ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍..ഈ ഫ്ലാറ്റിന്റെ അഞ്ജാം നിലയില്‍ മണ്ണീല് തൊടാതെയുള്ള ജീവിതം.ഈ ജനാലക്കരികില്‍ എന്റേയും,അമ്മുവിന്റേയും പകലുകള്‍ കൊഴിഞ്ഞു വീഴുന്നു.പുറത്ത് തോരാതെ പെയ്ത മഞ്ഞു മുഴുവന്‍ ഉരുകിയിരിക്കുന്നു.പച്ചപ്പു തലനീട്ടി..മരങ്ങളില്‍ ചുവപ്പ് പടര്‍ന്ന്..കിളീകള്‍ കലപില കൂട്ടി...അങ്ങിനെയങ്ങിനെ നിസ്സംഗതയുടെ വസന്തകാലം പടിയിറങ്ങുന്നു.ഇനി പൂക്കളുടെ ..പൂമ്പാറ്റകളുടെ..കിളീകളുടെ വരവായ്.....പ്രകൃതിയുടെ ഈ മാറ്റങ്ങള്‍ ഇങ്ങിനെ തൊട്ടറിയുന്നത് ഇതാദ്യം..പക്ഷേ ഇപ്പോള്‍ എന്റെ നാട് നിറയെ കൊന്നപ്പൂക്കളും,വെള്ളീരിക്കകളും എല്ലാമായി കണീവെക്കാന്‍ ഒരുങ്ങുന്നത് ഓര്‍ക്കുമ്പോള്‍ ഈ വസന്തം ഉപേക്ഷിച്ച് അങ്ങൊട്ട് ഓടിയെത്താന്‍ തോന്നുന്നു..അമ്മയുടെയും,അച്ഛന്റേയും വാക്കുകളിലാണ് ഇപ്പൊള്‍ എനിക്ക് എന്റെ നാട്,പിന്നെ ഒരിക്കലും നിറം മങ്ങാത്ത എന്റെ ഓര്‍മകളിലും.വീട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ മണിക്കൂറുകള്‍ നീളുമ്പോള്‍..ഞാന്‍ അനുഭവിക്കുന്നത് എന്റെ നാടിനെ തന്നെ.അമ്മക്ക് പറയാന്‍ നൂറായിരം വിശേഷങ്ങളാണ്.കുഞ്ജു വീട്ടിലെല്ലാവരോടും പിണങ്ങി നടപ്പ് മതിലിലൂടെ മാത്രമാക്കിയതും,കയ്യെത്തിപറക്കാവുന്നത്ര ഉയരതില്‍ ആഞ്ഞിലിപ്പഴങ്ങള്‍ ചുവക്കുന്നതും,എല്ലാവരുടേയും പൊന്നോമനയായ കറിവേപ്പ് കാറ്റത്ത് മറിഞ്ഞതും...അങ്ങിനെയങ്ങിനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങള്‍..!ഇന്ന് അമ്മ പറയുകയായിരുന്നു,അടുക്കളപ്പുറത്തെ ആ കൊച്ചുമാവു നിറയെ കണ്ണിമാങ്ങകളാണെന്ന്.ആദ്യമായത് പൂക്കുന്നു,കായ്ക്കുന്നു..അമ്മക്ക് സങ്കടം പൂങ്കുല തല്ലാന്‍,കണ്ണിമാങ്ങ പൊട്ടിക്കാന്‍ അമ്മു അവിടെ ഇല്ലാത്തതിലാണ്.എനിക്ക്.....ആ കണ്ണിമാങ്ങകള്‍ കാണാന്‍ ‘ഊറായി’ഇല്ലാത്തതിലും.കാരണം ആ മാവ് അവിടെ നടുമ്പോള്‍ ഊറായി പറഞ്ഞിരുന്നു..‘ഇതില്‍ കയ്യെത്തിപറക്കാവുന്ന ഉയരത്തില്‍ മാങ്ങകള്‍ നിറയും..അതു പറിക്കാന്‍ ഈ വീട് നിറയെ കുഞ്ഞുങ്ങളും’എന്ന്.
