"ഗുഡ് മോര്‍ണിങ് സാര്‍.."
ഉരുവിട്ടുപഠിച്ച മന്ത്രം പോലെ കുട്ടികള്‍ ഈണത്തില്‍ പറഞ്ഞു..പ്രത്യേകഭാവങ്ങളൊന്നുമില്ലാതെ.
"ഇരിക്കൂ മാഡം.."മുന്നിലെ കസേര ചൂണ്ടിക്കാണിച്ചു ലളിതാമാഡം.
ഏതോ സ്കൂളിലെ ക്ലാസ്സു മുറിയില്‍ എത്തിയതു പോലെ തോന്നി എനിക്ക്.കസേര പിറകോട്ട് വലിച്ചുമാറ്റി ഞാന്‍ കുട്ടികളിലേക്ക് ചേര്‍ന്നുനിന്നു.
"ഇത് വൈദേഹി മാഡം,നിങ്ങളൊടോപ്പം ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയതാണ്" ഒരു ഹെഡ്മിസ്ട്രസ്സിന്റെ ഭാവത്തില്‍ ലളിതാമാഡം പറഞ്ഞു.
"മനസ്സിലും,വായിലും കൊള്ളാത്ത മാഡം വിളി വേണ്ട,ചേച്ചി എന്ന് പരിചയപ്പെടുത്തിക്കൊള്ളൂ.."
പറഞ്ഞത് അവര്‍ക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല എന്ന് മുഖഭാവത്തില്‍ നിന്ന് മനസ്സിലായി.
‘ഇവര്‍ക്ക് ചേരുക ദുര്‍ഗ്ഗ എന്ന പേരാണ് ‘ഞാന്‍ മനസ്സില്‍ പറഞ്ഞു.
മുന്നില്‍ നിരനിരയായി എഴുന്നേറ്റ് നില്ക്കുന്ന കുഞ്ഞുങ്ങളെ നോക്കി.പല പ്രായക്കാര്‍..പല വേഷക്കാര്‍.
എല്ലാവരിലും കണ്ടു മടുത്ത ഒരു നാടകരംഗം കാണുന്ന നിസ്സംഗത.
തലമുടി രണ്ടായി പകുത്ത് ചുവന്ന റിബണ്‍ കൊണ്ട് രണ്ടു വശവും കെട്ടി..ഇളം ചുവപ്പു നിറത്തിലുള്ള ഉടുപ്പും ഇട്ട് നില്ക്കുന്ന അവളെ ചേര്‍ത്ത് നിര്‍ത്തി ഞാന്‍ ചോദിച്ചു.."എന്നെ അറിയുമോ??'
അവള് ഒന്നും മിണ്ടിയില്ല..അവളുടെ ദേഹത്തുനിന്ന് അവള് എന്റെ കൈ എടുത്തുമാറ്റി.
അവളിലുള്ള പിടി വിട്ട് ഞാന്‍ നിവര്‍ന്നുനിന്നു.
"ഞാന്‍ വൈദേഹി..നിങ്ങളുടെ കൂട്ടത്തില്‍ എന്നേയും ചേര്‍ക്കാമോ??" കുഞ്ഞുങ്ങളോട് ചോദിച്ചു.
"അപ്പൊ മാഡവും അനാഥയാണോ?"കൂട്ടത്തില്‍ നേതാവെന്നു തോന്നിച്ച ആ ചുരീദാറുകാരി തല ഉയര്‍ത്തി എനിക്കു നേരെ മറുചോദ്യമെറിഞ്ഞു.
'അനാഥ..!!'
എന്താണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കുക! എല്ലാവരും തനിച്ചാണെന്ന് ലോകതത്വം വിളമ്പി ഒരു വേദാന്തപ്രസംഗം നടത്തി ഈ കുഞ്ഞുമനസ്സുകളെ
ഇനിയും ഇരുട്ടിലാക്കണോ..വേണ്ട..അതെന്തായാലും വേണ്ട.
"മാഡം!!..അല്ല..ചേച്ചി.."
