങളും മാത്രം.!!

കാഴ്ചയുടെ ഭാരത്തില്‍ തളര്‍ന്ന നേത്രരശ്മികള്‍
ഗര്‍ഭപാത്രത്തിലേക്കു വലിയവെ
പൊക്കിള്‍ക്കൊടിക്കിടയിലൂടെ
കാലുകള്‍ക്കിടയില്‍ ഞെരുങ്ങിയമര്‍ന്ന
മൃഗലിംഗം കണ്ട് ഭ്രൂണം പിടഞ്ഞു.
സായുധനായ മകനെ കണ്ട
അമ്മയുടെ ഭീതി ഗര്‍ഭപാത്രത്തില്‍ കൊടുങ്കാറ്റായി.
ഇത്തരം മക്കള്‍ പിറക്കരുതേയെന്ന
അമ്മയുടെ ആത്മഗതം
ഭ്രൂണത്തിന്റെ പാതിതുറന്ന ചെവികളില്‍ മുഴങ്ങി.

കുഞ്ഞുവിരലുകള്‍ക്കിടയില്‍ കോര്‍ത്ത്
പൊക്കിള്‍ക്കൊടി പൊക്കിയെടുത്ത്
വയറ്റിലമര്‍ത്തിച്ചവിട്ടി
മേലോട്ടാഞ്ഞു കുതിച്ചു.
കുഞ്ഞുകഴുത്തിലെ ഞരമ്പുകള്‍
പൊക്കിള്‍ക്കൊടിയുടെ
ദൃഡതയില്‍ വലിഞ്ഞു..

നിലത്തുപടര്‍ന്ന ചുവപ്പു രാശിയില്‍
പിടഞ്ഞപ്പോഴും അമ്മ പറഞ്ഞു..
“ഇതുപോലുള്ള മക്കള്‍..."..

20 comments:

വാണി said...

നിലത്തുപടര്‍ന്ന ചുവപ്പു രാശിയില്‍
പിടഞ്ഞപ്പോഴും അമ്മ പറഞ്ഞു..
“ഇതുപോലുള്ള മക്കള്‍..."..

സാംസ്ക്ക്കാരിക കേരളത്തിന്റെ വാഗ്ദാനങ്ങള്‍ രാഷ്ടീയക്കോമരമാടുന്നു. അക്ഷരങ്ങളുടെ ലോകത്ത് ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഇവരെയൊക്കെ ആരാണ് പഠിപ്പിച്ചത്????!
അക്ഷരമാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്ന് സാക്ഷരകേരളം ഇനി എന്നാണ് മനസ്സിലാക്കുക??!!

ഇന്നലെ ബലിയാടേവേണ്ടി വന്ന എ.എസ്.ഐയ്ക്ക് ആത്മശാന്തി നേര്‍ന്നു കൊണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്...

[അടുത്തടത്ത് പോസ്റ്റുന്നത് ക്ഷമിക്കുമല്ലോ..ഇഥ് പോസ്റ്റാന്‍ കാത്തിരിക്കുക വയ്യ..}

ഗിരീഷ്‌ എ എസ്‌ said...

തേങ്ങലിന്റെ ശക്തിയില്‍ തള്ളിയ
ഗര്‍ഭപാത്രഭിത്തി മുഖത്തു തട്ടിയാണ്
നീണ്ട ഒരുറക്കത്തില്‍ നിന്നുണര്‍ന്നത്....


കവിതയില്‍ തീ പടരുന്നുണ്ട്‌...
വേനലിന്റെ
കനല്‍വഴികള്‍
വരികളില്‍ തത്തിക്കളിക്കുന്നുണ്ട്‌...
മഴയും മഞ്ഞും കാറ്റും
ഇവിടെ വരാന്‍ മടിക്കും...
തീഷ്ണതയില്‍
അവ
ഉരുകിപോകുമെന്ന്‌ ഭയന്ന്‌...

ഈ ചിന്തയുടെ
മുന്നില്‍
ദ്രൗപദി നമിക്കുന്നു...
ഇത്‌
ഭ്രാന്തമായ മനസുളളവരുടെ നാടാണ്‌...
മര്‍ദ്ദനങ്ങള്‍ വേട്ടക്കാരന്‍
ഇരകളെ തേടുന്നതാണ്‌...
വലിയ വിപത്തുകള്‍ക്ക്‌
മുമ്പുള്ള
ചെറിയ സൂചനകളാണ്‌
ഇവിടെ
ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌..
കഴിഞ്ഞ
സംഭവവും അതിലൊന്ന്‌ മാത്രം..