എന്റെ വീടിന്റെ ചരിത്രം തന്നെ ഊറായിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.എന്റെ ഓര്‍മകളില്‍ ഊറായി ഇല്ലാത്ത ഒരു കാലം ഇല്ല..കാപ്പിപ്പൂക്കളുടെ മണമുള്ള,എന്നമ്മയുടെ വീടീന്റെ താഴത്തെ തൊടിയിലും..തുടുത്ത മഞ്ഞ നിറമുള്ള കശുമാമ്പഴങ്ങള്‍ നിറഞ്ഞ മുകളിലെ തൊടിയിലും..വിളഞ്ഞുകിടക്കുന്ന ചെറുപയറുകള്‍ക്കുള്ളിലും..അങ്ങിനെ എവിടെ നോക്കിയാലും ഊറായിയെ കാണാം..ഒരു കൈലിമുണ്ട് ഉടുത്ത്..കയ്യില്‍ ഒരു മണ്‍വെട്ടിയുമായി !കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ കാറ്റില്‍ പറത്തി..കിണറ്റിന് കരയിലേക്ക് ഊറായി നടക്കുമ്പോള്‍..ഞാനും പിറകേ കൂടും.കിണറ്റിന് കരയില്‍ ,പാള ചെരിച്ചുവെച്ച് വെള്ളം കൈക്കുമ്പിളില്‍ ആക്കി ഊറ്റിക്കുടിക്കാന്‍ എനിക്കിഷ്ട്ടമാണ്,അന്നും,ഇന്നും.പിന്നെ ഇറയത്തിരുന്ന് കഞ്ഞി..ഊറായിക്ക് ഏറെ ഇഷ്ട്ടം പുഴുക്കും,അച്ചാറും ആണ്..ഊറായിക്ക് കൊടുക്കുന്ന കഞ്ഞിയില്‍ ഒരു പങ്ക് എനിക്കുള്ളതാണ്.പുഴുക്കും,അച്ചാറും കൂട്ടിക്കുഴച്ച് ഊറായി വാരി തരുന്ന ആ കഞ്ഞിയില്‍..മുന്നില്‍ നില്ക്കുക മണ്ണിന്റെ രുചിയാണ്.അന്നാണ് ഞാന്‍ ആദ്യമായി മണ്ണിന്റെ സ്വാദ് അറിയുന്നത്..അമ്മയും,എന്നമ്മയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോളെല്ലാം ഞാന്‍ കൂടുതല്‍പറ്റിച്ചേരും ഊറായിയോട്.താഴത്തെ പാടം വിളഞ്ഞാല്‍ ഏറെ സന്തോഷം എനിക്കാണ്.കൊയ്യാന്‍ ഊറായി എന്നേയും കൂടെ കൂട്ടും.‘പുള്ളയും ബരട്ടേന്നേ ‘ഊറായി അച്ഛനോട് അനുവാദം വാങ്ങും.ഊറായി പറഞ്ഞാല്‍ പിന്നെ അച്ഛന്എതിര്‍വാക്കില്ല.അച്ഛന് പറയും”ഈ മണ്ണിന് ഞാനുംഊറായിയും ഒരുപോലെ അവകാശികള്‍”ആ മണ്ണിലെ ഓരോ പുല്‍ക്കൊടിയും അച്ഛനേയും,ഊറായിയേയും തിരിച്ചറിയും..അത്രക്ക് ബന്ധമാണ് മണ്ണുമായി അവര്‍ക്ക്!കൊയ്ത്തുപാട്ടിന്റെ..ഈണം ഞാന്‍ ആദ്യം കേള്‍ക്കുന്നത് മണ്ണിന്റെ മണമുള്ള എന്റെ ഊറായിയില്‍ നിന്ന്..ഞാറു നടുന്ന താളം ഞാന്‍ അറിയുന്നത് ...മണ്ണുപോലുള്ള ഈ മനുഷ്യനില്‍ നിന്ന്..അങ്ങിനെയങ്ങിനെ ഞാന്‍ എന്റെ മണ്ണിനെ തന്നെ തിരിച്ചറിയുകയായിരുന്നു..ഊറായി ഇടക്കിടെ എന്നെ അവരുടെ വീട്ടില്‍ കൊണ്ടുപോകും..അവിടെ പാത്തുമ്മയുണ്ട്,ഊറായിയുടെ മക്കള്‍ഉണ്ട്..പാത്തുമ്മ ഞാന്‍ ചെല്ലുന്നത് കണ്ടാല്‍..ഉടനേ അവല് കുഴക്കാന്‍ തുടങ്ങും..തേങ്ങയും,ശര്‍ക്കരയും അവലില്‍ ചേര്‍ത്ത് പീച്ചിക്കുഴച്ച് ..വെളുത്ത നിറമുള്ള അവരുടെ ഏറ്റവും പ്രിയപ്പെട്ട ‘പിഞ്ഞാണത്തില്‍’എനിക്ക് തരും.ആ അവലിന്റെ സ്വാദ് അമ്മയോട് വിശദീകരിക്കുമ്പോള്‍ അമ്മ പറയും“അതില്‍ അവരുടെ സ്നേഹം കൂടി ചേര്‍ക്കുന്നതു കൊണ്ടാണ് ഇത്രയും സ്വാദ് അതിന്”എന്ന്.അതു കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്..അതെങ്ങിനെ..സ്നേഹം ചേര്‍ത്തു കുഴക്കുക??!ഇന്നു ഞാന്‍ മനസ്സിലാക്കുന്നു..തിരിച്ചറിയുന്നു..സ്നേഹം ചേര്‍ത്തു കുഴക്കുന്നതെങ്ങിനെ എന്ന്.കല്യാണം കഴിഞ്ഞ് ഏട്ടനോടൊപ്പം ഞാന്‍ അവിടെ ചെന്നപ്പോള്‍ ഏട്ടനും അറിഞ്ഞു ആ സ്നേഹത്തിന്റെ രുചി.
