ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് നേരെ കട്ടിലിലേക്ക് കമിഴ്ന്നു.
“എവിടെയെത്തി ചര്‍ച്ചകള്‍?”ചായ കയ്യിലേക്ക് നീട്ടി നന്ദന് ചോദിച്ചു.“
എവിടെയെത്താന്‍..!പത്തുപന്ത്രണ്ട് വര്‍ഷങ്ങളായി സ്ഥിരം കേള്‍ക്കുന്ന ഡയലോഗ്സ്.പെണ്ണെഴുത്തുകാരുടെ സ്വരശക്തി! കാലഹരണപ്പെട്ട വിഷയം..സ്ത്രീസ്വാതന്ത്ര്യം !!”
ചായ തണുത്തുറഞ്ഞിരിക്കുന്നു.
“വാര്‍ത്തകളില്‍ തലകുത്തി മറിഞ്ഞ് തളര്‍ന്നവശയായി നട്ടപ്പാതിരായ്ക്ക് കൂടണയുന്ന സഹധര്‍മ്മിണിക്ക് ഒരു നല്ല ചായ ഇട്ടു തരാന്‍ നീ ഇനിയും പഠിച്ചിട്ടില്ല നന്ദാ”
കടുപ്പം കൂടി കഷായപ്പരുവമായ ചായയാണ് നന്ദന്റേത്.
“ചായ ..അത് പെണ്ണിന്റെ കൈമിടുക്ക്”നന്ദന് വാരിവലിച്ചു കിടന്ന പുസ്തകങ്ങള്‍ അടുക്കി വെച്ചുകൊണ്ട് പറഞ്ഞു.
“സ്ത്രീ ശാക്തീകരണത്തിന്റെ ഈ നാളില്‍ ചായകുത്തക പെണ്ണിനോ??! എന്താ നന്ദാ ചര്‍ച്ച ഇവിടെ തുടങ്ങണോ?”
“ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് വേശ്യകളാണ്..വേശ്യകള്‍.അവര്‍ പറയട്ടേ ആദ്യം സ്ത്രീ സ്വതന്ത്ര്യം.”നന്ദന് ഒരു ചര്‍ച്ചയുടെ മൂഡില്‍ ആണ്.
“വേശ്യയോ?? പലവട്ടം നിന്നോട് പറഞ്ഞിട്ടുണ്ട് ഞാന്‍.ആ വാക്ക് നീ പിന്‍വലിക്കണം.വേശ്യയല്ല..ലൈംഗികത്തൊഴിലാളി ! അതെ ലൈംഗികത്തൊഴിലാളി!!”.
ചര്‍ച്ച കീറിമുറിച്ചുകൊണ്ട് മൊബൈല്‍ നിര്‍ത്താതെ അടിച്ചു.
“ഞാന്‍ പാലാരിവട്ടം ജംഗ്ഷനില്‍ നിന്നാ.’ജാന്‍സി സ്റ്റോര്‍സ്’എന്ന ലേഡി സെന്ററിന്റെ മുന്നില്‍ നിന്ന്.”അയാള്‍ കിതക്കുന്നുണ്ടായിരുന്നു.
ഒരു വാര്‍ത്തക്കുള്ള വകുപ്പ് എത്തിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.
“പറയൂ..എന്താണ്..എന്താണ് കാര്യം?”
“ഇവിടെ എന്റെ കടയുടെ മുന്നില്‍ ഒരു പെണ്‍കുട്ടി.മൂന്നാലു ദിവസായി ഈ ഏരിയായില്‍ കിടന്നു കറങ്ങുന്നു.ഇടക്ക് ഞാന്‍ ആഹാരം വാങ്ങിക്കൊടുത്തു.ഇപ്പൊ പെണ്ണ് ഇവിടെ സ്ഥിരതാമസമാക്കുന്ന മട്ടാ.ചോദിച്ചിട്ടാണേല് മിണ്ടാട്ടമില്ല.നിങ്ങള്‍ പത്രക്കാരു വിചാരിച്ചാ രക്ഷപ്പെടുത്താന്‍ വല്ല മാര്‍ഗ്ഗോം...”