"ഞാന്‍.....നിങ്ങളേപ്പോലെയാണ്...നിങ്ങള്‍ എന്നേപ്പോലെയും"
എന്റെ മറുപടി അവരെ തൃപ്തരാക്കിയില്ലെന്നതു തീര്‍ച്ച.അവര്‍ സൈഡിലേക്കും,മുന്നോട്ടും,പിറകോട്ടും ഒക്കെ തിരിഞ്ഞ് പിറുപിറുക്കാന്‍ തുടങ്ങി.
"സൈലന്‍സ്...."ലളിതാമാഡം വലതുകൈ മേശപ്പുറത്ത് ശക്തിയായി കൊട്ടി.
കുട്ടികള്‍ പെട്ടെന്ന് നിശബ്ദരായി.
"മാഡം...ഞാന്‍ കുറച്ചു സമയം ഇവരോടൊപ്പം ഒറ്റക്കിരിക്കട്ടേ.."ഇഷ്ട്ടമാവില്ലെന്ന് ഉറപ്പായിരുന്നിട്ടും ഞാന്‍ അവരോട് ചോദിച്ചു.
ഈ സന്ദര്‍ശനം അവര്‍ അനുവദിച്ചതു തന്നെ അമ്മയുടെ സുഹൃത്തിന്റെ മകള്‍ എന്ന ഒറ്റ കണ്‍സിഡറേഷനിലാണ്.ഇതും മനസ്സില്ലാമനസ്സോടെ അവര്‍ സമ്മതിച്ചു
"വൈദേഹീ..മാക്സിമം ഹാഫ് അന് അവര്‍..അതില്‍ കൂടുതല്‍ പറ്റില്ല.ഇത് ഇവിടെ ഒരിക്കലും അനുവദിക്കത്ത കാര്യമാണ്.വസുധേച്ചീടെ മോളായതു കൊണ്ട് മാത്രാ.."അമ്മയുടെ പേരില്‍ വീണ്ടും കണ്സിഡറേഷന്.
"നിങ്ങളില്‍ ആരൊക്കെ പാടും??" ...
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.എനിക്കും അവര്‍ക്കും ഇടയില്‍ കിടന്ന ആ മേശയും കസേരയും ഞാന്‍ വലിച്ചു നീക്കി.
"ഹ..ഒന്നു സഹായിച്ചുകൂടേ....നിങ്ങക്ക്.."കുട്ടികള്‍ അടുത്തേക്കു വന്നു.കുറെ പേര് കസേര വലിച്ചു പുറത്തിട്ടു.
"ചേച്ചി മാറിക്കോ..ഞങ്ങള്‍ ഇട്ടോളാം.."മേശയില്‍ പിടിക്കാന്‍ എത്തിയവര്‍ പറഞ്ഞു.
“ഇതൊക്കെ ഞങ്ങള്‍ സ്ഥിരം ചെയ്യുന്നതാ"
"ആഹാ..നല്ല ചുരീദാര്‍ ആണല്ലോ.."ഞാന്‍ നേതാവിന്റെ ഡ്രസ്സില്‍ പിടിച്ചു.
"ഹും...കഴിഞ്ഞ ഓണത്തിന് ആരോ കൊണ്ടുവന്നതാ..അവരുടെ മകളുടെ പഴയ ഉടുപ്പുകള്‍.അതില്‍ എനിക്ക് ചേരുന്നത് ഇതായിരുന്നു.ഈ എമ്പ്രോയിഡറി ഒക്കെ ഞാന്‍ പിടിപ്പിച്ചതാ.."അവള് അഭിമാനത്തോടെ പറഞ്ഞു.
"ആഹാ..മിടുക്കീ..നന്നായി ചെയ്തല്ലൊ..അപ്പൊ ഇനി എനിക്ക് എമ്പ്രോയിഡറി ചെയ്യാന്‍ ഇങ്ങോട്ട് കൊണ്ടുവന്നാ മതിയല്ലോ..ആട്ടേ..എന്താ മോള്‍ടെ പേര്??"