ഇനിയും എഴുതുക
ഇത്‌ കിറുക്കല്ല..
മറിച്ച്‌
കാഴ്ചപ്പാടിന്റെ
ശക്തിയാണ്‌...

ഭാവുകങ്ങള്‍...

ശെഫി said...

ഇത്തരം കിറുക്കുകള്‍ ഇനിയുമെഴുതുക

പ്രയാസി said...

അപ്പോള്‍ ഈ വിഷയം ഇങ്ങനേം എഴുതാം അല്ലെ!?
ഇതു കിറുക്കല്ല..! കരുത്താണു..!അക്ഷരങ്ങളുടെ കരുത്ത്..!

അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..

ഉപാസന || Upasana said...

കിറുക്കത്തി വീണ്ടും ചിന്തിപ്പിക്കുന്ന കവിതകള്‍ ഇടുന്നു. രണ്ടു തവണ വായിക്കേണ്ടി വന്നു മനസ്സിലാവാന്‍...
ആ മകന്‍ ആരാന്ന് ഇപ്പോഴും മനസ്സിലായില്ല ;)
:)
ഉപാസന

സഹയാത്രികന്‍ said...

"സായുധനായ മകനെകണ്ട
അമ്മയുടെ ഭീതി ഗര്‍ഭപാത്രത്തില്‍കൊടുങ്കാറ്റായി.
ഇത്തരം മക്കള്‍ പിറക്കരുതേയെന്ന
അമ്മയുടെ ആത്മഗതം
ഭ്രൂണത്തിന്റെ പാതിതുറന്ന ചെവികളില്‍മുഴങ്ങി."

ശരിയാ ഇതു പോലുള്ള മക്കള്‍ വേണ്ടേ വേണ്ടാ...!

നന്നായി...

ഇതേ കണക്കാണേല്‍ തുടരേ തുടരേ പോസ്റ്റിക്കൊള്ളൂ...

:)

ഏ.ആര്‍. നജീം said...

നല്ലൊരു കവിത. അവസരത്തില്‍ തന്നെ... അഭിനന്ദനങ്ങള്‍..
തൂടര്‍ന്നും പ്രതീക്ഷിക്കുന്നു...

ഏ.ആര്‍. നജീം said...

നല്ലൊരു കവിത. അവസരത്തില്‍ തന്നെ... അഭിനന്ദനങ്ങള്‍..
തൂടര്‍ന്നും പ്രതീക്ഷിക്കുന്നു...

ഹരിയണ്ണന്‍@Hariyannan said...

പാവം അമ്മമാര്‍..
ബീജം പേറുക..പെറ്റൊഴിയുക..
ഇടയ്കുള്ള കാലവും പെറ്റൊഴിഞ്ഞകാലവും നിര്‍ത്താതെ സ്നേഹിക്കുക..
എന്റെ കുഞ്ഞിതുപോലെയാവരുതേയെന്ന് ഇടക്കിടക്ക് ആശിക്കുകയും ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുക!!
ഒടുവില്‍ അവനെപ്പേറിയിരുന്ന ഗര്‍ഭപാത്രത്തിനുമുകള്ഇല്‍ അവന്റെ കാല്‍ പതിയുമ്പോഴും ഉള്ളുരുകിക്കരയുക..
കൃഷ്ണാ..പൊറുക്കണേ..!
ഈ അമ്മ ഒന്നു മാറിച്ചിന്തിക്കുന്നു...നന്നായി!
കാലികപ്രസക്തം...!!

ശ്രീ said...

ശരിയാണ്‍ ചേച്ചീ...

ഇതു പോലെയുള്ള മക്കളില്ലാതിരിക്കുന്നതു തന്നെയാണ്‍ ലോകത്തിനു നല്ലത്.

നന്നായിരിക്കുന്നു, ഈ കവിതയും...

:)

സജീവ് കടവനാട് said...

പൊക്കിള്‍കൊടിയില്‍ തൂങ്ങി ആത്മഹത്യ ചെയ്ത ഭ്രൂണം ചിന്തിപ്പിക്കുന്നു. എഴുതിയ അവസരം കൊണ്ട് കവിത പ്രസക്തമാണ്. ആശയംകൊണ്ട് നെഗറ്റീവും.

സാല്‍ജോҐsaljo said...

കവിത നന്നായി. കാലിക പ്രസക്തം. ടൈറ്റില്‍ പക്ഷേ?

midhun raj kalpetta said...

കവിത നന്നായിട്ടുണ്ട്‌.
സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന
വരികള്‍

മാണിക്യം said...