“കടയുടെ അഡ്രസ്സ് തരൂ..ഞാന്‍ ഉടനെ അവിടെ എത്താം”.അയാള്‍ പറഞ്ഞുതന്ന അഡ്രസ്സ് കുറിച്ചെടുത്തു.
“നന്ദാ..”
“നേരത്തും,കാലത്തും ഇല്ലാത്ത ഈ പോക്കുണ്ടല്ലോ,ആളുകളെക്കൊണ്ട് അതുമിതും പറയിക്കാന്‍..”നന്ദന് സ്ഥിരം ഡയലോഗ് പുറത്തിട്ടു.
“നന്ദാ ഇതെന്റെ ജോലി.ആശിച്ച്,പ്രയത്നിച്ച് ഞാന്‍ നേടിയ ജോലി.ഇതില്‍ ആരെന്തു പറയാന്‍?!”
“നീ..നീ ഒരു പെണ്ണാണ്.പെണ്ണ്!!”
“ഞാന്‍ ഇപ്പോള്‍ പോകുന്നതും ഒരു പെണ്ണിനടുത്തേക്കാണ്.പെണ്ണായും,പത്രപ്രവര്‍ത്തകയായും എനിക്കുള്ള കടമ ചെയ്യാന്‍.തര്‍ക്കിക്കാം നമുക്ക്,ഞാന്‍ തിരിചു വന്നിട്ട്.ഓ.കേ ടാ..”
എഴുന്നേറ്റ് മുഖം കഴുകി.പാറിക്കിടന്ന മുടി ഒന്നൊതുക്കി.ഇതൊന്ന് ബോയ് കട്ട് വെട്ടണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കാലമേറെയായി.അതെങ്ങിനെ നാട്ടില്‍ ആണിന്റെ തലമുടിയുമായി ചെന്നിറങ്ങിയാല്‍ ഉണ്ടാകാവുന്ന ഭൂകമ്പങ്ങള്‍ നന്ദന് ഇടക്കിടെ ഓര്‍മിപ്പിക്കുകയല്ലേ..
ക്യാമറ ബാഗില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.കാറിന്റെ കീയുമെടുത്ത് ധൃതിയില്‍ പുറത്തേക്കു നടന്നു.
നല്ല മഴയാണ്.ഇടിയും,മിന്നലും.കടകളെല്ലാം നേരത്തേ അടച്ചിരിക്കുന്നു.
എങ്ങും ഇരുട്ടു മാത്രം.ഈ മഴക്കും ഇരുട്ടിന്റെ നിറമോ?!
ഈ ഇരുട്ടില്‍ ആ പെണ്‍കുട്ടി..??
അവള് നെഞ്ചിനുള്ളില്‍ ഒരു മിന്നലായി.
വണ്ടിയുടെ സ്പീഡ് കൂട്ടി.ഇരുട്ടിന് കയ്യും കാലും വെയ്ക്കും.അത് അവളെ ഒന്നായി വിഴുങ്ങും.അതിനു മുന്നേ അവിടെ എത്തണം.ജാന്‍സി സ്റ്റോര്‍!!അഡ്രസ്സ് കുറിച്ച പേപ്പര്‍ എടുത്തു.ഇരുട്ടില്‍ കടകളുടെ ബോര്‍ഡുകള്‍ ഒന്നും വ്യക്തമല്ല.ഇറങ്ങുന്നതിനിടയില്‍ ഒരു ടോര്‍ച്ചോ,കുടയോ ഒന്നും എടുത്തതുമില്ല.‘ഹൊ നാശം തന്നെ ഈ മറവി’
പെട്ടെന്നാണ് കണ്ടത്.ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഴയില്‍..കൈകള്‍ വിടര്‍ത്തി,കണ്ണുകള്‍ അടച്ച്,മുഖം മേലോട്ടുയര്‍ത്തി ഒരു പെണ്‍കുട്ടി.മഴയായി..മഴത്തുള്ളികളായി അവള്.ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ അവള് ഊറ്റിക്കുടിക്കുന്നു.
ഞാന്‍ അത്ഭുതപ്പെട്ടു.കടയുടെ വരാന്തയില്‍ പേടിച്ചരണ്ട മുഖവുമായി കൂനിക്കൂടിയിരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു മനസ്സില്‍.
ഇവള്..ഇവളിതാ മഴയായി പെയ്തു നിറയുന്നു.