പിന്നീട് പ്രവാസജീവിതത്തിനിടയിലെ അവധിക്കാലങ്ങളില്‍ നാട്ടില്‍ ചെല്ലുമ്പോളൊക്കെ ഊറായി ഞങ്ങളെ തേടി വന്നുകൊണ്ടിരുന്നു..പ്രായത്തിന്റെ അസ്വസ്ഥതകളോടൊപ്പം,പാരമ്പര്യമായി കിട്ടിയ മറവി രോഗവും.എങ്കിലും എന്നും ഊറായി എന്നെ തിരിച്ചറിഞ്ഞു.ഒരിക്കല്‍ വഴിയില്‍ വെച്ചു കണ്ട് വാതോരാതെ സംസാരിച്ചപ്പോള്‍ എനിക്കൊരു സംശയം..”ഞാന്‍ ആരെന്ന് ഊറായിക്ക് മനസ്സിലായൊ?”ഞാന്‍ ചോദിച്ചു.കുറച്ചുനേരം മിണ്ടാതിരുന്നു ഊറായി..നിലത്തേക്ക് നോക്കി.മുഖമുയര്‍ത്തി എന്നെ നോക്കിയപ്പോള്‍..ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.”പുള്ളേ എനിക്ക് മനസ്സിലാവില്ലാാന്ന് തൊന്നിയല്ലോ..”ഊറായിയുടെ സ്നേഹത്തിനു മുന്നില്‍ എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നു.അന്ന് എന്നമ്മ പറഞ്ഞു ഊറായി എന്നമ്മയേയോ..അടുത്തുള്ളവരേയോ..ആരേയും തിരിച്ചറിയുന്നില്ല എന്ന്.
പിന്നീടെപ്പോഴോ നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞു..റോഡു മുറിച്ചുകടന്നപ്പോള്‍ ഒരു ലോറി ഊറായിയെ തട്ടിയിട്ട് കാലിനു ഒടിവു പറ്റി എന്ന്.ഞങ്ങള്‍ ഊറായിയെ കാണാന്‍ ആ വീട്ടിലെത്തി.
അവിടെ..ആ കട്ടിലിനോട് ചേര്‍ന്നിരുന്ന് ഞാന്‍ പതുക്കെ വിളിച്ചു..”ഊറായീ..”
കണ്ണൂതുറന്നു ഊറായി.
“എന്നെ പോലും മനസ്സിലാവണില്ല മോളേ..”പാത്തുമ്മ പറഞ്ഞു.
എന്നെ സൂക്ഷിച്ചു നോക്കി..എന്നിട്ട് പുറം തിരിഞ്ഞ് കിടക്കാന്‍ ശ്രമിച്ചു .
“ആരാ ഇതെന്ന് മനസ്സിലായോ..”പാത്തുമ്മ ചോദിച്ചു..
മറുപടി ഒരു വലിയ നിലവിളി ആയിരുന്നു..കുഞ്ഞുങ്ങളേപ്പോലെ ഉച്ചത്തില്‍ അലറി കരഞ്ഞു ഊറായി.