"ചമ്പകം"
"നല്ല പേര്.. ചമ്പകപ്പൂ പോലെ നീയും സൌരഭ്യം പരത്തും.ചമ്പകം പഠിക്കുന്നുണ്ടോ എമ്പ്രോയിഡറി??"
"ഇല്ല"
ഞാന്‍ അത്ഭുതപ്പെട്ടു.."പഠിക്കാതെ ഇത്ര നന്നായി ചെയ്യുന്നോ..?പഠിക്കണം"
അവള് ചിരിച്ചു.
"എന്റെ അമ്മ ചിലപ്പോള്‍ ഒരു നല്ല തയ്യല്‍ക്കാരി ആയിരുന്നിരിക്കും ചേച്ചീ.."
അവളുടെ വാക്കുകള്‍ എന്നെ ഒരു നിമിഷം നിശബ്ദയാക്കി.
"ചേച്ചീ...ഇവള് റാണി..നന്നായി വരക്കും".ചമ്പകം 'കൂടപ്പിറപ്പുകളെ'ഒറൊരുത്തരെ ആയി പരിചയപ്പെടുത്താന്‍ തുടങ്ങി.
"മുന്നോട്ടു വാടീ...ഇവള് സന്ധ്യ..ഭയങ്കര നാണക്കാരിയാ.."അവളുടെ നുണക്കുഴികളില്‍ തൊട്ട് ചമ്പകം പറഞ്ഞു."
"ചേച്ചീ..ഞാന്‍ ശാന്തി"മനോഹരമായി ചിരിച്ചു കൊണ്ട് ആ നീല ഉടുപ്പുകാരി മുന്നോട്ടു വന്നു.
"ഇവള് ഇവിടത്തെ കലാതിലകമാ..പാട്ടും,ഡാന്‍സും എല്ലാത്തിനും ഫസ്റ്റാ"ചമ്പകത്തിന്റെ കമന്റ്.
തലമുടി ഇരുവശവും പകുത്ത് കെട്ടി ഇളം ചുവന്ന നിറത്തിലുള്ള ഉടുപ്പും ഇട്ട് നിന്ന അവളെ എടുത്ത് ചമ്പകം പറഞ്ഞു.
“ഇവളാ ചേച്ചീ ഞങ്ങളില്‍ ഏറ്റവും ഇളയത്.ചക്കരേന്നാ ഞങ്ങളൊക്കെ വിളിക്കുക.അടുത്ത മാസാ ഇവളുടെ പിറന്നാള്‍.അപ്പൊ കുഞ്ഞിപ്പെണ്ണിന് വയസ്സു മൂന്നാവും."
ചമ്പകത്തിന്റെ കയ്യില്‍ നിന്നും ചക്കരയെ ഞാന്‍ കോരിയെടുത്തു.
"ചക്കരയ്ക്ക് പാട്ട് പാടാന്‍ അറിയാമോ?"ഞാന്‍ ചോദിച്ചു.
അവള് ഊര്‍ന്നിറങ്ങി.മുറിയുടെ നടുവില്‍ നിന്നു.ഉടുപ്പു നേരെയാക്കി.
"കുഞ്ഞേ..കുഞ്ഞേ ഉരരൂ നീ..
കുഞ്ഞിക്കണ്ണു തുരക്കൂ നീ.." കൊഞ്ജിക്കൊഞ്ജി അവള് പാടി.
"അച്ച തന്നൊരുടുപ്പിറ്റ്..
അമ്മ തൊടീക്കും പൊറ്റിറ്റ്..
നയ്ചറി ക്കൂളില് പോകേന്റേ..
കൂട്ടരുമൊത്തു കളിച്ചേന്റേ.."അവള് കയ്യടിക്കായി കാതോര്‍ത്തു.
"മിടുക്കി...മിടുമിടുക്കി.."എല്ലാവരും കയ്യടിച്ചു.ഷാളു കൊണ്ട് ചമ്പകം കണ്ണുകള്‍ അമര്‍ത്തിത്തുടക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ അവരില്‍ ഒരാളാവുകയായിരുന്നു.
അവരുടെ ആട്ടവും,പാട്ടും,വരകളും...എന്നില്‍ നിറഞ്ഞു.