കാര്‍ നിര്‍ത്തി ഞാന്‍ പുറത്തേക്കിറങ്ങി.അവള്‍ക്ക് നേരേ നടന്നു ആ മഴയിലൂടെ.കാല്‍പ്പെരുമാറ്റം കേട്ടതും അവള് കണ്ണുകള്‍ തുറന്നു.എന്റെ നേരേ നോക്കി.ഭാവവെത്യാസങ്ങളൊന്നുമില്ലതെ അവള് പഴയതുപോലെ മഴയില്‍ നിറഞ്ഞു.
ഈ മുഖം ഞാനെവിടെയാണ് കണ്ടത്?എന്റെ ഓര്മകളിലെവിടെയോ അവളുടെ മുഖം പതിഞ്ഞിരിക്കുന്നു.
ഉവ്വ്..എനിക്കറിയാം ഇവളെ.
മല്ലി..അതെ..മല്ലി തന്നെ.
“നീ മല്ലി അല്ലേ??”അവള് തലവെട്ടിച്ച് എന്നെ നോക്കി.
“മല്ലി???????!! അല്ല.”
അവള് കടത്തിണ്ണയിലേക്ക് കയറി.വരാന്തയുടെ ഓരത്ത് നിന്ന് പാവാടയിലെ വെള്ളം പിഴിഞ്ഞു കളഞ്ഞു.സൈഡില്‍ ഒതുക്കിവെച്ചിരുന്ന കീറിയ ബാഗില്‍ നിന്നും ഒരു തുണി പുറത്തെടുത്തു.തല തോര്‍ത്തി.മുഖം തുടച്ചു.നീണ്ട മുടിയില്‍ വിരലോടിച്ച് അവള് മഴ നോക്കി ഇരുന്നു.
ഞാന്‍ അവളെ തന്നെ നോക്കി,നിറഞ്ഞു പെയ്യുന്ന ആ മഴക്കിടയിലൂടെ.
ഇവള്..ഇവള് മല്ലി തന്നെ.പക്ഷേ...ഇവിടെ?!
ഇവളെന്തിനു കള്ളം പറയുന്നു.ഞാന്‍ അവള്‍ക്കരികിലേക്ക് നടന്നു.
“മോളേ ഞാന്‍ സൂര്യ..നീ എന്നെ ഓര്‍ക്കുന്നില്ലേ?”
“നീയാരാ..ഒന്ന് പോകുന്നുണ്ടോ..” അവള് കയര്‍ത്തു.നേരിയ സംശയത്തിനു പോലും ഇടയില്ലാത്തവണ്ണം എന്റെ മനസ്സില്‍ മല്ലി തെളിഞ്ഞുവന്നു.
അന്ന് ഞാന്‍ പാലക്കാട് റിപ്പോര്‍ട്ടറായി ജോലി നോക്കുന്ന കാലം.കൂട്ടുകാരുമൊത്ത് ഒരു വീടു വാടകക്കെടുത്ത് താമസം,ശോകനാശിനിപ്പുഴയുടെ തീരത്ത്.മല്ലിയെ ഞാന്‍ കാണുന്നത് അവിടെ വെച്ചാണ്.ആ പുഴയുടെ കരയില്‍.പുഴയോട് വാതോരാതെ സംസാരിക്കുന്ന മല്ലിയെ പലവട്ടം ഞാന്‍ കണ്ടു.മല്ലിക്കും,പുഴയ്ക്കും ഒരേ സ്വരമായിരുന്നു.എടുത്താല്‍ പൊങ്ങാത്തത്ര വലിയ തുണിക്കെട്ടുകളുമായി വൈകുന്നേരങ്ങളില്‍ അവളെത്തും പുഴക്കടവില്‍,വിഴുപ്പലക്കാന്‍.ആ വിഴുപ്പിന്റെ ഭാരവും പേറി ശോകനാശിനി ഒഴുകും.
“എന്താ പേര്?”
“മല്ലിക” നാണിച്ച് അവള് ഓടി.
എന്റെ വൈകുന്നേരങ്ങള്‍ ഞാന്‍ ശോകനാശിനിക്കും,മല്ലിക്കുമായി മാറ്റി വെച്ചു.
“പഠിക്കാന്‍ പോകുന്നില്ലേ?”