“ഇതുപോലുള്ള മക്കള്‍..."
മക്കള്‍ എന്നും നല്ലവര്‍ തന്നെ,
മക്കള്‍ക്ക് ചൊല്ലും ചോറും കൊടുക്കുംമ്പോള്‍
സ്നേഹം, ദയ, കരുണ,
ഇവയും കാട്ടിക്കോടുക്കാത്ത അമ്മയെ പഴിക്ക്...
പൊറുക്കാന്‍ ക്ഷമിക്കാന്‍ മപ്പാക്കാന്‍
പഠിപ്പിക്കാത്ത അമ്മയെ പഴിക്ക്...
അസ്ത്രമ്പോലെ പായുന്നാ ആധുനീകയുഗത്തിന്റെ
ഒരു തീരാശാപമാണ്‍ സമയമില്ലായമ്മ്,
കുഞ്ഞിനെ ഉറക്ക പായില്‍ നിന്ന് ഡേ കെയറിലേക്ക്
ഉറക്കം തൂങ്ങുന്ന കുഞ്ഞിനെ തിരികെ വീട്ടിലേക്ക്
[വീടോ?]
കഥ പറയന്‍ എവിടെ നേരം ?
വാരിപുണരാന്‍ എവിടെ നേരം ?
ഭാര്യക്കും ഭര്‍ത്താവിനും അഭിപ്രയഭിന്നതാ..
ഈഗോ എന്ന ഇറക്കുമതി..
ഇതു കണ്ട് വളരുന്ന മക്കള്‍ ...
ഭൂമീദേവിയോളം ക്ഷമയുള്ള അമ്മ,
ഭര്‍ത്താവിനെ ദൈവമെന്ന് കരുതിയ ഭാര്യ,
സ്നേഹവും സേവനവും ശ്വാസോഛ്വാസമാക്കിയ
ഗൃഹനാഥ ..അങ്ങനെയുള്ള ഭാവശുദ്ധിയുള്ള്
സ്ത്രീ,മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി , അവരുടെ അഭാവം അഥവാ തിരൊധാനമാണ്‍
ഈ ദുരവസ്തക്ക് കാരണം ....
ആര്‍ത്തട്ടഹസിച്ച് കലിതുള്ളി വരുന്ന ഒരൊ പുരുഷനെയും പ്രകോപിപ്പിച്ചത് ഒരു സ്ത്രീ ആയിരിക്കും ..
അമ്മയുടെ നഷ്ടപ്പെട്ടാ സ്നേഹമായിരിക്കും,
സഹോദരിയുടെ ആക്ഷേപമായിരിക്കും
ഭാര്യയുടെ പുഛമായിരിക്കും
കാമുകി നിരസിച്ച പ്രണയമായിരിക്കും
ഞാ‍ന്‍ ഈ വിധം ഒക്കെ കാട്ടിയാല്‍
എന്നേ സ്നേഹിക്കുന്നാ എന്റെ അമ്മ
എന്റെ ഏട്ടന്‍ ആദര്‍‌‌ശ്ശപുരുഷന്‍ എന്ന് കരുതുന്നാ അനിയത്തികുട്ടി
പൊന്നാങ്ങളേന്ന് കരുതുന്ന ഓപ്പൊള്‍
ദൈവത്തെ പൊലേ കരുതുന്ന ഭാര്യാ
ഒരു തൂവല്‍സ്പര്‍ശം പോലെ എന്റെ മകള്‍...
ഇവരുടെ ഒക്കെ മുന്നില്‍ ഈ നീചപ്രവൃത്തി
ചെയ്യില്ലാ ഒരു പുരുഷനും...
അതു കൊണ്ട് തിരുത്ത് വേണ്ടത്
മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി ,
തുടങ്ങിയ സ്ഥാനം അടക്കി വാഴുന്ന് സ്ത്രീക്ക് ആണ്‍.

മയൂര said...

ഇഷ്ടായി കവിത:)

വാണി said...

ദ്രൌപദി,ശെഫി,പ്രയാസി,പ്രിയാ...നന്ദി.

ഉപാസന-നന്ദി. ആ മകന്‍..വ്യക്തിപരമായി ഒരാള്‍ എന്ന നിലയില്ല അതില്‍ ഞാന്‍ എഴുതിയത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ടി.വിയില്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ നിസ്സഹായാവസ്ഥ എത്തിച്ചത് മരണത്തെക്കുറിച്ചുള്ള ചിന്തകളിലേക്കാണ്. നിസ്സഹായരായി നോക്കി നിന്ന് സഹതാപപ്രകടനം നടത്തുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണു തോന്നിയ നിമിഷത്തെ അക്ഷരങ്ങളാണിവ.