"ചേച്ചീ..ഈ കപ്പ ഒന്നു നിലമ്പൊത്താന്‍ പ്രാര്‍ത്ഥിക്കണേ.."മുറ്റത്തെ വലിയ കപ്പങ്ങാമരം ചൂണ്ടി ചമ്പകം.ഞാന്‍ നോക്കി..മുകളില്‍ വലിയ കപ്പങ്ങകള്‍.
"എന്നും ഇതു കൂട്ടി മടുത്തു..എന്നാ അതൊന്ന് പഴുക്കാന്‍ സമ്മതിക്ക്വോ..അതൂം ല്ല."
"കപ്പങ്ങ നല്ലതാ മോളേ.."ഞാന്‍ ആശ്വസിപ്പിക്കാന്‍ നോക്കി.
"അതെ,നല്ലതാ.അതു പോലെ നല്ലതു വേറെം പലതും ഉണ്ടെന്നേ ഞാന്‍പറഞ്ഞുള്ളൂ.."
എനിക്ക് ഉത്തരം മുട്ടി.
"ഒന്നു മിണ്ടാണ്ടിരിക്കുവോ..ഇനി ഈ കപ്പ മറിഞ്ഞിട്ടുവേണം പട്ടിണി ആവാന്‍".ശാന്തിയുടെ സ്വരത്തില്‍ നിരാശയും,സങ്കടവും,അമര്‍ഷവും എല്ലാമുണ്ടായിരുന്നു.
"ചേച്ചീ ഫോണ്‍.."അടിച്ചുകൊണ്ടിരുന്ന മൊബൈല്‍ എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.
രഘുവാണ്.
"നീയിറങ്ങിയോ??'രഘുവിന്റെ ചോദ്യം."
"ഇല്ല...എന്തേ..എന്തെങ്കിലും അത്യാവശ്യം?? മോള് കരയുന്നുണ്ടോ??'
"ഇല്ല..അവള് ഹാപ്പി.നീ വരുമ്പൊ മോള്‍ക്ക് സീരിയല്‍സ് വാങ്ങുന്ന കാര്യം ഒന്നോര്‍മിപ്പിക്കാന്‍ വിളിച്ചതാ"
എന്റെ കണ്ണുകള്‍ മുറ്റത്തെ കപ്പങ്ങകളില്‍ ഉടക്കി നിന്നു.
ഒന്നും പറയാതെ ഫോണ്‍ ഡിസ്കണക്റ്റ് ആക്കി.
രഘുവിനു എന്റെ മൂഡ് മനസ്സിലാവും..
"ചേച്ചിക്ക് മോളുണ്ടോ..??"ചമ്പകം അത്ഭുതപ്പെട്ടു.
"അപ്പൊ..ഞങ്ങളേപ്പോലാണെന്ന് പറഞ്ഞിട്ട്............"
"പിന്നെ നിങ്ങളേപ്പോലല്ലാതെ..എനിക്കെന്താ വെത്യാസം??"
"ചേച്ചിക്ക്..എല്ലരുമുണ്ട്..ഞങ്ങള്‍ക്കോ.??"അവള് മുഖത്തുനോക്കാതെ ചോദിച്ചു.
"ചമ്പകത്തിന് ആരാ ഇല്ലത്തത്??ഇവിടെ ഉള്ളവരെല്ലാം നിന്റെ സ്വന്തമല്ലേ മോളേ.."
അവള് ഒന്നും മിണ്ടിയില്ല..
"ചേച്ചീ..ഇഞ്ഞ് വന്നേ..ഞാന്‍ ഒരൂട്ടം കാനിച്ചുതരാം.."ചക്കരയാണ്.
എന്റെ കൈവിരലില്‍ പിടിച്ചു വലിച്ച് അവള് മുന്നോട്ട് നടന്നു.
ആ കുട്ടയുടെ മുകളില്‍ വിരിച്ചിട്ടിരുന്ന ചാക്ക് പതുക്കെ ഉയര്‍ത്തി.ഉറങ്ങുകയായിരുന്ന തള്ളപ്പൂച്ച ഞെട്ടി ഉണര്‍ന്നു.