“ഉം...രണ്ട് ബിയിലാ”
“ഇതാരുടേയാ ഇത്രേം തുണി?വീട്ടില്‍ ഒരുപാട് ആള്‍ക്കാരുണ്ടോ?”
“ഇത്..ടീച്ചറിന്റടുത്തേയാ.”
“ഏത് ടീച്ചര്‍??”
“അയ്യോ..അറീല്ലേ..ജാനകി ടീച്ചര്‍.ആയമ്മ ഞങ്ങടെ ഉസ്ക്കൂളിലേയാ.ഞാന്‍ അവിടെ പണിക്ക് നിക്ക്വാ.”
“എന്താ നിങ്ങടെ പേര്”? ഷര്‍ട്ടിന്റെ കോളര്‍ കല്ലില്‍ ഉരച്ചുകൊണ്ട് അവള് ചോദിച്ചു.
“സൂര്യ..”
ഈ ബാല്യം..ഇവള്‍ക്കോര്‍മിക്കാന്‍ എന്തുണ്ടാവും?! തഴമ്പിച്ച കൈകളും,കരി പുരണ്ട ബാല്യവും.ബാലവേലയെ കുറിച്ച് ഒന്ന് റിപ്പോര്‍ട്ട് ചെയ്താലോ.
“നിനക്ക് അവര്‍ രൂപ തരുമോ മോളേ?”ഞാന്‍ ചോദിച്ചു.
“ഉം..”അവളുടെ കുഞ്ഞിക്കണ്ണുകള്‍ വിടര്‍ന്നു.
“മാസം നൂറ് തരും.പിന്നെ ചോറും,ചായേം,പാപ്പോം തരും.ആയമ്മ പാവാ.”
“ഞാന്‍ സഹായിക്കട്ടേ കഴുകാന്‍”
“വേണ്ട വേണ്ട നിങ്ങള്‍ കഴിക്യാ മെനയാവൂല്ല”.ഞാന്‍ ചോദിച്ചതേ അവള്‍ക്കിഷ്ട്ടപ്പെട്ടില്ല.
“നീ എന്തൊക്കെ ചെയ്യും ആ വീട്ടില്‍.കേള്‍ക്കട്ടേ”ഞാന്‍ ഒരു റിപ്പോര്‍ട്ടിനുള്ള വക സമ്പാദിക്കാന്‍ ശ്രമം തുടങ്ങി.അവള് ഉത്സാഹത്തോടെ പറയാന്‍ തുടങ്ങി..“മിറ്റമടികും.അതെനിക്ക് ഇഷ്ട്ടല്ല.നിറയേ പുളിയില ഉണ്ടാവും.അതു അടിക്കാന്‍ ഭയങ്കര പാടാ.വൃത്തിയായില്ലെങ്കില്‍ ആയമ്മ ചീത്ത പറയും.മിറ്റം മെനയായാലല്ലേ ലക്ഷ്മി കേറി വരൂ.പിന്നെ പെരക്കകം തൂക്കണം,തൊടക്കണം.വല്ല്യ വീടാ ആയമ്മേടെ.നല്ലോണം തോറ്റച്ചില്ലേല്‍ മെനകേടാ.അതാ കൊഴപ്പം.”
അവളില്‍ ഭാവങ്ങള്‍ മിന്നിമറയുന്നതും നോക്കി ഞാനിരുന്നു.
“പിന്നെ പാത്രം കഴ്കണം.ന്നിട്ട് പഴഞ്ചോറു തരും ആയമ്മ.ഉണ്ടിട്ട് ഞാന്‍ ഉസ്കൂളീപ്പോം.വൈന്നേരം വന്നാ തുണി കഴ്കും.വിരിച്ചിട്ട് ഞാന്‍ വീട്ടീ പോവും.പോണേനു മുന്നേ ആയമ്മ ചായേം പാപ്പോം തരും.”
ഈ ഏഴുവയസ്സുകാരിയോട് ഞാന്‍ എന്താണ് പറയുക??!