സഹയാത്രികന്‍,നജീം,ഹരിലാല്‍,ശ്രീ,കിനാവ്,സാല്‍ജോ,മിധുന്‍ രാജ്,മയൂരാ....നന്ദി.

മാണിക്യം--
സുഹൃത്തേ..
“ഭര്‍ത്താവിനെ ദൈവമെന്ന് കരുതിയ ഭാര്യ,
സ്നേഹവും സേവനവും ശ്വാസോഛ്വാസമാക്കിയ
ഗൃഹനാഥ ..അങ്ങനെയുള്ള ഭാവശുദ്ധിയുള്ള്
സ്ത്രീ,മകള്‍,സഹോദരി,ഭാര്യ, അമ്മ, മുത്തശ്ശി , അവരുടെ അഭാവം അഥവാ തിരൊധാനമാണ്‍
ഈ ദുരവസ്തക്ക് കാരണം ....
ആര്‍ത്തട്ടഹസിച്ച് കലിതുള്ളി വരുന്ന ഒരൊ പുരുഷനെയും പ്രകോപിപ്പിച്ചത് ഒരു സ്ത്രീ ആയിരിക്കും ..“
എടുത്തുപറഞ്ഞ് മറുപടി പറയാന്‍ ഒരുപാടു വാചകങ്ങള്‍ ഉണ്ട്. ഇത് അതിനൊരു വേദിയായി ഞാന്‍ കാണുന്നില്ലാത്തതു കൊണ്ട് ഈ വരികള്‍ മാത്രം കോപ്പി ചെയ്യുന്നു...കോപ്പി ചെയ്യുക മാത്രം ചെയ്യുന്നു!!!!!!
അക്ഷരങ്ങളെ മുന്‍ വിധികളോടേ സമീപിക്കാതിരിക്കുക. അക്ഷരങ്ങള്‍ക്കെങ്കിലും ലിംഗഭേദം കല്‍പ്പിക്കാതിരിക്കുക. ഒപ്പം നിങ്ങള്‍ പറഞ്ഞ സ്ത്രീയുടെ മുഖമുദ്രകള്‍ എന്റെ അക്ഷരങ്ങളില്‍ കണ്ടേക്കില്ല,ക്ഷമിക്കുക.
ഞാന്‍ എഴുതുന്നത്..വായിക്കുന്നത് ഈ സമൂഹത്തിലെ ഒരു അംഗം എന്ന നിലയിലാണ്.
“അമ്മയുടെ നഷ്ടപ്പെട്ടാ സ്നേഹമായിരിക്കും,
സഹോദരിയുടെ ആക്ഷേപമായിരിക്കും
ഭാര്യയുടെ പുഛമായിരിക്കും
കാമുകി നിരസിച്ച പ്രണയമായിരിക്കും....”ഇതുകൊണ്ടൊക്കെ മകളെ പോലും ബലാത്സംഗം ചെയ്ത അച്ഛനും,അനിയത്തിലെ/ കൂട്ടുകാരിയെ കൂട്ടിക്കൊടുത്ത ചേച്ചിമാരും, തലച്ചോറു പിളര്‍ത്ത് ചോരയൂറ്റിക്കുടിക്കുന്ന നരഭോജികളും ചുറ്റുമുള്ളിടത്തോളം കാലം എനിക്കിങ്ങിനെയേ എഴുതാനാകൂ..ക്ഷമിക്കുക.

ദിലീപ് വിശ്വനാഥ് said...

ഇതില്‍ സത്യമായും കിറുക്കിന്റെ അംശം ഉണ്ട്. പക്ഷെ തീഷ്ണമായ ചിന്തയുടെ സ്പുലിംഗങളും ഉണ്ട്.

സാരംഗി said...

ചിന്തിപ്പിയ്ക്കുന്ന കവിത. നന്നായിരിയ്ക്കുന്നു വാണി.

Murali K Menon said...

കാലിക പ്രസക്തിയുള്ള സംഭവത്തെ വളരെ ശക്തമായി അവതരിപ്പിക്കാന്‍ ഈ കവിതയിലൂടെ കഴിഞ്ഞിരിക്കുന്നു. ആശംസകള്‍....

വായിച്ച് കഴിഞ്ഞപ്പോള്‍ ഭയാനകം, ബീഭത്സം, കരുണം എന്നിങ്ങനെ ഓരോ ഭാവങ്ങളും മാറി മാറി പ്രതിഫലിക്കുന്ന മുഖമായ് തീര്‍ന്നുവോ എന്റെ എന്ന് സംശയിച്ചുപോയ്.

Vani said...

nannyitunnduto,