"ഞാനാടി കുരിഞ്ഞീ.."ചക്കര കൊഞ്ജി.
കണ്ണുകള്‍ ഇറുക്കിയടച്ച്..കുറിഞ്ഞിയുടെ കാലിനടിയിലൂടെ ഊളിയിട്ട് അവര്‍ മുല കുടിക്കാന്‍ തിടുക്കം കൂട്ടി.
വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള മൂന്നു സുന്ദരിക്കുട്ടികള്‍! കുറിഞ്ഞിയുടെ മക്കള്‍ !!!
കുറിഞ്ഞി ചെരിഞ്ഞു കിടന്ന് അവര്‍ക്ക് മുല കൊടുത്തു..
ഇടക്ക് അവരുടെ മേലാസകലം നക്കിത്തോര്‍ത്തി.
ഞാന്‍ അതു നോക്കി നിന്നു.
എന്റെ കയ്യിലെ പിടിവിടുവിച്ച് ചക്കര ചോദിച്ചു........
"എനിച്ചും ഒന്റാവും ഇതുപോലെ ഒരമ്മ ..അല്ലേ ചേച്ചീ....??????"
12 comments:
ചങ്കിനു കുറുകെ നേര്‍ത്ത കമ്പി വലിച്ചുകെട്ടി മിട്ടുകയാണല്ലെ!
സന്ദര്‍ശനം...
അച്ച തന്നൊരുടുപ്പിറ്റ്..
അമ്മ തൊടീക്കും പൊറ്റിറ്റ്..
പാവം കുഞ്ഞുങ്ങള്‍, അര്‍ത്ഥമറിയാതെ പാടുന്ന പാട്ടുകള്‍.
ഇങ്ങനൊരു കഥാ സന്ദര്‍ഭം ഇല്ലാത്തൊരു കാലം വരുമോ?
മനോഹരമായിട്ടുണ്ട്.
വാണിചേച്ചീ,
ഞാന്‍ ഇടക്കൊക്കെ ഇതിലെ വരുന്നുണ്ട്, ഇന്നും വന്നു.
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് അല്ലേ.
വിപിന്‍ :)
ഇത് ഞാന്‍ കണ്ടില്ലായിരുന്നല്ലോ....
കന്റിടാന് വാക്കുകള്‍ തിരഞ്ഞു പിടിക്കട്ടെ:)
ചേച്ചി ഇത് വായിച്ച് കണ്ണ് നനഞ്ഞൊ എന്നൊരു സംശയം...അല്ല സംശയമല്ല കണ്ണ് ശരിക്കും നനഞ്ഞു..
ഇങ്ങനൊരു കഥാ സന്ദര്‍ഭം ഇല്ലാത്ത ലോകത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം
നിര്‍മ്മലയുടെ കമന്റ് ക്വോട്ടൂന്നു. ക്ഷമിക്കുക. മറ്റൊന്നും എഴുതാന്‍ വയ്യ ..
“ചങ്കിനു കുറുകെ നേര്‍ത്ത കമ്പി വലിച്ചുകെട്ടി മിട്ടുകയാണല്ലെ!“
തീരാവേദനയായി മനസ്സില്‍ കുറേ കുഞ്ഞുമുഖങ്ങള്‍..അവരുടെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം നമുക്ക്.കഴിയുന്നതെല്ലാം ചെയ്തു കൊടുക്കാം..
എല്ലാവര്ക്കും നന്ദി.
ഇവരുടെ മുന്പില് വാക്കുകള്‍ ഇല്ലാതാവുന്നു.
അല്ലെങ്കിലും അവയ്കെന്തു പ്രസക്തി?
നിര്‍മ്മലയോടും മനുവിനോടുമൊപ്പം
“ചങ്കിനു കുറുകെ നേര്‍ത്ത കമ്പി വലിച്ചുകെട്ടി മിട്ടുകയാണല്ലെ!“
വാണീ,,, സത്യം പറ, താനാരാ,,,,?
Post a Comment