“മല്ലീ..ഞാന്‍ തരാം മാസം നിനക്ക് നൂറ് രൂപ.നീ ഈ പണി നിര്‍ത്തുമോ?”ഞാന്‍ ചോദിച്ചു.അവള് ദേഷ്യത്തോടെ എന്നെ നോക്കി.തുണിയുമെടുത്ത് ധൃതിയില്‍ കരയിലേക്ക് നടന്നു.പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ എത്ര സംസാരിച്ചിട്ടും അവള് മിണ്ടിയില്ല.അവളുടെ ജോലി തട്ടിത്തെറിപ്പിക്കാന്‍ നോക്കി എന്നവള്‍ ഭയന്നിരിക്കാം.
ജോലിത്തിരക്കും,ഇടക്കിടെയുള്ള സ്ഥലം മാറ്റവും..മല്ലിയെ ഞാന്‍ മറന്നു.
ഇന്ന് ഇതാ എന്റെ മുന്നില്‍ ഈ മഴയില്‍ അവള് വീണ്ടും.
മല്ലി.
ബാഗില്‍ നിന്നും ഒരു തുണി എടുത്ത് വരാന്തയില്‍ വിരിച്ച് അവള് കിടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി
“മല്ലീ ഇവിടെ ഈ ഇരുട്ടില്‍ നീ സുരക്ഷിതയല്ല.വരൂ ഞാന്‍ നിന്നെ..”
മുഴുമിപ്പിക്കുന്നതിനു മുന്നേ..
“പറഞ്ഞു ഞാന്‍ മല്ലി അല്ല ഞാനെന്ന്” അത് ഒരു അലര്‍ച്ചയായിരുന്നു.
“അതെ.നീ മല്ലിയാണ്. മല്ലിക.നിന്റെ ശബ്ദം പോലും എന്നില്‍ ഇന്നും മുഴങ്ങുന്നു.നിന്നെ ഞാന്‍ ആദ്യം കാണുന്നത് ശോകനാശിനിയുടെ കരയില്‍.ഇന്ന്..ഈ കറുത്ത മഴയില്‍.!!പറ ..നീ എങ്ങിനെ ഇവിടെ എത്തി???”അധികാരത്തോടെ ഞാന്‍ ചോദിച്ചു.
“ഇതേ ചോദ്യം ഞാന്‍ തിരിച്ചു ചോദിച്ചാല്‍...??”ഇടിയുടെ ശബ്ദത്തേക്കാള്‍ ഉറപ്പുള്ളതായിരുന്നു അവളുടെ സ്വരം.
“ഞാന്‍..ഞാന്റെ ജോലിയുമായി..”
“ഞാനും”.ഞാന്‍ മുഴുമിപ്പിക്കുന്നതിനു മുന്നെ അവള് പറഞ്ഞു.
“ശരി.എങ്കില്‍..ഇവിടെ ഈ ഇരുട്ടില്‍..തനിച്ച്..നിനക്കെന്താണ് ജോലി??”
“ഈ ചോദ്യവും എനിക്ക് നിങ്ങളോട് തിരിച്ചു ചോദിക്കാം”.
അവളില്‍ പഴയ ചിരി ഇല്ലാതായിരിക്കുന്നു.അവളുടെ കണ്ണുകളെ ഞാന്‍ ഭയപ്പെട്ടു.ആ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ വിറച്ചു.
“ഞാന്‍..ഞാനിവിടെ വന്നതും എന്റെ ജോലിയുടെ ഭാഗം തന്നെ.നീയാണ് മല്ലീ എന്റെ ലക്ഷ്യം.ഞാന്‍ വന്നത് നിന്നെ തേടിയാണ്”.
അവള് ചിരിച്ചു.
“ഞാനിവിടെ നില്ക്കുന്നതും എന്റെ ജോലിയുടെ ഭാഗം തന്നെ.പക്ഷേ ഒരു വെത്യാസം.എന്റെ ലക്ഷ്യം നിങ്ങളല്ല.നിങ്ങള്‍ക്ക് ഒരു അച്ഛനോ,സഹോദരനോ,ഭര്‍ത്താവോ അല്ലെങ്കില്‍ മകനോ ഉണ്ടെങ്കില്‍..”
“മല്ലീ..”ഞാന്‍ അവളുടെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു.
“നിനക്കെന്ത് പറ്റി എന്നു ഞാന്‍ ചോദിക്കുന്നില്ല.പക്ഷേ...ഇനി നീ ഇരുട്ടില്‍ മുങ്ങിത്താഴരുത്.വരൂ എന്നോടൊപ്പം..”