ഓര്‍മയുടെ ഒരു തരിമ്പു പോലും അവശേഷിക്കാതെ ഉറക്കെ നിലവിളിക്കുന്ന ഊറായിക്കുമുന്നില്‍,ചോറുരുളക്കു വാശി പിടിക്കുന്ന ആ പഴയ കുട്ടിയായി നില്ക്കാന് ആയെങ്കില്‍ എന്ന് ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി.
മനസ്സില്‍ അണപൊട്ടിയതൊക്കെയും കണ്ണില്‍ ഊറിക്കൂടുന്ന ഒരു ചെറുനനവായ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഞാന്‍ അന്നവിടെ പാടുപെട്ടു.അവിടെ നിന്നിറങ്ങുമ്പോളും ഉച്ചത്തില്‍ ഊറായിയുടെ കരച്ചില് കേള്‍ക്കാമായിരുന്നു.
ഇന്‍ഡോറില്‍ തണുപ്പ് തുടങ്ങിയ സമയം..നവംബറിന്റെ ആദ്യദിനങ്ങള്‍.അമ്മയുടെ ഫോണ്‍ ഊറായിയുടെ വേര്‍പാട് വിളിച്ചറിയിച്ചു..ഇന്നും ഊറായി ജീവിക്കുന്നു..ഞങ്ങളുടെ മനസ്സില്‍...ഞങ്ങളുടെ മണ്ണില്‍!!!!!!
11 comments:
അതിമനോഹരമായി, ലളിതമായി ഊറായിയെ ഞങ്ങള്‍ക്ക് പരിചയപെടുത്തിയിരിക്കുന്നു ഇവിടെ താങ്കള്‍.
അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ ഇനി ഞങ്ങളിലും.
വാണിക്ക് ബൂലോകത്തിലേക്ക് സ്വാഗതം.
തുടര്‍ന്നും എഴുതൂ.
കിറുക്കെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ.
നല്ല വിവരണം.
ഊറായിയെ നന്നായി അവതരിപ്പിച്ചു.
ഇനിയും പ്രതീക്ഷിക്കുന്നു
കുറുമന്റെ വാക്കുകള്‍ക്ക് ഒരു അടിവര. മനോഹരം ലളിതം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
വാണിക്ക് സ്വാഗതം
നല്ല എഴുത്ത്... ഇനിയും എഴുതൂ..
ഊറായി വേദനിക്കുന്നൊരോര്‍മ്മയായി.. നമുക്കെല്ലാവര്‍ക്കുമുണ്ട് അങ്ങനത്തെ കൊച്ചു കൊച്ചു ഓര്‍മ്മകള്‍!
പ്രവാസികളുടെ ഗൃഹാതുരത്വവും ഭംഗിയായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍
സ്വാഗതം
എനിയും ഇതുപോലുള്ള കിറൂക്കുകള് പ്രതീക്ഷിക്കുന്നു
കഥയുടെ കണക്കുകളൊക്കെ കൃത്യം. കൈത്തഴക്കമുണ്ടല്ലെ. തുടര്‍ന്നും എഴുതുക.
അങ്ങിനെ ഞാനും ഒരു ബ്ലോഗറായി!!!
ഒന്നു ബ്ലോഗണം എന്ന ആശ തുടങ്ങിയിട്ട് കാലങ്ങളേറെയായി.മടി ഇടങ്കോലിട്ടുകുത്തി നിന്നു.ഒടുവില്‍ കുറുമാന് മാഷും,കുറേ നല്ല കൂട്ടുകാരും നല്കിയ പ്രോത്സാഹങ്ങള്‍ എന്നേയും ബ്ലോഗറാക്കി.
വായിച്ചവര്‍ക്കും,വായിക്കുന്നവര്‍ക്കും,വായിക്കാനിരിക്കുന്നവര്‍ക്കും....എല്ലാര്ക്കും നന്ദി.
കുരു സൊറീ കുറുമാന് പര..ചെ..പറഞ്ഞ പോലെ.
അങ്ങനെ തന്നെ അങ്ങനെ തന്നെ.
എല്ലം വളരേ ലളിതമായി പരഞ്ഞിരിക്കുന്നൂ..
അതിന്റെ ഒരു സുഖം വേറെയാണേ...
വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലൊരു നൊബരം.
നന്നായിരിക്കുന്നൂ...
പൊയ്തുംകടവന്‍,ഇതു ഞാനാണേ...
നന്ദി..
Post a Comment