അവള് എന്റെ കൈകള്‍ അകത്തിമാറ്റി.
“എന്തിന്?? എങ്ങോട്ട്???? ഇരുട്ടില്‍ നിന്ന് രക്ഷപ്പെടാനോ??! എനിക്ക് രക്ഷപ്പെടേണ്ടത് ഇരുട്ടില്‍ നിന്നല്ല,വെളിച്ചത്തില്‍ നിന്നാണ്.രക്ഷിക്കാന്‍ നിങ്ങള്‍ക്കാവുമോ??”
അവള് സംസാരിച്ചു ഒരു ഫിലോസഫറേപ്പോലെ.
“ എനിക്ക് രക്ഷപ്പെടാന്‍ ഒന്നേയുള്ളൂ മാര്‍ഗ്ഗം.....”
“പറയൂ മല്ലീ ,എന്താണ് ഞാന്‍ നിനക്ക് ചെയ്തു തരേണ്ടത്.പറയൂ..”ഞാന്‍ അവളോട് ചേര്‍ന്ന് നിന്ന് ചോദിച്ചു.എന്റെ ശബ്ദം ഇടറിയിരുന്നുവോ..
അവള് ചിരിച്ചു..ഉറക്കെ ഉറക്കെ ചിരിച്ചു..ഇടിക്കും,മിന്നലിനും മീതെ അവളുടെ ചിരി മുഴങ്ങി.കടത്തിണ്ണയില്‍ നിന്ന് താഴേക്കിറങ്ങി അവള് പറഞ്ഞു..
“ഇല്ല,നിങ്ങള്‍ക്കതിനാവില്ല..കാരണം നിങ്ങള്‍ വെളിച്ചമെന്തെന്നറിഞ്ഞിട്ടില്ല.”അവള് നടന്നു..ആ മഴയിലേക്ക്........
“എത്ര നേരായി ഫോണ്‍ റിങ്ങ് ചെയ്യുന്നു.നീ എവിടാ?”നന്ദന്റെ ചോദ്യത്തിനുത്തരം പറയാതെ ഫോണ്‍ കട്ട് ചെയ്തു.
റോഡിലേക്കിറങ്ങി...കൈകള്‍ വിടര്‍ത്തി..കണ്ണൂകള്‍ അടച്ച്..മുഖം മേലോട്ടുയര്‍ത്തി..ആ മഴയില്‍ കുറച്ചുനേരം...
* * * * * * * * * * * * * *
25 comments:
മല്ലി..മഴയിലൂടെ അവള് നടന്നു..
ആ ഇരുട്ടിലേക്ക്...
എത്രയോ പെണ്‍കുട്ടികള്‍ ഇതുപോലെ...
കുറേ തോന്ന്യാക്ഷരങ്ങള്‍ കുറിച്ചേ കൂട്ടരേ.ഈ കിറുക്കി.
വളരെ നല്ല കഥ.പലരേയും രക്ഷപ്പെടുത്താന്‍ പോയിട്ട് ഒന്നു സഹായിക്കാന്‍ പോലും നമുക്കാകുന്നില്ല അല്ലേ
നല്ല കഥ... നന്നായി എഴുതിയിരിക്കുന്നു...
ഇതു നല്ല ഉഗ്രന്‍ കഥ ആണല്ലോ.
വളരെ നല്ല കഥ , നന്നായി എഴുതിയിരിക്കുന്നു.
കമന്റ്കള്‍ കിട്ടാത്തതില്‍ വിഷമം വേണ്ട ( അങ്ങിനെ ഒന്നുണ്ടെങ്കില്‍ :))
ഓ.ടോ:
ഇതൊക്കെ ശ്രദ്ധിക്കാന്‍ ആളുകള്‍ക്കെവിടെ നേരം , എല്ലാരും ദോശ തിന്നാന്‍ നടക്കുകയല്ലെ ,
പെട്ടെന്നാണ് കണ്ടത്.ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഴയില്‍..കൈകള്‍ വിടര്‍ത്തി,കണ്ണുകള്‍ അടച്ച്,മുഖം മേലോട്ടുയര്‍ത്തി ഒരു പെണ്‍കുട്ടി.മഴയായി..മഴത്തുള്ളികളായി അവള്.ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ അവള് ഊറ്റിക്കുടിക്കുന്നു. - വാണി.....തന്റെ കഥകള്‍ വെറും കഥകളല്ല, അനുഭവങ്ങളാണു. ഇതു വായിച്ചപ്പോള്‍ കരഞ്ഞു പോയി....ആണായിട്ടും.....തുടര്ന്നൂം എഴുതൂ.
വളരെ വളരെ നല്ല എഴുത്ത്.
ഏവരും അവശ്യം വായിച്ചിരിക്കേണ്ട ബ്ലോഗ്. അഭിനന്ദനങ്ങള്‍...
ചാത്തനേറ്: ഈശ്വരാ കഥാകൃത്തിന്റെ കയ്യിലൊതുങ്ങാത്ത കഥാപാത്രം എന്നു പറഞ്ഞാല്‍ അത് കഥാകൃത്തിനെ അപമാനിക്കലാവും..!!!
സത്യം.. മല്ലി കഥാകൃത്തിനേക്കാള്‍ വളര്‍ന്ന് കഥയുടെ ചട്ടക്കൂടും പൊട്ടിച്ച് പന്തലിച്ച് നില്ക്കുന്നു!!!
അഭിനന്ദനങ്ങള്‍...
കുറു അണ്ണോ ടോര്ച്ചടിച്ചതിനു നന്ദി...(ഉറങ്ങുകാന്ന് പറഞ്ഞ മനുഷ്യന് ഇതെങ്ങനെ കണ്ടു!!!
ഉറക്കത്തില്‍ എണീച്ച് നടക്കുന്ന സ്വഭാവോണ്ട് അല്ലേ?)
ഈ ബാല്യം..ഇവള്‍ക്കോര്‍മിക്കാന്‍ എന്തുണ്ടാവും?! തഴമ്പിച്ച കൈകളും,കരി പുരണ്ട ബാല്യവും...പാവം മല്ലി!നല്ല എഴുത്ത്..
വെളിച്ചമെവിടെ?
- ഇരുട്ടിലേക്കാണല്ലോ, മഴയിലേക്കാണല്ലൊ, മഴയത്തെ ഇടിമിന്നലിലേക്കാണല്ലൊ അവള് പോയത്?
ചേച്ചി കഥ അഥിമനോഹരമായിരിക്കുന്നു, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത എത്രമാത്രം മല്ലികള്‍ വാഴുന്ന സാക്ഷര കേരളമാണിത്
വളരെ നന്നായി വാണി. (കൃത്യമായി എഴുത്തിന്റെ ദിശയില്‍ നിന്നു പറഞ്ഞാല്‍ സംസാരഭാഷയില്‍ അസ്വാഭാവികത തോന്നിയെങ്കിലും: മറന്നേക്കുക)
ഇവരുടെ ഇടയില്‍ രക്ഷകവേഷം കെട്ടി ഇറങ്ങിയിട്ടുണ്ട് ഞാന്‍. തിരുവനന്തപുരത്ത്. രണ്ട് വര്‍ഷം. പിന്നെ വെളിച്ചമെന്ന് തെറ്റിദ്ധരിച്ച ഉള്ളിലെ ഇരുട്ടില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഞാന്‍ സ്വയം ഓടേണ്ടിവന്നു. എഴുതാന്‍ ധൈര്യമില്ല. ഒരുപാട് പേര് ചില്ലിക്കാശുകള്ക്ക് വിലക്കുവാങ്ങിയ അവരുടെ സ്വകാര്യനോവുകള് ഇനിയും മറിച്ചുവില്‍ക്കരുതെന്ന് ഉള്ളിലൊരു വാശി.
എഴുതുക .. കൂടുതല്‍. നന്ദി
അഗ്രജന്റെ ബ്ലോഗിലാണ് ഈ ലിങ്ക് കിട്ടിയത്, നല്ല കഥ, അതിനൊര് നോവുണ്ടെങ്കിലും സുഖമുള്ള നോവ്! എഴുതുക...
കഥ നന്നായിരിക്കുന്നു;)
വാണീ, കൊള്ളാംട്ടൊ. ചില വാചകങ്ങള്‍ക്കൊക്കെ പ്രത്യേക ശക്തിയുണ്ട്. ശക്തമായ തീം. ഓര്‍മ്മ വന്ന സിനിമ തൂവാനതുമ്പികള്‍.
ചിലര്‍ ചിലത് ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ (അതെന്തുമാവട്ടെ) അതില്‍ നിന്നും മാറ്റാനാവില്ല. രക്ഷയാണോ ശിക്ഷയാണോ എന്നത് രക്ഷയും/ശിക്ഷ്യ്യും സ്വീകരിക്കുന്ന ആളുടേ മനസ്സ് പോലെ ഇരിക്കും.
ആശിച്ച് മോഹിച്ച് നേടുന്ന ഒരു ജോലിയായി പത്രപ്രവര്ത്തകകള് ഇതു കാണുന്നില്ല എന്ന് ഒരിക്കല്‍ ഷാഹിന കുണ്ഠിതപ്പെട്ടത് ഓര്‍മ്മ വരുന്നു.
വേണമെങ്കില്‍ ഇന്നും മലയാളി സമൂഹത്തിന് രാത്രി ജോലിചെയ്യുന്ന സ്ത്രീകളേയും ലൈംഗീക തൊഴിലാളികളേയും ചേര്‍ത്തു വയ്ക്കാം. അതും ഒരു അര്‍ബുദമാണ്.
വേണമെങ്കില്‍ കുറച്ചൂടെ ദുര്‍മേദസ്സൊക്കെ കളയാം. ഉദാഹരണത്തിന് മല്ലിടെ ഭൂതകാലം ഇത്ര നീട്ടാതിരിക്കാം. അത് കഥയുടെ ക്രിസ്പിനസ്സ് കളഞ്ഞ പോലെ തോന്നി.
നന്നായി എഴുതിയിരിയ്ക്കുന്നു...
നന്നായി എഴുത്തിയിരിക്കുന്നൂ...ഇഷ്ടായി.....
കുറച്ച് സമയത്തേക്ക് പാലാരിവട്ടത്ത് ഒരു പെട്ടിക്കടയുടെ അരികില്‍ നിന്ന് ഇതെല്ലാം നോക്കിക്കാണുകയായിരുന്നു എന്ന് തോന്നി.
തോന്യാക്ഷരങ്ങളോ??? കിറുക്കിയോ?? എനിക്കൊരു കിറുക്കും കാണാനായില്ല. ഇനി എന്റെ കണ്ണിന്റെ കുഴപ്പമാണേ ഞാന്‍ സഹിച്ചു.
വാണി
കഥ നന്നായിരിയ്ക്കുന്നു.ഭാഷ ശക്തവും ചടുലവും.
പിന്നെ ജേണലിസ്റ്റിന്റെ സ്വകാര്യജീവിതത്തിലേക്കും വേളിച്ചം വീശുന്നു.
സൂര്യ പിന്നെ യാതോരു chOice മില്ലാത്ത കുട്ടി.
പാക്ഷെ ആ ജേണ്ര്ണലിസ്റ്റോ? തന്നെയും തന്റെ തൊഴിലിനേയും അതിന്റെ challenge കളേയും മനസിലാ്ക്കാന് കഴിയാത്ത അയാള്‍? അതും വേറെ chOice ഇല്ലാഞ്ഞിട്ടയിരുന്നോ?
സത്യത്തില്‍ ആ ജേര്ണ്ലിസ്റ്റിനോട് സൂര്യയോടു തോാന്നുന്ന അതേ സഹതാപം തോന്നുന്നു.
വാണീ,
ഇന്നാണ് ഇതു കാണുന്നത്.
ശക്തമായ എഴുത്തു.
നല്ല കഥ.
വെളിച്ചം . മല്ലി പറഞ്ഞതെത്രശരി.
കഥാപാത്രമായി മാറുന്ന എഴിത്തുകാരീ അഭിനന്ദനങ്ങള്‍.
കാലിക പ്രസക്തിയുള്ള നല്ലൊരു കഥ.
hi vani kerukkumaye nadakkumol etharam kadapathrangale neril kandettum aksharangalelude arenja nombram.................
Please dont post any story if you are not sure about if it coinveyed your message!!!
Post a Comment